ഗോൾവാൾക്കറുടെ ഭൂതാവേശങ്ങൾ
text_fields'മാധ്യമം' ദിനപത്രത്തിൽ പി. ജയരാജൻ എഴുതിയ ലേഖനമാണീ കുറിപ്പിനാധാരം. മുസ്ലിംലീഗ് പ്രവർത്തകർ ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കൊലചെയ്തതാണ് ജയരാജെൻറ കുറിപ്പിലെ കേന്ദ്രവിഷയം. എന്നാൽ, ഫലത്തിൽ ഇതിനെ ഒരു നിമിത്തമാക്കി മറ്റു പല കാര്യങ്ങളിലേക്കുമാണ് അദ്ദേഹം പോകുന്നത്. മാത്രമല്ല, പാർട്ടിയുടെ വരുന്ന തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണായുധങ്ങളിലൊന്നെന്ന് സംശയിപ്പിക്കുന്ന ഇസ്ലാം വിരുദ്ധതയാണിതിലെ യഥാർഥ വിഷയം. മുസ്ലിംലീഗോ കോൺഗ്രസോ ബി.ജെ.പിയോ സി.പി.എമ്മോ ആരായാലും കേരളത്തിൽ കുറെ വർഷങ്ങളായി നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങൾ നരാധമമാണ്. നിസ്സംശയം എതിർക്കപ്പെടേണ്ടതും അപലപിക്കപ്പെടേണ്ടതുമാണ്. എന്നാൽ, ഈ എതിർപ്പ് പുതിയ വൈരങ്ങളും കുടിപ്പകകളും തുടരാൻ പ്രേരിപ്പിക്കുന്നതാകരുതെന്നതും പ്രധാനമാണ്.
ജയരാജെൻറ ലേഖനത്തിലെ മിക്ക ഭാഗങ്ങളും കണ്ണൂർരാഷ്ട്രീയത്തിെൻറ ചുവടുപിടിച്ചുള്ളതാണ്. കണ്ണൂർരാഷ്ട്രീയം എന്നെഴുതേണ്ടിവരുന്നത് ഖേദപൂർവമാണ്. അതിനെക്കുറിച്ചെന്തെങ്കിലും എഴുതുക ഈ കുറിപ്പിെൻറ ലക്ഷ്യമല്ല. മറിച്ച്, ലേഖകെൻറയും ലേഖനത്തിെൻറയും ഉള്ളിലിരിപ്പ് പ്രകടമാക്കുന്ന അതിെൻറ ഉപസംഹാരഭാഗത്തെ ഒരു ചരിത്രപരാമർശമാണ് ഇതിലെ വിഷയം. ലേഖനത്തിൽ ഒട്ടും സാംഗത്യമില്ലാത്തതെന്ന് തോന്നിക്കുന്ന ഈ ചരിത്രപരാമർശമാണ് ഈ ലേഖനത്തിെൻറ യഥാർഥ ഉള്ളടക്കത്തെ നിർണയിക്കുന്നതും സത്യസന്ധമായി വെളിവാക്കുന്നതും. ജയരാജൻ എഴുതുന്നു: ''മലയാളത്തിലെ മാപ്പിളമാരെപ്പറ്റി ആദ്യം പറയുന്ന ഗ്രന്ഥകാരൻ പോർചുഗീസുകാരനായ ദുവാർത്തെ ബർബോസയാണ്. പോർചുഗീസുകാർക്ക് മാപ്പിളമാരോടുള്ള വിരോധം ബർബോസയുടെ എഴുത്തിൽ തെളിഞ്ഞുകാണാം. മാപ്പിളമാരെ ദുഷിച്ച തലമുറയായാണ് ബർബോസ വിശേഷിപ്പിച്ചത്. കൂട്ടത്തിൽ അദ്ദേഹം ഒരു കാര്യംകൂടി പറയുന്നു: 'ആ ദുഷിച്ച തലമുറ മലബാറിൽ എന്നും വർധിച്ചുവരുന്നുണ്ട്.'' ഗോൾവാൾക്കറുടെ പുനർജന്മമോ ഭൂതാവേശിതനോ ആയ ഒരാൾക്കല്ലാതെ ഇങ്ങനൊരു ചരിത്രത്തെ ഇന്നോർമിപ്പിക്കാനാവില്ല; നിഷ്കളങ്കവും നിഷ്പക്ഷവുമെന്ന് തോന്നിക്കുംവിധം. കൊളോണിയൽ യജമാനന്മാരോട് വഴിഞ്ഞൊഴുകുന്ന ആരാധനയും രാജ്യത്തെ സവർണഹിന്ദുക്കളൊഴിച്ചുള്ള ഇതര വിഭാഗങ്ങളോട്, വിശേഷിച്ച് മുസ്ലിംകളോട് കടുത്ത വിദ്വേഷവുമാണ് ഗോൾവാൾക്കർ കൃതികളുടെ മുഖമുദ്ര. ജയരാജനും തുടക്കത്തിൽ ലീഗിനെക്കുറിച്ച് പറഞ്ഞൊടുവിലെത്തുന്നത് മുസ്ലിമിലാണ്. ലീഗ് എന്ന രാഷ്ട്രീയപാർട്ടിയല്ല മുസ്ലിം എന്ന 'പരമത'മാണ് ജയരാജനും വിദ്വേഷവിഷയം. പാർട്ടിസംഘടനയെ നേരിട്ടുതന്നെ ഹിന്ദുമത സംഘടനയുടെ ശ്രീകൃഷ്ണ ജയന്തി പോലുള്ള മതാനുഷ്ഠാനങ്ങൾ നടത്തുന്ന ഒന്നാക്കിമാറ്റിയ ആളിൽനിന്ന് ഗോൾവാൾക്കറുടെ ഭൂതത്തെയല്ലാതെ രക്തസാക്ഷികളുടെയൊന്നും ഓർമകൾ കണ്ടെടുക്കാനുമാകില്ലല്ലോ. പാർട്ടിയെത്തന്നെ മതമാക്കിമാറ്റി നടത്തുന്ന വിശുദ്ധയുദ്ധങ്ങളുടെ തിക്തഫലങ്ങൾ വരുംകാലങ്ങളിൽ കേരളം കൂടുതൽ കാണാൻ ഇടവരാതിരിക്കട്ടെ.
ആരാണ് ബർബോസ? എന്താണ് ബർബോസ?
വാസ്കോഡ ഗാമയുടെ ആദ്യ വരവിനും ഒരു ദശാബ്ദം മാത്രം കഴിഞ്ഞ് അധികം വൈകാതെ മലബാറിൽ വന്ന പോർചുഗീസ് ഉദ്യോഗസ്ഥനാണ് ബർബോസ. ജോലിയുടെ ഭാഗമായിത്തന്നെ മലയാളം പഠിച്ച് മലബാറിനെക്കുറിച്ചും ഇവിടത്തെ സാമൂഹിക ജീവിതത്തെക്കുറിച്ചുമെല്ലാം പ്രാഥമിക ധാരണകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 16ാം നൂറ്റാണ്ടിലെ കേരളത്തിലെ ജാതിവ്യവസ്ഥയടക്കം സാമൂഹിക ജീവിതത്തെക്കുറിച്ച് പറയുന്നിടങ്ങളിൽ ചരിത്രകാരന്മാർ പലപ്പോഴും അദ്ദേഹത്തെ ഉദ്ധരിക്കാറുമുണ്ട്. 1516ലാകണം ഇന്ന് 'ബുക്ക് ഓഫ് ദുവാർത്തെ ബർബോസ' എന്നറിയപ്പെടുന്ന അദ്ദേഹത്തിെൻറ പുസ്തകം പൂർത്തിയായത്. എന്നാൽ, മുസ്ലിംകളെക്കുറിച്ചുള്ള ബർബോസയടക്കം അക്കാലത്തെ പോർചുഗീസുകാരുടെ അഭിപ്രായങ്ങളുടെ സ്വഭാവവും മാനങ്ങളും തിരിച്ചറിയാൻ അക്കാല ചരിത്രത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണയെങ്കിലും ഒരാൾക്ക് ആവശ്യമാണ്. ഇടതുപക്ഷ വിഭാഗങ്ങളെത്തന്നെ പൊതുവിൽ ഇസ്ലാമികവിരുദ്ധതയിലേക്ക് നയിക്കാൻ ശ്രമം നടക്കുന്ന ഇന്ന് ജയരാജെൻറ ലേഖനത്തെ പ്രതിയല്ലാതെത്തന്നെ കൊളോണിയൽ ചരിത്രത്തിലേക്ക് ശ്രദ്ധതിരിക്കേണ്ടത് ഒരാവശ്യമാണ്. ഗാമയും കൊളംബസുമെല്ലാം തങ്ങൾ കീഴടക്കാൻ ശ്രമിച്ച പ്രദേശവാസികളോട് കാണിച്ച നിഷ്ഠുരതകളും കൂട്ടക്കൊലകളും ദുസ്സൂത്രങ്ങളും എല്ലാം ചരിത്രത്തിൽ ഏറെ സമാനതകളില്ലാത്തതായിരുന്നുവെന്ന് ഒരു സാധാരണ ചരിത്രപഠിതാവിനുപോലും ഇന്നറിയാം.
ഗാമക്കു പിന്നാലെ കേരളത്തിൽവന്ന കബ്രാളിനോട് പോർചുഗൽ രാജാവ് പറഞ്ഞത് ഗുണ്ടർട്ട് 'കേരളപ്പഴമ'യിൽ എഴുതുന്നു: ''നീ ആയിരത്തഞ്ഞൂറാളുകളോടും എട്ടു പാതിരിമാരോടും പോയി കോഴിക്കോട്ടിറങ്ങി കച്ചവടം തുടങ്ങി ക്രിസ്തുവേദവും പരത്തണം. സാമൂതിരി ചതിച്ചാൽ പടവെട്ടണം. വിശേഷാൽ മക്കക്കാരെ ശിക്ഷിക്കണം''. ഇസ്ലാമായിരുന്നു അവരുടെ പ്രധാനശത്രു. കുരിശുയുദ്ധങ്ങളടക്കം പടിഞ്ഞാറൻ ചരിത്രമാണൊരു കാരണം. കൂടുതൽ പ്രധാനം ലോകത്തിലെത്തന്നെ അന്നേറ്റവും വലിയ വ്യാപാരസമൂഹം അറബികളായിരുന്നു എന്നതാണ്. കേരളത്തിനുതന്നെ നൂറ്റാണ്ടുകൾ നീണ്ട വിദേശ വ്യാപാരചരിത്രമുണ്ട്. പല ഇസ്ലാമികരാജ്യങ്ങളും ചൈനയുമെല്ലാം ഇതിൽപെടും. ഇവർക്കിടയിലെല്ലാം കേരളത്തെ പ്രതി എന്തെങ്കിലും വ്യാപാരയുദ്ധം നടന്നതായറിവില്ല. പാശ്ചാത്യസ്രോതസ്സുകളിൽനിന്നടക്കം മനസ്സിലാവുക വർഷംതോറും നൂറുകണക്കിന് കച്ചവടക്കപ്പലുകൾ കേരളത്തിൽ വന്നുപോയിക്കൊണ്ടിരുന്നുവെന്നാണ്. എന്നാൽ, ഗാമ സാമൂതിരിയെ കാണുന്നതും ഏതെങ്കിലും കരാറിലേർപ്പെടുന്നതും തടയാൻ കോഴിക്കോട്ടെ മുസ്ലിംവ്യാപാരികൾ പല വഴിയിൽ ശ്രമിച്ചിട്ടുണ്ട്. അവർ സാമൂതിരിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്, ഗാമ ആദ്യത്തെ തവണ മാന്യമായി കച്ചവടംചെയ്ത് മടങ്ങുമെങ്കിലും അടുത്തതവണ പടയുമായാകും വരുകയെന്നാണ്. അതേവരെ ചുങ്കം നൽകി ആർക്കും സ്വതന്ത്രമായി കച്ചവടം നടത്താനനുവദിച്ചുപോന്ന സാമൂതിരിയുടെ നിഷ്കളങ്കത ഇത് അതേപടി ചെവിക്കൊണ്ടില്ല. സാമൂതിരിയെക്കാൾ എത്രയോ മടങ്ങ് ലോകവിവരമുണ്ടായിരുന്ന മുസ്ലിംകച്ചവടക്കാരുടെ വാക്ക് കേൾക്കാതിരുന്നതിെൻറ ഫലം തുടർന്നുണ്ടായതാണ് ചരിത്രം. പലരും തെറ്റിദ്ധരിക്കുന്നപോലെ പോർചുഗീസുകാർ നാടുപിടിക്കാനൊന്നും കാര്യമായി തുനിഞ്ഞില്ല. പകരം അവർ ആവശ്യപ്പെട്ടത് സ്വതന്ത്രവ്യാപാരമവസാനിപ്പിച്ച് തങ്ങൾക്ക് മാത്രമായി കുരുമുളകിെൻറയടക്കം വിദേശ വ്യാപാരകുത്തക നൽകണമെന്നാണ്. ആദ്യവരവിൽതന്നെ തിരിച്ചുപോകുേമ്പാൾ ഇവിടത്തുകാരെ നിഷ്ഠുരമായാക്രമിച്ച് തെൻറ ഹിംസ്ര മുഖം തുറന്നുകാട്ടിയാണയാൾ പോയത്. തുടർന്ന് ഗാമയുടെ രണ്ടാം വരവിലടക്കം അറബിക്കടലിൽ ചോരപ്പുഴയൊഴുകുന്നതാണ് കാണുക. കരയിൽ ഫാക്ടറി കെട്ടാനൊരു 'മൂന്നടി' മണ്ണുമാത്രമേ അവരാവശ്യപ്പെട്ടുള്ളൂ. പകരം കടൽ വ്യാപാരത്തിന് തങ്ങളുടെ അനുമതിപത്രം വേണമെന്ന് അറിയിച്ചു. അങ്ങനെ കടലാധിപത്യമാണവർ കൈയടക്കിയത്.
ഹജ്ജ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ കപ്പലിലെ സ്ത്രീകളെയും കുട്ടികളെയുമടക്കം ആക്രമിച്ച് ഒരാൾപോലുമവശേഷിക്കാതെ ചിത്രവധം ചെയ്തിട്ടുണ്ട് ഗാമ. 'മൂറിഷ് കപ്പലുകൾ മലബാറിൽ പേടിമൂലം പോകുന്നില്ലെ'ന്നാണ് ബർബോസതന്നെ എഴുതുന്നത്. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞാലിമരക്കാർ രൂപപ്പെട്ടത്. തുഹ്ഫത്തുൽ മുജാഹിദീനും വിശുദ്ധയുദ്ധങ്ങളെ പ്രകീർത്തിക്കുന്ന പടപ്പാട്ടുകളുമെല്ലാം ഇതേ തുടർന്നാണ് ഉണ്ടാകുന്നത്. ചരിത്രമറിയുന്നവർ ഇവയെയെല്ലാം ദേശീയസ്മാരകങ്ങളായാണ് തിരിച്ചറിയുന്നത്. ദേശീയാഭിമാനത്തിെൻറ പ്രതീകങ്ങളാണവ; ബർബോസയുടെ വാക്കുകളാകട്ടെ ദേശീയാപമാനത്തിെൻറയും.
പോർചുഗീസുകാർ ഇങ്ങനെ കൊന്നത് മുസ്ലിംകളെ മാത്രമല്ല. തങ്ങൾക്ക് അസൗകര്യമായ ആരെയും അവർ നേരിട്ടും അല്ലാതെയും കൊന്നിട്ടുണ്ട്. ബർബോസ കോഴിക്കോട്ടുണ്ടായിരുന്ന വർഷങ്ങളിൽതന്നെ പോർചുഗീസുകാരോട് അടുപ്പത്തിലല്ലാതിരുന്ന ഒരു സാമൂതിരിയെ വിഷം കൊടുത്ത് കൊല്ലിച്ച് അനുജനെ വാഴിച്ചതായി പോർചുഗീസ് രേഖകളിലുണ്ട്. നമ്മുടെ ചരിത്രകാരന്മാർക്ക് ഇതറിയുമോ എന്നു സംശയം.
കമ്യൂണിസത്തിെൻറ ചെലവിൽ എന്തെന്ത് ജന്മങ്ങളെയൊക്കെയാണപ്പാ കേരളം സഹിക്കേണ്ടിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.