ലഹരിപ്പാർട്ടിയിൽ ഗുണ്ടകളുടെ 'സംസ്ഥാന സമ്മേളനം'
text_fieldsഗുണ്ടകൾ കേരളമൊട്ടാകെ അഴിഞ്ഞാടി നടക്കുന്നതിനിടയിലാണ് വയനാട്ടിൽ ഗുണ്ടകളുടെ 'സംസ്ഥാന സമ്മേളനം' നടന്നത്. ഗോവ ആസ്ഥാനമായ ക്വട്ടേഷൻ സംഘാംഗം കമ്പളക്കാട് മുഹസിന്റെ വിവാഹ വാർഷിക വിരുന്നാണ് വയനാട്ടിലെ ആഡംബര റിസോർട്ടുകളിലൊന്നായ പടിഞ്ഞാറത്തറ മഞ്ഞൂറയിലെ 'സിൽവർവുഡ്സി'ൽ അരങ്ങേറിയത്. ഭക്ഷണത്തിനും പാനീയങ്ങൾക്കും പുറമെ ഗോവയിൽനിന്നെത്തിച്ച അതിമാരക മയക്കുമരുന്നുകളാണ് വിരുന്നിൽ വിളമ്പിയത്.
കമ്പളക്കാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഹ്സിന് കേരളത്തിലെ ഏതാണ്ടെല്ലാ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ട്. വീട്ടിൽ ഒരു വിശേഷം നടക്കുമ്പോൾ വേണ്ടപ്പെട്ടവരെയാണല്ലോ ക്ഷണിക്കുക. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കിർമാണി മനോജ് ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള ക്വട്ടേഷൻ-ഗുണ്ടാപ്രമുഖരിൽ പലരും വിരുന്നിനെത്തി. മനോജും മുഹ്സിനുമടക്കം 16 പേരെ പാർട്ടിക്കിടെ പൊലീസ് അറസ്റ്റ് ചെയ്തു.
വയനാട്ടിൽ ഗുണ്ട പ്രവർത്തനങ്ങളുടെ അളവ് താരതമ്യേന കുറവാണെങ്കിലും സംസ്ഥാനത്തെ ഗുണ്ടകൾ സ്ഥിരമായി ചുരം കയറിയെത്താറുണ്ട്. ഉല്ലാസത്തിനും റിസോർട്ടുകളിലെ ലഹരി പാർട്ടികളിൽ പങ്കെടുക്കാനുമായാണ് ഇവർ വയനാട്ടിലെത്തുന്നത്. സംസ്ഥാന തലത്തിലെ പല ഓപറേഷനുകളുടെയും ആസൂത്രണത്തിന് വേദിയൊരുങ്ങുന്നതും ഇവിടെയിരുന്നാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ബംഗളൂരു-കോഴിക്കോട് പാതയിൽ കുഴൽപണം പിടിച്ചുപറിക്കുന്നതിനായും ഗുണ്ടകളെത്താറുണ്ട്. കഴിഞ്ഞ ദിവസം ഇതിനായെത്തിയ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച 'ഓപറേഷന് കാവലി'ന്റെ ഭാഗമായി വയനാട്ടിൽ 209 പേർക്കെതിരെ മുൻകരുതലിന്റെ ഭാഗമായി അറസ്റ്റ്ചെയ്തു കേസെടുത്തുവെന്ന് ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ പറഞ്ഞു. 293 സാമൂഹിക വിരുദ്ധരെയും ഗുണ്ടകളെയും പരിശോധിച്ചു. 184 വീടുകൾ റെയ്ഡ് ചെയ്തു. 73 സാമൂഹികവിരുദ്ധരെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി. 159 മൊബൈലുകൾ പിടിച്ചെടുത്തു. ഏഴുപേർക്കെതിരെ നല്ല നടപ്പിന് നടപടി സ്വീകരിച്ചു. ദേഹോപദ്രവം പോലുള്ള കേസുകളില്‍ ഉൾപെട്ട് ഒളിവില്‍ കഴിഞ്ഞ 35 പ്രതികളെ അറസ്റ്റ്ചെയ്തിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റ് -മീറ്റിങ് സ്പോട്ടുകളിൽ ഒന്നാണ് വയനാട് ഇന്ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടൂറിസം വ്യവസായം എങ്ങനെ നടത്താമെന്ന് വയനാട് കേരളത്തിന് കാണിച്ചു കൊടുത്തതോടെ പ്രവാസികളും സ്വദേശികളുമുൾപ്പെടെ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇക്കഴിഞ്ഞ മാസങ്ങളിൽമാത്രം ഇവിടെ വന്നുപോയത്.
ഹണിമൂൺ ട്രിപ്പുകൾക്കും ഫാമിലി, അലുംനി ഗെറ്റ്ടുഗദറുകൾക്കും മുതൽ കോർപറേറ്റ് മീറ്റിങ്ങുകൾക്കും പരിശീലനത്തിനും വരെ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കപ്പെടുന്ന വയനാട് സിനിമക്കാരുടെ ഇഷ്ടലൊക്കേഷനുമാവുന്നുണ്ട്. എന്നാൽ, മയക്കുമരുന്ന് പൊതികളുമായി ഗുണ്ടകൾ ചുരം കടക്കുന്നത് തടയാനായില്ലെങ്കിൽ ഈ സ്ഥാനം നഷ്ടപ്പെടാൻ അധികകാലം വേണ്ടിവരില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.