പ്രവാസിയുടെ പണം കൈയിൽ വെച്ചാണ് അവരെ നരകിക്കാൻ വിടുന്നത്
text_fieldsനമ്മുടെ രാജ്യത്തുനിന്ന് മറുനാടുകളിൽ പോയി ജോലിചെയ്യുന്ന പ്രവാസികൾക്ക് ദുരിതവേളകളിലും അടിയന്തരഘട്ടങ്ങളിലും സഹായം നൽകാനായി വിദേശരാജ്യങ്ങളിലെ എംബസികളുടെ കീഴിൽ രൂപവത്കരിച്ച നിധിയാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ട്. എംബസിയിലോ കോൺസുലേറ്റുകളിലോ പാസ്പോർട്ട് പുതുക്കലിനോ മറ്റെന്തെങ്കിലും കോൺസുലർ സേവനങ്ങൾക്കോ എത്തുന്ന പ്രവാസികളിൽനിന്ന് ഈടാക്കുന്ന തുകയാണിത്. അതായത് പ്രസ്തുത ഫണ്ട് പ്രവർത്തിക്കുന്നത് സർക്കാർ സഹായം ഏതുമില്ലാതെ പ്രവാസികളുടെ പണംകൊണ്ട് മാത്രമാണ്.
ഈ ഫണ്ടിൽനിന്ന് ചെലവഴിച്ച തുകയും നീക്കിയിരിപ്പും സംബന്ധിച്ച് പാർലമെൻറ് അംഗം അഡ്വ. എ.എം. ആരിഫ് ലോക്സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ടിൽ 474 കോടി രൂപ നീക്കിയിരിപ്പുണ്ടെന്നും കോവിഡ് കാലത്ത് 44 കോടിയോളം രൂപ ചെലവഴിച്ചെന്നുമാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മറുപടി നൽകിയത്.
കോവിഡ് കാലത്ത് ഇന്ത്യക്കാർക്ക് താമസമൊരുക്കൽ, യാത്രച്ചെലവുകൾ, വൈദ്യസഹായം, നിയമസഹായം, ചെറിയ പിഴകൾ അടക്കൽ, മൃതദേഹം നാട്ടിലെത്തിക്കൽ, കോവിഡിെൻറ പ്രഥമഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുവരൽ തുടങ്ങിയവക്കാണ് മൊത്തം 44 കോടിയോളം ചെലവഴിച്ചത്.
ഈ ഇനങ്ങളിൽ ഏറ്റവും കൂടുതൽ ചെലവഴിച്ചത് കോവിഡിെൻറ പ്രഥമഘട്ടത്തിൽ ചൈന, ഇറ്റലി, ജപ്പാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരാനാണ്-15.59 കോടി രൂപ. ഈ രാജ്യങ്ങളിൽ കുടുങ്ങിയവരെ മുഴുവൻ സൗജന്യമായാണ് നാട്ടിലെത്തിച്ചതെങ്കിലും ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ടിലേക്ക് ഏറ്റവുമധികം സംഭാവന നൽകിയ മലയാളികൾ ഉൾപ്പെടെ ഗൾഫ് പ്രവാസികൾ കേന്ദ്രസർക്കാറിെൻറ 'വന്ദേ ഭാരത് മിഷൻ' വഴി നാട്ടിലേക്ക് മടങ്ങിയത് സാധാരണ നിരക്കിനെക്കാൾ കൂടിയ തുകക്ക് ടിക്കറ്റെടുത്താണ്.
ഇതേക്കുറിച്ച് പാർലമെൻറിൽ വന്ന ചോദ്യത്തിന് വന്ദേ ഭാരത് മിഷൻ വഴി യാത്രചെയ്തവർക്ക് ഒരു സബ്സിഡിയും നൽകിയിട്ടില്ലെന്നും സാധാരണ നിരക്കിനെക്കാൾ വാങ്ങേണ്ടിവന്നത്, ഇന്ത്യയിൽനിന്ന് പുറപ്പെട്ടിരുന്ന വിമാനങ്ങൾ യാത്രക്കാരില്ലാതെ പോയതുകൊണ്ടാണെന്നുമായിരുന്നു മറുപടി. യാത്രക്കായി സൗജന്യ ടിക്കറ്റും മറ്റും നൽകിയത് ഏഴു കോടി മാത്രമാണ്.
ഏഴു ലക്ഷത്തി പതിനാറായിരത്തിലധികം പേർ വന്ദേ ഭാരത് മിഷൻ വഴി ഗൾഫിൽനിന്ന് ഇന്ത്യയിലെത്തിയെന്നാണ് പാർലമെൻറ് രേഖകൾ പറയുന്നത്. ഇതിൽ മിക്കവരും അമിത ചാർജ് നൽകിയാണ് യാത്രചെയ്തത്. ഇവരിൽ പലരും ജോലി നഷ്ടപ്പെട്ടും മറ്റുമാണ് തിരിച്ചുപോന്നത്. 474 കോടി രൂപ ബാലൻസ് തുകയിൽനിന്ന് അൽപമെങ്കിലും സബ്സിഡി നൽകിയിരുന്നെങ്കിൽ പ്രവാസികൾക്ക് വലിയ ആശ്വാസമാവുമായിരുന്നു.
അടിയന്തര മെഡിക്കൽ സഹായമായി നൽകിയത് 2.3 കോടി മാത്രമാണ്. ഈ ഘട്ടത്തിൽ മെഡിക്കൽ സഹായത്തിനായി എത്രയോ ഇന്ത്യക്കാർ കഷ്ടപ്പെട്ടത് കണക്കിലെടുക്കുമ്പോൾ ഇത് നിസ്സാര തുക മാത്രമാണ്. കോവിഡ് സമയത്ത് ഇന്ത്യക്കാർക്ക് താമസമൊരുക്കിയതിന് 14 കോടിയോളം മുടക്കിയെന്നാണ് മറുപടിയിൽ പറയുന്നത്.
നിയമ സഹായം, ചെറിയ പിഴകൾ അടക്കൽ, മൃതദേഹം നാട്ടിലെത്തിക്കൽ തുടങ്ങിയവക്ക് 5.53 കോടിയാണ് വ്യയം ചെയ്തത്. മഹാഭൂരിപക്ഷം പ്രവാസികളും ഗൾഫ് മേഖലയിലാണെങ്കിലും ചെലവഴിച്ച തുകയുടെ വെറും 30 ശതമാനം മാത്രമാണ് അവർക്കായി നീക്കിവെച്ചത്. ഈ മേഖലക്ക് മൊത്തം ലഭിച്ചത് 14.27 കോടി മാത്രം! ഗൾഫ് മേഖലകളിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയിൽ ചെലവഴിച്ച തുക, ഏറ്റവും ചെറിയ രാജ്യമായ ഖത്തറിൽ ചെലവഴിച്ചതിനെക്കാൾ കുറവാണ്. ഖത്തറിൽ 1.61 കോടി രൂപ ചെലവഴിച്ചപ്പോൾ സൗദി അറേബ്യയിൽ ചെലവഴിച്ചത് 1.31 കോടി മാത്രം. അതുപോലെ ബഹ്റൈനിൽ മെഡിക്കൽ എമർജൻസി വൈദ്യസഹായത്തിന് ഒരു രൂപപോലും ചെലവഴിച്ചിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാവുന്നു. ഏറ്റവും കൂടുതൽ പണം വിനിയോഗിച്ചത് ഒമാനിലും പിന്നെ കുവൈത്തിലുമാണ്.
കോവിഡ് കാലത്ത് ഓരോ ഗൾഫ് രാജ്യത്തെയും പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും ചെയ്ത സഹായ തുകകൾ ഇതിലുമെത്രയോ ഇരട്ടിവരും. ഇന്ത്യൻ സർക്കാറിെൻറ കണക്ക് പ്രകാരം കോവിഡ് ബാധിച്ച് വിദേശത്ത് മരണമടഞ്ഞത് 3570 ഇന്ത്യക്കാരാണ്. ഇവരിൽ ഏറെയും സാധാരണക്കാർ. എന്നാൽ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമായി സുപ്രീംകോടതിയുടെ നിർദേശപ്രകാരം പ്രഖ്യാപിച്ച 50,000 രൂപപോലും വിദേശത്ത് മരിക്കുന്നവരുടെ കുടുംബത്തിന് ലഭ്യമെല്ലന്നതാണ് വസ്തുത. നിലവിലെ ചട്ടമനുസരിച്ച്, ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ടിൽനിന്ന്, മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ വ്യവസ്ഥയുമില്ല!
അതേസമയം, കല-സാംസ്കാരിക പരിപാടികൾക്കും ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഓണറേറിയം നൽകുന്നതിനുമെല്ലാം ഈ ഫണ്ടിലെ പണം വിനിയോഗിക്കാം. ഏഴു വർഷമായി എംബസികളും കോൺസുലേറ്റുകളും വിഹാരകേന്ദ്രമാക്കി മാറ്റിയ സർക്കാർ അനുകൂല സംഘടനകളാണ് ഈ തുകയുടെ മുഖ്യ ഗുണഭോക്താക്കൾ.
ലോകം മരവിച്ച കോവിഡ് മഹാമാരി കാലത്തെങ്കിലും പ്രവാസികളുടെ സ്വന്തം പണം കൊണ്ട് ഉണ്ടാക്കിയ ഫണ്ടിെൻറ 10 ശതമാനംപോലും അവരുടെ ക്ഷേമത്തിന് പ്രയോജനപ്പെടുത്താൻ അനുമതി നൽകാൻ കേന്ദ്ര സർക്കാർ തയാറാവാത്തത് ഏറെ കഷ്ടമാണ്.
ഈ വിഷയം ശക്തമായി ഉന്നയിച്ച് ഫണ്ടിെൻറ ശരിയായ വിനിയോഗത്തിന് നിർബന്ധിതമാക്കാൻ പാർലമെൻറംഗങ്ങളും പ്രവാസി സംഘടനകളും മുന്നോട്ടുവരേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.