കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അറബിഭാഷക്കെതിരെ
text_fieldsന്യൂനപക്ഷസംരക്ഷകരായി ചമയുകയും കാര്യത്തോടടുക്കുമ്പോൾ തികഞ്ഞ ന്യൂനപക്ഷ വിരുദ്ധത കാട്ടുകയും ചെയ്യുന്ന സർക്കാറാണ് കേരളത്തിൽ. മുൻ ഇടതു സർക്കാറുകളും ഇതേ നയംതന്നെയാണ് പിന്തുടർന്നിരുന്നത്. 2019 ഒടുവിൽ സർക്കാർ ഇറക്കിയ ഉത്തരവനുസരിച്ച് ഹയർ സെക്കൻഡറിയിൽ 25 കുട്ടികൾ പഠിക്കാനുണ്ടെങ്കിൽ മാത്രമേ അധ്യാപകതസ്തികകൾ അനുവദിക്കൂ. മുമ്പ് അത് 10 മാത്രമായിരുന്നു. മറ്റു ഭാഷകൾക്ക് ഇപ്പോഴും 10 കുട്ടികൾ മതിയെന്നിരിക്കെയാണ് ഈ ചിറ്റമ്മനയം. ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ-ഭാഷ സംരക്ഷണെത്ത നഗ്നമായി സർക്കാർ തള്ളിക്കളയുകയാണ് ഇതിലൂടെ.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കുമ്പോൾ അറബിഭാഷ ചർച്ച ചെയ്യപ്പെടാതിരിക്കാനെന്നോണം കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനെ (കെ.എ.ടി.എഫ്) ക്വാളിറ്റി ഇംപ്രൂവ്മെൻറ് സെലക്ട് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. കേരളത്തിൽ മാത്രം 12 ലക്ഷത്തോളം കുട്ടികൾ പഠിക്കുന്ന ഒരു ജീവൽഭാഷയുടെ കാര്യത്തിൽ സർക്കാർ കാട്ടുന്ന അലംഭാവം ന്യൂനപക്ഷവിഭാഗങ്ങളോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ. അത് അധ്യാപക തൊഴിൽ മേഖലയുടെ പ്രശ്നം കൂടിയാണ്.
കെ-ടെറ്റ് പരീക്ഷയുടെ പേരിലുള്ള പല നടപടികളും അധ്യാപകരെ കണ്ണീരുകുടിപ്പിക്കാൻ ഉദ്ദേശിച്ചാണ്. ഇൻക്രിമെൻറ്, ഗ്രേഡ്, പ്രബേഷൻ തുടങ്ങിയവ തടഞ്ഞുവെച്ച് വിദ്യാലയങ്ങളെ രണ്ടു തട്ടാക്കി സർക്കാർ ഗൂഢമായി ചിരിക്കുന്നു. കേരളത്തിലെ എല്ലാ എം.പിമാർക്കും എം.എൽ.എമാർക്കും നിവേദനം നൽകിയിട്ടും ഒരു മറുപടി നൽകുകയോ ചർച്ചക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. അറബിഭാഷയുടെ അനുകർത്താക്കൾ കൂടുതലും ഒരു പ്രത്യേകവിഭാഗമാണ് എന്നതിനാലാണ് ഈ അവഗണനയെന്ന് സമൂഹത്തിനറിയാം. ഇത് ഏറെ നാൾ സഹിക്കാനാവില്ല എന്ന തിരിച്ചറിവിലൂടെയാണ് 1980ലെ ഭാഷാസമരത്തെ അനുസ്മരിപ്പിച്ചു കെ.എ.ടി.എഫ് സമരം തുടങ്ങുന്നത്.
1980ൽ കമ്യൂണിസ്റ്റ് സർക്കാർ അക്കമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ ചട്ടങ്ങൾ കൊണ്ടുവന്ന് അറബി, ഉർദു ഭാഷകളെ വിദ്യാലയങ്ങളിൽനിന്ന് തമസ്കരിക്കാൻ നോക്കി. രാജഭരണം മുതൽ അനുവദിച്ചുപോന്ന ആ അവകാശങ്ങളെ ധ്വംസിച്ചപ്പോൾ ഉണ്ടായ സമരം കേരളം മറക്കില്ല. ആ സമരത്തിൽ പൊലീസിെൻറ വെടിയേറ്റ് അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്ന് യുവാക്കളാണ് രക്തസാക്ഷികളായത്.
ന്യൂജൻ കോഴ്സുകൾ അനുവദിച്ചപ്പോഴുള്ള വിവേചനം, ഹയർ സെക്കൻഡറിയിലെ തസ്തിക തമസ്കരണം (എഴുനൂറോളം തസ്തികകൾ അനുവദിച്ചപ്പോൾ അറബിക്ക് കിട്ടിയത് മൂന്നോ നാലോ മാത്രം), വിക്ടേഴ്സ് ചാനൽ പഠനത്തിൽനിന്ന് അറബിയെ ഒഴിവാക്കിയത്, എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച് ബിരുദത്തിനുശേഷമുള്ള ഡി.എൽ.എഡ് കോഴ്സ് ബി.എഡിന് തുല്യമാക്കിയത് റദ്ദാക്കിയത് തുടങ്ങിയ വിഷയങ്ങളാണ് സമരത്തിൽ ഉയർത്തിപ്പിടിക്കുന്നത്.
കേന്ദ്രനയത്തിനെതിരെയും
കേന്ദ്ര സർക്കാറിെൻറ പുതിയ വിദ്യാഭ്യാസനയത്തിെൻറ വികലത അറബിയോടുള്ള അവഗണനയിൽ കൂടുതൽ വ്യക്തമാണ്. അറബിഭാഷയെ പൂർണമായും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നതിന് ഉത്തമോദാഹരണമാണ് പുതിയ വിദ്യാഭ്യാസനയം. ഈ നയം ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആധുനിക ചരിത്രം, നവോത്ഥാന ദേശീയത തുടങ്ങിയവയെയും, ഇന്ത്യൻ വിദ്യാഭ്യാസത്തെ ദാർശനികമായും ബോധനശാസ്ത്രപരമായും സ്വാധീനിച്ച അബുൽകലാം ആസാദ്, രാജാറാം മോഹൻറോയ്, മഹാത്മാഗാന്ധി, ടാഗോർ തുടങ്ങിയവരുടെ സംഭാവനകളെയും പൂർണമായും തിരസ്കരിക്കപ്പെടുന്നു. കരിക്കുലം ഘടനയെ 5+3+3+4 എന്ന രീതിയിൽ തരംതിരിക്കുന്നത് എന്തിെൻറ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാത്തതും സംശയമുണർത്തുന്നു.
ത്രിഭാഷാ പദ്ധതി അട്ടിമറിച്ച്, ഏതു ഭാഷയും അധ്യയന മാധ്യമമായി തെരഞ്ഞെടുക്കാനുള്ള വിദ്യാർഥിയുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയേയുള്ളൂ. സംവരണാനുകൂല്യങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ, സ്പെഷൽ എജുക്കേഷൻ സോണുകൾ തുടങ്ങിയവ നിർത്തൽ ചെയ്യാനും നയം ലക്ഷ്യമിടുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, മത-ഭാഷ, സാംസ്കാരിക ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരുടെ വിദ്യാഭ്യാസാവകാശങ്ങൾ തുടങ്ങിയവ ചോദ്യംചെയ്യപ്പെടുന്ന നയം വിദ്യാർഥികളെയും അധ്യാപകരെയും നേരിട്ട് ആക്രമിക്കുന്നതാണ്. അതിനാൽ സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ ഭാഷാ വിവേചനത്തിനെതിരായി ഇന്നു മുതൽ നാലുദിവസം സെക്രേട്ടറിയറ്റിനു മുന്നിൽ കെ.എ.ടി.എഫ് നടത്തുന്ന ധർണ സമരം വിജയിക്കേണ്ടതുണ്ട്.
(കെ.എ.ടി.എഫ് പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.