സംഘ്പരിവാർ അരിഞ്ഞു മാറ്റിയ നാവുകൾ ശബ്ദിച്ചത് ഇന്ത്യക്കു വേണ്ടി
text_fieldsഇന്ത്യയെ കണ്ടെത്താൻ പരിശ്രമിച്ച രാഷ്ട്രശിൽപി ജവഹർലാൽ നെഹ്റുവിെൻറയും ഇന്ത്യയുടെ ഐക്യത്തിനായി അവസാനശ്വാസം വരെയും പ്രയത്നിച്ച രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെയും ഓർമകളെ പ്പോലും വേട്ടയാടുന്ന വർത്തമാനകാലത്ത് ഹിന്ദു തീവ്രവാദികൾ വെടിവച്ചുകൊന്ന ഗോവിന്ദ് പൻസാരെയുടെ ഓർമകൾ ധീരമായി ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. അദ്ദേഹത്തിേൻറതുൾപ്പെടെ സംഘ്പരിവാർ അരിഞ്ഞുവീഴ്ത്തിയ നാവുകൾ ശബ്ദിച്ചുകൊണ്ടിരുന്നത് ജനാധിപത്യ ഇന്ത്യക്കു വേണ്ടിയാണ്. ഏറ്റവും അവസാനം സംഘ്പരിവാറിെൻറ തോക്കിനിരയായ പത്രപ്രവർത്തക ഗൗരി ലങ്കേഷും കേരളത്തിലെ തെരുവിൽ കൈയേറ്റം ചെയ്യപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറും ഉൾപ്പെടെയുള്ള എഴുത്തുകാരും ബുദ്ധിജീവികളും കലാകാരന്മാരും ശബ്ദിച്ചത് ആർ.എസ്.എസിെൻറ ‘ഹിന്ദുത്വ’ അജണ്ടക്ക് എതിരായിരുന്നു.
നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പാൻസാരെ, എം.എം. കൽബുർഗി, ഗൗരി ലങ്കേഷ് തൊട്ട് വധഭീഷണിയിൽ കഴിയുന്ന എഴുത്തുകാരൻ കെ.എസ്. ഭഗവാനും വിദ്യാർഥി നേതാവ് കനയ്യ കുമാറും ഉൾപ്പെടെയുള്ളവരെ ദേശേദ്രാഹികൾ എന്ന് മുദ്രകുത്തിയാണ് സംഘ്പരിവാർ വേട്ടയാടിയത്. തങ്ങൾക്കെതിരെ ഉയരുന്ന കൈകൾ തല്ലിത്തകർക്കുകയും ശബ്ദിക്കുന്ന നാവുകൾ അരിഞ്ഞെടുക്കുകയും ചെയ്യുന്ന നൃശംസത ഇപ്പോഴും തുടരുന്നുണ്ട് ഇന്ത്യയിൽ. പുസ്തകം നിരോധിച്ചും സിനിമകൾക്ക് വിലക്ക് പ്രഖ്യാപിച്ചും ദലിതരെ ചുട്ടെരിച്ചും മതന്യൂനപക്ഷങ്ങളെ ആക്രമിച്ചും കമ്യൂണിസ്റ്റുകാരെ കൊന്നുതള്ളിയും മോദി ഭരണത്തിൽ ആർ.എസ്.എസ് ക്രൂരതകൾ അരങ്ങുതകർക്കുമ്പോൾ അരുതെന്നു വിളിച്ചുപറയുന്നവരും പ്രതിരോധത്തിെൻറ കോട്ടകൾ തീർക്കുന്നവരും ദേശവിരുദ്ധരായി പ്രഖ്യാപിക്കപ്പെടുകയാണ്.
ഫെബ്രുവരി 20 ഹിന്ദു വർഗീയവാദികളുടെ വെടിയുണ്ടകൾക്കിരയായ ഗോവിന്ദ് പൻസാരെയുടെ മൂന്നാം രക്തസാക്ഷിത്വദിനമാണ്. 2015 ഫെബ്രുവരി 16ന് മഹാരാഷ്ട്രയിലെ കൊൽഹാപുർ പട്ടണത്തിൽ രാവിലെ ഭാര്യ ഉമ പൻസാരെയോടൊപ്പമുള്ള പ്രഭാത സവാരിക്കിടയിലാണ് അദ്ദേഹത്തിനും ഭാര്യക്കും വെടിയേറ്റത്. ഫെബ്രുവരി 20ന് മരണത്തിന് കീഴടങ്ങി. സി.പി.ഐ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ മുൻ സെക്രട്ടറിയായിരുന്ന ഗോവിന്ദ് പൻസാരെ പ്രഗല്ഭനായ വാഗ്മിയും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായിരുന്നു. എന്തായിരുന്നു ഗോവിന്ദ് പൻസാരെ ചെയ്ത കുറ്റം? ചരിത്രത്തെ നിഷേധിക്കുകയും തിരുത്തി എഴുതുകയും ചെയ്യുന്ന സംഘ്പരിവാറിെൻറ ഹിന്ദുത്വ അജണ്ടയെ പൊളിച്ചുകാണിക്കാൻ തെൻറ അറിവും എഴുത്തും ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് അവർ ഗോവിന്ദ് പൻസാരെയുടെ ജീവനെടുത്തത്.
മഹാരാഷ്ട്രയിലെ മുഴുവൻ ജനങ്ങൾക്കും അവകാശപ്പെട്ട ശിവജിയെ സവർണഹൈന്ദവതയുടെ അടയാളമാക്കി ഉയർത്തിക്കാട്ടാനുള്ള ഹൈന്ദവസംഘടനകളുടെ ശ്രമത്തെ ഗോവിന്ദ് പൻസാരെ ചരിത്രവസ്തുതകൾകൊണ്ട് വെല്ലുവിളിച്ചു. അദ്ദേഹം രചിച്ച ശിവജി ആരായിരുന്നു? (Who was Shivaji?) എന്ന ചരിത്രഗ്രന്ഥം വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലുമായി ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. അന്യമത വിദ്വേഷം വ്യാപിപ്പിക്കാൻ ശിവജിയുടെ പേരും ചിത്രവും ഉപയോഗിക്കുന്ന സവർണ ഫാഷിസ്റ്റ് ശക്തികളുടെ നിലപാടുകളിലെ പൊള്ളത്തരങ്ങൾ തുറന്നുകാണിച്ച പ്രസ്തുത കൃതി മറാത്തി ഭാഷയിൽ മാത്രം രണ്ടു ലക്ഷത്തോളം കോപ്പികളാണ് ഇതുവരെ പ്രചരിച്ചത്. ചരിത്രത്തിലെ ഛത്രപതി ശിവജിയുടേത് മതനിരേപക്ഷത ഉയർത്തിപ്പിടിച്ചിരുന്ന, സ്ത്രീകളുടെയും കർഷകരുടെയും നന്മക്കായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു എന്ന് തെൻറ ഗ്രന്ഥത്തിൽ ഗോവിന്ദ് പാൻസാരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് മതഭ്രാന്തന്മാരെ വിറളിപിടിപ്പിച്ചത്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള രാജഭരണകാലത്ത് ഗ്രാമീണ ജനത അവരുടെ രാജാവ് ആരാണ് എന്ന കാര്യത്തിൽ വലിയ താൽപര്യമൊന്നും കാണിച്ചിരുന്നില്ല. രാജാവ് ആരായിരുന്നാലും ഒരു ഗ്രാമീണ കർഷകെൻറ ജീവിതത്തിൽ അത് ഒരു മാറ്റവും വരുത്തിയിരുന്നില്ല. എന്നാൽ, ശിവജിയുടെ ഭരണം സ്ഥാപിതമായതോടെ വലിയ മാറ്റങ്ങൾ പ്രകടമായി. രാജാവും ഗ്രാമീണരും തമ്മിൽ നേരിട്ട് ബന്ധപ്പെടാൻ അവസരമുണ്ടായി. രാജാവിനെ കാണാനും പരാതി പറയാനും സാഹചര്യം ഒരുങ്ങി. അവരുടെ ക്ഷേമാന്വേഷണം നടത്താനും അവർക്കെതിരെ അനീതി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ശിവജി തയാറായി. ജന്മിമാരാൽ ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളുടെ സുരക്ഷക്കായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. സ്ത്രീകളെ അതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കുക ശിവജിയുടെ മുഖ്യലക്ഷ്യം തന്നെയായിരുന്നു. ഒരു സ്ത്രീയും ഹിന്ദുവായാലും മുസ്ലിമായാലും യുദ്ധത്തിൽപോലും പീഡിപ്പിക്കപ്പെടരുത് എന്ന് ശിവജി തെൻറ പടനായകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതൊക്കെ ശിവജി എന്ന രാജാവിനോട് ഗ്രാമീണ കർഷകർക്കുള്ള സ്നേഹം വർധിക്കാൻ കാരണമായി. ശിവജി ഈ ജനാധിപത്യ കാലത്ത് സ്മരിക്കപ്പെടുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടാണെന്ന് ഗോവിന്ദ് പൻസാരെ നിരീക്ഷിച്ചിട്ടുണ്ട്.
മതങ്ങളോട് ശിവജിയുടെ പൊതുവായ സമീപനം എന്തായിരുന്നു? ശിവജി ഒരു മുസ്ലിം വിരോധി ആയിരുന്നോ? അദ്ദേഹം ഒരു ഹിന്ദു മതഭ്രാന്തനായിരുന്നോ? ഈ ചോദ്യങ്ങൾക്കെല്ലാം ചരിത്രരേഖകളുടെ പിൻബലത്തോടെ ഗോവിന്ദ് പൻസാരെ ഉത്തരം നൽകിയിട്ടുണ്ട്. അദ്ദേഹത്തിെൻറ കീഴിൽ ധാരാളം മുസൽമാന്മാർ ജോലി ചെയ്തിരുന്നു. പലരും വളരെ ഉയർന്ന സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടു. ശിവജിയുടെ പീരങ്കിപ്പടയുടെ തലവൻ ഇബ്രാഹിം ഖാൻ എന്ന മുസ്ലിമായിരുന്നു. കൊങ്കൺ തീരത്തെ ദീർഘമായ കടൽത്തീരം സംരക്ഷിക്കാൻ ലക്ഷ്യംെവച്ച് സ്ഥാപിച്ച നാവികസേനയുടെ തലവനും മുസ്ലിമായിരുന്നു. ഇവരാരും ഒറ്റപ്പെട്ട മനുഷ്യരായിരുന്നില്ല. അവരുടെ കീഴിൽ മുസ്ലിം സൈനികരും ശിവജിക്കായി പടപൊരുതി.
ശിവജി ഇസ്ലാംമതത്തെ ഇല്ലാതാക്കുന്ന നയമാണ് സ്വീകരിച്ചിരുന്നതെങ്കിൽ ഈ മുസൽമാന്മാർ ഒരിക്കലും അദ്ദേഹത്തോടൊപ്പം ചേരില്ലായിരുന്നല്ലോ എന്ന് ഗോവിന്ദ് പൻസാരെ ചോദിക്കുന്നുണ്ട്. ഇത്രയും വിശദമായി ശിവജിയെ പഠിച്ച് അദ്ദേഹം ഹിന്ദു^മുസ്ലിം സാഹോദര്യത്തിെൻറ അടയാളമായിരുന്നുവെന്ന് സ്ഥാപിച്ചതാണ് ഹിന്ദുവർഗീയ വാദികളെ (അതിൽ മഹാരാഷ്ട്രയിലെ ശിവസേനയും ഉണ്ട്) ഭ്രാന്ത് പിടിപ്പിച്ചത്. ശിവജി ഒരു ഹിന്ദുവായിരുന്നു. അദ്ദേഹത്തിന് കടുത്ത മതവിശ്വാസം ഉണ്ടായിരുന്നു. പക്ഷേ, ഇസ്ലാം മതത്തിന് എതിരായിരുന്നില്ല. ശിവജിയും അദ്ദേഹത്തിെൻറ സമകാലിക മറാത്ത ഹിന്ദുക്കളും മുസ്ലിം ദർഗകളിൽ ആരാധന നടത്തുകയും സംഭാവന നൽകുകയും ചെയ്തിരുന്നു. തെൻറ സൈനികരെ എവിടെയാണെങ്കിലും പള്ളികളെയോ ഖുർആനെയോ സ്ത്രീകളെയോ ഉപദ്രവിക്കരുത് എന്ന് വിലക്കിയിരുന്നു. ‘ശിവജി ആരായിരുന്നു’ എന്ന പുസ്തകത്തിൽ ഗോവിന്ദ് പൻസാരെ എഴുതിയിട്ടുണ്ട്: ‘‘ജനങ്ങളുടെ അംഗീകാരത്തിനായി ശിവജിയുടെ നാമധേയം ഉപയോഗിക്കുന്നവർ ഇത്തരം ചരിത്രസത്യങ്ങൾക്ക് ഉത്തരം പറയേണ്ടതായിരിക്കുന്നു. ഇസ്ലാമിനോടുള്ള അവരുടെ വെറുപ്പിന് ആവശ്യക്കാരുണ്ടെങ്കിൽ അവർ അത് സ്വന്തം ചെലവിൽ വിൽക്കാൻ തയാറാകണം. അവരുടെ ചരക്ക് ശിവജിയുടെ പേരിൽ വിൽക്കരുത്. അതേസമയം, മുസ്ലിംകൾ ഈ പറയുന്ന ശിവഭക്തർ രൂപം നൽകിയ പ്രതിച്ഛായയോട് ചരിത്രത്തിലെ ശിവജിയെ തുലനം ചെയ്യരുത്. അവർ ചരിത്രത്തെ അവലോകനം ചെയ്യണം. അവർ ഇസ്ലാം മതത്തോടുള്ള അദ്ദേഹത്തിെൻറ മനോഭാവത്തെ വിലമതിക്കണം. എന്നിട്ട് മാത്രമേ ശിവജിയെ കുറിച്ചുള്ള അഭിപ്രായം രൂപവത്കരിക്കാവൂ.’’ ഇത്രയും ആശയവ്യക്തതയോടെയാണ് ഗോവിന്ദ് പൻസാരെ ശിവജി ആരായിരുന്നു എന്ന് വിളിച്ചുപറഞ്ഞത്.
ഇത്രയും വ്യക്തതയോടെ ഒരു ചരിത്രരചന നടത്താൻ ഗോവിന്ദ് പൻസാരെക്ക് കഴിഞ്ഞത് മഹാപണ്ഡിതനായതുകൊണ്ട് മാത്രമല്ല തികഞ്ഞ ജനാധിപത്യവാദിയായതുകൊണ്ട് കൂടിയാണ്. വർത്തമാനകാലത്ത് മഹാരാഷ്ട്രയിൽ സംഭവിച്ചത് ശിവജിയെ മറാത്തകളുടെ മാത്രം പ്രതിനിധിയായി, ഒരു സവർണ ഹിന്ദുമാത്രമായി ചിത്രീകരിക്കാനുള്ള ശ്രമമാണ്. വിവിധ പേരുകളിൽ (ഹിന്ദു ഏകത, മറാത്ത മാതാസംഘം, പഠിക്ക് പവൻ സംഘടന) രൂപവത്കരിക്കപ്പെട്ട വർഗീയ സംഘടനകൾ അവരുടെ സ്വന്തമായി ശിവജിയെ ചുരുക്കിക്കെട്ടാൻ ശ്രമിക്കുകയാണ്. മഹാരാഷ്ട്രയിൽ സംവരണത്തെ എതിർത്തുകൊണ്ടുള്ള സമരം നടന്നപ്പോഴും ദലിത് ഗ്രാമങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ഉയർന്ന മുദ്രാവാക്യം ‘ശിവജി മഹാരാജ് കി ജയ്’ എന്നാണ്. എത്ര വലിയ അവഹേളനമാണ് ഇതെന്ന് കാണാൻ കഴിയും. അസഹിഷ്ണുതയുടെ വക്താക്കൾ തിരിച്ചറിയാതെ പോകുന്നത് കൊന്നുതള്ളിയാൽ അവസാനിക്കുന്നതല്ല ചരിത്രം. ഗോവിന്ദ് പൻസാരെ ഇന്ന് ഓർമയായെങ്കിലും അദ്ദേഹം നമുക്കായി കരുതിെവച്ച പുസ്തകങ്ങളും അദ്ദേഹം ഉയർത്തിയ ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലെ ഏറ്റവും കരുത്തുറ്റ ആയുധങ്ങളാണ്. ഈ ആയുധമാണ്, ആശയമാണ് ഗോവിന്ദ് പൻസാരെ എന്ന പോരാളിക്കുള്ള സ്മാരകം.
(എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.