തരിശുഭൂമി കേട്ടുകേൾവിയാകണം;ഹരിതകേരളം സാധ്യമാക്കണം
text_fieldsമണ്ണിനോടും മനുഷ്യനോടും ചേർന്നുനിന്ന് പ്രവർത്തിച്ചു പോരുന്നൊരാൾ തന്നെ കൃഷിമന്ത്രിയാവുന്നത് കേരളത്തിന് പകരുന്ന പ്രതീക്ഷകൾ ഏറെയാണ്. കാർഷിക മേഖലയിൽ ലക്ഷ്യമിടുന്ന പരിവർത്തനത്തെക്കുറിച്ച് കൃഷിമന്ത്രി പി. പ്രസാദ് വിശദീകരിക്കുന്നു
ആരോഗ്യം സർവധനാൽപ്രധാനമെന്ന് സ്കൂൾ കാലം മുതൽ ചൊല്ലിപ്പഠിച്ചിട്ടും നമ്മളതോർക്കാതെ ജീവിച്ചു. എന്നാലിപ്പോൾ വൈകിയാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ കൂട്ടിവെച്ചിരിക്കുന്ന ധനം ഒന്നുമല്ലെന്ന സത്യം നമുക്ക് ബോധ്യപ്പെട്ടു. ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ നിർബന്ധിതരായി. അതിലേക്ക് നമ്മെ നയിക്കുന്നത് വിഷം കലരാത്ത ഭക്ഷണമാണ്. അതു മനുഷ്യെൻറ അവകാശവുമാണ്. കൊറോണ വൈറസിനെ ഭയന്ന് സമൂഹ അകലം നിശ്ചയിക്കപ്പെട്ടിരിക്കുന്ന വർത്തമാനകാലത്ത് മണ്ണിനോടും അതിലെ കൃഷിയോടുമുള്ള അകൽച്ച അവസാനിപ്പിക്കാൻ നമ്മൾ ഓരോരുത്തരും തയാറാവുക തന്നെ വേണം.
കാർഷിക മേഖലയിൽ കേരളത്തെ സ്വയംപര്യാപ്തമാക്കുക എന്ന വിശാല ലക്ഷ്യം മുൻനിർത്തി ഹ്രസ്വവും ദീർഘവുമായ പ്രവർത്തനങ്ങളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. അതിർത്തിക്കപ്പുറത്തുനിന്ന് വണ്ടികൾ എത്തിയില്ലെങ്കിലും പഴത്തിനും പച്ചക്കറിക്കും മലയാളിക്ക് ഒരു മുട്ടും വരരുത്. വരുന്ന ഓണക്കാലത്ത് മലയാളികൾക്ക് സുഭിക്ഷമായി പച്ചക്കറി എത്തിക്കുന്നത് ഉറപ്പാക്കാൻ വെള്ളിയാഴ്ച കാർഷികോൽപാദന കമീഷണർ, വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവരുടെ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. പച്ചക്കറി ഉൽപാദനം ഉറപ്പുവരുത്താൻ കൈക്കൊണ്ട തീരുമാനങ്ങൾ താഴെ തട്ടിലേക്ക് കൈമാറും.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും കേരളത്തിെൻറ കാർഷിക മേഖലക്ക് കനത്ത വെല്ലുവിളികളാണ്. ശാസ്ത്രജ്ഞർ നൽകിയ മുന്നറിയിപ്പുകളെ നാം ഇപ്പോഴും ഗൗരവത്തിലെടുത്തിട്ടില്ല. അവരുടെ മാർഗനിർദേശങ്ങൾ യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളേണ്ട സമയം അതിക്രമിച്ചു. ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിൽ 729 കോടിയുടെ കൃഷിനാശമാണ് സംഭവിച്ചത്. ആഗോളതാപനം അടക്കമുള്ള കാര്യങ്ങൾക്ക് വഴിയൊരുക്കുന്നത് മനുഷ്യെൻറ തന്നെ ചെയ്തികളുടെ ഫലമാണെന്ന തിരിച്ചറിവ് വേണം. അതിെൻറ പ്രധാന ഇരയാകുന്നത് കാർഷിക മേഖലയാണ്. വെള്ളപ്പൊക്കം മൂലം വയലുകളിൽ കൃഷിനാശം വ്യാപകമാണ്.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രശ്നപരിഹാരത്തിന് വിവിധ മേഖലകളായി തിരിച്ച് കൃഷി വകുപ്പ് പ്രത്യേക യോഗങ്ങൾ ചേരുന്നുണ്ട്. ശനിയാഴ്ച ആലപ്പുഴയിൽ ഫിഷറീസ്, കൃഷി മന്ത്രിമാർ പങ്കെടുത്ത് കലക്ടറുടെ സാന്നിധ്യത്തിൽ കുട്ടനാടുമായി ബന്ധപ്പെട്ട് ആദ്യയോഗം ചേർന്നു.
കൃഷിക്ക് അർഹമായ പ്രാധാന്യം കൊടുക്കുന്നില്ലെന്നു മാത്രമല്ല, കൃഷിക്കാരനെ തീരെ ഗൗനിക്കാത്ത സമീപനമാണ് ദൗർഭാഗ്യവശാൽ പൊതുസമൂഹത്തിൽനിന്ന് ഉണ്ടാകുന്നത്. മനുഷ്യരാശിക്ക് നിലനിൽക്കുന്നതിന് ആവശ്യമായ ഉൗർജം ലഭിക്കുന്നത് ഭക്ഷണത്തിൽനിന്നാണെന്നിരിക്കെ അത് ഉൽപാദിപ്പിക്കുന്ന കർഷകനും കർഷകത്തൊഴിലാളിയും നിറവേറ്റുന്നത് മഹത്തായ ദൗത്യമാണെന്ന് തിരിച്ചറിയണം. നാം കഴിക്കുന്ന ഭക്ഷണം വിളയിക്കുന്നവരുടെ മനുഷ്യവിഭവശേഷിയെ മാനിക്കാതിരിക്കുന്നത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്.
കൃഷിയെ അടിസ്ഥാനമാക്കിയുള്ള സ്ഥിരതാമസമാണ് മനുഷ്യരാശിയുടെ പുരോഗതിക്ക് നിദാനമായതെന്ന ചരിത്രയാഥാർഥ്യം പൊതുസമൂഹം ഗൗരവമായി ഉൾക്കൊള്ളണം. പണം കൊടുത്ത് ആരെങ്കിലും തരുന്നത് കഴിച്ചാൽ മതിയല്ലോയെന്ന സങ്കൽപം പാേട പൊളിച്ചെഴുതണം. ആഗോളീകരണ കാലഘട്ടത്തിൽ അതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്ന കച്ചവട താൽപര്യങ്ങളെ തിരിച്ചറിയണം. പണത്തോടുള്ള അടങ്ങാത്ത ആർത്തി മൂത്ത് ഏതുവിധേനയും ലാഭമുണ്ടാക്കുകയെന്ന താൽപര്യം മാത്രം അജണ്ടയിലുള്ള മുതലാളിത്തത്തിന് എന്തും വിപണിയിലേക്ക് കയറ്റിവിടാമെന്ന ചിന്ത ഉണ്ടാകുന്നത് സ്വാഭാവികം. മനുഷ്യെൻറ ആേരാഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വിഷം കലർന്ന ഭക്ഷണപദാർഥങ്ങൾ ഉൽപാദിപ്പിക്കാൻ അവർക്ക് മടിയുണ്ടാകില്ല.
പ്രസംഗങ്ങളും ആഹ്വാനങ്ങളും ഉപദേശങ്ങളും കൊണ്ടൊന്നും കാര്യമില്ല. മലയാളിയുടെ മനസ്സിൽ കൃഷി ജനിക്കുകയാണ് ആദ്യമായി വേണ്ടത്. ആ ചിന്തയെ മണ്ണിലേക്ക് പരിവർത്തനം ചെയ്യണം. വാക്കിലെ ആവേശം പ്രവൃത്തിയിലും കാണണം. ഒരിഞ്ചു മണ്ണുപോലും വെറുതെയിടാൻ പാടില്ലെന്ന തോന്നൽ ഓരോരുത്തരിലും ഉണ്ടാകണം. തരിശുഭൂമിയെന്നത് കേട്ടുകേൾവിയായി മാറണം.
കാർഷികമേഖലക്ക് സർക്കാറിെൻറ ഭാഗത്തുനിന്ന് മതിയായ സംരക്ഷണം ഉറപ്പായും പ്രതീക്ഷിക്കാം. കാർഷികവിളകൾക്ക് ന്യായവില കിട്ടാനും പ്രതികൂല അവസ്ഥയിൽ വിള ഇൻഷുറൻസ് ലഭിക്കാനും കാർഷിക വസ്തുക്കളുടെ സംഭരണവും വിപണനവും ഉറപ്പാക്കാനും വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും. പാൽ ഉൽപാദന -വിതരണ മേഖലയിൽ മിൽമയുടെ സാന്നിധ്യം പോലെ കാർഷികമേഖലയിലും വിപുലമായ ശൃംഖല ഏർപ്പെടുത്തും. ഹോർട്ടികോപിനെയും വി.എഫ്.പി.സി.കെയേയും കൂടുതൽ ശക്തിപ്പെടുത്തും. കാർഷിക ഉൽപന്നങ്ങൾ ചീഞ്ഞുപോകാതെ മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നതിൽ ആയിരിക്കണം കൂടുതൽ ശ്രദ്ധനൽകേണ്ടത്. ഉൽപാദനച്ചെലവിെൻറ 50 ശതമാനം അധികം തിരിച്ചു കിട്ടിയെങ്കിലേ കൃഷി ആകർഷകവും ആദായകരവുമാകൂ. കൃഷിെയ പ്രോത്സാഹിപ്പിച്ച് കാർഷിക വൃത്തിയുടെ അന്തസ്സ് വീണ്ടെടുക്കത്തക്കവിധം ഈ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുകയെന്നതാണ് എൽ.ഡി.എഫ് സർക്കാർ വിഭാവനം ചെയ്യുന്ന കാർഷിക നയവുമായി ബന്ധപ്പെട്ട സമീപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.