വരൻ ശവപ്പെട്ടിയിൽ; കൂട്ടുകാരൻ കട്ടിലിനടിയിൽ
text_fieldsരണ്ടു വർഷം മുമ്പാണ്. കണ്ണൂർ സിറ്റിയിലെ ഒരു വിവാഹത്തിൽ വരൻ വധൂഗൃഹത്തിൽ വന്നത് ശവപ്പെട്ടിയിലാണ്. വന്നതല്ല. കൊണ്ടുവന്നത് എന്നതാണ് ശരി. വെള്ളത്തുണിയിൽ പൊതിഞ്ഞ് മൃതദേഹമെന്നപോലെ ഒരുക്കി വരനെ ശവപ്പെട്ടിയിലാക്കി. കൂട്ടുകാർ ചുമന്ന് വധൂഗൃഹത്തിലേക്ക് പുറപ്പെടുകയായിരുന്നു.
ഈ 'ശവഘോഷയാത്ര'സംഘത്തെ തടയാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. വിവാഹമെന്ന പവിത്രമായ ചടങ്ങും സന്തോഷം അലതല്ലേണ്ട പുതിയാപ്പിള വരവുമൊക്കെ വൈകൃതരൂപത്തിൽ നടുറോഡിലെത്തിയപ്പോൾ നാട്ടുകാർ ഇടപെട്ടു. വരനെ താഴെയിറക്കി ശവപ്പെട്ടി സമീപത്തെ അഞ്ചുകണ്ടി തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ അത് വലിയ ചർച്ചയായി. മത നേതൃത്വവും സാമൂഹിക പ്രവർത്തകരുമെല്ലാം രംഗത്തുവന്നു. അൽപകാലം എല്ലാം അടങ്ങിയെന്ന് തോന്നിയെങ്കിലും ശേഷവും ആഭാസം തുടരുകതന്നെയാണ്.
വരനെ മണ്ണുമാന്തിക്ക് മുകളിൽ കയറ്റുക, ആനപ്പുറത്തും ഒട്ടകത്തിന് മുകളിലും എഴുന്നള്ളിക്കുക, കീറിയ വേഷം ധരിപ്പിച്ച് ഭിക്ഷക്കാരനെപ്പോലെ െകാണ്ടുവരുക ഇതെല്ലാം പലേടത്തും ആവർത്തിച്ചു-ആയിരങ്ങൾ വിലയുള്ള ബ്രാൻറഡ് ഷർട്ടിൽ കീറലുകളുണ്ടാക്കി ചായം പുരട്ടിയാണ് ഭിക്ഷക്കാരനായി അണിയിച്ചൊരുക്കുന്നത്. വരനെയും വധുവിനെയും കിലോമീറ്ററുകളോളം നടത്തിക്കുകയാണ് കൂട്ടുകാരുടെ മറ്റൊരു രീതി. വധുവിനെ പിന്നിലിരുത്തി വരനെകൊണ്ട് സൈക്കിൾ ഓടിപ്പിക്കുക, വരനെ വീൽചെയറിലിരുത്തി വധുവിനെക്കൊണ്ട് തള്ളിക്കുക എന്നിങ്ങനെയുള്ള പരിപാടികളുമുണ്ട്.
ആരോഗ്യസംരക്ഷണം ലക്ഷ്യംവെച്ചാണ് ഇതെന്ന് ധരിച്ചേക്കരുത്, മറ്റുള്ളവരെ വേദനിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന മനോവൈകല്യം ഒരു തലമുറയെ കൂട്ടമായി ബാധിച്ചതിെൻറ ലക്ഷണമാണിത്. തലശ്ശേരി, പാനൂർ മേഖലകളിൽ കഴിഞ്ഞ കുറച്ചുമാസങ്ങൾക്കിടെ ഇത്തരം സംഭവങ്ങൾ പലകുറി ആവർത്തിച്ചു. മണിയറയുടെ ജനലിെൻറയും വാതിലിെൻറയും കുറ്റി ഇളക്കി മാറ്റുക, താക്കോൽ കൈയടക്കിവെക്കുക എന്നിവയും വിവാഹ ആഭാസങ്ങളിൽ പതിവുള്ളതാണ്. ആദ്യരാത്രി കുളമാക്കാൻ വധുവിെൻറ വീട്ടിലെ മണിയറ കട്ടിലിനടിയിൽ വരെൻറ കൂട്ടുകാർ ഒളിച്ചിരിക്കുന്ന രീതിപോലുമുണ്ട്. മകളുടെ ഭാവിയോർത്ത് വരെൻറ കൂട്ടുകാരുടെ പേക്കൂത്തുകൾക്ക് മുന്നിൽ പെൺവീട്ടുകാർക്ക് മിണ്ടാതെ നിൽക്കേണ്ടി വരുന്നു.
പൊന്ന്യം വെസ്റ്റിൽ വരനെയും വധുവിനെയും അപകടകരമാംവിധം ഗുഡ്സ് ഓട്ടോയിൽ കയറ്റി ആനയിച്ചതും മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വാഹനത്തിൽ തോരണമായി തൂക്കിയതും ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനുവരെ വഴിതെളിയിച്ചു.
കല്യാണം കഴിഞ്ഞ് ബന്ധുക്കൾക്കൊപ്പം വരുന്ന വധൂവരന്മാരെ കിലോമീറ്ററുകൾ നടത്തിക്കുന്നതും ചെരിപ്പിലും കാലിലും വെളിച്ചെണ്ണ അടക്കമുള്ള വസ്തുക്കൾ ഒഴിക്കുന്നതും തലശ്ശേരിയിലും കൂത്തുപറമ്പിലും മാഹിയിലും വടകരയിലുമെല്ലാം നിത്യസംഭവമാണ്. നടക്കാനാവാതെ വധു കുഴഞ്ഞവീണ സംഭവങ്ങളുമുണ്ട്. വരനെയും വധുവിനെയും കെട്ടിയിട്ട് നടത്തിക്കുക, കൂകി വിളിക്കുക, തലയിൽ വെള്ളമൊഴിക്കുക, പടക്കംപൊട്ടിച്ച് ഭയപ്പെടുത്തുക, ജ്യൂസെന്നു പറഞ്ഞ് വധുവിനെ മദ്യം കുടിപ്പിച്ച് ചേഷ്ടകൾ വിഡിയോയിൽ പകർത്തുന്നതുവരെ നീളുന്നു വരെൻറ കൂട്ടുകാരുടെ കോപ്രായങ്ങൾ. സ്പ്രേ, മുളകുപൊടി പ്രയോഗത്തിെൻറ ഇര പ്രധാനമായും വധുവാണ്. ഭയന്ന് ബോധരഹിതയായ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന സംഭവവും കണ്ണൂരിൽ ഉണ്ടായിട്ടുണ്ട്.
വധുക്കൾക്ക് ഇത്തരം വിവാഹ ആഭാസങ്ങൾ ഏൽപിക്കുന്ന മാനസികാഘാതവും ചെറുതൊന്നുമല്ല. അതിരുവിട്ട ആഘോഷങ്ങളിൽ മനോനില തെറ്റി കൗൺസലിങ് തേടിയ യുവതികളുടെ എണ്ണവും കുറവല്ല. എല്ലാം ഇരുവീട്ടുകാർക്കിടയിൽ ഒതുക്കിത്തീർക്കുന്നതിനാൽ നിയമത്തിനുപോലും ഇടപെടാൻ കഴിയാത്തവിധം തേഞ്ഞുമാഞ്ഞുപോകുന്നു. കൂട്ടുകാരുടെ കുസൃതി വധൂ, വരന്മാരുടെ വീട്ടുകാർ തമ്മിലുള്ള തർക്കത്തിലേക്കും ഒടുവിൽ വിവാഹ മോചനത്തിലേക്കും നയിച്ച സംഭവങ്ങളുമുണ്ട്.
എന്നാൽ, ചെറുത്തുനിൽപിെൻറ ചുരുക്കം ചില വാർത്തകളും ഇവിടെ നിന്ന് കേട്ടു തുടങ്ങിയിരിക്കുന്നു.
മാർക്കറ്റുകളിൽ ധാന്യചാക്കുകൾ ഉന്തികൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഭാരവണ്ടി (കോലാർ വണ്ടി) യിൽ തടിച്ച ശരീര പ്രകൃതമുള്ള വധുവിനെ ഇരുത്തി വരനോട് തള്ളിക്കൊണ്ടുപോകാൻ നിർദേശിച്ചു ചങ്ങാതി സംഘം. ബോഡി ഷെയിമിങ് ചെയ്യാനുദ്ദേശിച്ച കൂട്ടുകാരുടെ ആഗ്രഹത്തിന് വരനും വഴങ്ങി. എന്നാൽ, ഇത്തരം ദുഷ്ടമനസ്കരുടെ കൂട്ടുകാരനുമൊത്ത് ജീവിതം പങ്കുവെക്കുന്ന കാര്യം തനിക്ക് ഒന്നുകൂടി ആലോചിക്കേണ്ടിവരുമെന്ന് തുറന്നടിച്ചു പറഞ്ഞ് വധു തിരിഞ്ഞു നടന്നതോടെ കഥ മാറി. കൂട്ടുകാരെ ഒഴിവാക്കി കാറിലായി വരെൻറയും വധുവിെൻറയും തുടർയാത്ര!.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.