Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 7:37 AM GMT Updated On
date_range 31 Dec 2017 3:59 AM GMTജി.എസ്.ടി വരുമാന വളർച്ചക്ക്
text_fieldsbookmark_border
2005-06 മുതല്‍ രാജ്യം കൈവരിച്ച മികച്ച സാമ്പത്തിക വളര്‍ച്ചയില്‍ മൂല്യവർധിത നികുതി സമ്പ്രദായം വലിയ പങ്കു വഹിച്ചിട്ടുണ്ട്. എങ്കിലും, രാജ്യത്തെ നികുതിഘടനയുടെ ഭാഗമായി നിലനില്‍ക്കുന്ന അതിര്‍ത്തി ചെക്ക്പോസ്റ്റുകൾ, നികുതിക്കു മേലുള്ള നികുതി എന്നിങ്ങനെയുള്ള പ്രധാന ന്യൂനതകള്‍ക്കു ശാശ്വത പരിഹാരമായില്ല. ജി.എസ്.ടി നടപ്പിലാക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. കസ്റ്റംസ് തീരുവ ഒഴികെയുള്ള എല്ലാ പരോക്ഷനികുതികളുടെയും സംയോജനം, താരതമ്യേന കുറഞ്ഞ നിരക്ക്, ലളിതമായ വ്യവസ്ഥകൾ, നികുതി കണക്കാക്കാനും പരിശോധനകള്‍ക്കും ചോര്‍ച്ച തടയാനും നികുതിദായകര്‍ക്ക് അറിയിപ്പുകള് നല്‍കാനുമെല്ലാം മികച്ച സാങ്കേതികവിദ്യയുടെ (ജി.എസ്.ടി.എന്‍) വിന്യാസം എന്നിവ പുതിയ നികുതിവ്യവസ്ഥയുടെ പ്രത്യേകതകളാണ്. ഇതിനകം നൂറ്റമ്പതിലധികം രാജ്യങ്ങളില്‍ ജി.എസ്.ടി നടപ്പാക്കിക്കഴിഞ്ഞു. ചുരുക്കം രാജ്യങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഏക ജി.എസ്.ടി ഘടനയാണ് നിലവിലുള്ളത്. ഫെഡറല്‍ സംവിധാനമുള്ള രാജ്യങ്ങളില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ നികുതി സമാഹരിക്കുകയും സംസ്ഥാനങ്ങളുമായി പങ്കുവെക്കുകയുമാണ് ചെയ്യുന്നത്.
എന്നാല്‍, ഇന്ത്യയില്‍ നടപ്പാക്കുന്നത് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പരസ്പര ധാരണയിലും സഹകരണത്തിലും നികുതി സമാഹരിച്ച് പരസ്പരം പങ്കുവെക്കാന്‍ പര്യാപ്തമായ ഇരട്ട നികുതി സംവിധാനമാണ്. ഇത് നമ്മുടെ ഫെഡറല്‍ വ്യവസ്ഥിതിയുടെ ശക്തിയാണ് വിളിച്ചോതുന്നത്.
ഇപ്പോള്‍ സേവനങ്ങള്‍ക്കുള്ള നികുതിയും ഉൽപാദന ഘട്ടത്തിലുള്ള നികുതിയും ചുമത്താനുള്ള അധികാരം കേന്ദ്രസര്‍ക്കാറിനു മാത്രമാണ്. അതുപോലെ സംസ്ഥാനങ്ങൾക്കുള്ളില്‍ നടക്കുന്ന വ്യാപാരങ്ങള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു മാത്രവും. കാല് പതിറ്റാണ്ടായി പ്രതിശീര്‍ഷ ഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനമാണ് കേരളം. സേവന ഉപഭോഗത്തിെൻറ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ്. പ്രത്യേകിച്ച് ഒരു ഉപഭോക്തൃ സംസ്ഥാനം ആയതിനാലും വാര്‍ത്താവിനിമയം, ഗതാഗതം, ഇൻറര്‍നെറ്റ് ഇടപാടുകള്‍ എന്നിവയുടെ കാര്യത്തില്‍ ജി.എസ്.ടി ഉപഭോഗാധിഷ്ഠിത നികുതിയായതിനാലും കേരളത്തിന് വന്‍ നേട്ടമാകും. വളരെ ഉയര്‍ന്ന വരുമാനവളര്‍ച്ച നേടാന്‍ സംസ്ഥാനത്തിനു കഴിയുമെന്നാണ് എെൻറ പ്രതീക്ഷ.പൂര്‍ണമായും സാങ്കേതികവിദ്യയുടെ സഹായത്തോടെ നികുതിഭരണം നടത്തുന്നതിനാലും വാങ്ങല്‍ ഘട്ടത്തില്‍ ഒടുക്കിയ നികുതി വിൽപന ഘട്ടത്തില്‍ പിരിക്കുന്ന നികുതിയില്‍ തട്ടിക്കിഴിക്കുന്നതിനാലും ഒരു വശത്ത് നികുതി വെട്ടിപ്പ്, ഉദ്യോഗസ്ഥരുടെ വിവേചനാധികാരം, അഴിമതി എന്നിവ പരിമിതപ്പെടുകയും മറുവശത്ത് നികുതി അടിസ്ഥാനം വിപുലമാകുകയും ചെയ്യും.
നിലവില്‍ രാജ്യത്തെ നികുതിഭാരം ജി.എസ്.ടി നടപ്പാവുമ്പോള്‍ ഏകദേശം 20--23 ശതമാനമായി ചുരുങ്ങും എന്നു കണക്കാക്കപ്പെടുന്നു. ഇതിെൻറ ഫലമായി വിലക്കയറ്റം കുറയുകയും ആഭ്യന്തര വിപണിയും ഇന്ത്യന്‍ ഉല്പന്നങ്ങളുടെ വിദേശ വിപണിയും വികസിതമാവുകയും ചെയ്യും. ആയതിനാല്‍ പുതിയ നികുതി ഉപഭോക്താക്കള്‍ക്കും സര്‍ക്കാറിനും വ്യാപാര- വാണിജ്യ മേഖലകള്‍ക്കും കൂടുതല്‍ സ്വീകാര്യമായിരിക്കും. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഈടാക്കിവരുന്ന എക്സൈസ് ഡ്യൂട്ടികൾ, അധിക എക്സൈസ് ഡ്യൂട്ടികൾ, അധിക കസ്റ്റംസ് ഡ്യൂട്ടികള്‍, സേവന നികുതി, സെസുകളും സർചാര്‍ജുകളും, സംസ്ഥാനങ്ങള്‍ ഈടാക്കിവരുന്ന മൂല്യവർധിത നികുതി, കേന്ദ്ര വില്പന നികുതി, പ്രവേശന നികുതി, തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഈടാക്കിവരുന്നവ ഒഴികെയുള്ള വിനോദനികുതി, വാങ്ങല്‍ നികുതി, പരസ്യനികുതി, ലോട്ടറി, പന്തയം എന്നിവയുടെ നികുതി, സംസ്ഥാന സെസുകള്‍, സര്‍ചാര്‍ജുകള്‍ എന്നിവ എല്ലാം ജി.എസ്.ടിയില്‍ ലയിക്കും. സംസ്ഥാനങ്ങള്‍ ഈടാക്കിവരുന്ന മദ്യത്തിന്മേലുള്ള (മനുഷ്യ ഉപഭോഗത്തിന്മേലുള്ളത്) നികുതി മാറ്റമില്ലാതെ തുടരും. പെട്രോളിയം ഉല്‍പന്നങ്ങളിന്മേലുള്ള നികുതി തല്ക്കാലം ജി.എസ്.ടിയില്‍ ലയിപ്പിക്കില്ല. അക്കാര്യം ജി.എസ്.ടി കൗണ്‍സില്‍ പിന്നീട് തീരുമാനിക്കും. പുകയില/ പുകയില ഉല്പന്ന നികുതി ജി.എസ്.ടിയില്‍ ലയിപ്പിക്കുമെങ്കിലും കേന്ദ്രസര്‍ക്കാറിന് ഇവയില്‍ എക്സൈസ് നികുതി ചുമത്താനുള്ള അവകാശം നിലനിര്‍ത്തും.
20 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ ജി.എസ്.ടി നല്‍കേണ്ടതില്ല. 20 ലക്ഷം മുതല്‍ 75 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് ജി.എസ്.ടിയില്‍ വിഭാവനം ചെയ്യുന്ന കോമ്പോസിഷന്‍ സ്കീമില്‍ ഒന്ന്, രണ്ട്, അഞ്ച് നിരക്കുകളില്‍ നികുതി നല്‍കാവുന്നതാണ്. എന്നാല്‍, ഈ വിഭാഗങ്ങള്‍ക്ക് വാങ്ങല്‍ ഘട്ടത്തില്‍ കൊടുത്ത നികുതിക്ക് ക്രെഡിറ്റ് ലഭിക്കുന്നതല്ല. ജി.എസ്.ടിയെ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലോ സംസ്ഥാനങ്ങള്‍ തമ്മിലോ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങൾ, നികുതി നിരക്ക്, ഏതെല്ലാം നികുതികള്‍ ജി.എസ്.ടിയില്‍ ലയിപ്പിക്കണം, എത്ര വാര്‍ഷിക വിറ്റുവരവുള്ളവരെ ഈ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം, ഒഴിവുകള്‍ നല്‍കേണ്ട കാര്യങ്ങള്‍ എന്നിവയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ജി.എസ്.ടി കൗണ്‍സില്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇതില്‍ കേന്ദ്ര ധന/റവന്യൂ മന്ത്രിമാരും സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളാണ്.
എന്നാല്‍, മൂന്നില്‍ ഒന്നു വോട്ടുകള്‍ കേന്ദ്രത്തിനായതിനാലും എന്തു തീരുമാനവും നടപ്പാക്കുന്നതിന് നാലില്‍ മൂന്നു ഭൂരിപക്ഷം നിഷ്കര്ഷിച്ചതിനാലും ജി.എസ്.ടിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിയോജിക്കുന്ന വിഷയങ്ങളൊന്നും നടപ്പാക്കാനാവില്ല. ജി.എസ്.ടിയുടെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്ന് കയറ്റുമതി ഉല്പന്നങ്ങള്ക്ക് നികുതിയില്ല എന്നതാണ്. അതിനാല്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നും കയറ്റുമതി മേഖലയില്‍ കൂടുതല്‍ നിക്ഷേപമുണ്ടാകും. സിംഗപ്പൂര്‍, തായ്വാന്, ജപ്പാൻ, സ്വിറ്റ്സര്‍ലൻഡ്, ജർമനി, ചൈന മുതലായ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതാണിത്. അതിനാല്‍ ‘മേക് ഇൻ ഇന്ത്യ’ നയത്തിന് ജി.എസ്.ടി മികച്ച പിന്തുണയാകും. ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഖജനാവിലേക്ക് ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ അധിക വാര്‍ഷിക വരുമാനം എത്തുമെന്നു കരുതുന്നു. സാമ്പത്തിക വളര്‍ച്ചയിലും വന്‍ നേട്ടമുണ്ടാകും.
(ജി.എസ്.ടി കൗണ്‍സിലിെൻറ മുന്‍ ചെയര്‍മാനും മുൻ ധനമന്ത്രിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story