ജി.എസ്.ടിയിലെ സോപാധിക ഇളവുകൾ
text_fieldsഇളവുകളുടെ നേട്ടങ്ങൾ ഒരാളിലോ സ്ഥാപനത്തിലോ ആവർത്തിച്ച് കേന്ദ്രീകരിക്കുന്ന പ്രവണത തടയുക ചരക്ക് സേവനനികുതിയുടെ (ജി.എസ്.ടി) സുപ്രധാന ലക്ഷ്യമാണ്. ഇൗ അവസ്ഥക്ക് അന്യായ സമ്പുഷ്ടീകരണം (Unjust enrichment) എന്നാണ് സാമ്പത്തിക പുസ്തകങ്ങൾ നൽകിയ നിർവചനം.
അന്യായമായ സ്വയം സമ്പുഷ്ടീകരണം നിർമാതാക്കൾക്കോ വിതരണക്കാർക്കോ -സേവന ദാതാക്കൾക്കോ പൊതു ഖജനാവിന് പോലുമോ വേണ്ടതില്ല. അതുകൊണ്ട് ചരക്കു-സേവനങ്ങളുടെ സപ്ലൈ മൂല്യം എന്ന ഒരേ നികുതി അവലംബത്തിെൻറ മേൽ നികുതി നിർണയിക്കപ്പെടുന്ന ജി.എസ്.ടി.യിൽ ഒരു സപ്ലൈ ഇൻവോയ്സിൽ നൽകുന്ന ഡിസ്കൗണ്ടിെൻറ ആനുകൂല്യം അന്തിമ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് ചരക്കു-സേവനങ്ങളുടെ നിർമാണ-വിതരണ ശൃംഖലയിലെ എല്ലാ തലത്തിലും മുൻ നികുതി സമ്പ്രദായത്തിലെപ്പോലെ തന്നെ, ഡിസ്കൗണ്ട് തുകയെ നികുതിമുക്തമാക്കിയിട്ടുണ്ട്. എന്നാൽ, മുൻ നികുതി നിയമങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായി, ഒരു നിശ്ചിത കാലയളവിൽ തുടർച്ചയായ വ്യാപാര ഇടപാടുകളുടെ അളവ് അനുസരിച്ചും മറ്റു കാരണങ്ങളാലും വിവിധ ചരക്കു-സേവങ്ങളുടെ നിർമാണ -വിതരണ ശൃംഖലകളിൽ പിന്നീട് നൽകുന്ന ഡിസ്കൗണ്ടിെൻറ ആനുകൂല്യവും അന്തിമ ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടണമെന്ന് ജി.എസ്.ടി. വിഭാവനം ചെയ്യുന്നു. അന്യായമായ സ്വയം സമ്പുഷ്ടീകരണം എല്ലാ തലത്തിലും ജി-എസ്.ടി നിയമം എങ്ങനെ തടയുന്നു എന്ന് മനസ്സിലാക്കാൻ മുൻ നികുതി നിയമത്തിലെ ഡിസ്കൗണ്ട് സംബന്ധമായ വകുപ്പുകളെ കുറിച്ച ഒരു താരതമ്യം ആവശ്യമാണ്.
ജി.എസ്.ടിക്ക് മുമ്പ് നിലവിലുണ്ടായിരുന്ന കേരള മൂല്യവർധിത നികുതി (വാറ്റ്) നിയമപ്രകാരമുള്ള വിറ്റുവരവിെൻറ നിർവചനത്തിലെ വിശദീകരണക്കുറിപ്പ് അനുസരിച്ച് ഏതെങ്കിലും ചരക്കിന് വിപണിയിലുണ്ടായ നെഗറ്റീവ് വില വ്യതിയാനത്തിെൻറ നഷ്ടം നികത്തുന്നതിനായി എത്രയെങ്കിലും തുക ഒരു ഡീലർക്ക് ലഭിക്കുകയാണെങ്കിൽ, ആ തുക ഏതു മാസമാണോ ലഭിച്ചത് ആ മാസത്തിലെ വിറ്റുവരവിെൻറ ഭാഗമായി പരിഗണിച്ച് നികുതി അടക്കണമായിരുന്നു.
അതുപോലെ ഡീലർ താൻ വാങ്ങിയതിനേക്കാൾ കുറഞ്ഞ വിലക്ക് ഏതെങ്കിലും ചരക്ക് വിൽക്കുകയും മേൽനഷ്ടം നികത്തുന്നതിലേക്കായി ആരെങ്കിലും എത്രയെങ്കിലും തുക നൽകുകയാണെങ്കിൽ, ആ തുകയും വിറ്റുവരവിെൻറ ഭാഗമായി പരിഗണിച്ച് നികുതി അടക്കണമായിരുന്നു.
കൂടാതെ കേരളത്തിനകത്തുനിന്ന് വാങ്ങിയ നികുതിവിധേയമായ ഏതെങ്കിലും ചരക്കുകൾ വാങ്ങിയതിനേക്കാൾ കുറഞ്ഞ വിലക്ക് വിറ്റാൽ, അത്തരം വിൽപനക്ക് ബാധകമായ നികുതിക്ക് തുല്യമായി, അത്തരം ഡീലേഴ്സിെൻറ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പരിമിതപ്പെടുത്തണമെന്ന വ്യവസ്ഥയുണ്ടായിരുന്നതിനാൽ അധികമായി വരുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തുക തിരിച്ചടക്കണമായിരുന്നു.
എന്നാൽ, ജി.എസ്.ടി നിയമത്തിൽ ഒരിടത്തും ഏതെങ്കിലും ചരക്കുകൾ വാങ്ങിയതിനേക്കാൾ കുറഞ്ഞ വിലക്ക് വിറ്റാൽ ആനുപാതികമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തുക തിരിച്ചടക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. ആയതിനാൽ, ചില മേഖലകളിൽ പ്രത്യേകിച്ചും ഉയർന്ന ജി.എസ്.ടി നിരക്കായ 28% ബാധകമായ സിമെൻറ് റീട്ടെയിൽ രംഗത്ത് സിമൻറ് നിർമാതാക്കളുടെയും വിതരണക്കാരുടേയും നിർദേശമനുസരിച്ച് ചാക്കൊന്നിന് 10 രൂപ മുതൽ 50- രൂപവരെ വാങ്ങിയതിനേക്കാൾ കുറഞ്ഞ വിലക്ക് വിൽപന നടത്താൻ നിർബന്ധിതരാകുന്നുവെന്ന് ചില വ്യാപാരികൾ പറയുന്നു.
കുറഞ്ഞ വില
അങ്ങനെ കുറഞ്ഞ വിലക്ക് വിൽക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടവും ലാഭ മാർജിനും ക്രെഡിറ്റ് നോട്ടിലൂടെ പിന്നീട് നികത്തിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയാണ് സിമൻറ് നിർമാതാക്കൾ സിമൻറിെൻറ റീട്ടെയിൽ വിപണി വില നിയന്ത്രിക്കുന്നത്.
ഇങ്ങനെ ലഭിക്കുന്ന ക്രെഡിറ്റ് നോട്ടിെൻറ പേരിൽ ഭാവിയിൽ നികുതിബാധ്യത പുനർനിർണയ ഉത്തരവുകൾ വരാൻ സാധ്യതയുണ്ടോ എന്നതാണ് ചെറുകിട സിമൻറ് വ്യാപാരികൾ പങ്കുവെക്കുന്ന ആശങ്ക.
ജി.എസ്.ടി നിയമപ്രകാരം ചരക്കിെൻറയോ, സേവനത്തിെൻറയോ പേരിൽ ഒരു ഇൻവോയ്സ് നൽകിയതിന് ശേഷം, ആ സെപ്ലയുമായി ബന്ധപ്പെട്ട് ഈടാക്കിയ നികുതിബാധകമായ വിൽപന വിലയോ നികുതിയോ കൂടുതലായിരുന്നുവെന്ന് പിന്നീട് ബോധ്യമായാലോ അല്ലെങ്കിൽ ബന്ധപ്പെട്ട ചരക്ക് വാങ്ങിയ ആൾ തിരിച്ചയച്ചാലോ അല്ലെങ്കിൽ ഇതിനകം നൽകിയ സാധനമോ സേവനമോ യഥാർഥത്തിൽ നൽകേണ്ടിയിരുന്നതിനേക്കാൾ അളവോ ഗുണമോ കുറവായിരുന്നു എന്ന് ബോധ്യമായാലോ സെപ്ലയർ താൻ മുമ്പ് നൽകിയ ഇൻവോയ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ക്രെഡിറ്റ് നോട്ട് കൂടി നൽകേണ്ടതാണ്. എന്നാൽ, വാറ്റു നിയമത്തിലെപോലെ വിൽപനക്കാരനും വാങ്ങുന്നയാളും ഇരു ഭാഗത്തും സ്വതന്ത്രമായി ഡാറ്റ എൻട്രി നടത്തി ഇടപാടുകൾ രേഖപ്പെടുത്തുന്ന രീതി ജി.എസ്.ടി ഓൺലൈൻ റിട്ടേണിൽ ഇല്ലാത്തതിനാൽ, ഇങ്ങനെ ക്രെഡിറ്റ് നോട്ട് ലഭിച്ച ഡീലർ തെൻറ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുന്നതിനായി തത്തുല്യമായ തുകക്കുള്ള ഡെബിറ്റ് നോട്ട് നൽകേണ്ടതില്ല. ഒരു സപ്ലൈ യർ തെൻറ GSTR -1 (നികുതി റിേട്ടൺ ഒന്നാം ഘട്ടം) റിട്ടേണിൽ രേഖപ്പെടുത്തിയ ക്രെഡിറ്റ് നോട്ട് വിവരങ്ങൾ, ചരക്ക് വാങ്ങിയ ഡീലർ തെൻറ GSTR-2(രണ്ടാം ഘട്ടം)ൽ സ്ഥിരീകരിച്ചാൽ മാത്രം മതി. സെപ്ലയർ ഓൺലൈനായി നൽകിയ ക്രെഡിറ്റ് നോട്ട് വിവരങ്ങളിൽ ക്രെഡിറ്റ് നോട്ട് ലഭിച്ച ഡീലർക്കു ഭേദഗതികൾ ആവശ്യമെങ്കിൽ, അതും സാധ്യമാണ്. എന്നാൽ, അക്കൗണ്ടിങ് ആവശ്യത്തിനായി ക്രെഡിറ്റ് നോട്ട് ലഭിച്ച ഡീലർ പകരം ഡെബിറ്റ് നോട്ട് ഇഷ്യൂ ചെയ്യുന്നതിന് ചരക്കു സേവന നികുതി ആക്ടിൽ നിയമ തടസ്സമില്ല.
ക്രെഡിറ്റ് നോട്ട്
ക്രെഡിറ്റ് നോട്ട് നൽകിയ ഒരു സപ്ലെയർക്ക് ആ മാസത്തെ റിട്ടേണിലോ, അല്ലെങ്കിൽ പ്രസ്തുത സപ്ലൈ നടന്നതിെൻറ തൊട്ടടുത്ത സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ മാസത്തിനുള്ളിലെ ഏതെങ്കിലും മാസ റിട്ടേണിലോ അല്ലെങ്കിൽ തന്നാണ്ടിലെ വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്ന തീയതിയിലോ ഇവയിലേതാണോ ആദ്യം അതുവരെ ക്രെഡിറ്റ് നോട്ട് സംബന്ധമായ വിവരങ്ങൾ നൽകാവുന്നതും അതിനനുസരിച്ച് സപ്ലെയർക്ക് ആനുപാതികമായ നികുതി ഇളവ് നേടാവുന്നതുമാണ്. സെപ്ലയർ എടുത്ത നികുതിയിളവിന് ആനുപാതികമായ തുക ക്രെഡിറ്റ് നോട്ട് ലഭിച്ച സ്വീകർത്താവ് തിരിച്ചടക്കേണ്ടതുമാണ്.
വകുപ്പ് 34 (2) ൽ പറഞ്ഞിരിക്കുന്ന നിബന്ധനപ്രകാരം മേൽപറഞ്ഞ ക്രെഡിറ്റ് നോട്ട് അനുസരിച്ചുള്ള നികുതി ഇളവ് സെപ്ലയുടെ അടുത്ത തലത്തിലേക്കും അത് വഴി ഉപഭോക്താവിലേക്കും നൽകാതെ അത്തരം സാധന-സേവനങ്ങളുടെ സപ്ലൈ അവസാനിപ്പിച്ച സെപ്ലയർക്കു നികുതി ഇളവിന് അർഹതയുണ്ടായിരിക്കുന്നതല്ല.
എന്നാൽ, റീട്ടെയിൽ വിൽപനവില നിർണയാധികാരം സിമൻറ് നിർമാതാക്കളിൽ നിലനിർത്തുന്നതിനായി സപ്ലൈക്കു ശേഷമുള്ള ഡിസ്കൗണ്ടായി സിമൻറ് റീട്ടെയിൽ മേഖലയിൽ നൽകുന്ന ക്രെഡിറ്റ് നോട്ട് മേൽപറഞ്ഞ വകുപ്പ് 34 (1)െൻറ പരിധിയിൽ നേരിട്ട് വരുന്നതല്ല. അതുകൊണ്ട് ഡിഡ്കൗണ്ടിെൻറ പേരിൽ സെപ്ലയർക്ക് ആനുപാതികമായ നികുതി ഇളവ് നേടാൻ സാധാരണ ഗതിയിൽ കഴിയില്ല.
പക്ഷേ, മേൽപറഞ്ഞ വ്യാപാര രീതിയുടെ ഉദ്ദേശ്യം വകുപ്പ് 34 (2) ലെ നിബന്ധനക്ക് അനുസൃതമായി വിൽപന-വിതരണ ശൃംഖലയിൽ നൽകപ്പെടുന്ന സപ്ലൈക്കുശേഷമുള്ള ഡിസ്കൗണ്ടിെൻറ ആനുകൂല്യം ഇടനിലക്കാർക്കു നൽകാതെ അന്തിമ ഉപഭോക്താക്കൾക്ക് നൽകുക എന്നതാണെങ്കിൽ, സെപ്ലയർക്കു തെൻറ പക്കൽനിന്ന് ചരക്കുകൾ വാങ്ങിയ ഡീലർമാരുമായുള്ള തുടർച്ചയായ വ്യാപാര ഇടപാടുകളുടെ അളവ് അനുസരിച്ചും മറ്റു കാരണങ്ങളാലും പിന്നീട് നൽകുന്ന ഡിസ്കൗണ്ടിനും, മേൽപറഞ്ഞ വകുപ്പ് 34 (1) & (2) െൻറ നികുതി ഇളവ് ലഭിക്കുന്നതിനായി ചില നിബന്ധനകൾവെച്ചിട്ടുണ്ട്.
1. സപ്ലൈക്കു ശേഷം നൽകുന്ന ഡിസ്കൗണ്ട് അത്തരം സപ്ലൈ നടക്കുന്ന സമയത്തോ അതിന് മുമ്പോ ഇരു കക്ഷികളും തമ്മിൽ ഏർപ്പെട്ട ഒരു കരാറിെൻറ അടിസ്ഥാനത്തിൽ ആദ്യമേ സ്ഥിരീകരിച്ചതും അത്തരം ഡിസ്കൗണ്ട് നൽകുന്ന സമയത്ത് അവ ഏതെല്ലാം ഇൻവോയ്സുകളുമായി ബന്ധപ്പെട്ടാണ് നൽകുന്നതെന്ന് പ്രത്യേകം പരാമർശിച്ചതുമായിരിക്കണം.
2. ബന്ധപ്പെട്ട സെപ്ലയറിൽനിന്ന് ലഭിച്ചിരുന്ന ഇൻവോയ്സിെൻറയോ മറ്റു രേഖകളുടേയോ അടിസ്ഥാനത്തിൽ ഡിസ്കൗണ്ടിന് ആനുപാതികമായ ഇൻപുട്ട് ടാക്സ് തുക, ഡിസ്കൗണ്ട് ലഭിച്ച ഡീലർ തിരിച്ചടക്കുകയും വേണം. സപ്ലൈക്കു ശേഷമുള്ള ഡിസ്കൗണ്ട് നൽകുന്ന ഡീലർ, അതു സംബന്ധമായ ക്രെഡിറ്റ് നോട്ട് വിവരങ്ങൾ ബന്ധപ്പെട്ട ഇൻവോയ്സ് നമ്പറുകൾ പരാമർശിച്ചു തെൻറ GSTR -1 റിട്ടേണിൽ റിപ്പോർട്ട് ചെയ്തു നികുതി ഇളവ് നേടുമ്പോൾ, അത്തരം ക്രെഡിറ്റ് നോട്ടായി ഡിസ്കൗണ്ട് ലഭിച്ച ഡീലർ തെൻറ GSTR -2 റിട്ടേണിൽ അവ സ്ഥിരീകരിക്കുന്നതിലൂടെയാണ് ആനുപാതികമായ നികുതി തിരിച്ചടക്കുന്നത്.
മേൽപറഞ്ഞ വിധം മുൻകൂട്ടിയുള്ള കരാർ ഇല്ലാതെയും മുൻകൂർ കരാർ ഉണ്ടായിരുന്നെങ്കിൽ തന്നെയും ബന്ധപ്പെട്ട ഇൻവോയ്സുകൾ പ്രത്യേകം പരാമർശിക്കാതെയും ഒരു സെപ്ലയർ ബന്ധപ്പെട്ട സപ്ലൈക്ക് ശേഷം ഡിസ്കൗണ്ട് നൽകിയാൽ, നികുതി ഇളവ് നേടാൻ സാധിക്കാതെ വരും. അതു പോലെ മേൽപറഞ്ഞ ഒരു കരാർ പ്രകാരം ബന്ധപ്പെട്ട ഇൻവോയ്സുകൾ പരാമർശിച്ചു ഡിസ്കൗണ്ട് ലഭിച്ച ഒരു ഡീലർ അതിന് ആനുപാതികമായ നികുതി തിരിച്ചടച്ചില്ലെങ്കിലും, അത്തരം ഡിസ്കൗണ്ട് തുക ബന്ധപ്പെട്ട സെപ്ലയർക്കു താൻ മുമ്പ് റിപ്പോർട്ട് ചെയ്ത സപ്ലൈ മൂല്യത്തിൽനിന്ന് കുറവ് ചെയ്തു നികുതി ഇളവ് നേടാൻ സാധിക്കാതെ വരും.
സെപ്ലയർ നികുതി ഇളവ് അവകാശപ്പെടാതിരിക്കുന്നത്, നിർമാണ-വിതരണ ശൃംഖലയിൽ ഇതിനകം നൽകപ്പെട്ട ഡിസ്കൗണ്ടിെൻറ ആനുകൂല്യം അന്തിമ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിന് തടസ്സമായി തീരും. അത് അന്യായമായ സ്വയം സമ്പുഷ്ടീകരണം തടയുക എന്ന ലക്ഷ്യത്തിനു വിരുദ്ധവുമാണ്.
(നികുതി വിഭാഗം അസിസ്റ്റൻറ് കമീഷണറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.