അതിഥി തൊഴിലാളിയും അന്യനായ മലയാളിയും
text_fieldsലോക്ഡൗണില്‍ കുടുങ്ങി പട്ടിണിയിലായവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഡല്‍ഹിയിലെ സന്നദ്ധസംഘത്തിന് ഗുരുഗ്രാമിൽനിന്ന് കഴിഞ്ഞദിവസം ഒരു വിളി വന്നു. ഐ.ടി സെക്ടറില്‍ ജോലി ചെയ്തിരുന്ന 25 വയസ്സിനു താഴെയുള്ള 22 മലയാളികളിൽ നാലു പേരൊഴികെ മറ്റെല്ലാവരും ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിന് പ്രയാസപ്പെടുകയാണെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വിളി. അവർക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുകൊടുത്തശേഷം അവര്‍ പോയത് സ്വകാര്യ ആശുപത്രികളില്‍ പണിയില്ലാതായ മലയാളി നഴ്സുമാര്‍ വിളിച്ചിടത്തേക്കാണ്. അഭിമാനികളായ മലയാളികളേറെയും വളരെ മടിച്ചാണ് ആഹാരമില്ലാതെ ഇങ്ങനെ വിളിക്കുന്നതെന്ന് സന്നദ്ധസംഘത്തിലെ മലയാളി വളൻറിയര്‍മാര്‍. കേരളത്തില്‍നിന്ന് കയറ്റി അയച്ച അന്തർ സംസ്ഥാന തൊഴിലാളികളുടെ ഗണത്തില്‍ ഇതര സംസ്ഥാനത്തുള്ള മലയാളികളെ കാണരുതെന്നും അവര്‍ സ്വന്തമായി വീടും ജോലിയുമുള്ളവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തില്‍ പറയുമ്പോള്‍ ഡല്‍ഹിയിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല.
സ്വന്തം മണ്ണില്‍ അന്യരാകുന്ന മലയാളികള്‍
അന്തർ സംസ്ഥാനക്കാരായ ആയിരക്കണക്കിന് തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് ആദരവോടെ വിളിച്ച് സാഘോഷം യാത്രയാക്കിയ കേരള സര്‍ക്കാര്‍ ഇതര സംസ്ഥാനത്തേക്ക് തൊഴില്‍ തേടിപ്പോയ മലയാളികളെ തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഒരു ശ്രമിക് ട്രെയിന്പോലും ഓടിക്കാൻ പണിയെടുത്തില്ല. അതിഥി തൊഴിലാളികള്‍ നാട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ അവർക്ക് ട്രെയിന്‍ സൗകര്യമൊരുക്കണമെന്ന് രാജ്യത്ത് ആദ്യമായി ആവശ്യപ്പെട്ടത് കേരളമാണെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. അതൊരു പൊതു ആവശ്യമായി പിന്നീട് ഉയര്‍ന്നുവന്നെന്നും അങ്ങനെയാണ് അവര്‍ക്കായി ട്രെയിന്‍ വരുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, ആ ഗണത്തിൽ മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ കാണരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയെന്ന് 10 നാള്‍ക്കുശേഷം വാര്‍ത്തസമ്മേളനത്തില്‍ ആവര്‍ത്തിച്ച ശേഷമായിരുന്നു ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളില്‍നിന്ന് മുഖ്യമന്ത്രി വേർതിരിച്ചുനിര്‍ത്തിയത്. പുറം സംസ്ഥാനങ്ങളിലെ മലയാളികള്‍ തിരിച്ചെത്തുന്നത് പരമാവധി തടയാന്‍ ശ്രമിക്കുകയാണ് കേരളം എന്നുതന്നെ സംശയിക്കേണ്ടിവരും.
മുഖ്യമന്ത്രി പറയുന്നതും കമീഷണര്‍ ചെയ്യുന്നതും
സംസ്ഥാന സര്‍ക്കാര്‍ കാബിനറ്റ് റാങ്കോടു കൂടി െറസിഡൻറ് കമീഷണര്‍ക്ക് മുകളിലിരുത്തിയ എ. സമ്പത്തായിരുന്നു ലോക്ഡൗണിലായവരുടെ കാര്യങ്ങളെല്ലാം ഡല്‍ഹിയില്‍ ഏകോപിപ്പിക്കേണ്ടിയിരുന്നത്. അദ്ദേഹത്തിെൻറ അഭാവത്തില്‍ െറസിഡൻറ് കമീഷണര്‍ കാര്യങ്ങള്‍ ചെയ്തതാണ് ഹൈകോടതി കേസിലും ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ കാല്‍നട യാത്ര സമര പ്രഖ്യാപനത്തിലും എത്തിനില്‍ക്കുന്നത്.
ഏപ്രില്‍ 29നാണ് അന്തർ സംസ്ഥാന മലയാളികള്‍ക്കായി ‘നോര്‍ക്ക’ രജിസ്റ്റര്‍ചെയ്തു തുടങ്ങിയത്. മുഖ്യമന്ത്രി ഈ മാസാദ്യം പ്രഖ്യാപിച്ച ശേഷം ട്രെയിന്‍ ഉടനെയുണ്ടാകുമെന്ന് പറഞ്ഞ് മേയ് ഒമ്പതു മുതല്‍ വിദ്യാര്‍ഥികളെ വിളിച്ചുകൊണ്ടിരുന്നത് നോര്‍ക്കയാണ്. 10ന് രാജധാനി ട്രെയിനിെൻറ അറിയിപ്പു വന്നു. അതോടെ പലരും അതിന് അപേക്ഷിച്ചിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടി 11ന് നോര്‍ക്ക വിദ്യാര്‍ഥികളെ വീണ്ടും വിളിച്ചു. ചിലരോട് യാത്രക്ക് ഉണ്ടാവില്ലേ എന്ന് ഉറപ്പുവരുത്തുകയാണെന്ന് പറഞ്ഞു. മറ്റു ചിലരോട് ശ്രമിക് ട്രെയിനുകളുണ്ടാകാന് സാധ്യതയില്ലെന്നും. ഒരേ കാമ്പസിലുള്ളവർക്ക് പരസ്പര വിരുദ്ധമായ അറിയിപ്പ് ലഭിച്ചത് ആശയക്കുഴപ്പമായി. അത് തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ കേരള ഹൗസ് െറസിഡൻറ് കമീഷണറുമായി 13ന് ചര്‍ച്ച നിശ്ചയിച്ചു. നോര്‍ക്ക ഡയറക്ടറും കണ്ട്രോളറും അടക്കം നാല് ഉദ്യോഗസ്ഥരാണ് ചര്‍ച്ചക്ക് വന്നത്. വിദ്യാര്‍ഥികള്‍ക്കായി ട്രെയിന്‍ ബുക്ക് ചെയ്യാന്‍ തടസ്സങ്ങളുണ്ടെന്ന് നോര്ക്കതന്നെ പറയുന്നത് കേട്ട് അവര്‍ ഞെട്ടി. ഒരു ട്രെയിനിലേക്കു വേണ്ട വിദ്യാര്ഥികളില്ലെന്നായിരുന്നു ആദ്യ ന്യായം. 7000 പേര് കേരളത്തിലേക്ക് വരാനായി ഡല്‍ഹിയില്‍നിന്ന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തപ്പോഴായിരുന്നു ഇത്. ഇതറിയാത്ത വിദ്യാര്‍ഥികള്‍ കുറവ് നികത്താന്‍ തങ്ങള്‍ സഹായിക്കാമെന്നും കൂടുതല്‍ വിദ്യാര്‍ഥികളുടെ പട്ടിക നല്‍കാമെന്നും അറിയിച്ചതോടെ നോര്‍ക്കക്ക് മറുപടിയില്ലാതായി.
ട്രെയിനിന് അഡ്വാന്‍സായി കെട്ടിവെക്കാനുള്ള 15 ലക്ഷം രൂപ കേരള സര്‍ക്കാറിന് വഹിക്കാനാവില്ലെന്നും ഡല്‍ഹിയില്‍ അങ്ങനെ ചെയ്താല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആവശ്യമുയരുമെന്നുമായി പിന്നെ. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും കേരള മുസ്ലിം കൾചറല്‍ സെൻററും ഈ തുക വഹിക്കാന്‍ തയാറാണെന്ന് പറഞ്ഞപ്പോള്‍ രാഷ്ട്രീയ, മത സംഘടനകളില്‍നിന്ന് വാങ്ങിയാല്‍ അവര്‍ അത് സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുമെന്നും പറ്റില്ലെന്നുമായി നോര്‍ക്ക. എങ്കില്‍ ഡല്‍ഹി സര്‍വകലാശാല മലയാളി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ‘മൈത്രി’യും ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലെ മലയാളി കൂട്ടായ്മയായ ‘സ്മൃതി’യും ചേര്‍ന്ന് കെട്ടിവെക്കാന്‍ ആവശ്യമായ 15 ലക്ഷം രൂപ തരാമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. അതിനുശേഷം െറസിഡൻറ് കമീഷണറുമായി കൂടിയാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ 15 ലക്ഷമല്ല തടസ്സമെന്നു തിരുത്തി. വിദ്യാര്‍ഥികളുടെ പട്ടിക തന്നാല്‍ മതിയെന്നു പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചു.
ട്രെയിനില്ലെന്ന് കേരള ഹൗസ്; ഉണ്ടെന്ന് മുഖ്യമന്ത്രി
പിറ്റേന്ന് വിദ്യാര്‍ഥികളുടെ പട്ടികയുമായി ചെന്നപ്പോള്‍ നോര്‍ക്ക വീണ്ടും മലക്കം മറിഞ്ഞു. രാജധാനി ട്രെയിനിന് പോകാന്‍ പറ്റുന്നവര്‍ പോയ്ക്കോളൂ, മുഖ്യമന്ത്രി നേരത്തേ പറഞ്ഞ ട്രെയിനുണ്ടാകില്ല എന്നവര്‍ തീര്‍ത്തുപറഞ്ഞു. ഒന്നരയാഴ്ചയായി കേരള സര്‍ക്കാറും കേരള ഹൗസും നിരവധിതവണ വാക്കു മാറ്റിപ്പറഞ്ഞതില്‍ പ്രതിഷേധവുമായി കേന്ദ്ര സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് കാല്‍നടയായി പോകാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ വീണ്ടും കലങ്ങി. അറിവിൽപെട്ടിടത്തോളം ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികള്‍ നടന്നുപോരേണ്ട സാഹചര്യമില്ലെന്നും അവരൊക്കെ നല്ല ട്രെയിനില്‍തന്നെ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനുപിറകെ കേരള ഹൗസില്‍നിന്ന് ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികളുടെ മൊബൈലുകളിലേക്ക് സന്ദേശമെത്തി. 16ന് രാവിലെ എട്ടിനു മുമ്പായി നോര്‍ക്ക രജിസ്ട്രേഷന് നമ്പറും പേരും വിദ്യാര്‍ഥിയാണോ അല്ലേ എന്ന കാര്യവും വ്യക്തമാക്കി കേരള ഹൗസിലെ നോര്‍ക്ക ജീവനക്കാരെ അറിയിക്കാനാണ് പറഞ്ഞത്. രണ്ടു ദിവസത്തിനകം ട്രെയിന്‍ പുറപ്പെടുന്ന ദിവസം പറയാമെന്നും കണ്ട്രോളര് അറിയിച്ചു.
കത്തുകളയച്ച് പഞ്ചാബ് സര്‍ക്കാറും ഡി.പി.സി.സി പ്രസിഡൻറും
പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളികളുടെ ചെലവ് വഹിക്കാമെന്ന് അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അറിയിച്ചപോലെ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ ചെലവ് തങ്ങള്‍ വഹിക്കാമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അനില്‍ ചൗധരി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പഞ്ചാബിലെ മൂന്ന് കത്തുകള്‍ക്കും ഒരാഴ്ച മറുപടി അയക്കാതിരുന്ന കേരളം ഡി.പി.സി.സി പ്രസിഡൻറിെൻറ വാഗ്ദാനവും സ്വീകരിച്ചില്ല. പഞ്ചാബിെൻറ കത്തിന് കേരളം മറുപടി അയച്ചത് ഹൈകോടതി കേസും വിദ്യാര്‍ഥികളുടെ സമരപ്രഖ്യാപനവും തിരിച്ചടിയാകുമെന്ന് കണ്ടപ്പോള്‍ മാത്രമാണ്.
നോര്‍ക്ക രജിസ്ട്രേഷനുശേഷവും കേരളം മറ്റു സംസ്ഥാനങ്ങളെപ്പോലെ ശ്രമിക് ട്രെയിന്‍ ഓടിക്കാതിരുന്നപ്പോള് മൂന്നു ലക്ഷം രൂപക്ക് ബസ് വിളിച്ചാണ് 28 നഴ്സുമാർ നാടുപിടിച്ചത്. 15 ലക്ഷം അഡ്വാന്‍സ് കെട്ടിവെച്ച് 1500 പേരെ ട്രെയിനില്‍ കൊണ്ടുപോകാന്‍ കഴിയുന്ന സ്ഥാനത്താണ് കേവലം 28 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ ഡല്‍ഹിയിലെ മലയാളി നഴ്സുമാര്‍ കളയേണ്ടിവന്നത്. മലയാളി വിദ്യാര്‍ഥികള്‍ ബസ് വേണ്ടെന്നുവെച്ചതും ഈ ഭാരിച്ച ചെലവ് ഓർത്താണ്. 17 വരെ ട്രെയിന്‍ തീയതിക്കായി കാത്തിരിക്കുമെന്നും ഈ വാക്കും പാഴ്വാക്കാകുകയാണെങ്കില് കാല്‍നടയായി കേരളത്തിലേക്ക് പോകുമെന്നുമാണ് വിദ്യാര്‍ഥികളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.