ഗുജറാത്തിലെ 'സഹകരണ തന്ത്രം' രാജ്യവ്യാപകമാക്കുേമ്പാൾ
text_fieldsകേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പലപല ചർച്ചകളും വ്യാഖ്യാനങ്ങളും പല കോണുകളിൽനിന്നും കേൾക്കുന്നുണ്ട്. പതിറ്റാണ്ടുകളോളം ഗുജറാത്തിൽനിന്ന് സംസ്ഥാന-ദേശീയ രാഷ്ട്രീയത്തെ അടുത്തറിഞ്ഞ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ പുതിയ സഹകരണമന്ത്രിയെ നിയോഗിച്ചതാണ് ഇത്തവണത്തെ വലിയ മാറ്റമായി ഞാൻ കാണുന്നത്.
പണ്ട് കൃഷിമന്ത്രാലയത്തിെൻറ ഭാഗമായിരുന്ന സഹകരണ വകുപ്പിെൻറ അധിക ചുമതല രാജ്യത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരൻ എന്നറിയപ്പെടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ ഭരമേൽപിച്ചിരിക്കുന്നു. സഹകരണ മേഖല രാഷ്ട്രീയത്തിൽ വഹിക്കുന്ന പങ്കും 1995 മുതൽ കോൺഗ്രസിനെ നിലംതൊടീക്കാതെ ഗുജറാത്തിൽ അധികാരം കൈപ്പിടിയിലൊതുക്കിനിർത്തുന്നതിന് സഹകരണമേഖലയെ ബി.ജെ.പി ഉപയോഗപ്പെടുത്തിയ രീതികളും അറിയുന്നവർക്ക് ഇതിൽ ഒട്ടും അതിശയമുണ്ടാവില്ല.
ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷം നടന്ന വർഗീയ കലാപങ്ങളും ധ്രുവീകരണവും വഴി സംജാതമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഗുജറാത്ത് ഭരണം സ്വന്തമാക്കിയെങ്കിലും സംസ്ഥാനത്ത് തങ്ങൾക്ക് ആധിപത്യമുറപ്പിക്കാനാവുന്നില്ല എന്ന ആശങ്ക ബി.ജെ.പിക്കുണ്ടായിരുന്നു. കാരണം, പ്രതിവർഷം സഹസ്രകോടികളുടെ വരുമാനമുള്ള, ഗ്രാമ-നഗരവോട്ടർമാർക്കിടയിൽ നിർണായക സ്വാധീനം സൃഷ്ടിക്കാനുതകുന്ന സഹകരണ സംഘങ്ങളുടെ നിയന്ത്രണം അപ്പോഴും കോൺഗ്രസ് നേതാക്കളുടെ കൈവശമായിരുന്നു. ഒരു സഹകരണ ബാങ്ക് ഒഴിെക ബാക്കി എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും ഭരണം കോൺഗ്രസിനായിരുന്നു. ആ കുത്തക തകർക്കാൻ അന്നും ബി.ജെ.പി നിയോഗിച്ചത് അമിത് ഷായെയാണ്. ഷാ ആസൂത്രണം ചെയ്ത തന്ത്രങ്ങളിലൂടെ സംസ്ഥാനത്തെ മുഴുവൻ സഹകരണ സ്ഥാപനങ്ങളും കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു.
പ്രതിവർഷം 39,000 കോടിയുടെ വിറ്റുവരവുള്ള ഗുജറാത്ത് കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ, അമുലും മറ്റു പാലുൽപാദന സംഘങ്ങളും, സഹകരണ ബാങ്കുകൾ, കാർഷിക വിപണി സംഘങ്ങൾ അങ്ങനെ എല്ലാം സ്വന്തമാക്കി. അതു വഴി ഗ്രാമങ്ങളിലും നഗരഗ്രാമങ്ങളിലും ബി.ജെ.പിക്ക് വേരാഴ്ത്താനായി. അതോടെ സംസ്ഥാന ഭരണം പിന്നീടങ്ങോട്ട് വഴുതിപ്പോകാതെ നിലനിർത്താനും അവർക്കായി. സാക്ഷാൽ അമിത് ഷാ തന്നെ ഒരു സഹകരണ ബാങ്ക് ഭരണസമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ നരേന്ദ്ര മോദി നോട്ടുനിരോധനം ഏർപ്പെടുത്തി അഞ്ചു ദിവസം കൊണ്ട് 745.59 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച അതേ അഹ്മദാബാദ് ജില്ല സഹകരണ ബാങ്കിെൻറ.
ഗുജറാത്തിലെ 18,000 ഗ്രാമങ്ങളിലും മണ്ഡലി എന്നറിയപ്പെടുന്ന സഹകരണ സൊസൈറ്റികളുണ്ട്. ക്ഷീരകർഷകരിൽ നിന്ന് പാൽ ശേഖരിക്കൽ, കാർഷിക അനുബന്ധ വസ്തുക്കളുടെ വിതരണം, പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ മുഖേനെ സൂക്ഷ്മ വായ്പ നൽകൽ ഇവയെല്ലാം നടക്കുന്നത് മണ്ഡലികൾ വഴിയാണ്. ഇവയുടെ ഭാരവാഹികൾക്കാവട്ടെ പ്രാദേശിക തലത്തിൽ വൻ സ്വാധീനവുമാണ്. ഈ സ്വാധീനമാണ് രാഷ്ട്രീയ പാർട്ടികൾ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് തങ്ങളുടെ സന്ദേശമെത്തിക്കാൻ മാർഗമാക്കുന്നതും വോട്ടർമാരെ തങ്ങളുടെ കൂടാരത്തിൽ ഉറപ്പിക്കാൻ ഉപയോഗിക്കുന്നതും.
പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് പഠനം നടത്തിയവരിൽ അഗ്രകാമിയുമായ ബി.എസ്. ബവിസ്കർ 1968ൽ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലിയിൽ എഴുതിയ ഗവേഷണ ലേഖനത്തിൽ ഇതു സംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങൾ ചില ഗുപ്തമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്നതായി മഹാരാഷ്ട്ര ഗ്രാമങ്ങളിലെ ആസ്പദമാക്കി നടത്തിയ പഠനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് ലേബർ കോഓപറേറ്റിവ് പാർട്ടി നേതാവിനെയും ബവിസ്കർ ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പഠനം ശരിയാണെന്ന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ അതികായൻ ശരദ്പവാറിന്റെ അടിത്തറ പരിശോധിച്ചാൽ വ്യക്തമാവും. പവാർ കുടുംബത്തിന്റെ വരുതിയിലാണ് അവിടത്തെ സഹകരണ സ്ഥാപനങ്ങൾ, വിശിഷ്യ, പശ്ചിമ മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകൾ. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് ഒരിക്കൽ മാധ്യമങ്ങളോട് പറഞ്ഞത് തങ്ങളാണ് ഭരണത്തിലെങ്കിലും പ്രാദേശിക സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനങ്ങൾ എൻ.സി.പിയുടെയും കോൺഗ്രസിന്റെയും നിയന്ത്രണത്തിലാണ് എന്നായിരുന്നു.
കാർഷിക മന്ത്രാലയത്തിൽനിന്ന് വേർപെടുത്തി സഹകരണ വകുപ്പിനെ ഒരു മന്ത്രാലയമാക്കി മാറ്റിയ മോദി അതിന്റെ ചുമതല അമിത് ഷായെ ഏൽപിച്ചത് സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തും അതുവഴി ഗ്രാമീണ തലത്തിൽപോലും പാർട്ടിയുടെ സ്വാധീനവും ഉറപ്പിച്ചെടുത്തുമുള്ള അനുഭവ പാരമ്പര്യത്തിന്റെ വെളിച്ചത്തിലാണ്. ഗുജറാത്തിൽ നടത്തിയ പരീക്ഷണം രാജ്യവ്യാപകമാക്കി വിപുലീകരിച്ച് വരും പതിറ്റാണ്ടുകളിലും ബി.ജെ.പി ഭരണം നിലനിർത്താനാകുമെന്നാണ് പ്രധാനമന്ത്രി കണക്കുകൂട്ടുന്നത്.
ദേശീയ ക്ഷീര വികസന ബോർഡിന്റെ 2019-20 റിപ്പോർട്ട് പ്രകാരം 1,94,195 ക്ഷീര സഹകരണ സംഘങ്ങളാണുള്ളത്. സഹകരണ മേഖലയിൽ 330 പഞ്ചസാര മില്ലുകളും. നബാർഡ് 2019-20ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്ത് 95,238 പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റി (PACS)കളും 33 സംസ്ഥാന സഹകരണ ബാങ്കുകളുമുണ്ട്. 1,35,393 കോടിയാണ് സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപം. 6,104 കോടിയുടെ മൂലധനവും.
സാധാരണ ബാങ്കുകളിൽനിന്ന് വായ്പയും മറ്റാനുകൂല്യങ്ങളും ലഭിക്കാൻ മാർഗമില്ലാത്ത പല വിഭാഗങ്ങൾക്കും അർബൻ സഹകരണ ബാങ്കുകളും വായ്പാ സഹകരണ സൊസൈറ്റികളുമാണ് അതു നൽകി വരുന്നത്. റിസർവ് ബാങ്ക് കണക്കു പ്രകാരം രാജ്യത്ത് 1,539 അർബൻ സഹകരണ ബാങ്കുകളുണ്ട്. 14,933.54 കോടി രൂപയാണ് അവയുടെ മൂലധനം. വിവിധ സംസ്ഥാനങ്ങളിൽ സഹകരണ സംഘങ്ങൾ വഴി വൻ തുകയാണ് വിനിമയം ചെയ്യപ്പെടുന്നത്.
ജനിതക മാറ്റം വരുത്തിയ വിത്തുകൾക്ക് (ജി.എം വിത്തുകൾ) അനുമതി നൽകുന്നതിനെതിരെ പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. പുഷ്പ മിത്ര ഭാർഗവ ഗുജറാത്ത് വിദ്യാപീഠിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു- രാജ്യത്തെ കാർഷിക മേഖലയെ നിയന്ത്രിക്കുന്നതാരോ അവർക്കിവിടത്തെ രാഷ്ട്രീയവും നിയന്ത്രിക്കാനാവും. ജി.എം സാങ്കേതിക വിദ്യക്ക് കീഴിൽ കർഷകർക്ക് സ്വന്തം വിത്തുകൾ വളർത്താൻ അനുമതിയില്ല, കമ്പനികളിൽനിന്ന് നേരിൽ വാങ്ങാനേ കഴിയൂ. ഡോ. ഭാർഗവ നാലു വർഷം മുമ്പ് വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ചെവിയിൽ മുഴങ്ങുന്നു. ജി.എം കമ്പനികൾ ലക്ഷ്യമിട്ടതെന്തോ അതു തന്നെയാണ് നരേന്ദ്ര മോദിയും ഉന്നമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.