യുവാക്കളുടെ ഗുജറാത്ത്; യുവസിംഹങ്ങളുടെ ഗർജനം
text_fieldsകേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ 213 ഉൽപന്നങ്ങളുടെ നികുതി ശരാശരി മൂന്നിലൊന്നു കുറച്ചു. ഹോട്ടൽ ഭക്ഷണത്തിെൻറ കാര്യത്തിൽ 18ഉം 12ഉം ശതമാനം നികുതി ചുമത്തിവന്നത് അഞ്ചു ശതമാനമായി ഏകീകരിച്ചു. ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കിയിട്ട് നാലു മാസം മാത്രം. അതിനിടയിൽ വ്യവസ്ഥകൾ പലതവണ പൊളിച്ചുപണിതു. നോട്ട് അസാധുവാക്കിയതിനു പിന്നാലെ നേരിട്ട കടുത്ത പ്രതിസന്ധിക്കിടയിൽ റിസർവ് ബാങ്ക് വ്യവസ്ഥകളിൽ മാറ്റംവരുത്തിയത് 150ലേറെ തവണയാണ്. അതിെൻറ മറ്റൊരു പതിപ്പാണ് ജി.എസ്.ടി നടപ്പാക്കുന്നതിലും കണ്ടുവരുന്നത്. രാജ്യത്തെ മൊത്തം ഗ്രസിക്കുന്ന സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽപോലും കേന്ദ്ര സർക്കാർ ഉത്തരവാദിത്തപൂർവം ആലോചിക്കുന്നില്ല എന്നതിെൻറ തെളിവാണത്. ധിറുതിപിടിച്ചാണ് ജി.എസ്.ടിയും നടപ്പാക്കിയതെന്ന കുറ്റസമ്മതംകൂടിയാണ്, നികുതിനിരക്കിലെ പൊളിച്ചെഴുത്ത്. നികുതി കണക്കാക്കാനും അടക്കാനും വ്യാപാരികൾ കടുത്ത ആശയക്കുഴപ്പം നേരിടുന്നതിെൻറ ഉത്തരവാദിത്തവും സർക്കാറിനുതന്നെ. കള്ളപ്പണം ഇല്ലാതാക്കുന്നതിനോ ന്യായമായ നികുതി അടക്കുന്നതിനോ എതിരല്ലാത്ത പൊതുസമൂഹത്തെ നൂലാമാലകളിൽ കുരുക്കിയിടുകയും രാജ്യത്തെ മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്ത ധിറുതി, ഭരണം മെച്ചപ്പെടുത്തുന്നതിനേക്കാൾ സ്വന്തം പ്രതിച്ഛായാ നിർമാണത്തിനുവേണ്ടിയായിരുന്നുവെന്ന് ജനവും ലോകവും നന്നായി തിരിച്ചറിയുകയാണ്.
മോദിയുടെ പ്രതിച്ഛായ
പ്രകടനം നിർത്തി, ഭരിച്ചുകാണിക്കാനാണ് ലണ്ടൻ ആസ്ഥാനമായുള്ള പ്രമുഖ ഇംഗ്ലീഷ് വാരിക ‘ദി ഇക്കണോമിസ്റ്റ്’ നരേന്ദ്ര മോദിയോട് മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നത്. നോട്ടും ജി.എസ്.ടിയും ഭരണം മറന്നുള്ള രാഷ്ട്രീയവും മോദിയുടെ അപ്രമാദിത്വം തകർത്തുകളഞ്ഞെന്ന് അന്താരാഷ്ട്ര പ്രസിദ്ധീകരണം വിലയിരുത്തുന്നു. മോദി ചെയ്യേണ്ടത് പ്രകടനം നിർത്തി, ഭരിച്ചുകാണിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ യു.പിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എതിരാളികളില്ലാത്ത നേതാവായി മോദി വളർന്നെങ്കിൽ, അവിടെനിന്ന് പ്രധാനമന്ത്രി ഏറെ പിന്നാക്കംപോയെന്ന് അവർ വിലയിരുത്തുന്നു. ഒന്നര വർഷം അകലെ നിൽക്കുന്ന അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിക്കു വീണ്ടും ജയിച്ചുകയറാമെന്ന നിലയായിരുന്നു അടുത്തകാലം വരെ. എന്നാൽ, മോദിയുടെ തിളക്കം കുറയുകയാണ്. അതിന് മോദി സ്വയം പഴിച്ചാൽ മതി. സ്വന്തം പ്രതിച്ഛായ പ്രദർശിപ്പിച്ചു നടക്കുകയും ഭരണം മറക്കുകയുമാണ് അദ്ദേഹം ചെയ്യുന്നതെന്ന് തുറന്നുപറയുന്നു, ദി ഇക്കണോമിസ്റ്റ്. മുന്നൊരുക്കമില്ലാതെ ഏറ്റവും മോശമായ വിധത്തിൽ ജി.എസ്.ടി നടപ്പാക്കിയത് കാര്യങ്ങൾ പിന്നെയും മോശമാക്കി. ഉപദേശകരുടെ നല്ല നിർദേശങ്ങൾക്ക് മോദി ചെവികൊടുക്കുന്നില്ല. സമ്പദ്രംഗത്ത് രാഷ്ട്രീയത്തിനു പ്രാധാന്യം കൊടുത്തതിെൻറ ദോഷം മോദി അനുഭവിക്കുകയാണ്. ഒരുവിധത്തിലുള്ള വിമർശനവും മോദിസർക്കാറിന് സഹിക്കുന്നില്ല. എതിർക്കുന്നവർക്ക് ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നു. മാധ്യമപ്രവർത്തനം ഭീതിയിലാണ്. ബി.ജെ.പിയിലെ രണ്ടാമൻ അമിത് ഷായുടെ മകെൻറ ബിസിനസ് വിഷയത്തിൽ ചോദ്യമുന്നയിച്ചവരെ നിയമനടപടികളിൽ കുരുക്കുന്നു. ഇങ്ങനെ പോയതുകൊണ്ട് കാര്യമില്ല. വിജയം തുടരണമെങ്കിൽ സ്റ്റേജ് പ്രകടനം മാത്രം പോരാ. രാജ്യം നന്നായി ഭരിക്കാൻ അറിയാമെന്ന് കാണിച്ചുകൊടുക്കണം -ദി ഇക്കണോമിസ്റ്റ് വിലയിരുത്തി.
ഇൗ സാഹചര്യങ്ങൾക്കെല്ലാമിടയിലാണ് മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുന്നത്. വമ്പൻ പ്രചാരണത്തിന് മുന്നിലേക്ക് അടുത്തയാഴ്ച പ്രധാനമന്ത്രി പറന്നിറങ്ങുകയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകിപ്പിച്ചതിനിടയിൽ നടത്തിയ മാരത്തൺ പരിപാടികൾക്കു പിന്നാലെ, പ്രചാരണം തീരുന്ന ഡിസംബർ 12 വരെയുള്ള ദിവസങ്ങൾക്കിടയിൽ 50 സമ്മേളനങ്ങളിൽ പെങ്കടുക്കാനാണ് നരേന്ദ്ര മോദിയുടെ പരിപാടി. രാജ്യത്തിെൻറ പ്രധാനമന്ത്രി സംസ്ഥാനത്തിെൻറ മുഖ്യമന്ത്രിയേക്കാൾ വാശിയോടെ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കാണുന്നു. അവിടെ തോൽക്കാൻ നരേന്ദ്ര മോദിക്ക് വയ്യല്ലോ. ഗുജറാത്തിൽനിന്ന് അഭിപ്രായ സർവേകൾ പലതും പുറത്തുവരുന്നുണ്ട്. ഏറ്റവുമൊടുവിൽ വന്ന സർവേ അനുസരിച്ച് ബി.ജെ.പിക്കുതന്നെ മേൽക്കൈ.
എന്നാൽ, 10 ശതമാനം വോട്ട് കുറയും. കോൺഗ്രസിന് 10-12 ശതമാനം വോട്ട് കൂടുതൽ കിട്ടും. പേട്ടൽ സമുദായത്തിന് നിർണായക സ്വാധീനവും സജീവ ദലിത് സാന്നിധ്യവുമുള്ള സൗരാഷ്ട്ര മേഖലയിൽ വോട്ട് അനുപാതത്തിൽ ബി.ജെ.പിയും കോൺഗ്രസും ഒപ്പത്തിനൊപ്പമെന്നാണ് സർവേ. കർഷകർക്ക് മേൽക്കൈയുള്ള വടക്കൻ ഗുജറാത്തിൽ കോൺഗ്രസ് മേൽക്കൈ നേടാം. എക്കാലവും കോൺഗ്രസിനൊപ്പം നിന്ന മധ്യ ഗുജറാത്തിൽ സ്ഥിതി മാറിയെന്നു വരാം. വ്യവസായ മേഖലയായ തെക്കൻ ഗുജറാത്തിലും ബി.ജെ.പിക്കുതന്നെയാണ് മുൻതൂക്കമെന്ന നിഗമനവും സർവേയിലുണ്ട്. തെരഞ്ഞെടുപ്പുകാല സർവേകൾ ലോട്ടറിപോലെയാണ്. അതും ഫലവും ഒത്തുവന്നാൽ സർവേക്കമ്പനിക്കാരുടെ വിശ്വാസ്യത കൂടും; അല്ലെങ്കിൽ പൊളിയും. സർവേ സ്ഥാപനങ്ങളുടെ ഇൗ ഭാഗ്യാന്വേഷണത്തിനപ്പുറം, അഭിപ്രായ സർവേ കാമ്പില്ലാത്തതാണെന്ന് എത്രയോവട്ടം തെളിഞ്ഞിട്ടുണ്ട്. എങ്കിലും തെരഞ്ഞെടുപ്പിലേക്ക് കണ്ണയക്കുന്ന എല്ലാവരുടെയും ജിജ്ഞാസക്കിടയിൽ ഗുജറാത്തിലെ സർവേയും വായനക്ഷമം. അങ്ങനെയെല്ലാമാണെങ്കിലും, സാഹചര്യതെളിവുകൾ വെച്ചാൽ ബി.ജെ.പിയെ അട്ടിമറിച്ച് കോൺഗ്രസ് ജയിക്കുന്ന സ്ഥിതിയൊന്നും ഇതുവരെ ആയിട്ടിെല്ലന്ന് അനായാസം വായിച്ചെടുക്കാം.
കോൺഗ്രസിെൻറ സാധ്യതകൾ
രണ്ടു പതിറ്റാണ്ടായി ഗുജറാത്തിൽ അധികാരത്തിനു പുറത്തു നിൽക്കുന്ന കോൺഗ്രസിന് മുൻ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ മേൽക്കൈ നൽകുന്ന സാഹചര്യങ്ങൾ ഗുജറാത്തിലുണ്ട്. മോദിക്കും ബി.ജെ.പിക്കുമെതിരെ നിലനിൽക്കുന്ന അമർഷത്തിെൻറ ചാലുകൾ ഒന്നിപ്പിച്ച് പുഴയാക്കി മാറ്റാൻ കഴിയുമെങ്കിൽ കോൺഗ്രസിന് സാധ്യതയുണ്ട്. ഹിന്ദുത്വത്തിെൻറ പരീക്ഷണശാലയായി ബി.ജെ.പി കൈയടക്കിവെച്ചിരിക്കുന്ന ഗുജറാത്തിൽ അമർഷം മറ്റു പല വിധത്തിലാണ് പതെഞ്ഞാഴുകുന്നത്. ജി.എസ്.ടിയും നോട്ടു നിരോധനവും സൃഷ്ടിച്ച മാന്ദ്യംമൂലം ഇന്ത്യയിലെ ഏറ്റവും വലിയ വസ്ത്രനിർമാണ മേഖലകളിലൊന്നായ സൂറത്തിൽ വ്യാപാരം നേർപകുതിയായി ഇടിഞ്ഞിരിക്കുന്നു. ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് സൂറത്ത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സ്ഥാപനം അടച്ച് വലിയ സമരമാണ് നിർമാതാക്കളും വ്യാപാരികളും നടത്തിയത്. ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ച ജി.എസ്.ടി ഇളവുകളിൽ ഇൗ ഗുജറാത്ത് രാഷ്ട്രീയംകൂടി തെളിഞ്ഞുകിടപ്പുണ്ടെന്നതു നിൽക്കെട്ട. മാന്ദ്യത്തിനു പുറമെ, മറ്റു ഗൗരവപ്പെട്ട വിഷയങ്ങളും ഗുജറാത്തിനെ ചൂഴ്ന്നുനിൽക്കുന്നു. നരേന്ദ്ര മോദി മൂന്നര വർഷം മുമ്പ് ഡൽഹിക്ക് വിമാനം കയറിയശേഷം, ഗുജറാത്തികളുടെ അഭിമാനവും വികസനവും വർഗീയതയും തരാതരം അവസരോചിതം പ്രയോഗിച്ച് ബി.ജെ.പിയെ ചേർത്തുനിർത്താൻ അദ്ദേഹം വാഴിച്ച മറ്റു നേതാക്കൾക്ക് കഴിയുന്നില്ല. ഹിന്ദുത്വ പരീക്ഷണശാലയിൽ സംവരണ, ദലിത് വിഷയങ്ങൾ ബി.ജെ.പിയെ വേവിക്കുന്നു. നാമനിർദേശപത്രിക സമർപ്പണം തുടങ്ങുന്നതിനു മുമ്പുതന്നെ ഹാർദിക് പേട്ടൽ, ജിഗ്നേഷ് മേവാനി, അൽപേഷ് താക്കോർ എന്നീ യുവസിംഹങ്ങൾ ബി.ജെ.പിയെ പേടിപ്പെടുത്തുന്നു. 40 ശതമാനം വരുന്ന ഒ.ബി.സി വിഭാഗങ്ങളിൽ, ഏകതാ മഞ്ചിനെ നയിച്ച അൽപേഷ് താക്കോർ കോൺഗ്രസിൽ ചേർന്ന് പ്രചാരണം ഉഷാറാക്കി. വോട്ടർമാരിൽ ഏഴു ശതമാനം വരുന്ന ദലിതരുടെ പോരാട്ടപ്രതീകമായി മാറിയ ജിഗ്നേഷ് മേവാനിയുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെ കോൺഗ്രസുമായി െഎക്യം രൂപപ്പെട്ടു.
ഇവരെ ‘ജാതിവാദി’കളെന്ന് ആക്ഷേപിച്ചാണ് വർഗീയമുദ്രയുള്ളവർ നേരിടുന്നത്. യുവാക്കളുടെ ആഹ്വാനം വിവിധ ജാതിവിഭാഗങ്ങൾ അപ്പാടെ കേൾക്കണമെന്നില്ലെങ്കിലും, അവർ ബി.ജെ.പിയുടെ വോട്ടു ചോർത്തുേമ്പാൾ നേട്ടം കോൺഗ്രസിനാണ്. ഇത്തരം ചാലുകൾ സംയോജിപ്പിക്കാനുള്ള ഭഗീരഥ പ്രയത്നത്തിെൻറ മുൻനിരയിൽനിന്നുകൊണ്ട് മോദിയെ വെല്ലുവിളിക്കുകയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ദുർബല പ്രതിപക്ഷമായിരുന്ന കോൺഗ്രസിന് യുവമുന്നേറ്റത്തിൽ, അവരുടെ പിന്തുണയിൽ വലിയ പ്രതീക്ഷകളുണ്ട്. മുമ്പ് അത്തരം സമവാക്യങ്ങളാണ് ഗുജറാത്തിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത്. എന്നാൽ, കോൺഗ്രസിെൻറ പിടിപ്പുകേടും ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയവും വഴി കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാൻ ഇനിയുമേറെ കോൺഗ്രസ് നടക്കേണ്ടിയിരിക്കുന്നു. ക്ഷീരസംഘങ്ങൾ മുതൽ ആദിവാസി മേഖലകൾവരെ കാവിരാഷ്ട്രീയം ഗ്രസിച്ചുനിൽക്കുന്നു. അതിനെല്ലാമിടയിൽ കിട്ടിയ ഏറ്റവും അനുയോജ്യമായ സന്ദർഭമാണ് ഇൗ നിയമസഭ തെരഞ്ഞെടുപ്പ്.
ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ
ബി.ജെ.പിയുടെ ആസൂത്രണവും ചില കണക്കുകളും മുൻനിർത്തിയാണ് കേന്ദ്ര സർക്കാറിൽനിന്ന് വാരിക്കോരി പ്രഖ്യാപനങ്ങൾ ഉണ്ടായത്. മോദി 50 സമ്മേളന പരിപാടികളാണ് ഇനിയങ്ങോട്ട് പ്ലാൻ ചെയ്യുന്നത്. ബി.ജെ.പി അഖിലേന്ത്യ പ്രസിഡൻറ് അമിത് ഷായും മുഖ്യമന്ത്രി വിജയ് രൂപാണിയും അടക്കമുള്ള നേതാക്കൾ വീടുവീടാന്തരമെന്നപോലെയാണ് വോട്ടർമാരെ സമീപിക്കുന്നത്. നാലു ഡസൻ വോട്ടർമാരെ നിരീക്ഷിക്കാൻ ഒരു മുഴുസമയ പ്രവർത്തകൻ എന്ന ക്രമത്തിൽ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സംഘ്പരിവാർ സംവിധാനങ്ങൾ ഒന്നാകെ കളത്തിലുണ്ട്. ഇൗ വമ്പൻ സന്നാഹങ്ങളെയാണ്, താഴെത്തട്ടിൽ മതിയായ സംവിധാനങ്ങളില്ലാത്ത കോൺഗ്രസ് നേരിടേണ്ടത്. അവിടെ പ്രതീക്ഷ യുവസംഹങ്ങളും അവരുടെ സന്നാഹങ്ങളുമാണ്. വോട്ടിങ്ങിൽ നഗരവും ഗ്രാമവും ആർക്കൊപ്പം നിൽക്കുന്നുവെന്നത് പ്രധാനമാണ്. 2012ൽ ഗ്രാമങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായിരുന്നു. നഗരങ്ങളിൽ 60 ശതമാനം വോട്ടും നേടിയത് ബി.ജെ.പിയാണ്.
2015ലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒന്നര പതിറ്റാണ്ടിനുശേഷം കോൺഗ്രസാണ് വലിയ ജയം നേടിയത്. ഗ്രാമീണർ വോട്ടുചെയ്യുന്ന ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയേക്കാൾ നാലു ശതമാനം വോട്ട് കോൺഗ്രസ് നേടി. എന്നാൽ, കോർപറേഷനുകളിൽ എട്ടും മുനിസിപ്പാലിറ്റികളിൽ അഞ്ചും ശതമാനത്തിെൻറ മേൽക്കൈ ബി.ജെ.പിക്കുണ്ടായിരുന്നു. 45 ശതമാനം ജനങ്ങൾ നഗരങ്ങളിലാണ്. അവർ തുടർന്നും മോദിയുടെ ആരാധകരായി തുടർന്നാൽ കോൺഗ്രസ് ഏറെ പ്രതീക്ഷിക്കേണ്ടതില്ല. അതല്ലെങ്കിൽ ഗ്രാമീണ വോട്ടുകൾ തൂത്തുവാരാൻ സാധിക്കണം. ഇവിടെയെല്ലാം യുവാക്കളുടെ വോട്ട് നിർണായകമാണ്. വോട്ടർമാരിൽ മൂന്നിൽ രണ്ടും 35 വയസ്സിൽ താഴെയുള്ളവരാണ്. യുവാക്കൾക്കിടയിൽ വികസനവും ഗുജറാത്തി അഭിമാനവും വർഗീയതയും വിളമ്പി കാവിക്കൊടിക്കു കീഴിൽ അവരെ ആവേശഭരിതരാക്കി നിർത്താൻ കഴിഞ്ഞ മോദിക്ക് ഇക്കുറി അതിന് എത്രത്തോളം സാധിക്കുമെന്നത് പ്രധാനമാണ്. മോദിക്കെതിരെ യുവസിംഹങ്ങൾ കളത്തിൽ ഇറങ്ങിയിരിക്കുന്നത് ശ്രദ്ധേയമാകുന്നത് അതുകൊണ്ടുകൂടിയാണ്. യുവാക്കളുടെ സ്വാധീനവേദിയായ സമൂഹമാധ്യമങ്ങളിൽ ആദ്യവിജയം കോൺഗ്രസ് നേടിയതും ശ്രദ്ധേയം. യുവാക്കളുടെ ഗുജറാത്തിൽ മോദിക്കെതിരെ രാഹുൽ, ഹാർദിക്, ജിഗ്നേഷ്, അൽപേഷ് എന്നീ യുവസിംഹസംഘത്തിന് എന്തു ചെയ്യാൻ കഴിയുമെന്ന ചോദ്യത്തിനാണ് ഗുജറാത്ത് ഉത്തരം പറയാൻ പോകുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.