'പത്മ'ഭൂഷിതൻ
text_fieldsകുറച്ചുദിവസമായി രാജ്യത്തിന്‍റെ വടക്കേ അറ്റത്തായി നിലയുറപ്പിച്ചിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷകർ. താഴ്വരയിൽ, സൈബീരിയയിലും മറ്റും ദൃശ്യമായതുപോലുള്ള കരിമഞ്ഞ് വർഷത്തിനുള്ള സാധ്യതയുണ്ടെന്ന പണ്ഡിറ്റുകളുടെ പ്രവചനമാണ് ഇങ്ങനെയൊരു ക്യാമ്പിന്‍റെ ചേതോവികാരം.
കാലാസ്ഥയുടെ കാര്യമല്ലേ, പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്. എങ്ങാനും അത് സംഭവിച്ചാൽ ഡൽഹി ദീൻ ദയാൽ മാർഗിലെ ഓഫിസ് മുറിയിൽ അക്കാര്യം ആ നിമിഷമറിയും എന്നതുമാത്രമാണ് ഏക ആശ്വാസം. പാർട്ടി ഓഫിസിലെ ആ പഴയ ടോൾ ഫ്രീ നമ്പറിലേക്ക് ഗുലാം നബി ആസാദിന്‍റെ മിസ്കാൾ വന്നാൽ പിന്നെ സംശയം വേണ്ട, കശ്മീരിൽ കരിമഞ്ഞ് പെയ്തിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. പക്ഷേ, ഈ നിമിഷം വരെയും അങ്ങനെയൊരു കാൾ വന്നതായി അറിയില്ല; അങ്ങനെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ, പ്രചരിപ്പിക്കപ്പെട്ട പോലെ ഗുലാം നബി കോൺഗ്രസ് വിട്ട് ഇതുവരെയും എവിടെയും പോയിട്ടില്ല.
അപ്പോൾ കരിമഞ്ഞ് വർഷത്തിനു ഇനിയും കാത്തിരിക്കേണ്ടിവരും. പത്മഭൂഷൺ നൽകി ഗുലാം നബിയെ ബി.ജെ.പി വശത്താക്കി എന്നത് അതുവരെയും കേവലമൊരു രാഷ്ട്രീയാരോപണമായി മാത്രം നിലനിൽക്കും. എന്നുവെച്ച്, അത് സംഭവിക്കില്ല എന്ന് തീർത്തു പറയാനും പറ്റില്ല. കാരണം, സാധ്യതകളുടെ കലയെക്കുറിച്ച് 40 വർഷമായി കോൺഗ്രസിലിരുന്ന ഒരാൾക്ക് പ്രത്യേക ട്യൂഷൻ നൽകേണ്ടതില്ലല്ലോ.
കൃത്യം ഒരു വർഷം മുമ്പ്, പാർലമെന്‍റിൽനിന്ന് പടിയിറങ്ങുമ്പോൾ ഗുലാം നബി അവതരിപ്പിച്ചതാണീ 'കരിമഞ്ഞ് സിദ്ധാന്തം'. രാഷ്ട്രീയ ശപഥമെന്നും വേണമെങ്കിൽ വിശേഷിപ്പിക്കാം. താൻ ബി.ജെ.പിയിലേക്കെന്നല്ല, കോൺഗ്രസ് വിട്ട് മറ്റേത് പാർട്ടിയിലേക്ക് പോകണമെങ്കിൽ കശ്മീരിൽ കരിമഞ്ഞ് പെയ്യണമെന്ന്. ഗുലാം നബി അങ്ങനെ പറയാൻ നിർബന്ധിതനായതാണ്. ഒന്നാമത് പാർട്ടിയുമായി, എന്നുവെച്ചാൽ സോണിയയുമായി ഉടക്കി നിൽക്കുന്ന കാലം.
പാർട്ടിയിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി നേതൃത്വത്തെ തീരുമാനിക്കണമെന്ന് സോണിയക്ക് കത്തെഴുതി കലാപത്തിന് തീ കൊളുത്തിയ 'ജി 23' നേതാക്കളിൽ പ്രമുഖനായിരുന്നുവല്ലോ ഗുലാം നബി. സോണിയ ഭക്തരായ എ.ഐ.സി.സി നേതാക്കൾക്ക് അത് പിടിച്ചില്ല. ജയ്റാം രമേശിന്‍റെയും കെ.സിയുടെയും നേതൃത്വത്തിൽ നടപടി തുടങ്ങി. രാജ്യസഭയിൽ മുൻനിരയിലുണ്ടായിരുന്ന ഗുലാം നബിയെ പിടിച്ച് മൂലക്കിരുത്തി അവർ പണി ആരംഭിച്ചു.
അവസാന ഒരു വർഷം അവിടെ ചൊറിയും കുത്തിയിരിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞപ്പോൾ പഴയ പോലെ ഏതെങ്കിലുമൊരു സംസ്ഥാനത്തുനിന്ന് വീണ്ടും ഉപരിസഭയിലെത്തിക്കുന്ന പരിപാടിയും നിർത്തി. പത്തു നാൽപതുവർഷം പാർലമെന്‍റിലും കശ്മീർ നിയമസഭയിലുമൊക്കെയായി കഴിഞ്ഞ ഗുലാമിന്‍റെ ദുരവസ്ഥയോർത്ത് സാക്ഷാൽ മോദിക്കുപോലും സങ്കടമായി. യാത്രയയപ്പുദിനം മോദിക്ക് വികാരം പിടിച്ചുനിൽക്കാനായില്ല; ഗുലാമിന്‍റെ സംഭാവനകളത്രയും എണ്ണിപ്പറഞ്ഞ് അദ്ദേഹം വിങ്ങിപ്പൊട്ടി. മറുപടി പ്രസംഗത്തിൽ ഗുലാമിനും കരച്ചിലടക്കാനായില്ല.
ഈ കലാപരിപാടികളൊക്കെ കണ്ടപ്പോഴാണ് ചിലർക്കെങ്കിലും സംശയം തോന്നിയത്: കോൺഗ്രസ് കൈവിട്ട ഗുലാം, താഴ്വരയിൽ കാവിപ്പടയെ നയിക്കുമോ? ഇങ്ങനെയൊരു ചോദ്യം പലകോണുകളിൽനിന്ന് വന്നപ്പോഴാണ് ഗുലാമിന് കരിമഞ്ഞിനെ കൂട്ടുപിടിക്കേണ്ടിവന്നത്. തിരക്കുപിടിച്ച, വേഗമേറിയ ഈ കാലത്ത് ആ രാഷ്ട്രീയ നാടകമൊക്കെ ആളുകൾ മറന്നു തുടങ്ങിയിരുന്നു. അതിനുശേഷം, സമാനവും വ്യത്യസ്തവുമായ മറ്റെത്രയോ 'ഗ്രേറ്റ് ഇന്ത്യൻ സർക്കസു'കൾക്ക് രാജ്യം സാക്ഷിയായതാണല്ലോ. അതിനിടക്കാണ് മോദി സർക്കാർ ഗുലാമിനെ വീണ്ടും ഓർമിപ്പിച്ചത്.
രാജ്യസഭയിൽ, ഏഴ് വർഷത്തോളം പ്രതിപക്ഷ നേതാവെന്ന നിലയിൽ കേന്ദ്രസർക്കാറിനെ പലകുറി വെള്ളം കുടിപ്പിച്ച ഗുലാമിനാണ് പത്മഭൂഷൺ സമ്മാനിച്ചിരിക്കുന്നത്. പത്മഭൂഷിതരുടെ കൂട്ടത്തിൽ ബുദ്ധദേവുമുണ്ട്. വാർത്തകേട്ടയുടൻ സഖാവ് ബഹുമതി നിഷേധിച്ചു; പാർട്ടിവക പത്രക്കുറിപ്പുമിറക്കി. അതോടെ ആ അധ്യായം അവിടെ അവസാനിച്ചു. പക്ഷേ, ഗുലാമിനുവേണ്ടി ഇതുപോലെ പത്രക്കുറിപ്പിറക്കാൻ പാർട്ടിയിൽ ആരെയും സോണിയ ചുമതലപ്പെടുത്തിയിരുന്നില്ല. അതിനാൽ, ജയ്റാം രമേശിന് ആ ദൗത്യം സ്വന്തമായി ഏറ്റെടുക്കേണ്ടിവന്നു.
ബുദ്ധദേവിനെപ്പോലെ, ഗുലാം നബിയും പുരസ്കാരം നിഷേധിക്കണമെന്ന് ലളിതമായി പറയേണ്ട കാര്യമെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, പ്രസ്താവനയിൽ അൽപസ്വൽപം വർണനകൾ കലർത്താനായിരുന്നു ജയ്റാം രമേശിന്‍റെ തീരുമാനം. അദ്ദേഹം 'ആസാദ്' (സ്വതന്ത്രൻ) ആകുന്നതിന് പകരം വെറും 'ഗുലാം' (അടിമ) ആയി എന്ന് 'ജി23' കാലത്തെക്കൂടി സ്മരിച്ചുകൊണ്ട് രമേശ് ട്വിറ്ററിൽ കുറിച്ചതോടെ പഴയപോലെ എ.ഐ.സി.സി രണ്ടു പക്ഷമായി. ജയ്റാം രമേശ്, വീരപ്പ മൊയ്ലി തുടങ്ങിയ പാരമ്പര്യവാദികൾ (സോണിയ ഭക്തർ എന്നുംപറയാം)ഒരു വശത്ത്. ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ തുടങ്ങിയ ജനാധിപത്യ വാദികൾ മറുവശത്തും.
ഇതിനിടയിൽ പതിവുപോലെ ഹൈകമാൻഡിന്‍റെ മൗനം. ഈ കളി ഗാലറിയിൽനിന്ന് കണ്ടുകൊണ്ടിരുന്ന ഭരണപക്ഷക്കാരിപ്പോൾ കളത്തിലിറങ്ങിത്തുടങ്ങിയപ്പോഴാണ് രാഷ്ട്രീയ പണ്ഡിറ്റുകളും നിരീക്ഷകരുമെല്ലാം ഒരിക്കൽകൂടി താഴ്വരയിലേക്ക് തിരിച്ചത്. ഒരുവശത്ത്, ഗുലാം നബിയെ കോൺഗ്രസുകാർ മോദിയുടെ 'ഗുലാം' എന്ന് വിളിക്കുന്നു. മറുവശത്ത്, ഗുലാം നബിയോട് ചില ബി.ജെ.പിക്കാർക്കെങ്കിലും അടങ്ങാത്ത സ്നേഹപ്രകടനവും. അദ്ദേഹം കോൺഗ്രസിനും അതുവഴി രാജ്യത്തിനും ചെയ്ത സേവനമൊക്കെ എണ്ണിപ്പറയുന്നതിലേക്കുവരെ 'പരിവാര'ങ്ങൾ എത്തിത്തുടങ്ങിയിരിക്കുന്നു.
അമരീന്ദർ മാതൃകയിൽ ഗുലാം നബിയും കാവിപ്പാളയത്തിലേക്ക് ചേക്കേറുമോ എന്ന് ആർക്കും സംശയം തോന്നിപ്പോകും ഈ പ്രകടനമൊക്കെ കണ്ടാൽ. സിദ്ദുവുമായി ഉടക്കി നിൽക്കുമ്പോൾ ആരെങ്കിലും വിചാരിച്ചിരുന്നോ, അമരീന്ദറിന്റെ ഈ മനംമാറ്റം? 'ക്യാപ്റ്റ'ന് ആകാമെങ്കിൽ 'ആസാദി'നും ആകാം. പത്മഭൂഷണമൊക്കെ അതിനുള്ള നിമിത്തം മാത്രമായി കണ്ടാൽ മതി.
'പത്മഭൂഷണം' എന്ന പദത്തെ പത്മം (താമര) കൊണ്ട് അലങ്കരിക്കുക എന്നുകൂടി അർഥം സങ്കൽപിക്കുന്നതിൽ തെറ്റില്ല. മാത്രവുമല്ല, മണ്ഡലപുനർനിർണയം പൂർത്തിയായാൽ ജമ്മു- കശ്മീരിൽ ഇക്കുറി തെരഞ്ഞെടുപ്പിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ, കരിമഞ്ഞ് പെയ്യാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. പക്ഷേ, മെഹ്ബൂബയെപ്പോലെയോ ഉമർ അബ്ദുല്ലയെപ്പോലെയോ ജനങ്ങളുമായി നേരിട്ട് ഇടപഴകി പരിചയമില്ലാത്ത ഗുലാം അവിടെ ബി.ജെ.പിക്ക് എന്ത് നേട്ടമുണ്ടാക്കാനാണ് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുമില്ല.
ഏതായാലും ഒന്നുറപ്പാണ്: പാർലമെന്‍റിലെ അവസാന ദിനംവരെയും അദ്ദേഹം ശരിക്കും 'ആസാദ്' ആയിരുന്നു. ജനാധിപത്യത്തിന്‍റെ ശ്രീകോവിലിൽ പലകുറി കാവിപ്പടയെ വെള്ളം കുടിപ്പിച്ചതിന്‍റെ ക്രെഡിറ്റ് എന്തായാലും ആ മനുഷ്യന് കൊടുത്തേ തീരൂ. മൂന്ന് വർഷം മുമ്പ്, െഎ.എസിനെ ആർ.എസ്.എസുമായി താരതമ്യം ചെയ്ത് പ്രസംഗിച്ചത് ഒാർമയില്ലേ? മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടപ്പോൾ, പ്രസംഗത്തിെൻറ പൂർണരൂപം സഭയുടെ മേശപ്പുറത്തുവെച്ച് പാർലമെൻററി രേഖയാക്കിയശേഷമാണ് ഗുലാം നബി കളം വിട്ടത്. നോട്ടുനിരോധന കാലത്തും പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നപ്പോഴും കശ്മീരിെൻറ പദവി എടുത്തുകളഞ്ഞപ്പോഴുമെല്ലാം ഗുലാം നബി ഇമ്മട്ടിൽ ആഞ്ഞടിച്ചിട്ടുണ്ട്. ഭരണപക്ഷം ഒന്നടങ്കം നിശ്ചലമായിപ്പോയ നിമിഷങ്ങളായിരുന്നു അത്.
അങ്ങനെയൊരാളെ പത്മത്താൽ അലങ്കരിച്ച് വഴി മാറ്റാനാകുമോ എന്നതാണ് ചോദ്യം. കാത്തിരിക്കുക തന്നെ വേണം. പ്രായമിപ്പോൾ 72 പിന്നിട്ടു. 70കളിൽ, വിദ്യാർഥി രാഷ്ട്രീയത്തിലൂടെ തുടങ്ങിയ രാഷ്ട്രസേവനമാണ്. ലോക്സഭയിലും രാജ്യസഭയിലും കശ്മീർനിയമസഭയിലുമൊക്കെയായി നാലരപ്പതിറ്റാണ്ട് പൂർത്തിയാക്കി. ഇതിനിടയിൽ കേന്ദ്രമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായി. ഒടുവിൽ നേതൃത്വവുമായി തെറ്റി, പാർട്ടിയുമായി അകന്നു. ഒരുപക്ഷേ, ഈ സിവിലിയൻ പുരസ്കാരം ആ രാഷ്ട്രീയ ജീവിതത്തിന്‍റെ പൂർണവിരാമ സൂചനയാകാം. അതല്ലെങ്കിൽ, പുതിയൊരു രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കവുമാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.