ഗൾഫ് പ്രതിസന്ധിയെ പ്രത്യാശയോടെ നേരിടാം
text_fieldsസൗദിയടക്കമുള്ള ഗൾഫ്രാജ്യങ്ങൾ പരിവർത്തനത്തിെൻറ പാതയിലാണ്. ഭാവിയിൽ എണ്ണയെ മാത്രം ആശ്രയിച്ച് മുേന്നാട്ടുേപാകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇതര മേഖലകളിൽനിന്നുകൂടി സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തി രാഷ്ട്ര വളർച്ചക്ക് മുതൽക്കൂട്ടാക്കി മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനം. സുസ്ഥിര ഭാവിയിലേക്ക് അതിവേഗം നടക്കുന്ന ഏതു രാജ്യവും സ്വീകരിക്കുന്ന നടപടിയാണിത്. ലോകത്ത് ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സുസ്ഥിരമായ സ്വയംപര്യാപ്തത എന്ന ലക്ഷ്യമിട്ട് രൂപവത്കരിച്ച ‘വിഷൻ 2030’ എന്ന സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ പുതിയ നയങ്ങൾക്ക് രൂപംനൽകുന്നത്. അതിെൻറ ഭാഗമാണ് ഇപ്പോഴത്തെ സാമ്പത്തിക പരിഷ്കാരങ്ങൾ. പെട്രോളിയം ഉപോൽപന്നങ്ങളുടെ മേഖലയിൽ വൻ നിക്ഷേപമാണ് സൗദി നടത്താൻ പോകുന്നത്.
രാജ്യത്തെ തൊഴിൽ മേഖലയും മറ്റും ക്രമപ്പെടുത്തുന്നതിെൻറ ഭാഗമായാണ് സൗദിയിൽ പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ വരുന്നത്. അത് സ്വദേശികളെ പോലെ വിദേശികൾക്കും ഗുണകരമാണ്. അനധികൃതമായി ജോലിചെയ്യുന്നതും സംരംഭങ്ങൾ നടത്തുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. ഇതോടെ, നിയമാനുസൃത മാർഗങ്ങൾ അവലംബിക്കുന്ന പ്രവാസികൾക്കു മുന്നിൽ കൂടുതൽ അവസരങ്ങൾ തുറക്കപ്പെടുകയാണ്. തൊഴിൽ നഷ്ടത്തെക്കുറിച്ച അനാവശ്യ ആശങ്കകൾ സൃഷ്ടിക്കുന്നത് നഷ്ടമേ വരുത്തൂ. സൗദിയുൾെപ്പടെയുള്ള ഗൾഫ് ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം അവിടെ നടക്കുന്ന ചെറുകിട വ്യാപാരങ്ങളെല്ലാം സ്വദേശി പൗരന്മാരുടേതാണ്. അവരുടെ പേരിലാണ് ലൈസൻസുള്ളത്. സർക്കാർ കാഴ്ചപ്പാടിൽ അവിടെ ജോലിചെയ്യുന്നവരാണ് വിദേശികൾ. ഇൗ രീതിയിൽ ജോലിചെയ്യുന്ന രാജ്യത്തെ വിദേശികൾ അവരുടെ നാടുകളിലേക്ക് അയക്കുന്ന ആകെ തുക കൂട്ടിയാൽ അത് സൗദി ബജറ്റിനെക്കാൾ കൂടുതൽ വരും. ഇതിന് പുറമെ കണക്കിൽ പെടാത്ത പണവുമുണ്ട്. അപ്പോൾ സ്വാഭാവികമായും അവർ ചിന്തിക്കുന്നത് വിദേശികൾക്ക് ഇത്രയും വരുമാനം ഉണ്ടെന്നാണ്. ഇൗ വരുമാനത്തിൽനിന്ന് ഒരു ചെറിയ പങ്കാണ് വാർഷിക ലെവി ഇനത്തിൽ വർധിപ്പിച്ചിരിക്കുന്നത്. ഒരു രാജ്യത്തുനിന്നുണ്ടാക്കുന്ന പണത്തിൽ ഒരുപങ്ക് അവിടത്തെ സർക്കാറുകൾക്കുകൂടി നൽകുന്നതിൽ എന്താണ് തെറ്റ്? പ്രവാസികൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകിയ നാടാണ് ഗൾഫ്. പകരം ആ നാടിന് അവരെന്താണ് തിരിച്ചുകൊടുത്തത്? നിർബന്ധിതാവസ്ഥയിലല്ലാതെ എത്ര സംരംഭകരാണ് സ്വദേശികൾക്ക് ജോലി നൽകിയത്? അവിടെയുള്ള പൗരന്മാർക്ക് ജോലി കൊടുക്കുന്നതുകൊണ്ട് പ്രവാസികളുടെ സാധ്യതകൾ ഇല്ലാതാവുകയില്ല.
പ്രവാസികളുടെ ആശങ്ക
ഏത് പുതിയ തീരുമാനങ്ങളുണ്ടാവുേമ്പാഴും പ്രവാസികൾക്ക് ആശങ്കകളുണ്ടാവാറുണ്ട്. എന്താണ് നടക്കുന്നതെന്ന കൃത്യമായ ധാരണയില്ലാത്തതാണ് പ്രധാന പ്രശ്നം. സമൂഹമാധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങളും ഇതിന് കാരണമാകുന്നു. നിതാഖാത് നടപ്പാക്കിയപ്പോഴും മൊത്തം പ്രവാസികൾ മടങ്ങാൻ പോകുന്നു എന്ന തരത്തിൽ ഇതേ മുറവിളിയുണ്ടായി. പ്രതിസന്ധി രൂക്ഷമാണ് എന്ന പ്രചാരണങ്ങളുണ്ടായി. സത്യത്തിൽ എന്താണ് സംഭവിച്ചത്? അനധികൃതമായി ജോലിചെയ്തിരുന്ന കുറച്ചുപേർ തിരിച്ചുപോയി. അതിെൻറ ഇരട്ടിയാളുകൾ ഇന്ത്യയിൽനിന്നെത്തി. നേരത്തേ കൃഷിക്കാരെൻറയും തൊഴിലാളികളുടെയുമൊക്കെ വിസയിൽ അനധികൃതമായി ഉന്നത ജോലി ചെയ്തിരുന്നവരെല്ലാം നിയമാനുസൃതരായി. ഇപ്പോൾ ഡ്രൈവർ ഡ്രൈവറും സെയിൽസ്മാൻ സെയിൽസ്മാനും അക്കൗണ്ടൻറ് അക്കൗണ്ടൻറുമാണ്. ഇവർക്കൊക്കെ ഭീതിയില്ലാതെ ജോലി ചെയ്യാം. അങ്ങനെ നിതാഖാത് ആത്യന്തികമായി പ്രവാസികൾക്ക് ഗുണമായി മാറുകയാണുണ്ടായത്.
പെട്രോൾ വില വർധനയും ഇൗ രീതിയിലാണ് നോക്കിക്കാണേണ്ടത്. ലോകത്ത് വെള്ളത്തെക്കാൾ കുറഞ്ഞ വിലക്ക് പെട്രോൾ ലഭിക്കുന്ന നാടാണ് സൗദി. ഇപ്പോൾ മൂല്യവർധിത നികുതി ഏർപ്പെടുത്തിയതോടെ പെട്രോൾ വില നേരിയതോതിൽ വർധിച്ചിരിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും വാഹനമുപയോഗിക്കുന്ന സ്വഭാവമാണ് പ്രവാസികളിൽ മഹാഭൂരിപക്ഷത്തിനും. പെട്രോൾ വിലക്കുറവായിരുന്നു കാരണം. ഒരു ഒാഫിസിൽ നാലു പേരുണ്ടെങ്കിൽ നാലു കാറുകളിലാണ് അവർ വരുന്നത്. ഒരു വീട്ടിലുള്ളവർക്കുപോലും വെവ്വേറെ വാഹനങ്ങളുണ്ട്. കാർ പൂളിങ്ങിലൂടെ ചെറിയ വരുമാനമുള്ളവർക്ക് പെട്രോൾ വില വർധന പ്രയാസവുമില്ലാതെ നേരിടാം. അതുപോലെ നഗരങ്ങളിൽ പോയി സാധനങ്ങൾ വാങ്ങി ചെറുകിട പട്ടണങ്ങളിലും മറ്റും കച്ചവടം ചെയ്ത് ജീവിക്കുന്ന പ്രവാസികൾക്കും ഇൗ മാതൃക സ്വീകരിക്കാം. ഒന്നിലധികം കച്ചവടങ്ങൾ ഒന്നാക്കിയും അല്ലെങ്കിൽ ഒന്നിച്ച് പർച്ചേസ് ചെയ്തും ചെലവുകൾ കുറക്കാം; ലെവിയെ നേരിടാം. ലെവി വർധിപ്പിച്ചതുകൊണ്ട് ഒരു സംരംഭവും പൂേട്ടണ്ടിവരുമെന്ന് തോന്നുന്നില്ല. കുടുംബാംഗങ്ങൾക്കുള്ള ലെവി വർധിപ്പിച്ചതാണ് മറ്റൊരു ആശങ്കയായി പറയുന്നത്. ചെലവുചുരുക്കി ഇതിനെ നേരിടാം. ധൂർത്തിെൻറ പര്യായങ്ങളാണ് പ്രവാസികൾ. മുമ്പ് മൂന്നുകൊല്ലം കൂടുേമ്പാൾ നാട്ടിൽ വന്നിരുന്നവർ മൂന്നുമാസം കൂടുേമ്പാൾ വരുന്നുണ്ട്. നാട്ടിലും ചെലവുകൂടി. ഇതിന് ചെലവാക്കുന്നതിൽനിന്ന് അൽപം മാറ്റിവെച്ച് കുടുംബ ബജറ്റുകൾ ചുരുക്കി സൂക്ഷ്മതയോടെ ചെലവഴിച്ചാൽ ഇതും മറികടക്കാനാവും. കുറച്ചു വരുമാനമുണ്ടാവുേമ്പാഴേക്ക് ചെലവുകൾ വർധിപ്പിക്കുന്നവർക്ക് അതിൽ നിന്ന് വല്ലതും കുറയുേമ്പാഴേക്കും ആധിയായി.
ലെവി കൂട്ടിയതുകാരണം പ്രയാസങ്ങളുടെ കണക്കുനിരത്തുന്നവർ ആരെങ്കിലും അവരുടെ വരുമാനം എത്രയാണെന്ന് കൂട്ടിനോക്കിയാൽ ലെവിയുൾെപ്പടെയുള്ള ഫീസുകൾ ഒരു പ്രയാസവുമില്ലാതെ നൽകാം. പുതിയ പരിഷ്കാരങ്ങൾകൊണ്ട് ഒരു ശതമാനം പ്രവാസികൾക്കുപോലും പ്രതിസന്ധിയുണ്ടാവില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നൂറു റിയാലിനോ ദിർഹമിനോ കച്ചവടം ചെയ്യുന്ന ഒരാൾക്ക് അത് 150 ആക്കി വർധിപ്പിക്കാൻ കഴിയില്ലെങ്കിൽ ചിലപ്പോൾ പ്രയാസമുണ്ടായേക്കാം. ഒരു രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്. അതിന് തയാറല്ലെങ്കിൽ മടങ്ങിപ്പോവുക എന്നതാണ് നല്ലത്. മൂല്യവർധിത നികുതിയെക്കുറിച്ചുകൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഇപ്പോൾ നടപ്പാക്കിയ മൂല്യവർധിത നികുതി അഞ്ചു ശതമാനമാണ്. 30 ശതമാനം വരെ നികുതി നൽകുന്ന ഇന്ത്യയിൽ ജീവിക്കുന്നവരാണ് അഞ്ചു ശതമാനം നികുതിയെക്കുറിച്ച് ബേജാറാവുന്നത്. പ്രവാസികളുടെ നികുതിപ്പണംകൊണ്ട് അവർക്കുകൂടി ഗുണകരമാവുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സൗദി ഭരണകൂടം ഒരുക്കുന്നത്. ആ രാഷ്ട്രനിർമിതിയിൽ നമുക്കുകൂടി പങ്കാളികളാവാം. സൗദിയുൾെപ്പടെ ഗൾഫ്രാജ്യങ്ങൾ പുരോഗതിയിലേക്കാണ് ഗമിക്കുന്നത്. എല്ലാം നിയമാനുസൃതമാക്കി അവരുടെ നിയമത്തോടൊപ്പം നിന്ന് വരുമാനം വർധിപ്പിച്ച്, ആശങ്കകൾ മാറ്റിവെച്ച് പ്രത്യാശയോടെ മുന്നോട്ടു പോകാനാവെട്ട പ്രവാസികളുടെ പ്രതിജ്ഞ.
(ഇറാം ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.