തടവറയിൽ അവളുടെ മൂന്നാം റമദാൻ
text_fieldsപൗരത്വ സമരപോരാളി ഗുൽഫിഷ ഫാത്തിമയുടെ വിചാരണത്തടവ് ഈ ഏപ്രിൽ ഒമ്പതിന് മൂന്നു വർഷം പൂർത്തിയാവുന്നു. ദിവസംചെല്ലുന്തോറും മകൾ കൂടുതൽ ധൈര്യവതിയും ഇന്ത്യൻ പൗരി എന്ന അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവതിയുമായതായി കുടുംബം സാക്ഷ്യപ്പെടുത്തുന്നു
‘‘അനീതി കണ്ടിട്ടും നിശ്ശബ്ദരായിരുന്നാൽ ജീവിച്ചുപോകാം, അവരെ ചോദ്യംചെയ്യാൻ തുനിഞ്ഞാൽ ജയിൽകവാടങ്ങൾ നിങ്ങൾക്കുള്ളതാണ്’’-പൗരത്വ സമരത്തിന് നേതൃത്വം വഹിച്ചതിന് മൂന്നു വർഷമായി തടവറയിൽ കഴിയുന്ന ഗുൽഫിഷ ഫാത്തിമയുടെ പിതാവ് തസ്നീഫ് ഹുസൈന്റെ വാക്കുകളാണിത്.
2020ന്റെ ആദ്യപാദത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ കലാപങ്ങളുടെ ഭാഗമായി ജാഫറാബാദിലുണ്ടായ സംഘർഷങ്ങളിൽ പങ്കുണ്ടെന്നാരോപിച്ചാണ് ഏപ്രിൽ ഒമ്പതിന് ഡൽഹി പൊലീസ് ഗുൽഫിഷയെ അറസ്റ്റ് ചെയ്തത്. കലാപം സൃഷ്ടിക്കൽ, പൊതുസേവകരെ ആക്രമിക്കൽ തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളാണ് അവർക്കുമേൽ ചുമത്തപ്പെട്ടത്.
2020 മേയ് 13ന് ഡൽഹിയിലെ ഒരു കോടതി ജാമ്യം അനുവദിച്ചെങ്കിലും ഗുൽഫിഷ കസ്റ്റഡിയിൽതന്നെ തുടരുന്നത് ഉറപ്പാക്കാൻ ഡൽഹി പൊലീസ് യു.എ.പി.എ പ്രകാരമുള്ള വകുപ്പുകൾകൂടി ചുമത്തി അവർക്കെതിരെ മറ്റൊരു എഫ്.ഐ.ആർ കൂടി ഫയൽചെയ്തു.
ശർജീൽ ഇമാം, ഉമർ ഖാലിദ്, ഗുൽഫിഷ ഫാത്തിമ, ഷിഫാ ഉർറഹ്മാൻ ഖാൻ, നതാഷ നർവാൾ, ദേവാംഗന കലിത, ഇശ്റത്ത് ജഹാൻ, മീരാൻ ഹൈദർ, സഫൂറ സർഗർ, ആസിഫ് ഇഖ്ബാൽ തൻഹ, താഹിർ ഹുസൈൻ, മുഹമ്മദ് ഫൈസാൻ, ഖാലിദ് സലീം, തസ്ദാബ് അഹമ്മദ്, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ, അതാർ ഖാൻ എന്നിവർ ചേർന്ന് മുൻകൂട്ടി ഗൂഢാലോചന ചെയ്ത് നടപ്പാക്കിയതാണ് ഡൽഹി കലാപമെന്ന് അതിൽ ആരോപിക്കുന്നു.
ഫെബ്രുവരി 22 മുതൽ 24 വരെ ജാഫറാബാദ് മെട്രോ സ്റ്റേഷനടുത്ത റോഡിൽ നടന്ന പ്രതിഷേധപരിപാടികളിലെ ഗുൽഫിഷയുടെ സാന്നിധ്യമാണ് ഗൂഢാലോചനക്കും പൗരത്വനിയമത്തിനെതിരെ മുസ്ലിംകളെ തിരിക്കാൻ നടത്തിയ ശ്രമങ്ങൾക്കുമുള്ള തെളിവായി പൊലീസ് ഉയർത്തിക്കാട്ടുന്നത്.
സമാധാനപരമായി പ്രതിഷേധിക്കാൻ എന്ന വ്യാജേന സമരസ്ഥലത്തിനടുത്ത് ഓഫിസ് തുറന്ന ഗുൽഫിഷ ഉമർ ഖാലിദ്, നതാഷ, ദേവാംഗന എന്നിവരുമായി ചേർന്ന് കലാപം ആസൂത്രണംചെയ്തുവെന്നും പൊലീസിനെതിരെ കല്ലും വടിയും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാൻ പ്രദേശവാസികളെ പ്രേരിപ്പിച്ചുവെന്നും മറ്റുമാണ് എഫ്.ഐ.ആറിലെ ആരോപണം.
തടവറയിൽ മൂന്നു വർഷം പിന്നിടുന്ന ഈ 31കാരിക്ക് ദിവസം ചെല്ലുന്തോറും കരുത്തും ധൈര്യവും വർധിച്ചതായും ഇന്ത്യൻ പൗരി എന്ന നിലയിലെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവതിയായതായും കുടുംബം സാക്ഷ്യപ്പെടുത്തുന്നു.
എം.ബി.എ ബിരുദധാരിയായ ഗുൽഫിഷ അറസ്റ്റിലാവുന്നതിന് നാളുകൾക്കുമുമ്പ് ചരിത്രത്തിൽ ഡോക്ടറേറ്റ് എടുക്കാനുള്ള ആഗ്രഹം വീട്ടിൽ പങ്കുവെച്ചിരുന്നു. കുടുംബത്തിന് ഗുൽഫിഷ ഒപ്പമില്ലാത്ത മൂന്നാമത്തെ നോമ്പുകാലമാണ്.
ഏതൊരർഥത്തിലും അവളെയോർത്ത് അഭിമാനം മാത്രമേയുള്ളൂവെന്ന് പിതാവ് പറയുന്നു. ഓൺലൈനിലും നേരിട്ടും നടക്കുന്ന വിചാരണകളിലെല്ലാം തസ്നീഫ് ഹുസൈൻ പങ്കുചേരാറുണ്ട്. മകളെ കാണാൻ പറ്റുന്ന അവസരം കൂടിയാണിത്.
സെപ്റ്റംബർ 2020ന് ഇടക്കാല ജാമ്യാപേക്ഷയിൽ വാദംകേൾക്കവെ ജയിലധികൃതർ നിരന്തരമായി ദ്രോഹിക്കുന്നതായി അവർ പരാതിപ്പെട്ടിരുന്നു. തിഹാറിലെ സഹതടവുകാർ വർഗീയവാക്പ്രയോഗങ്ങൾ നടത്തുന്നുവെന്നും പഠിപ്പുള്ള ഭീകരി എന്ന് ആക്ഷേപിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ ഗുൽഫിഷ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അധികൃതർ മാത്രമാണ് ഉത്തരവാദികളെന്നും കോടതിയെ ബോധിപ്പിച്ചു.
180 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നഭ്യർഥിച്ച് ഒക്ടോബർ 2020ന് സമർപ്പിച്ച അപേക്ഷ കോടതി നിരസിക്കുകയായിരുന്നു. അടുത്ത മാസം ഒരു കേസിൽ ജാമ്യമനുവദിച്ച സെഷൻസ് കോടതി സമാനമായ വകുപ്പുകൾപ്രകാരം കേസ് ചുമത്തപ്പെട്ട രണ്ട് ആരോപിതർക്ക് ജാമ്യം അനുവദിക്കപ്പെട്ട കാര്യവും നിരീക്ഷിച്ചിരുന്നു.
2022 മാർച്ചിൽ വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഗുൽഫിഷ ഡൽഹി ഹൈകോടതിയെ സമീപിച്ചു. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തിൽ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കരുതുന്നുവെന്നാണ് അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം നിഷേധിച്ചുകൊണ്ട് പറഞ്ഞത്. ജസ്റ്റിസ് സിദ്ധാർഥ് മൃദുലും ജസ്റ്റിസ് രജ്നീഷ് ഭട്നഗറും ഉൾക്കൊള്ളുന്ന ബെഞ്ച് അപ്പീലിന്മേൽ വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.