ഇത്യോപ്യയിൽ നിന്നെത്തിയ തോക്ക്, ചാന്ദ്നി ചൗക്കിലെ പർദ
text_fieldsഒരിക്കൽ പൊളിഞ്ഞ ശ്രമമാണ്. അതുകൊണ്ട് ഇനി ആയുധവും പ്രയോഗവുമെല്ലാം തീർച്ചയും മൂർച്ചയുമുള്ളതാവണം എന്നു നാഥുറാം ഗോദ്സെക്കും നാരായൺ ആപ്തെക്കും നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് അവർ അന്വേഷണവുമായി മധ്യപ്രദേശിലെ ഗ്വാളിയോറിലെത്തുന്നത്. അവിടെ ഹിന്ദുമഹാസഭയുടെ സായുധവിഭാഗമായ ഹിന്ദുരാഷ്ട്ര സേനയുടെ മുഖ്യസംഘാടകൻ ഡോ. ദത്താത്രേയ സദാശിവ പർചുരെയെ കണ്ട് ആയുധം സംഘടിപ്പിക്കാനായിരുന്നു യാത്ര.
അയാൾ അവരെ ജി.എസ്. ദന്തവതെക്ക് പരിചയപ്പെടുത്തി ആയുധം തരപ്പെടുത്താനയച്ചു. ദന്തവതെ ഉച്ചയോടെ എത്തിയത് നാടൻ തോക്കുമായി. അത് പരിശോധിച്ച ഗോദ്സെക്ക് പിടിച്ചില്ല. വൈകീട്ടത്തെ പഞ്ചാബ് മെയിലിന് ഡൽഹിക്കു തിരിക്കണം. അതിനു മുമ്പ് തോക്കും വേണം. ഇത്ര തിടുക്കത്തിൽ എവിടെ നിന്നു ഒപ്പിക്കാനാണ് എന്ന് അൽപം ചൂടായി പർചുരെ. എങ്കിലും ഒന്നുകൂടി തിരയാനുള്ള ദൗത്യമേറ്റെടുത്ത ദന്തവതെ വൈകീട്ട് എത്തുന്നത് 10-12 റൗണ്ട് വെടിക്കു വകയുള്ള പിസ്റ്റളുമായി. ഗോദ്സെയും ആപ്തെയും പരിശോധിച്ചു തൃപ്തി രേഖപ്പെടുത്തി. അഞ്ഞൂറു രൂപ വിലയിട്ടതിൽ മുന്നൂറ് നൽകി, ബാക്കി കടം പറഞ്ഞു.
9 എം.എം ബരേറ്റ പിസ്റ്റൾ 1934ൽ ഇറ്റലിയിൽ നിർമിച്ചതാണ്. മുസോളിനിയുടെ ഓഫിസർമാരിൽ നിന്ന് ഇത്യോപ്യയിലെ ഇറ്റാലിയൻ അടിയറവിന്റെ കാലത്ത് അവിടത്തെ ദൗത്യസേനയായിരുന്ന നാലാം ഗ്വാളിയോർ ഇൻഫെൻട്രി കൈവശപ്പെടുത്തിയതാണത്. നാട്ടുരാജ്യമായിരുന്ന ഗ്വാളിയോറിൽ ആയുധം കൈവശം വെക്കുന്നതിനു തടസ്സമുണ്ടായിരുന്നില്ല. ദന്തവതെ അത് വാങ്ങിയത് ജഗദീഷ് പ്രസാദ് ഗോയലിൽ നിന്നാണ്.
പിസ്റ്റളുമായി ഗോദ്സെയും ആപ്തെയും ബോംബെ-അമൃത്സർ എക്സ്പ്രസിൽ ഡൽഹിക്കു തിരിച്ചു. പഴയ ഡൽഹി സ്റ്റേഷനിൽ ഇറങ്ങി റെയിൽവേ റിട്ടയറിങ് റൂമിൽ കയറി കുളിച്ചു പുറത്തുപോയി വയറു നിറയെ ഉണ്ടു വന്നു നീണ്ട മയക്കത്തിലായി. വൈകീട്ട് പുറത്തിറങ്ങി കാത്തുനിന്ന കർക്കറെയെയും കൂട്ടി വീണ്ടും റിട്ടയറിങ് റൂമിലെത്തി ആഹ്ലാദപൂർവം ആയുധമെടുത്തു കാട്ടി.
മൂന്നു പേരും ബരേറ്റ പിസ്റ്റൾ കൈയിലെടുത്തു ‘ലാളിച്ചു’. ശേഷം ചാന്ദ്നി ചൗക്കിൽ ടൂറിസ്റ്റുകളെന്ന ഭാവത്തിൽ ചുറ്റിയടിച്ചു. നാഥുറാം ഒരു സ്റ്റുഡിയോയിൽ കയറി മൂന്നു കോപ്പി ഫോട്ടോക്ക് ഓർഡർ നൽകി. കർക്കറെയും ആപ്തെയും ഹിന്ദി പടത്തിനു കയറി. പടം കഴിഞ്ഞിറങ്ങുമ്പോൾ കർക്കറെ ആപ്തെയോട് പറഞ്ഞു: ‘‘ഞാൻ റൂമിലേക്കില്ല. നാഥുറാമിന്റെ ഉറക്കം ശല്യപ്പെടുത്തേണ്ട. സ്വതന്ത്രമനുഷ്യനായി അയാളുടെ ഒടുവിലെ അന്തിയുറക്കമാണല്ലോ ഇത്’’.
പിറ്റേന്നാൾ അവർ ഗാന്ധിഹത്യ എങ്ങനെ നടത്തും എന്ന ചർച്ചയിലായി. തലേ ആഴ്ചയിലെ വധശ്രമത്തിനു ശേഷം ബിർള ഹൗസിലെ സുരക്ഷ കൂട്ടിയതായി അവർക്കറിയാം. അപ്പോൾ ഗാന്ധിയോട് ഏറ്റവുമടുത്ത തോക്കുവട്ടം എങ്ങനെയുറപ്പിക്കാം എന്നായിരുന്നു അന്വേഷണം. ഗോദ്സെ തലയിൽ കറുത്ത തുണിയിട്ട് ഒരു ഫോട്ടോഗ്രാഫറായി കാമറയും ട്രൈപോഡുമായി അകത്തുകയറട്ടെ എന്നായി ആപ്തെ. അതു തള്ളിയപ്പോൾ അടുത്ത നിർദേശം വന്നു: ഒരു ബുർഖ (രണ്ടു കണ്ണുകൾക്കുള്ള ദ്വാരങ്ങൾ മാത്രമുള്ള ഒറ്റക്കറുപ്പ് ഗൗണായിരുന്നു അന്നത്തെ പർദ) ധരിച്ചാലോ? പെണ്ണാണെന്നു കണ്ടാൽ സദസ്സിൽ ഗാന്ധിയോട് എട്ടോ പത്തോ അടി ദൂരത്ത് ആദ്യവട്ടത്തിൽതന്നെ ഇടവും കിട്ടുമെന്ന് കർക്കറെ ശരിവെച്ചു.
അതൊരു ഗംഭീര ആശയമായി മൂവരും ഉറച്ചു. ആപ്തെയും കർക്കറെയും പർദ തിരഞ്ഞോടി. ചാന്ദ്നി ചൗക്കിലെ രണ്ടോ മൂന്നോ കടക്കാരെ അവർക്കറിയാം. പക്ഷേ, ഹിന്ദുക്കളായ അവർക്ക് മുസ്ലിം സ്ത്രീകളുടെ വേഷമായ ബുർഖ എവിടെ കിട്ടുമെന്നറിയില്ല. ഒടുവിൽ ഒരാൾ അരമണിക്കൂറിനകം എത്തിക്കാമെന്നു പറഞ്ഞു അളവു ചോദിച്ചു. വലിയ ഒന്ന്, വല്ലാതെ തടിച്ച സൈസ് വേണ്ട-കർക്കറെ ഏകദേശം അളവ് പറഞ്ഞു. അരമണിക്കൂറിനകം അയാൾ പർദയുമായെത്തി. അമ്പതു രൂപയായിരുന്നു വില. ആവേശത്തോടെ റൂമിലെത്തി ഗോദ്സെയെ ഉടുപ്പിച്ചു. ഒരു മുസ്ലിംപെണ്ണെന്നേ തോന്നൂ. നാഥുറാം അതു ധരിച്ച് നടന്നുനോക്കി. അപ്പോഴാണ് മനസ്സിലായത്, കൈ സ്വതന്ത്രമായി ചലിപ്പിക്കാനാവില്ല. അകത്തു നിന്നു തോക്കെടുത്ത് ഞൊടിയിടയിൽ പ്രയോഗിക്കണമല്ലോ. അതോടെ അത് ഊരിവലിച്ചെറിഞ്ഞു. ഒടുവിൽ വഴിയരികിൽ നിന്നു പട്ടാളക്കാരുടെ യൂനിഫോമിനു സമാനമായ ഒരു ഡ്രസും തൊപ്പിയും വാങ്ങി. ഉച്ചക്കുശേഷം റിട്ടയറിങ് റൂമിൽ നിന്നിറങ്ങി അവർ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ വിശ്രമിച്ചു. തിന്നാനോ കുടിക്കാനോ വല്ലതും? കൂട്ടുകാർ നാഥുറാമിനോട് തിരക്കി. അയാൾക്ക് ഉപ്പിൽ വറുത്ത കടല വേണം. എവിടെ നോക്കിയിട്ടും അതുമാത്രം കാണാനില്ല.
അവർ ടാക്സി വിളിച്ചു അക്ബർ റോഡിന്റെ മൂലയിൽ ഇറങ്ങി. അവിടെ നിന്ന് ആൽബുക്കർക്ക് റോഡുവഴി ഔറംഗസീബ് റോഡിലേക്കു നടന്ന് ബിർള ഹൗസ് ഗേറ്റ് നല്ല കാഴ്ചയിൽ കിട്ടുന്ന വണ്ണം നിന്നു. അവിടെ പൊലീസുകാർ കൂടുതലായിരുന്നു. എല്ലാവരും നോർത്ത് ഇന്ത്യക്കാരാണെന്നും തോന്നി. അവിടെ നിന്നു പിന്നെയും വാഹനത്തിൽ ചുറ്റിയടിക്കവേ, ഇന്ത്യ ഗേറ്റ് വഴി കടന്നുപോകുമ്പോൾ കർക്കറെ ഉച്ചത്തിൽ നിർത്താൻ പറഞ്ഞു. എന്തുപറ്റി? അതാ കടല! അവർ കടല വാങ്ങി കൊറിച്ചു. ഇനിയും ഒരു മണിക്കൂർ കൊന്നുതീരണം. വൈകീട്ട് നാലേ കാൽ. മൂവരും ബിർള ഹൗസ് ലക്ഷ്യമിട്ടു നീങ്ങി. പാളിയ വധശ്രമത്തിൽ മദൻലാലിനെ പിടിച്ച ശേഷം പൊലീസ് ജാഗ്രതയിലായിരുന്നു. അയാൾക്കു മാപ്പുകൊടുക്കാൻ ഗാന്ധിജി പറഞ്ഞതുകൊണ്ടു മാത്രം പൊലീസ് അന്നു അയഞ്ഞതായിരുന്നു. പ്രാർഥനയോഗത്തിനു വരുന്നവരെ ദേഹപരിശോധന നടത്തുന്നതും ഗാന്ധിജി വിലക്കി.
അങ്ങനെ ചാരനിറമുള്ള കുപ്പായവും ഫോറേജ് കാപും ധരിച്ചൊരാൾ ഗേറ്റിലൂടെ കൈയും വീശി കടന്നു ചെന്നപ്പോൾ ആരും തടഞ്ഞില്ല. അഞ്ഞൂറോളം പേരുണ്ടായിരുന്നു അന്നത്തെ പ്രാർഥനയോഗത്തിന്. കർക്കറെയും ആപ്തെയും ഇടിച്ചുകയറി നാഥുറാമിന്റെ ഇരുവശവുമായി നിന്നു. അയാൾ അവരെ കണ്ട ഭാവമേ നടിച്ചില്ല. ഗാന്ധി നടന്നുവരുന്നത് അവർ നോക്കിനിന്നു. ഗാന്ധി അവരെ അഭിവാദ്യം ചെയ്യാനായി കൈപൊക്കിയപ്പോൾ നാഥുറാം ഗോദ്സെ പോക്കറ്റിൽ കൈയിട്ട് ബെരേറ്റ റെഡിയാണെന്നുറപ്പു വരുത്തി.
അയാളുടെ വാക്കുകളിൽ: ‘‘ഇടത്തേ കൈകൊണ്ട് മുന്നിൽ വന്നുപെട്ട പെൺകുട്ടിയെ തട്ടിമാറ്റി ഞാൻ നമസ്തേ എന്ന് അഭിവാദ്യം ചെയ്ത് മുന്നോട്ടാഞ്ഞു. ഒപ്പം ഓട്ടോമാറ്റിക് പിസ്റ്റളെടുത്തു വെടിതുടങ്ങി. രണ്ടോ മൂന്നോ റൗണ്ട് വെടിവെച്ചത് ഞാൻ തന്നെ അറിഞ്ഞില്ല. ഒരു ആഹ് വിളിയുമായി ഗാന്ധി പൊടുന്നനെ താഴെ വീണു’’.....
(The Men Who Killed Gandhi എന്ന കൃതിയിൽ നിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.