ഹാദിയ നേടിയ വിജയം ചരിത്രമാകുമ്പോൾ
text_fields‘തടവിൽ കഴിയുന്ന യുവതി പ്രായം തികഞ്ഞവളാണെന്ന് അവളുടെ സീനിയർ അഭിഭാഷകൻ ശക്തമായി വാദിക്കുന്നുണ്ടെങ്കിലും ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. 20കളിലെ ലോലമായ പ്രായത്തിലുള്ള സ്ത്രീ ആണ് അവൾ. ഇന്ത്യൻ പാരമ്പര്യമനുസരിച്ച് പെൺകുട്ടികളുടെ രക്ഷാകർതൃത്വം, ശരിയാംവിധം വിവാഹം കഴിക്കുന്നത് വരെ മാതാപിതാക്കളുടേതാണ്. ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരാളെ കൂടുതൽ അപകടത്തിലേക്ക് വിട്ടുകൊടുക്കാതിരിക്കേണ്ടത് കോടതിയുടെ കർത്തവ്യമാണെന്ന് കരുതുന്നു. ഇസ്ലാമിക മതാചാരപ്രകാരം മറ്റൊരാളുമായി വിവാഹകർമം പൂർത്തിയാക്കപ്പെട്ട ചുറ്റുപാടിൽ വിശേഷിച്ചും. അതും ആരുടെ കൂടെയാണോ കോടതി താമസിക്കാൻ അനുവദിച്ചത് അങ്ങനെയുള്ള ഏഴാം പ്രതിയുടെ ഗൂഢാലോചനയിലൂടെ’ -ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോവേണ്ടിയിരുന്ന രണ്ടു സാധാരണപൗരന്മാരുടെ- ഹാദിയ-ശഫിൻ ജഹാന്മാരുടെ- വിവാഹത്തെ ദേശീയ സമസ്യയാക്കി മാറ്റിയെടുത്ത കേരള ഹൈകോടതിയുടെ 2017 മേയ് 24ലെ വിധി നിരീക്ഷിക്കുേമ്പാൾ നീതിപീഠം വിഷയത്തെ സമീപിച്ചത് വൈകാരികമായാണെന്ന് വിലയിരുത്തിയാൽ കുറ്റപ്പെടുത്താനാവുമോ? പ്രായപൂർത്തിയായ യുവതി-യുവാക്കൾ നിയമം അനുശാസിക്കുന്ന മാർഗത്തിലൂടെ വിവാഹത്തിലേർപ്പെട്ടപ്പോൾ, നിയമത്തിെൻറയും നാട്ടാചാരങ്ങളുടെയും പരിധികൾ വിട്ട്, അറുപിന്തിരിപ്പനെന്ന് പരിഷ്കൃത ലോകത്തിന് പ്രഥമദൃഷ്ട്യാ തോന്നുന്ന നിരീക്ഷണങ്ങളോടെ വിധി പ്രസ്താവം നടത്തുകയും ആ വിവാഹം റദ്ദാക്കുകയും സംരക്ഷണത്തിെൻറ പേരിൽ യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്ത നടപടിയാണ് പരമോന്നത നീതിപീഠം വ്യാഴാഴ്ച അസാധുവാക്കിയിരിക്കുന്നത്. മകളെ വിട്ടുകിട്ടുന്നതിന് പിതാവ് അശോകൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ കെ. സുരേന്ദ്രമോഹനും കെ. അബ്രഹാം മാത്യുവും രക്ഷാകർത്താവിെൻറ റോളിലേക്ക് (Parens Patriae Jurisdiction) സ്വയം പാഞ്ഞുകയറി വിഷയത്തെ സങ്കീർണമാക്കുകയാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നു. ഹാദിയക്ക് പ്രായപൂർത്തിയായിട്ടുണ്ടെങ്കിലും മകളുടെ സുരക്ഷിതത്വത്തിലും നല്ല ഭാവിയിലും പിതാവ് ആശങ്കാകുലനാണെന്നും മാതാപിതാക്കൾക്കാണ് മകളെ കെട്ടിച്ചുകൊടുക്കാനുള്ള അവകാശമെന്നുമുള്ള ഒരു നിലപാടാണ് കോടതി സ്വീകരിച്ചത്. എന്നല്ല, 24 വയസ്സുള്ള ഒരു യുവതിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാൻ ന്യായാസനത്തിന് അശേഷം വൈമുഖ്യമുണ്ടായില്ല.
ശഫിൻ ജഹാൻ തീവ്രവാദിയാണെന്ന് തെളിയിക്കുന്നതിനും ഹാദിയയുമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും കുറെ നിർദേശങ്ങളാണ് കോടതി പിന്നീട് മുന്നോട്ടുവെച്ചത്. എറണാകുളം ചിറ്റൂർ റോഡിലെ ഹോസ്റ്റലിൽ മകളെ ഹരജിക്കാരൻ കൊണ്ടാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കരുത്. ഹോസ്റ്റലിലെ നിബന്ധന അനുസരിച്ച് ഹരജിക്കാരനും ഭാര്യക്കും മകളെ ചെന്ന് കാണാം. ശഫിൻ ജഹാെൻറ ജീവിത ചുറ്റുപാട്, വിദ്യാഭ്യാസം, കുടുംബപശ്ചാത്തലം എന്നിവ പൊലീസ് സൂക്ഷ്മമായി അന്വേഷിക്കണം. വിവാഹസർട്ടിഫിക്കറ്റിെൻറ ആധികാരികതയും അത് നൽകിയ സംഘടനയെ കുറിച്ചും പരിശോധിക്കണം. റിട്ട് ഹരജിയിൽ ആരോപിക്കുന്ന തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കണം. മറ്റൊരു ഉത്തരവുണ്ടാവുന്നത് വരെ മലപ്പുറത്തെ ഒതുക്കുങ്ങൽ പഞ്ചായത്ത് വിവാഹസർട്ടിഫിക്കറ്റ് നൽകാൻ പാടില്ല. നരകത്തിെൻറ ചിത്രസഹിതമുള്ള വിവരണം നൽകി പരലോകത്തുവെച്ചുള്ള ശിക്ഷയെകുറിച്ച് പെൺകുട്ടിയെ പഠിപ്പിച്ചുവെന്നും ഇസ്ലാം സ്വീകരിച്ചാലേ സ്വർഗത്തിലേക്ക് പോകാൻ സാധിക്കുകയുള്ളൂവെന്ന് വിശ്വസിപ്പിച്ചുവെന്നുമുള്ള സർക്കാർ പ്ലീഡറുടെ വാദം കോടതി അപ്പടി സ്വാംശീകരിച്ചതായി വിധിന്യായത്തിൽനിന്ന് മനസ്സിലാവുന്നുണ്ട്.
അതേസമയം, ഹാദിയക്കുവേണ്ടി ഹാജരായ അഭിഭാഷകർ മുന്നോട്ടുവെച്ച വാദങ്ങളൊന്നും ഈ ഘട്ടത്തിൽ ഹൈകോടതിക്ക് സ്വീകാര്യമായിരുന്നില്ല.
അങ്ങനെയാണ് ഹാദിയയെ ഹോസ്റ്റലിലേക്ക് മാറ്റുന്നത്. ഹോസ്റ്റലിൽനിന്ന് യുവതിയുടെ കടുത്ത എതിർപ്പ് വകവെക്കാതെ, പൊലീസിെൻറ സഹായത്തോടെ വൈക്കെത്ത വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോകുന്നു. വീട്ടിലും പരിസരത്തും പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തുന്നു. ഈ ഘട്ടത്തിലാണ് പത്നിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ശഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിക്കുന്നത്. അപ്പോഴേക്കും ദേശീയ അന്വേഷണ ഏജൻസി വിഷയം ഏറ്റെടുത്ത് പ്രാഥമികാന്വേഷണത്തിൽ ‘ലവ് ജിഹാദും’ തീവ്രവാദ ബന്ധവുമൊക്കെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. അതോടെ, ഹാദിയയുടെ ഇസ്ലാമാശ്ലേഷണവും വിവാഹവുമൊക്കെ, കേരളത്തിൽ ഐ.എസ് ഭീകരവാദികളുണ്ടെന്ന് സമർഥിക്കാനുള്ള സംഘ്പരിവാരത്തിെൻറ ആസൂത്രിത നീക്കത്തിന് ചവിട്ടുപടിയായി മാറുകയായിരുന്നു. അതിനിടയിൽ ഒരു പൗരയുടെ മൗലികാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നതും ഒരു യുവതിയുടെ ജീവിതസ്വപ്നങ്ങൾ തകർക്കപ്പെട്ടതും ദേശീയതലത്തിൽ ചർച്ചയായത് സ്വാഭാവികം. 2017 നവംബർ 27െൻറ ഇടക്കാല വിധിയിലൂടെയാണ് ഹാദിയയെ സേലം ബി.എച്ച്.എം.എസ് കോളജിലേക്ക് പഠനം തുടരാൻ അയക്കുന്നതും 11 മാസം നീണ്ട വീട്ടുതടങ്കലിന് അറുതി വീഴുന്നതും.
പ്രബുദ്ധ കേരളത്തിെൻറ കൺമുന്നിൽ ഹാദിയ എന്ന യുവതി മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടത് മനസ്സാക്ഷിയുള്ളവരെ ഞെട്ടിച്ചു. കോട്ടയം വൈക്കത്തെ വസതിക്ക് ചുറ്റും കാവൽനിന്ന ആർ.എസ്.എസുകാർ ഹാദിയയെ ബന്ദിയാക്കുക മാത്രമല്ല, ഭ്രാന്തിയാക്കാൻ പോലും ശ്രമിച്ചു. ആ യുവതിയോട് പിതാവ് അശോകൻ കാണിക്കുന്ന ക്രൂരമായ പെരുമാറ്റത്തിെൻറ ഏകദേശചിത്രം ഡോക്യുമെൻററി നിർമാതാവും സാമൂഹിക പ്രവർത്തകനുമായ ഗോപാൽ മേനോനിൽനിന്നും രാഹുൽ ഈശ്വറിൽനിന്നും ലഭിച്ചപ്പോൾ പ്രശസ്ത എഴുത്തുകാരൻ സച്ചിദാനന്ദൻ ധർമരോഷം കൊണ്ടത് ഹൈകോടതിയുടെ കാഴ്ചപ്പാടുകളോടാണ്. മറ്റു സമൂഹങ്ങളുടെ മുന്നിൽ കേരളത്തെ ഒരു പാട് പിറകോട്ടടുപ്പിച്ചതായിരുന്നു ഹൈകോടതിയുടെ നടപടി. രാഷ്ട്രാന്തരീയ തലത്തിൽപോലും അത് ചർച്ചയായത് അങ്ങനെയാണ്.
മതം മാറിയുള്ള വിവാഹവും േപ്രമ കല്യാണവുമൊക്കെ പതിവ് സംഭവമായിക്കഴിഞ്ഞ കേരളീയ സമൂഹത്തിൽ, അഖില ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടതും ഒരു വൈവാഹിക പോർട്ടലിലൂടെ വരനെ കണ്ടുപിടിച്ചതുമെല്ലാം അത്യപൂർവ സംഭവമായി കോടതി നോക്കിക്കണ്ടിടത്താണ് പിഴച്ചത്. എന്തുകൊണ്ട് താൻ ഇസ്ലാം ആശ്ലേഷിച്ചുവെന്ന് ഹാദിയ കോടതിക്കു മുമ്പാകെ മനസ്സ് തുറന്നിട്ടും, ശഫിൻ ജഹാനുമായുള്ള വിവാഹത്തിനുശേഷം അതിനുപിന്നിലെ ‘ഭീകരവാദി’ ബന്ധത്തിലൂന്നി മാത്രം അന്വേഷണം നീങ്ങിയതാണ് മതംമാറിയുള്ള ഒരു വിവാഹത്തെ ദേശീയ അന്വേഷണ ഏജൻസിയുടെ കൈയിലെത്തിച്ചതും തീവ്രവലതുപക്ഷത്തിന് ഒരായുധം സമ്മാനിച്ചതും. അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയം കടുത്ത മുൻവിധിയോടെ തീർപ്പാക്കിയതിെൻറ ഫലമാണ് കേരളീയസമൂഹത്തെ മുൾമുനയിൽ നിർത്തിയ വിധികൾക്ക് പശ്ചാത്തലമൊരുക്കിയത്. സുപ്രീംകോടതിയുടെ ഏറ്റവുമൊടുവിലത്തെ വിധി ചരിത്രമാകുന്നത് പല കാരണങ്ങളാലാണ്. പ്രക്ഷുബ്ധ രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടിൽ നീതിപീഠങ്ങൾ നിയമവും വസ്തുതകളും മുന്നിൽ വെച്ചല്ലാതെ, പരിസരസമ്മർദങ്ങളാൽ സ്വാധീനിക്കപ്പെടുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുമെന്നും അരികുവത്കരിക്കപ്പെട്ട ജനതയുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കുമെന്നും ഹൈകോടതിവിധി തെളിയിച്ചപ്പോൾ സുപ്രീംകോടതി തിരുത്തൽശക്തിയായി വർത്തിച്ചു. പരമോന്നത നീതിപീഠത്തിെൻറ ഈ ഇടെപടൽ ഘനാന്ധകാരത്തിലെ വെള്ളിവെളിച്ചമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.