ഹജ്ജ് വിമാനം ഇനിയും കരിപ്പൂരിന് നഷ്ടമാകരുത്
text_fieldsകരിപ്പൂര്‍ ഇത്തവണയും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് ആയിരിക്കില്ളെന്ന കേന്ദ്രന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവന നിരാശജനകമാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ഹജ്ജ് വഖഫ് മന്ത്രി. ഡോ. കെ.ടി. ജലീലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാറും കരിപ്പൂരില്‍നിന്ന് ഹജ്ജ് വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന് അടിയന്തര നീക്കങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.
എം.ഇ.എസ് മുതല്‍ ചെറുതും വലുതുമായ സംഘടനകള്‍ ഒരു പക്ഷേ ഈ വിഷയം ഗൗരവമായി മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടാവണം. മലബാറുകാരുടെ ചിരകാലസ്വപ്നങ്ങള്‍ക്ക് ചിറകുവിരിയിച്ചുകൊണ്ട് 2002ല്‍ 404 ഹജ്ജ് യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ ജെംബോ 747 വിമാനം കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്നത് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ നല്‍കിയ താല്‍ക്കാലിക അനുമതിയുടെ പശ്ചാത്തലത്തിലായിരുന്നു. തുടര്‍ന്ന് എല്ലാ വര്‍ഷവും മറ്റൊരു അനുമതിയുടെ ചുവടുപിടിച്ച് ഇതര വിമാനകമ്പനികളുടെ വലിയവിമാനം 2015 മേയ് ഒന്നുവരെ വന്നുപോയിരുന്നു. സ്വാഭാവികമായും കരിപ്പൂരിലെ റണ്‍വേ പൊട്ടിപ്പൊളിഞ്ഞപ്പോള്‍ അറ്റകുറ്റപ്പണികള്‍ക്കായി വിമാനത്താവളം ഭാഗികമായി അടച്ചെങ്കിലും നാരോ ബോഡി വിമാനങ്ങള്‍ തടസ്സമില്ലാതെ പറന്നുയര്‍ന്നു. ഇന്ന് റണ്‍വേയുടെ ശക്തി 75 പി.സി.എന്‍ ആയി ഉയര്‍ത്തുകയും നീളം 2850 മീറ്ററായി മാറുകയും ചെയ്ത സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ക്ക് (വൈഡ് ബോഡി) അനുമതി നിഷേധിക്കുന്നത് മുടന്തന്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. സിവില്‍ ഏവിയേഷന്‍ ഹജ്ജ് യാത്രയുടെ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ ഇന്ത്യയിലെ 21 എംബാര്‍ക്കേഷന്‍ പോയന്‍റുകളില്‍നിന്ന് ഏതെല്ലാം വിമാനങ്ങള്‍ ഉപയോഗിക്കണമെന്ന പ്രത്യേക നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥ കരിപ്പൂരിന് അനുകൂലമാണ്. കോഴിക്കോടിനെക്കാള്‍ താരതമ്യേന സൗകര്യം കുറഞ്ഞ എയര്‍പോര്‍ട്ടുകള്‍ ഹജ്ജ് എംബാര്‍ക്കേഷനായി തിരഞ്ഞെടുത്തെങ്കില്‍ നിബന്ധനയോടെയെങ്കിലും കരിപ്പൂരിനെ പരിഗണിക്കാമായിരുന്നു. അതിനുകാരണം മലബാറുകാരുടെ മൗനമോ അതോ അവരുടെ പണത്തിന്‍െറ കുറവോ ആയിരിക്കാം.
രണ്ടുവര്‍ഷമായി അടഞ്ഞുകിടക്കുന്ന അഥവ കല്യാണം, താലികെട്ട് മുതലായ ആവശ്യങ്ങള്‍ക്കായി വാടകക്ക് കൊടുത്തിരുന്ന കരിപ്പൂരിലെ ഹജ്ജ് ഹൗസ് എന്ത് വിലകൊടുത്തും പുനരുജ്ജീവിപ്പിക്കണം. പാവനമായ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് മാത്രമായി ഈ ഗേഹത്തെ ഉപയോഗപ്പെടുത്തണം. തുച്ഛമായ വാടകക്കുവേണ്ടി ഹജ്ജ് ഹൗസിനെ പണയംവെക്കാന്‍ അനുവദിക്കരുത്. കരിപ്പൂരിന്‍െറ പേരും പെരുമയും തനിമയും ഹജ്ജ് ഹൗസിലൂടെ നിലനിര്‍ത്തണം.
സബ്സിഡിയും വിമാനനിരക്കും
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്താണ് ഹജ്ജ് സബ്സിഡിയുടെ തുടക്കം. അന്നത്തെ മുസ്ലിംകളെ പ്രീണിപ്പിക്കാനായി മെനഞ്ഞെടുത്ത ഈ തന്ത്രം മഴ തോര്‍ന്നാലും മരം പെയ്യും എന്ന നിലയില്‍ തുടരുന്നത് ധിഷണാശാലികളായ മുസ്ലിം സമൂഹവും മുസ്ലിം ഭരണനേതൃത്വവും മന$പൂര്‍വം കണ്ണടച്ചതുകൊണ്ടാണ്. ഇമ്രാനിലെ സൂക്തം ഓര്‍മപ്പെടുത്തി സുപ്രീംകോടതി 2012 ഏപ്രില്‍ 16ന് ഒരു വിധി പുറപ്പെടുവിച്ചു. 2022 ആവുമ്പോഴേക്കും ഘട്ടം ഘട്ടമായി ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്നും ആ തുക വിദ്യാഭ്യാസപുരോഗതിക്കും ആരോഗ്യ ഉന്നമനത്തിനുമായി വിനിയോഗിക്കാനും ഉത്തരവിറക്കി. ആ അടിസ്ഥാനത്തില്‍ 2012ല്‍ നല്‍കിയ 836 കോടി രൂപ 2013ല്‍ 680 കോടി ആയും 2014ല്‍ 583 ആയും 2022 തികയുമ്പോള്‍ പൂജ്യത്തിലുമാവും. രാഷ്ട്രീയമായും അല്ളെങ്കിലും നാം എന്നും ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മതേതരത്വം. ഒരു ബഹുസ്വര സമൂഹത്തില്‍ അതിന്‍െറ അര്‍ഥവും വ്യാപ്തിയും വളരെ വലുതാണ്. ഈ വിധി വന്ന നാളുകളില്‍ മുസ്ലിംകള്‍ക്ക് ലഭിക്കുന്ന ഹജ്ജ് സബ്സിഡിയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. 2012 മുതല്‍ 2014 വരെ 346323 ഹാജിമാര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 95490 പേര്‍ പ്രൈവറ്റ് ടൂര്‍ ഓപറേറ്റേഴ്സ് മുഖേനയും പോയിട്ടുണ്ട്. പക്ഷേ, അനുവദിച്ച ക്വോട്ടയില്‍നിന്ന് കുറച്ചുപേര്‍ മാത്രമാണ് ഈ കാലയളവില്‍ പോയത് എന്ന് മനസ്സിലാക്കാം. പ്രത്യേകിച്ച് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍ മുഖേന സുപ്രീംകോടതി വിധിക്കുശേഷം സബ്സിഡി തുകയില്‍ കുറവ് വന്നുതുടങ്ങിയതായി കണക്കുകള്‍ തെളിയിക്കുന്നു.
കൂടാതെ ഹജ്ജ് സീസണില്‍ വിമാനക്കമ്പനികള്‍ ചുമത്തുന്ന അമിതമായ ടിക്കറ്റ് നിരക്ക് പിന്‍വലിക്കാനും മന്ത്രി ജലീല്‍ മുന്‍കൈയെടുക്കണം. ഈ ടിക്കറ്റ് കൊള്ളക്ക് ആരാണ് ഉത്തരവാദികള്‍? ഇന്ത്യന്‍ സിവില്‍ ഏവിയേഷന് തീര്‍ച്ചയായും ഈ നിരക്ക് നിശ്ചയിക്കുന്നതില്‍ ഇടപെടാം. ബോംബെ - ഡല്‍ഹി ആസ്ഥാനമാക്കി പ്രത്യേക ലോബികള്‍തന്നെ ഹജ്ജ് സീസണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനസ്സുവെച്ചാല്‍ ക്രമീകരിക്കാവുന്ന സാധാരണക്കാര്‍ക്ക് പ്രചോദനംപകരുന്ന രീതിയില്‍ ഹജ്ജ് വ്യവസ്ഥകള്‍ പരിഷ്കരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.