ഹജ്ജ്: ഓപറേറ്റർമാരുടെ ചൂഷണം തടയാൻ
text_fieldsസുപ്രീംകോടതിയുടെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് ഇന്ത്യയിലെ ഹജ്ജ് തീർഥാടന മേഖലയിലെ അഴിമതിക്കറകൾ കുറെയെങ്കിലും ഇല്ലാതാക്കാനായത്. കേന്ദ്ര സർക്കാറിനുകീഴിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന നടത്തുന്ന ഹജ്ജ് തീർഥാടനം ഏറക്കുറെ സുതാര്യമായെന്ന് പറയാനാവും. സ്വകാര്യ ഗ്രൂപ്പുകൾ മുഖേനയുള്ള ഹജ്ജ് കർമം സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കൃത്യമായ ചട്ടങ്ങൾ തയാറാക്കി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാലും തട്ടിപ്പിന് ഇരയാകുന്നവർ നിരവധി. വിവിധ നിയന്ത്രണങ്ങളും ചട്ടങ്ങളും കർശനമാക്കുമ്പോഴും സ്വകാര്യ പ്രൈവറ്റ് ടൂർ ഓപറേറ്റർമാർ (പി.ടി.ഒ) മുഖേന നടക്കുന്ന ഹജ്ജ് തീർഥാടനം ഇപ്പോഴും പരിമിതികൾക്കും പരാതികൾക്കും നടുവിലാണ്. കോവിഡ് നിയന്ത്രണങ്ങൾക്കൊടുവിൽ രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടന്ന 2022ലെ ഹജ്ജിൽ ഇന്ത്യയിൽ നിന്ന് നിരവധി വിശ്വാസികൾ സ്വകാര്യ ഗ്രൂപ് മുഖേന പങ്കുചേർന്നിരുന്നു. ഒട്ടേറെ പരാതികളുമുണ്ടായി. വിഷയം സംസ്ഥാന നിയമസഭയിലും സബ്മിഷനായി ഉന്നയിക്കപ്പെട്ടു. ഒരു ഗ്രൂപ്പിനെതിരെ നിരവധി പരാതികളാണ് ലഭിച്ചതെന്ന് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞിരുന്നു. താമസം, ഭക്ഷണം, യാത്ര എന്നിവയൊന്നും നേരത്തെ നൽകിയ വാഗ്ദാനപ്രകാരം അവർ നൽകിയിരുന്നില്ല, തുടർന്ന് വിഷയത്തിൽ മന്ത്രി ഇടപെടുകയുമുണ്ടായി. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും നേരിട്ടും വ്യാപക പരാതികൾ ലഭിച്ചു. ഒടുവിൽ ഇവർക്ക് കേന്ദ്രം കാരണംകാണിക്കൽ നോട്ടീസും നൽകി. നാലുമുതൽ 12 ലക്ഷം രൂപ വരെയാണ് വിവിധ സ്വകാര്യ ഗ്രൂപ്പുകൾ കഴിഞ്ഞ തവണ ഈടാക്കിയത്.
അറിയാം ഹജ്ജ് നടപടികൾ
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഹജ്ജ് നടപടികൾ സംബന്ധിച്ച സകല വിവരങ്ങളും ഇന്ന് പരസ്യമായി ലഭ്യമാണ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെയോ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയോ വെബ്സൈറ്റിൽ നിന്ന് വിവരങ്ങളെല്ലാം വായിച്ചു മനസ്സിലാക്കാനാവും. (hajcommittee.gov.in) സർക്കാർ, സ്വകാര്യ ഗ്രൂപ്പുകൾ മുഖേന ഹജ്ജിന് പോകുന്നവർ വെബ്സൈറ്റിൽ പ്രവേശിച്ച് കാര്യങ്ങൾ കൃത്യമായി പഠിക്കുന്നത് ഗുണകരമാകും. പലരും ഹജ്ജ് കഴിഞ്ഞ് മടങ്ങിവന്നതിന് ശേഷമായിരിക്കും ഇവ പരിശോധിക്കുക.
വെബ്സൈറ്റിൽ കയറിയാൽ ഹജ്ജ് പി.ടി.ഒ പാക്കേജുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും. വിവിധ ട്രാവൽ ഗ്രൂപ്പുകൾ നൽകുന്ന പാക്കേജുകളും ഇതിന്റെ പണവും, ഓരോ സ്ഥലങ്ങളിൽ എത്രദിവസം താമസം തുടങ്ങി കേന്ദ്ര സർക്കാറിന് ഔദ്യോഗികമായി നൽകിയ എല്ലാ കാര്യങ്ങളുടെയും വിശദാംശങ്ങൾ ലഭ്യമാകും. ഈ പറയുന്ന രീതിയിൽ തന്നെയാണോ പണം ഈടാക്കുന്നത്, താമസം, വിമാന യാത്ര, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ നൽകുന്നതെന്ന കാര്യങ്ങൾ ഉറപ്പുവരുത്തണം.
പാക്കേജിൽ പറഞ്ഞ പണം മാത്രമാണ് നൽകേണ്ടത്. ഇക്കോണമി, ഡീലക്സ്, സൂപ്പർ ഡീലക്സ്, പ്ലാറ്റിനം തുടങ്ങി വിവിധ പാക്കേജുകൾ ഗ്രൂപ്പുകൾ നൽകുന്നുണ്ട്. ഇവയിൽ സൗകര്യങ്ങളും വ്യത്യസ്തമാണ്. പലപ്പോഴും പണം നൽകുന്നതിനപ്പുറത്തേക്ക് സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതൊഴിവാക്കുന്നതിനാണ് വിഷയം മുൻകൂട്ടി കേന്ദ്ര സർക്കാർ തന്നെ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ വർഷം നൽകിയ പാക്കേജിലെ സൗകര്യങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാക്കുകയും മുൻവർഷങ്ങളിൽ ഹജ്ജിന് പോയവരെ കണ്ടെത്തി, നൽകിയ ഈ സൗകര്യങ്ങളെല്ലാം ലഭിച്ചിരുന്നോ എന്ന് ഉറപ്പുവരുത്തുകയും വേണം.
ഹജ്ജിന് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ അംഗീകൃത ഏജന്റാണോ സബ് ഏജന്റാണോ എന്ന് ഉറപ്പുവരുത്തുക. ഹജ്ജ് പി.ടി.ഒ വെബ്സൈറ്റിലും കഴിഞ്ഞ വർഷം സർക്കാർ അംഗീകരിച്ച ഏജൻസികളുടെ പേര് കിട്ടും. കൂടാതെ, ഓരോ വർഷവും അംഗീകൃത ഏജൻസികൾക്ക് അനുവദിച്ച ക്വോട്ടയും പ്രസിദ്ധീകരിക്കാറുണ്ട്. അവരുടെ പേര് പട്ടികയിൽ ഉണ്ടെങ്കിൽ അംഗീകൃത ഏജൻസിയാണ്. നിങ്ങൾ സമീപിച്ച സ്ഥാപനത്തിന്റെ പേര് ഇല്ലെങ്കിൽ അവർ സബ് ഏജന്റായിരിക്കും. ഇത്തരം ഘട്ടങ്ങളിൽ പണം നഷ്ടമാകാനും പറ്റിക്കപ്പെടാനും സാധ്യതയുണ്ട്.
പാക്കേജിൽ പറഞ്ഞ തുക മാത്രം നൽകുക, മറ്റ് ഗ്രൂപ്പുകളിൽ ബുക്കിങ് അവസാനിക്കുന്നതോടെ നിരക്ക് വർധിക്കുന്ന പ്രവണത ഉണ്ടാവാറുണ്ട്. നാലര ലക്ഷം പറഞ്ഞിടത്ത് ആറര വരെ ആവശ്യപ്പെടും. ഉയർന്ന തുക നൽകാൻ പലരും നിർബന്ധിതരാകും. അവസാനഘട്ടത്തിൽ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനും ആവശ്യപ്പെടും. ഔദ്യോഗിക അക്കൗണ്ടിലേക്ക് മാത്രം പണം നൽകുക. ഓരോ തവണ പണം കൈമാറുമ്പോഴും കൃത്യമായി രസീത് വാങ്ങുക.
മിനയിലെയും മറ്റിടങ്ങളിലെയും താമസവും ഭക്ഷണവും നേരെത്ത വാഗ്ദാനം ചെയ്ത രീതിയിലായിരുന്നോ എന്ന് ഉറപ്പുവരുത്തുക. വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണെങ്കിൽ അവയുടെ ചിത്രങ്ങളും വിഡിയോകളും പകർത്തി പരാതി നൽകുക. സൗദിയിൽനിന്ന് പരാതി നൽകിയാൽ ഉടൻ നടപടിയുണ്ടാകും. സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം എന്നിവരെ ട്വിറ്ററിൽ ടാഗ് ചെയ്യുക.
ഹജ്ജ് കർമത്തിനുപോകുന്നവർ ചരിത്ര പ്രധാനമായ സ്ഥലങ്ങളിലും സന്ദർശനം നടത്താറുണ്ട്. നല്ല ഗ്രൂപ്പുകൾ എല്ലാം തീർഥാടകരെയും ഇവിടങ്ങളിൽ കൊണ്ടുപോകാറുണ്ട്. ചിലർ സന്ദർശനത്തിന് അവസരം ഒരുക്കുമെന്ന് പറയാറുണ്ടെങ്കിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമാണ് കൊണ്ടുപോവുക. ബാക്കിയുള്ള ഇടങ്ങളിൽ സ്വന്തം ചെലവിൽ പോകേണ്ടിവരും. ഇത് ഒഴിവാക്കുന്നതിന്, ബുക്കിങ് സമയത്തുതന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുക.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.