കരുണയുടെ കൈപ്പുസ്തകം
text_fieldsഭാരം താങ്ങാൻ പ്രയാസപ്പെടുന്ന വയോധികയെക്കണ്ട് സഹായിക്കാൻ പോയതാണ് ആ ചെറുപ്പക്കാരൻ. സഹിക്കാനാവാത്ത ഭാരം പ്രയാസപ്പെടുത്തുന്ന ഘട്ടത്തിൽ സഹായവുമായെത്തുന്നവരോട് മനസ്സിൽ ഉറപൊട്ടുന്ന ഇഷ്ടത്തിന് പല ഭാവങ്ങളാണ്. സ്നേഹവും ബഹുമാനവും കടപ്പാടും കരുതലും എല്ലാം ചേരുന്ന പ്രത്യേക വികാരം. ആ കരുതൽ വെച്ചാണ് വയോധിക ഉപദേശം നൽകിയത്: ''സഹായമനസ്കനായ, നന്മയുള്ള ചെറുപ്പക്കാരാ, മുഹമ്മദ് എന്നൊരാൾ വഴിതെറ്റിക്കൽ പ്രസ്ഥാനത്തിലേക്ക് ആളെച്ചേർക്കുന്നുണ്ട്, ആ ദൂഷിത വലയത്തിൽ പെട്ടുപോകല്ലാ'' എന്ന്.
''ഞാനാണ് താങ്കൾ പറയുന്ന മുഹമ്മദ്'' എന്ന് മറുപടി! വയോധികക്ക് തന്റെ കേട്ടുകേൾവി തെറ്റാണെന്ന് ബോധ്യമാവാൻ മറ്റൊരു സാക്ഷ്യമോ തെളിവോ വേണ്ടതില്ലായിരുന്നു.
തെറ്റിദ്ധാരണകളും മുൻവിധികളും വെച്ച് വിലയിരുത്തുകയും വിധിക്കപ്പെടുകയും ചെയ്യുന്ന രീതി സമീപകാല പ്രതിഭാസമൊന്നുമല്ല എന്നോർമപ്പെടുത്തുന്നുണ്ട് ഈ നബിയനുഭവം. ഏതു മുൻവിധിയുടെയും മുനയൊടിക്കുന്ന നന്മയുടെയും വിശുദ്ധിയുടെയും ജീവിതപ്പരിചയുണ്ടായിരുന്നു പ്രവാചകന്. വിടവാങ്ങൽ പ്രസംഗത്തിൽ വിട്ടേച്ചുപോയ വിശുദ്ധ പുസ്തകവും തിരുചര്യയും നെഞ്ചേറ്റുന്നവർക്കും ആ വിശുദ്ധിയും നന്മയും പരിചയും സ്വന്തമാവുന്നു.
വയോധികരോട്, അനാഥകളോട്, കുഞ്ഞുങ്ങളോട്, വിധവകളോട്... തുടിക്കുന്ന കരളുള്ള ഏതൊന്നിനോടും കരുണയോടെ വർത്തിച്ച, കരുണ കാണിക്കണമെന്ന് പഠിപ്പിച്ച നായകന്റെ ജീവിതം നൂറ്റാണ്ടുകൾക്കിപ്പുറവും വിളക്കായിനിന്ന് വഴിതെളിക്കുന്നു. തെരുവുനായ്ക്കൾ സാമൂഹിക ഭീഷണിയാണെന്നും അവയെ ഇല്ലാതാക്കണമെന്നുമുള്ള മട്ടിൽ ചർച്ചകൾ പുരോഗമിക്കവേ അത് നബികാരുണ്യത്തിന് വിരുദ്ധമാണെന്നും പാടില്ലെന്നും ആ പ്രകാശം നമ്മുടെ ഉള്ളത്തോട് പറയുന്നു. സ്ത്രീകൾക്ക് അന്യായ വിലക്ക് കൽപിക്കുന്നവരോട്, ഇതല്ല ഞങ്ങളുടെ പ്രവാചകൻ പഠിപ്പിച്ചതെന്ന് വിരൽചൂണ്ടിപ്പറയാൻ ഏതിരുൾക്കാലത്തും അത് ധൈര്യം നൽകുന്നു. നിറഞ്ഞൊഴുകുമ്പോഴും ഒരു കൈക്കുടന്ന മാത്രമെടുക്കൂ എന്ന് മന്ത്രിക്കുന്നു ; അടുത്തുള്ളവർ അത്താഴം കഴിച്ചില്ലെന്ന അറിവ് നമ്മുടെ ഉറക്കം കെടുത്തുന്നു. എന്തിനേറെ, പുഞ്ചിരിക്കുന്ന ഓരോ മുഖം കാണുമ്പോഴും അതും പുണ്യമെന്നുരചെയ്ത നബിഗുരുനാഥൻ ഒരു മധുരപുഞ്ചിരിയായി ഓർമയിലെത്തുന്നു.●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.