Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രതിപക്ഷത്തിന്...

പ്രതിപക്ഷത്തിന് പഠിക്കാനുണ്ട്, ​പ്രഫസർ സാഹബിൽ നിന്ന് ഒരുപാട്

text_fields
bookmark_border
പ്രതിപക്ഷത്തിന് പഠിക്കാനുണ്ട്, ​പ്രഫസർ സാഹബിൽ നിന്ന് ഒരുപാട്
cancel
camera_alt

പുതിയ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ്​ നാരായൺ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിക്കുന്നു. ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു സമീപം

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ രാജ്യസഭ ഉപാധ്യക്ഷ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷനിരയുടെ സംഭ്രമാവസ്ഥയും ബി.ജെ.പിയുടെ എണ്ണം പറഞ്ഞുള്ള കളികളെ എതിരിടാനുള്ള ഒറ്റക്കെട്ടായുള്ള തന്ത്രങ്ങളുടെ അഭാവവും ഒരുവട്ടംകൂടി വെളിപ്പെടുത്തുന്നു. സ്വാഭാവികമായും ദേശീയ ജനാധിപത്യസഖ്യത്തിന് (എൻ.ഡി.എ) മേൽക്കൈയുള്ള തെരഞ്ഞെടുപ്പ്, വരാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിെൻറ റിഹേഴ്സലായാണ് ഗണിക്കപ്പെട്ടത്. എൻ.ഡി.എയും യു.പി.എയും അണിനിരത്തിയത് ബിഹാറിൽ നിന്നുള്ള പോരാളികളെ. അതും അവിടത്തെ മുൻനിര കക്ഷികളായ ജനതാദൾ -യു, രാഷ്​ട്രീയ ജനതാദൾ പാർട്ടികളിൽ നിന്നുള്ളവരെ.

87 സീറ്റുകളുമായി രാജ്യസഭയിലെ ഏറ്റവും വലിയ പാർട്ടിയായിരുന്നിട്ടും സ്വന്തം പ്രതിനിധിയെ നിർത്താതെ ജനതാദൾ -യു അംഗം ഹരിവംശ് നാരായൺ സിങ്ങിനെ മത്സരിപ്പിക്കാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചത് അവരുടെ രാഷ്​ട്രീയ പ്രായോഗിക ബുദ്ധിയാണ്. 2018 ആഗസ്​റ്റ്​ മുതൽ രാജ്യസഭ ഉപാധ്യക്ഷ പദവി വഹിച്ചുവരുന്ന സിങ്ങി​െൻറ​ രാജ്യസഭാംഗത്വ കാലാവധി ഈ വർഷം ഏപ്രിലിൽ അവസാനിച്ചതിനെ തുടർന്നാണ് ആ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപരിസഭയിലേക്ക് ഈ ജൂലൈയിൽ അദ്ദേഹം വീണ്ടും നാമനിർദേശം ചെയ്യപ്പെട്ടു. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യസഭയിലെ തന്ത്രപ്രധാനമായ ഈ പദവിയിലേക്ക് ബി.ജെ.പി വീണ്ടും ആനയിച്ചിരുത്തുകയും ചെയ്തു. അദ്ദേഹത്തിെൻറ പാർട്ടിക്ക് രാജ്യസഭയിൽ വെറും അഞ്ചു പേരുടെ അംഗബലം മാത്രമാണുള്ളത്. എൻ.ഡി.എക്ക് 126 അംഗങ്ങളുടെ പിൻബലമുള്ളതിനാൽ തെരഞ്ഞെടുപ്പ് ഫലം തീർത്തും പ്രവചനീയമായിരുന്നുവല്ലോ.

എന്നാൽ, മറുവശത്ത് ഒരു പ്രതീകാത്മക വെല്ലുവിളി നൽകാനുള്ള ആസൂത്രണം പോലും പ്രതിപക്ഷനിരക്ക് ഇല്ലായിരുന്നു. ഡി.എം.കെയുടെ തിരുച്ചി ശിവയെ യു.പി.എ സ്ഥാനാർഥിയാക്കും എന്നായിരുന്നു ആദ്യം കേട്ടത്. എന്നാൽ, സെപ്റ്റംബർ 14ന് നടക്കേണ്ട തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ്​ ഡി.എം.കെ പിന്മാറുകയും അവസാന നിമിഷത്തിൽ പ്രഫ. മനോജ്കുമാർ ഝായുടെ പേര് ഉയർന്നുവരുകയും ചെയ്തു. തെളിഞ്ഞ പ്രതിച്ഛായയും മികച്ച പ്രസംഗപാടവവും കൈമുതലായുള്ള അദ്ദേഹത്തിന് പ്രചാരണം നടത്താൻ പോയിട്ട് സഹപ്രവർത്തകരുടെ പിന്തുണ തേടാൻ പോലും ആവശ്യത്തിന് സമയം ലഭിച്ചില്ല. സെപ്​റ്റംബർ 11നാണ് പത്രിക നൽകുന്നതുതന്നെ.

എങ്കിലും, ഒഴുക്കൻമട്ടിൽ അവസാനിക്കുമായിരുന്ന ഒരു തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസം നിറഞ്ഞ ഒരു പോരാട്ടമാക്കി മാറ്റിയതിെൻറ എല്ലാ ​െക്രഡിറ്റും പ്രഫസർ സാഹബിന് അവകാശപ്പെട്ടതാണ്. ഡൽഹി സർവകലാശാലയിലെ അധ്യാപകനായ ഝായുടെ പേര് ബിഹാർ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഈ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരുക വഴി കൃത്യമായ ഒരു രാഷ്​ട്രീയ പ്രസ്താവന നടത്താനായതിൽ സമാജ്​വാദി പാർട്ടിയോടും കോൺഗ്രസിനോടും നന്ദിപറയുക.

പത്രിക സമർപ്പണത്തിനുശേഷം പിന്തുണ തേടി സഹപ്രവർത്തകർക്ക് പ്രഫ. ഝാ എഴുതിയ അതിഹൃദ്യമായ കത്ത് സവിശേഷ പ്രാധാന്യമർഹിക്കുന്നു. അംഗബലം നോക്കിയാൽ തനിക്കുള്ള പിന്തുണ തുലോം കുറവാണെന്ന് തികഞ്ഞ ബോധ്യമുള്ള അദ്ദേഹം ഈ തെരഞ്ഞെടുപ്പിന് പുതിയ മാനം നൽകുകയായിരുന്നു. ഇത് അഭിപ്രായ ഐക്യത്തിെൻറയും കൂടിയാലോചനയുടെയും സംവാദത്തിെൻറയും രാഷ്​ട്രീയവും സംഘർഷത്തിെൻറയും പിടിവാശിയുടെയും സമഗ്രാധിപത്യത്തിെൻറയും രാഷ്​ട്രീയവും തമ്മിലെ പോരാട്ടമായി ചിത്രീകരിക്കാൻ അദ്ദേഹത്തിനായി.

ജനാധിപത്യത്തിെൻറയും ഫെഡറലിസത്തിെൻറയും സത്തയിലൂന്നി, ത​െൻറ സഹപ്രവർത്തകരെ വിശിഷ്യ പ്രാദേശിക കക്ഷികളുടെ പ്രതിനിധികളെ സംബോധന ചെയ്ത് എഴുതിയ കത്തിൽ ഇതു കേവലം രണ്ടു വ്യക്തികൾ തമ്മിലെ മത്സരമായി കാണരുതെന്നും പാർലമെൻററി ജനാധിപത്യത്തിെൻറ രണ്ടു വ്യത്യസ്​ത പാഠഭേദങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുപക്ഷം ഇതു വെറും അക്കങ്ങൾകൊണ്ടുള്ള കളിയായി കാണുേമ്പാൾ നാം വിമർശനങ്ങളുടെയും കൂടിയാലോചനയുടെയും രാജ്യത്തിെൻറയും ജനങ്ങളുടെയും താൽപര്യത്തിലൂന്നിയ അഭിപ്രായ സമന്വയത്തിെൻറയും പ്രാധാന്യം ഉൾക്കൊണ്ട് മുന്നോട്ടുപോകുന്നു. ഏതുവിധേനയും ജയിച്ചു കയറുക എന്ന ലക്ഷ്യംവെച്ചല്ല ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും മറിച്ച് ഉത്തരവാദിത്ത ഭരണനിർവഹണം സംബന്ധിച്ച കൃത്യമായ ഒരു നിലപാട് പ്രഖ്യാപനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം എം.പിമാരോടു പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഭരണം കൈയാളുന്ന പ്രാദേശിക പാർട്ടികൾക്ക് കേന്ദ്ര-സംസ്ഥാന ബന്ധം എതിർപ്പുകളില്ലാത്ത രീതിയിൽ നിലനിർത്തുന്നതിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങേണ്ടിവരാത്ത ഒരു സംവിധാനം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രഖ്യാപിക്കവെ ബി.ജെ.ഡി, ടി.ആർ.എസ്, വൈ.എസ്.ആർ.സി.പി തുടങ്ങിയ പാർട്ടികളുടെ നേതാക്കളുടെ മനസ്സിൽ തട്ടുമെന്നാവും അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവുക. അതെന്തായാലും സംഭവിച്ചില്ല.

കോൺഗ്രസ്, സമാജ്​വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ശിവസേന, എൻ.സി.പി, ഝാർഖണ്ഡ് മുക്തി മോർച്ച, കേരള കോൺഗ്രസ് -എം, സി.പി.ഐ, സി.പി.എം, ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗ് എന്നിങ്ങനെ 12 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, അംഗബലത്തിലെ കുറവുമൂലം അദ്ദേഹം ഉയർത്തിയ വെല്ലുവിളി ഫലപ്രാപ്തിയിലെത്തിയില്ല.

ഇരുപക്ഷവും ബിഹാറിലെ രണ്ടു മുൻനിര പാർട്ടികളുടെ പ്രതിനിധികളെ മത്സരിപ്പിച്ചതുതന്നെ നിയമസഭ തെരഞ്ഞെടുപ്പിെൻറ മുന്നൊരുക്കമായാണ്​. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കേണ്ടതാണെങ്കിലും ഇരു തെരഞ്ഞെടുപ്പുകളുടെയും രീതിശാസ്ത്രം തികച്ചും ഭിന്നമാണ്. അതു കൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിെൻറ ഫലംവെച്ച് വരും തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശകലനമോ പ്രവചനമോ നടത്തുന്നത് അബദ്ധവുമാണ്.

എന്നാൽ, തീർത്തും ഉദാസീനമായി നിലകൊണ്ട പ്രതിപക്ഷം അവസാനനിമിഷത്തിൽ ദുർബലമായ പ്രതിരോധമെങ്കിലും സൃഷ്​ടിക്കുന്നതിനായി ഉണർന്നെണീറ്റു എന്നതാണ്. രാജ്യസഭയിൽ 40 സീറ്റുകളുള്ള കോൺഗ്രസ് ആർ.ജെ.ഡിയുടെ സ്ഥാനാർഥിയെയാണ് മത്സരത്തിനിറക്കിയത്. ബിഹാറിലെ വലിയ പാർട്ടിയാണെങ്കിലും അവർക്കിവിടെ അഞ്ച് അംഗങ്ങൾ മാത്രമാണുള്ളത്. 2018 ആഗസ്​റ്റിൽ രാജ്യസഭ ഉപാധ്യക്ഷപദത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഹരിവംശ് നാരായൺ സിങ്ങിനെതിരെ കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയായ ബി.കെ. ഹരിപ്രസാദിനെയാണ് മത്സരിപ്പിച്ചത് എന്നകാര്യം ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്. അന്ന് 20 വോട്ടുകൾക്ക് ഹരിവംശ് വിജയിയാവുകയായിരുന്നു.

പരിണതി എന്താവുമെന്ന് പൂർണനിശ്ചയമുണ്ടായിട്ടും എന്തേ ഈ സ്ഥാനാർഥിത്വത്തിന് സമ്മതിച്ചു എന്ന ചോദ്യത്തിന് താനിതിനെ ഒരു അങ്കക്കളിയായല്ല, മറിച്ച് രാഷ്​ട്രീയ നിലപാട് പ്രഖ്യാപനമായാണ് കാണുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്​. അതിർത്തിയിലെ ഗുരുതര പ്രതിസന്ധികളാവട്ടെ, കോവിഡ്​ പ്രശ്നങ്ങളാവട്ടെ, തൊഴിലില്ലായ്മയോ ജി.ഡി.പിയോ ആകട്ടെ എല്ലാവിധ ആശയവിനിമയങ്ങളെയും സംവാദങ്ങളെയും തടഞ്ഞുവെച്ചിരിക്കുന്ന സർക്കാറിനോട് സംഭാഷണങ്ങളിലേക്ക് മടങ്ങൂ എന്ന് ആവശ്യപ്പെടാൻ വേണ്ടിയാണ്. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളെ ചർച്ചയിലേക്ക് കൊണ്ടുവരുക എന്നതാണ് താൻ ലക്ഷ്യമിടുന്നത്. സർക്കാറിനെയും രാഷ്​ട്രത്തെയും ഒന്നായിക്കാണിക്കാനുള്ള ശ്രമങ്ങൾക്കെതിരായ തുറന്ന സന്ദേശംകൂടിയാണ് ഈ തെരഞ്ഞെടുപ്പ് പങ്കാളിത്തം.

ഏതൊരാൾക്കും മുൻകൂട്ടി ഫലം പ്രഖ്യാപിക്കാമായിരുന്ന, തീർത്തും വിരസമായി മാറുമായിരുന്ന ഒരു തെരഞ്ഞെടുപ്പിന് അൽപമെങ്കിലും പ്രാധാന്യം ലഭിച്ചതും ബിഹാറിെൻറ മുന്നൊരുക്കമായി വിലയിരുത്തപ്പെട്ടതും അതിലേറെ ഒരു രാഷ്​ട്രീയനിലപാട് പ്രഖ്യാപനമായി മാറ്റിയതും പ്രഫ. ഝായുടെ ആത്മാർഥ പരിശ്രമം ഒന്നുമാത്രമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaHarivansh SinghDeputy Chairman
Next Story