അതിനുള്ള ഉത്തരം കാറ്റിലുണ്ട്...
text_fieldsപാട്ടുകൾക്ക് മനസ്സിൽ പറ്റിപ്പിടിച്ചിരിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്, അവയുടെ വരികൾ നാം ജീവിക്കുന്ന കാലത്തെ മറ്റെന്തിനേക്കാളും കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യാറുണ്ട്. ബോബ് ഡിലെൻറ 'ബ്ലോയിങ് ഇൻ ദ വിൻഡ്' അത്തരമൊരു പാട്ടാണ്.
'How many ears must one man have before he can hear people cry;
how many deaths will it take till he knows that too many people have died;
The answer, my friend, is blowin' in the wind, the answer is blowin' in the wind. . .'
(ഇനിയെത്ര കാതുകൾ വേണം നമുക്കിനി,
മനുഷ്യെൻറ നിലവിളിയൊന്നു കേൾക്കാൻ
ഇനിയെത്ര മരണങ്ങൾ വേണം നമുക്കിനി
ഒരുപാട് മരണങ്ങളെന്നു തോന്നാൻ
ഇതിനൊക്കെ ഉത്തരം കാറ്റിലുണ്ട്,
ഇവിടൊക്കെ വീശുമീ കാറ്റിലുണ്ട്)
എന്തുകൊണ്ടാണ് ഈ വരികൾ കേൾക്കുേമ്പാൾ എനിക്ക് സമകാലിക ഇന്ത്യ മനസ്സിൽ വരുന്നത്. അതേ മണ്ണിൽ ചവിട്ടിനിൽക്കെ എനിക്കു ചുറ്റുമുള്ളത് ഒരു അപരിചിത രാജ്യമായി മാറുന്നതുകൊണ്ടാണോ? ഇന്ത്യ ഒരു ജനായത്ത സംവിധാനമാണെന്ന് ഞാൻ കേട്ടുകൊണ്ടേയിരിക്കുന്നു. ജനായത്ത സംവിധാനമാണെങ്കിൽ ക്രിമിനലുകളാണ് തുറുങ്കിലടക്കപ്പെടേണ്ടത്. അല്ലാതെ ഒരു കുറ്റവും ചെയ്യാതെ ഭരണകൂടത്തോട് എതിരഭിപ്രായം പ്രകടിപ്പിച്ച മനുഷ്യരല്ല. അത്തരത്തിൽ എത്രപേർ തടങ്കലിലാക്കപ്പെട്ടിരിക്കുന്നുവെന്നുപോലും നമുക്കറിഞ്ഞുകൂടാ, അങ്ങനെയിരിക്കെ ഇന്ത്യയെ ജനായത്ത രാജ്യമെന്ന് വിളിക്കാനാകുമോ?
ആ ചോദ്യത്തിനുള്ള ഉത്തരം ഇവിടെ വീശുന്ന കാറ്റിൽതന്നെയുണ്ട് ചങ്ങാതീ.
ഈയിടെ ഞാൻ കേട്ടു, സർക്കാർ ഒരു ശക്തമായ പ്രതിപക്ഷത്തെ ആഗ്രഹിക്കുന്നുവെന്ന്. പക്ഷേ, പ്രതിപക്ഷക്കാർ, ഉദാഹരണത്തിന് എൽഗാർ പരിഷദ് തടവുകാർ ഔദ്യോഗിക സംവിധാനങ്ങളെ വിമർശിച്ചതിനും ഭരണവർഗ താൽപര്യങ്ങളുമായി സമരസപ്പെടാത്തതിനുമാണ് ജയിലിൽ കഴിയേണ്ടിവന്നിരിക്കുന്നത്- ഇവ്വിധത്തിലാണോ ഒരു ജനായത്തക്രമത്തിൽ എതിരഭിപ്രായങ്ങളോട് പ്രതികരിക്കേണ്ടത്?
1947ൽ സ്വാതന്ത്ര്യം കിട്ടിയ കാലംതൊട്ട് സർക്കാറും പ്രതിപക്ഷവും തമ്മിൽ സകല വിഷയങ്ങളിലും പാർലമെൻറിനകത്തും പുറത്തും കടുത്ത പോരാട്ടങ്ങളുണ്ടായിട്ടുണ്ട്. സർക്കാറിെൻറ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിെൻറ പേരിൽ അന്നൊന്നും ഒരാളെയും ജയിലിൽ കൊണ്ടുപോയടച്ചിരുന്നില്ല. ഊർജസ്വലമായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ ജനായത്ത രീതികൾ മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് മാതൃക എന്നരീതിയിൽ ലോകം വാഴ്ത്തിയിരുന്നു. എന്നിട്ടെന്തേ വർത്തമാനകാല ഇന്ത്യ അതിെൻറതന്നെ മാതൃക പിൻപറ്റാൻ തയാറാവുന്നില്ല?
നിലവിലുള്ളതോ മുമ്പുണ്ടായിരുന്നതോ ആയ സർക്കാറുകൾ അവ മാനിച്ചിട്ടില്ല എന്നിരിക്കിലും ഒരു ജനായത്ത വ്യവസ്ഥിതിയിൽ തടവുകാർക്ക് അവകാശങ്ങളുണ്ട് എന്ന സത്യത്തെ നാം അംഗീകരിച്ചേ തീരൂ. കുറ്റസമ്മതമൊഴി ബലംപ്രയോഗിച്ച് വാങ്ങിയെടുക്കുന്നതിനായി ഇന്ത്യൻ ജയിലുകളിൽ തടവുകാരെ നിരന്തര പീഡനങ്ങൾക്കിരയാക്കുന്നുവെന്നത് തീർത്തും നാണംകെട്ട കാര്യമാണ്. രാഷ്ട്രീയ തടവുകാരിൽ ചിലരോട് പകപോക്കൽ നിലപാട് കൈക്കൊള്ളുകയും ആരോഗ്യ-കുടുംബ കാരണങ്ങളാൽ അത്യന്താപേക്ഷിതമായ ഘട്ടങ്ങളിൽപോലും ജാമ്യം നിഷേധിക്കുകയും ചെയ്യുന്നുണ്ടിവിടെ. ചിലരെ ഇത് മരണത്തിൽ കൊണ്ടെത്തിക്കുന്നു. ജസ്യൂട്ട് പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമി അത്തരമൊരു അറിയപ്പെടുന്ന രക്തസാക്ഷിയാണ്. എത്രയെത്ര രാഷ്ട്രീയ തടവുകാർ ഇവ്വിധത്തിൽ ദുരിതപ്പെട്ട് വിധിക്ക് കീഴടങ്ങിയെന്ന് നമുക്കറിഞ്ഞു കൂടാ. ഇങ്ങനെയിരിക്കെ സർക്കാർ ശക്തമായ പ്രതിപക്ഷത്തെ ആഗ്രഹിക്കുന്നു എന്നുപറയുന്നതിൽ കഴമ്പുണ്ടോ?
ആ ചോദ്യത്തിനുള്ള ഉത്തരം ഇവിടെ വീശുന്ന കാറ്റിൽ തന്നെയുണ്ട് ചങ്ങാതീ.
ഞാൻ സ്വയം ചോദിക്കാറുണ്ട്- ഇതു തന്നെയാണോ ഞാൻ വളർന്ന ഇന്ത്യ? പരിചിതമായ ഒരു അടയാളവും അവശേഷിക്കാത്ത ഒരു അപരിചിത ദേശംപോലെ തോന്നിക്കുന്നുവെനിക്ക്. സ്വതന്ത്ര ഇന്ത്യ സർവ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പുനൽകുന്ന ഒരു ഭരണഘടനയെ നെഞ്ചേറ്റിയിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും ഓരോരുത്തർക്കും അവർ തിരഞ്ഞെടുക്കുന്ന വിശ്വാസ പ്രമാണം മുറുകെപ്പിടിച്ച് ജീവിക്കാനുള്ള അവകാശങ്ങളെ വകവെച്ചുകൊടുക്കുകയും ചെയ്യുന്നു. ഭരണഘടനാവകാശങ്ങൾ ഏതൊരു സാഹചര്യത്തിലും അടിയറവെച്ചുകൂടാ, പിൻവലിക്കപ്പെട്ടുകൂടാ. എന്നാൽ, ആ പൈതൃകം ഇപ്പോൾ അവഗണിക്കപ്പെടുന്നു, അല്ലെങ്കിൽ അവമതിക്കപ്പെടുന്നു. സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും അഭിമാനപൂർവം ഉദ്ഘോഷിച്ചുപോന്ന ഇന്ത്യ ഇല്ലാതായിരിക്കുന്നു, അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ചീന്തി എറിയപ്പെട്ടിരിക്കുന്നു.
ഒരു രാജ്യത്തിന് തിളക്കംപകർന്ന് വിളങ്ങിനിന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അപ്രത്യമാകുമോ? ഉവ്വെന്ന് നാം അറിയുന്നു. അത് നിലനിൽപ്പിനായി പിടയുന്നത് വൈവിധ്യമാർന്ന സംസ്കാരങ്ങളും വ്യത്യസ്തമായ വിശ്വാസധാരകളും നിലനിന്നിരുന്ന ഇന്ത്യൻ നാഗരികത ശ്വാസംകിട്ടാതെ വലയുന്നത് ഞാൻ കാണുന്നു.
ഹിന്ദുത്വർ നിർവചിക്കുന്നവിധത്തിലുള്ള ഏകശിലാത്മക ഹിന്ദു സാംസ്കാരിക ഇടമായി ഇന്ത്യ ചുരുങ്ങുേമ്പാൾ രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരജനങ്ങൾ തങ്ങൾക്ക് വന്നു ഭവിക്കാനിരിക്കുന്നതെന്തെന്നോർത്ത് ഭീതിയിലാണ്ടുപോകുന്നു. മുസ്ലിംകളെ ഉന്നംവെച്ച് വേട്ടയാടുന്നു. ഏറെ ചർച്ചചെയ്യപ്പെട്ടൊരു ദുരന്തം പതിനഞ്ചു വയസ്സുള്ളൊരു പയ്യൻ ട്രെയിനിൽ നേരിട്ടതാണ്. കുടുംബത്തിന് പെരുന്നാൾ സമ്മാനങ്ങളുമായി പോവുകയായിരുന്ന അവൻ ആൾക്കൂട്ട മർദനത്തിനും കൊലക്കത്തിക്കും ഇരയായി. ക്രൈസ്തവ ദേവാലയങ്ങൾ അടിച്ചു തകർക്കപ്പെടുന്നു, ബൈബിളുകൾ കത്തിക്കപ്പെടുന്നു.
നമുക്ക് ചുറ്റുമുള്ള അന്തരീക്ഷം തീർത്തും മാറിയിരിക്കുന്നു. വിദ്വേഷമാണ് ഇപ്പോൾ പഠിപ്പിക്കപ്പെടുന്നത്, അതിക്രമങ്ങൾ ഒരു സാധാരണ ജീവിതരീതിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, പക വീട്ടപ്പെടുന്നു, അടിച്ചുകൊല്ലുന്ന ആൾക്കൂട്ടം തടിച്ചുവലുതായി സകല സ്വാതന്ത്ര്യത്തോടെ അലഞ്ഞുനടക്കുന്നു. നമ്മുടെ കാലത്തെ ഏറ്റവും മഹോന്നതനായ ഇന്ത്യക്കാരെൻറ ഘാതകി വീരനായി വാഴ്ത്തപ്പെടുന്നു. ഞാനിപ്പോൾ എവിടെയാണെന്ന് ഞാൻ സ്വയം ചോദിച്ചു പോകുന്നു- ഇത് ഇന്ത്യ തന്നെയാണോ?
രാഷ്ട്രീയ തടവുകാരുടെ, കള്ളക്കേസുകൾ കെട്ടിച്ചമച്ച് ജയിലിൽ തള്ളപ്പെട്ട മനുഷ്യരുടെ ദുരവസ്ഥകളിലേക്ക് വരാം. ഏവർക്കും അറിയാവുന്ന ഒരു ഉദാഹരണംതന്നെ പറയാം; പ്രഫ. ജി.എൻ. സായിബാബയുടെ. അതിപ്രശസ്തമായ ഡൽഹി സർവകലാശാലയിലെ ഏവരാലും സ്നേഹിക്കപ്പെടുന്ന, ആദരണീയനായ, അധ്യയനം ആഘോഷമാക്കുന്ന അധ്യാപകനാണ്. പാവങ്ങളും പിന്നാക്ക-ഗ്രാമീണ മേഖലകളിൽനിന്നു വരുന്നവരുമായ കുട്ടികളെ സഹായിക്കാനും സൗജന്യമായി പഠിപ്പിക്കാനും ശ്രദ്ധിച്ചുപോന്ന മനുഷ്യൻ.
അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്ന് ജയിലിൽ നിന്നുള്ള അദ്ദേഹത്തിെൻറ കത്തുകളുടെയും കവിതകളുടെയും സമാഹാരത്തിൽ (Why Do You Fear My Way So Much?) വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
2013ാമാണ്ടിൽ ഒരു ഉച്ചനേരത്ത് അമ്പതോളം പൊലീസുകാർ (സിവിൽ ഡ്രസിൽ) യൂനിവേഴ്സിറ്റി വളപ്പിലെ വീട്ടിലേക്ക് ഇരച്ചുകയറി അദ്ദേഹത്തിെൻറ ലാപ്ടോപ്പും ഭാര്യയുടേതുൾപ്പെടെ ഫോണുകളും പിടിച്ചുകൊണ്ടുപോയി. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ കണ്ടെത്തിയ ഏതോ മോഷണ തൊണ്ടിമുതലിൽ ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇത്. എന്താണ് ആ മോഷണ മുതൽ? ആർക്കുമറിയില്ല. വൈകാതെ പൊലീസ് എത്തി പാതിരാത്രിവരെ സായിബാബയെ ചോദ്യംചെയ്തു. പിന്നീട് ഒരിക്കൽ കോളജിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ കാറിൽനിന്ന് വലിച്ചു പുറത്തിട്ട്, കുടുംബാംഗങ്ങളെപ്പോലുമറിയിക്കാതെ നാഗ്പൂരിലേക്ക് വിമാനം കയറ്റിക്കൊണ്ടുപോയി. ചുറ്റിനും തോക്കു ചൂണ്ടിനിൽക്കുന്ന കമാൻഡോമാരുടെ നടുവിലിരുത്തി അവിടെനിന്ന് ഗഡ്ചിറോളിയിലേക്കും.
പോളിയോ ബാധയെ തുടർന്ന് ചെറുപ്രായം മുതൽ വീൽചെയറിൽ മാത്രം സഞ്ചരിക്കുന്ന ഒരു ആംഗലേയ സാഹിത്യ പ്രഫസറെയല്ല, കൊടുംഭീകരനായ ഒരു തീവ്രവാദിയെയാണ് തങ്ങൾ അകത്താക്കിയിരിക്കുന്നത് എന്ന് വരുത്തിത്തീർക്കാനാവണം അപഹാസ്യമായ ഈ കാട്ടിക്കൂട്ടലുകൾ. പിന്നീട് അണ്ഡാ സെൽ എന്നറിയപ്പെടുന്ന ഇടുങ്ങിയ ഒറ്റമുറി ജയിലിൽ ഏകാന്ത തടവിനയച്ചു സായിബാബയെ. തികച്ചും മനുഷ്യത്വഹീനമായ രീതിയിലാണ് അണ്ഡാ സെൽ തയാറാക്കിയിരിക്കുന്നത്. സെല്ലിെൻറ പാതി ഭാഗത്തിന് മേൽക്കൂരക്ക് പകരം പേമാരിക്കും പൊരിവെയിലിനും അകത്തു കടക്കാനാവും വിധത്തിൽ ഇരുമ്പു ഗ്രില്ലുകളാണ് വെച്ചിരിക്കുന്നത്.
മുറിവുകളിൽനിന്ന് ചോരവാർന്നുകൊണ്ടിരിക്കുന്ന, അനുദിനം ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന് ലഭ്യമാക്കേണ്ടുന്ന ആരോഗ്യ പരിരക്ഷ നാളുകളായി അവഗണിക്കപ്പെടുകയാണ്. പ്രാകൃതമായ തടങ്കൽ അദ്ദേഹത്തിെൻറ ചലനശേഷിയെത്തന്നെ ബാധിച്ചിരിക്കുന്നു. പരസഹായമില്ലാതെ സ്വന്തം കൈ ഒന്ന് ഉയർത്തിപ്പിടിക്കാൻ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ല. ദുരന്തസമാനമായ ഈ അവസ്ഥയിൽപോലും ജാമ്യം അനുവദിക്കപ്പെടുന്നില്ല. ഐക്യരാഷ്ട്ര സംഘടനയും നടുക്കുന്ന ഈ അനീതിക്കെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതികരിക്കുന്നവരും ഏറെയായി ആവശ്യപ്പെട്ടിട്ടും നാളിതുവരെയും സായിബാബ മോചിതനായില്ല.
നിലവിൽ ജനായത്തമെന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന സംഗതി നാളിതുവരെ ലോകത്ത് പരിപാലിച്ചുപോരുന്ന ജനായത്ത സംവിധാനത്തിൽനിന്ന് വ്യത്യസ്തമാണ് എന്ന് പറയുന്നത് ശരിതന്നെയാണോ?
ഇത് ചോദിച്ചിട്ട് എന്തുകാര്യം? ആ ചോദ്യത്തിനുള്ള ഉത്തരം ഇവിടെ വീശുന്ന കാറ്റിൽ തന്നെയുണ്ടല്ലോ!
(ഇതിൽ ചേർത്തിരിക്കുന്ന 'ബ്ലോയിങ് ഇൻ ദ വിൻഡ്' മലയാള മൊഴിമാറ്റത്തിന് പ്രമുഖ കാമറമാൻ വേണുവിനോട് കടപ്പെട്ടിരിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.