വിദ്വേഷ പ്രചാരണങ്ങള്‍ മുസ്ലിം അവകാശങ്ങളെ വിഴുങ്ങുമ്പോള്‍
text_fieldsപാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ നടത്തിയ ചില അസുവിശേഷങ്ങളാണ് കുറച്ചായി മാധ്യമങ്ങളിലെയും സമൂഹ മാധ്യമങ്ങളിലെയുമെല്ലാം മുഖ്യചര്‍ച്ച. പ്രസംഗ ക്ലിപ്പുകള്‍ പുറത്തുവന്നയുടൻതന്നെ പലരും അതിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, മുസ്ലിംകളെ ദേശീയതക്കുള്ളിലെ അപരരായി കാണുന്ന കേരളത്തിലെ മുഖ്യധാര സമുദായ സൗഹാര്‍ദം തകരാതിരിക്കാന്‍ 'ഹാലി'ളകരുതെന്ന് മുസ്ലിംകളെ ഉപദേശിക്കുന്നതിലാണ് ശ്രദ്ധിച്ചത്. വോട്ടുബാങ്ക് കണ്ട് കളിച്ച മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ തഞ്ചത്തില്‍ തല്ലിയും തലോടിയും ചര്‍ച്ചകളില്‍ മുഖംമിനുക്കാനാണ് ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് കടുത്ത നിലപാടെടുത്തപ്പോള്‍ പാര്‍ട്ടി പ്രസിഡൻറ് തലോടിക്കൊണ്ടിരിക്കുന്നു. പിന്നെ സര്‍ക്കാര്‍വക സര്‍ക്കസുകളാണ്. മന്ത്രി അരമനയില്പോയി ബിഷപ്പിനെ തലോടി സുഖിപ്പിച്ചു. ബിഷപ്പിെൻറ വാക്കുകളിലെ പ്രശ്നം ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് തീവ്രവാദ ചാപ്പയും നല്കി. പാര്‍ട്ടി സെക്രട്ടറി പിതാവിെൻറ ഉദ്ദേശ്യശുദ്ധിയില്‍ വൈരുധ്യാത്മകത കാണരുതെന്ന വര്ഗസിദ്ധാന്തവുമായിറങ്ങി. എല്ലാ പ്രചാരണങ്ങളും രാഷ്ട്രീയ മുതലെടുപ്പുകളും കഴിഞ്ഞപ്പോഴാണ് സ്റ്റാറ്റിസ്റ്റിക്സുമായി മുഖ്യമന്ത്രിയുടെ വരവ്. തെറ്റുചെയ്തവര്‍ തിരുത്തണമെന്നാണ് ഉപദേശം. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവരെയെല്ലാം ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതുപോലെ ഉപദേശിക്കുകയാണോ ചെയ്യേണ്ടത്. കേസെടുക്കണം, നിയമം നിയമത്തിെൻറ വഴിക്ക് നടക്കട്ടെ. പക്ഷേ, അങ്ങനെ വഴിക്കുവിട്ടാൽ വോട്ടും ആവഴി പോകുമോ എന്നാണ് എല്ലാവരെയും പോലെ അദ്ദേഹത്തിെൻറയും ആശങ്ക.
സംഘനുണകൾ പാടിപ്പരത്തുേമ്പാൾ
സംഘ്പരിവാർ ബാന്ധവം പാതകമല്ലെന്ന് കരുതുന്ന ചില ക്രൈസ്തവ കേന്ദ്രങ്ങളില്‍നിന്ന് മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ പുറപ്പെട്ടുതുടങ്ങിയിട്ട് കുറച്ചുനാളുകളായി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് ശക്തിപ്പെട്ടു. അതില്‍ പ്രധാനപ്പെട്ടത് കാലങ്ങളായി കേരള പൊതുബോധം രഹസ്യമായി താലോലിക്കുന്ന മുസ്ലിം മൂലധന ഭീതിതന്നെയായിരുന്നു. കല, സിനിമ തുടങ്ങിയ ജനപ്രിയ മാധ്യമങ്ങളില്‍ ഇത് നിറഞ്ഞുതുളുമ്പി. പിന്നീടത് തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനിെൻറ തലവാചകം വരെയായി. സംഘ്പരിവാര്‍ ശക്തികൾ നടത്തിവരാറുള്ള ഇത്തരം പ്രചാരണങ്ങള്‍ ഇക്കുറി ഇടതുപക്ഷം രാഷ്ട്രീയനേട്ടത്തിനുള്ള അവസരമാക്കി. ഇടതു പിൻബലംകൂടി കിട്ടിയതോടെ സംഘ്പരിവാര്‍ ഗ്രൂപ്പുകളിൽ കറങ്ങിനടന്നിരുന്ന കള്ളക്കഥകൾ കൃസംഘികളും പിന്നീട് ചില പുരോഹിതരും ഏറ്റെടുത്തു.
ആ ഘട്ടത്തിലാണ് മദ്റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പ്രതിമാസം വൻതുക ശമ്പളം നൽകുന്നുവെന്ന കള്ളക്കഥ വരുന്നത്. തെരഞ്ഞെടുപ്പ് കാലത്തുടനീളം ഈ പ്രചാരണങ്ങള്‍ ക്രൈസ്തവ മേഖലകളില്‍ കൊടുമ്പിരിക്കൊണ്ടു. കുപ്രചാരണങ്ങൾ പടരുകയും ഇസ്ലാം ഭീതി വളരുകയും ചെയ്യുേമ്പാൾ ഒരക്ഷരം മിണ്ടാതെ കേട്ടുനിന്ന മുഖ്യമന്ത്രി പുതിയ നിയമസഭയില്‍ കയറിയ ഉടനെ മദ്റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളമെന്ന പ്രചാരണം തെറ്റാണെന്ന് തിരുത്തി.
മദ്റസാധ്യാപക ശമ്പളനുണക്കൊപ്പം തുടങ്ങിയ മറ്റൊരു കാമ്പയിനാണ് 'ന്യൂനപക്ഷ' സ്കോളര്‍ഷിപ് എല്ലാം മുസ്ലിംകളും അടിച്ചുമാറ്റുന്നുവെന്നത്. അതും ജോസഫ് മുണ്ടശ്ശേരിയുടെയും മദര്‍ െതരേസയുടെയും പേരിലുള്ളവ. ആ പ്രചാരണത്തിെൻറ വഴിയില്‍ വിഷയം കോടതിയിലെത്തിക്കുന്നു. കോടതി 80:20 അനുപാതം റദ്ദാക്കുന്നു. അനീതി ഇല്ലാതാക്കിയെന്ന നിലയില്‍ വിധിയെ സ്വാഗതം ചെയ്ത് ഇടതുസര്‍ക്കാര്‍ ഉടനെ വിധി നടപ്പാക്കി. സര്‍ക്കുലര്‍ ഇറക്കി, അപേക്ഷ ക്ഷണിക്കലും കഴിഞ്ഞു. ഈ സ്കോളര്‍ഷിപ്പുകള്‍ മുസ്ലിംകള്ക്ക് മാത്രമായി പാലോളി കമീഷൻ ശിപാര്‍ശപ്രകാരം ഏര്‍പ്പെടുത്തിയതാണ്, അതിെൻറ അടിസ്ഥാനലക്ഷ്യത്തിൽ മാറ്റംവരുത്തി ക്രിസ്ത്യാനികളിലെ ഒരു വിഭാഗത്തിനുകൂടി പങ്കിട്ടുകൊടുത്തതാണ് തുടങ്ങിയ കാര്യങ്ങളൊന്നും ചര്‍ച്ചയായതേയില്ല. പകരം മുസ്ലിം സമുദായത്തെ പ്രചാരണങ്ങളിലൂടെ പ്രതിരോധത്തിലാക്കാനാണ് വീണ്ടും ശ്രമം നടന്നത്. താലിബാനെയാണ് അതിന് കാര്യമായി മറയാക്കിയത്. ഈ പ്രചാരണങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുന്നത് മുസ്ലിംകള്ക്ക് അര്‍ഹമായ അവകാശങ്ങളാണ്. സച്ചാര്‍ കമ്മിറ്റി മുസ്ലിംകളുടെ പിന്നാക്കാവസ്ഥ അടയാളപ്പെടുത്തി. കേരളത്തില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. എന്നാല്‍, അവയില്‍ ആകെ നടപ്പാക്കിയത് സ്കോളര്‍ഷിപ് മാത്രം. അതിപ്പോള്‍ വ്യാജപ്രചാരണങ്ങളുടെ മറവില്‍ അട്ടിമറിക്കപ്പെടുകയും ചെയ്തു.
മലബാറിലെ പ്ലസ് ടു സീറ്റുകള്‍
പാലാ ചര്‍ച്ചക്കിടെയാണ് പ്ലസ് വണിലേക്കുള്ള ആദ്യ അലോട്ട്മെൻറ് വരുന്നത്. അതില്‍ അപേക്ഷിച്ചവരിലെ വലിയൊരു വിഭാഗത്തിന് സീറ്റ് കിട്ടിയില്ല. ഭൂരിപക്ഷവും മലബാര്‍ മേഖലയിലുള്ള വിദ്യാർഥികൾ. ഇടതുപക്ഷം കൊട്ടിഘോഷിച്ച് നടപ്പാക്കിയ സവര്‍ണ സംവരണപ്രകാരം നീക്കിവെച്ചവയിൽ മൂന്നിലൊന്ന് സീറ്റും ഒഴിഞ്ഞുകിടക്കുേമ്പാഴാണിത്. ഈ വിവേചനഭീകരത വലിയ വാര്ത്തയൊന്നുമല്ലെന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
സംഘ്പരിവാർ പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്ന സഭകളും അവര്‍ക്ക് പരോക്ഷ പിന്തുണയേകി വോട്ടുബാങ്ക് സംരക്ഷിക്കുന്ന ഇടതുപക്ഷവും സൃഷ്ടിച്ച ഈ മുസ്ലിംവിരുദ്ധ പൊതുബോധം മുസ്ലിംകള്ക്ക് സ്കോളര്‍ഷിപ് നിഷേധിച്ചപോലെ പഠിക്കാനുള്ള അവസരവും ഇല്ലാതാക്കും. ഇത്തരം നടപടികള്‍ക്ക് സര്‍ക്കാറിനുള്ള ന്യായീകരണങ്ങള്‍ ഒരുക്കുകയും പൊതുസമൂഹത്തില്‍ ഈ നടപടികള്‍ക്കെതിരെ ഒരു ശബ്ദവും ഉയരുകയില്ലെന്ന് ഉറപ്പാക്കുകയുമാണ്, പാലായിലെ വിദ്വേഷ പ്രഭാഷണത്തോടുള്ള മുഖ്യേൻറയും മന്ത്രിമാരുടെയും പ്രതികരണങ്ങളുമെല്ലാം ചെയ്യുന്നത്. മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്നതരത്തില്‍ മുസ്ലിംഭീതി വളര്‍ത്തുക. അതിനായി വ്യാജങ്ങള്‍ പ്രചരിപ്പിക്കുക. അതിലൂടെ ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കുക. ഇനി എന്തെങ്കിലും പ്രതിഷേധങ്ങളോ മറ്റോ സമുദായം നടത്തിയാല്‍ ഔദാര്യമായി കുറച്ചുനല്‍കുക. അത് മാര്‍ക്കറ്റ് ചെയ്യുക. ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ പിന്നില്‍ മുസ്ലിംകളുടെ അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കാനുള്ള വഴികള്‍ തേടുകയെന്ന ലക്ഷ്യംകൂടിയുണ്ട്. അത് മനസ്സിലാക്കി മുസ്ലിം സമുദായം ഒന്നിച്ച് അവകാശസമരം ശക്തിപ്പെടുത്തേണ്ടതുണ്ട്.
(സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.