Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവെറുപ്പി​െൻറ...

വെറുപ്പി​െൻറ 'ഹിന്ദുത്വ' ടൂൾകിറ്റുകൾ

text_fields
bookmark_border
വെറുപ്പി​െൻറ ഹിന്ദുത്വ ടൂൾകിറ്റുകൾ
cancel

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന വർഗീയാതിക്രമത്തിെൻറ പ്രധാന പ്രചോദകനെന്ന് ഇരകളും സാമൂഹിക പ്രവർത്തകരും ചൂണ്ടിപ്പറയുന്ന മുൻ ആം ആദ്മി മന്ത്രിയും ബി.ജെ.പി നേതാവുമായ കപിൽ മിശ്ര നവംബർ 16ന് ട്വിറ്ററിൽ ഒരു പോസ്​റ്റിട്ടു: 'ഹിന്ദു ഇക്കോസിസ്​റ്റം' എന്നപേരിൽ ആരംഭിക്കുന്ന സംഘത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഫോറം പൂരിപ്പിക്കുക.

പേരും ഫോൺനമ്പറും താമസസ്ഥലവും ചേർക്കുന്നതിനൊപ്പം 'ഹിന്ദു ഇക്കോസിസ്​റ്റ'ത്തിലെ പടയാളികൾ ഒരു കാര്യംകൂടി അറിയിക്കണം; താൽപര്യമുള്ള മേഖല ഏതെന്ന്. ഗോ രക്ഷ, ഗോ സേവ, ലൗ ജിഹാദ്​, ഘർവാപസി, ഹലാൽ, മന്ദിർ നിർമൽ, ഹിന്ദു ഏക്​ത, സേവ... എന്നിങ്ങനെ ഉദാഹരണങ്ങളും കൊടുത്തിരുന്നു. ഫോറത്തി​നടിയിൽ ക്ലിക് ചെയ്യുന്നതോടെ ഈ സംഘത്തിൽ പങ്കുചേരാമെന്ന സാക്ഷ്യപ്പെടുത്തലായി.

ജിജ്ഞാസ വർധിച്ചതോടെ ഞങ്ങൾ ഫോറം പൂരിപ്പിച്ച് ടെലിഗ്രാം ഗ്രൂപ്പിൽ അംഗങ്ങളായി. പിന്നീട് അനുബന്ധ ഗ്രൂപ്പുകളിലും ചേർക്കപ്പെട്ടു. എങ്ങനെയാണവർ പ്രചാരണസാമഗ്രികൾ നിർമിക്കുന്നത്​, വിവിധ വിഷയങ്ങളിൽ വിഷംമുറ്റിയ ആഖ്യാനങ്ങൾ ആവിഷ്കരിച്ചെടുക്കുന്നത്​, പ്രചാരണ സാമഗ്രികൾ നിർമിക്കുന്നത്​, വർഗീയവൈരവും മതഭ്രാന്തും ആളിപ്പടർത്താൻ സമൂഹമാധ്യമങ്ങളിൽ ട്രെൻഡുകൾ സൃഷ്​ടിക്കുന്നത്​, ഹിന്ദുത്വത്തിന് പിന്തുണ നേടിയെടുക്കുന്നത്​ എന്നൊക്കെ നേരിട്ടറിയാൻ അവസരവും ലഭിച്ചു.

സംഘടിതമായി വർഗീയ വിദ്വേഷം പരത്താൻ കപിൽ മിശ്രയുടെ നേതൃത്വത്തിൽ ഇരുപതിനായിരത്തിൽപരം ആളുകളുടെ ശൃംഖല സജീവമാണ്. അവർ ടൂൾ കിറ്റുകളും പങ്കുവെക്കാറുണ്ട്.

വെറുപ്പിെൻറ പണിശാലയിൽ നടക്കുന്നത്

നവംബർ 27ന് നെറ്റ്​വർക്കിലെ അംഗങ്ങൾക്കായി കപിൽമിശ്ര ഒരു വിഡിയോ പോസ്​റ്റ്​ചെയ്തു. ഹിന്ദു ഇക്കോസിസ്​റ്റത്തിൽ അംഗമാകൂ എന്ന ഹാഷ്​ടാഗുമായി അന്നുരാവിലെ 10ന്​ ആദ്യകാമ്പയിൻ ആരംഭിക്കണമെന്ന അറിയിപ്പായിരുന്നു അത്. 27,000 പേർ ഫോറം പൂരിപ്പിച്ചുവെന്നും 15,000 പേർ ടെലിഗ്രാം ഗ്രൂപ്പിലും 5000 പേർ ട്വിറ്ററിലും ചേർന്നെന്നും മിശ്ര പറഞ്ഞു. ത്രിവേദി, പാണ്ഡേ, തിവാരി, ഠാകുർ, മിശ്ര എന്നിങ്ങനെ മേൽജാതി ഹിന്ദു പുരുഷന്മാരായിരുന്നു അധികവും. കൂടുതൽ ആളുകളെ ചേർക്കാൻ സാമ്പിൾസന്ദേശങ്ങൾ അയച്ച അന്നുതന്നെ സംഘ്പരിവാറിെൻറ മാതൃരൂപമായ ആർ.എസ്.എസിെൻറ മുഖപത്രങ്ങളായ ഓർഗനൈസർ, പാഞ്ചജന്യ എന്നിവയുടെ വരിക്കാരാവാൻ ക്ഷണിച്ചു മിശ്ര ഒരു സമാന്തര കാമ്പയിൻകൂടി പ്രഖ്യാപിച്ചു.

അതൊരു തുടക്കം മാത്രം. ഹിന്ദുത്വത്തെ പിന്തുണക്കാനും പ്രചരിപ്പിക്കാനും 'രക്ഷിക്കാനും' നടത്തുന്ന ഓൺലൈൻ കാമ്പയിനുകൾക്കാവശ്യമായ രേഖകളുടെ കുത്തൊഴുക്കായിരുന്നു പിന്നീട് ഗ്രൂപ്പിൽ. എല്ലാ ആഴ്ചയും ഒരു വിഷയം തെരഞ്ഞെടുത്ത് ട്വിറ്ററിൽ കൊണ്ടുപിടിച്ച കാമ്പയിൻ നടത്തും. അതിനാവശ്യമായ ഒരു കെട്ട് വ്യാജവാർത്തകളും ഒപ്പം പരത്തും. സംഘടിതകാമ്പയിൻ വിഷയങ്ങളെന്ന പേരിൽ ഒരു സന്ദേശം ടെലിഗ്രാം ഗ്രൂപ്പിെൻറ മുകളിൽ പിൻചെയ്തുവെച്ചിട്ടുമുണ്ട്. സനാതന ധർമം, ക്ഷേത്രമാഹാത്മ്യങ്ങൾ, നഷ്​ടപ്പെട്ട ക്ഷേത്രങ്ങൾ, രാജ്യത്തെ ചേർത്തുനിർത്തുന്ന ഉത്സവങ്ങൾ (ഉദാ: കാർത്തിക പൂർണിമ), ഉത്സവങ്ങൾക്കും ആചാരങ്ങൾക്കും പിറകിലെ ശാസ്ത്രം, മഹാന്മാരായ ഭരണാധികാരികളും മഹായുദ്ധങ്ങളും, നഷ്​ടമായ നഗരങ്ങൾ, മതേതരത്വവും മതപ്രീണനവും ഹിന്ദു ഉത്സവങ്ങളെ ലക്ഷ്യമിടുന്നത്, പ്രാദേശിക ഹിന്ദു വിപ്ലവകാരികൾ, ഹിന്ദു കൂട്ടക്കൊലകൾ, സ്കൂളുകളിലും കോളജുകളിലും പഠിപ്പിക്കുന്ന തെറ്റായ വിവരങ്ങളും അക്കാദമിക-സാംസ്കാരിക അധിനിവേശവും, അംഗബലം കുറഞ്ഞതു മൂലം നടന്ന ഹിന്ദു പലായനങ്ങൾ എന്നിങ്ങനെയായിരുന്നു ആദ്യത്തെ15 വിഷയങ്ങൾ.

ടെലിഗ്രാംഗ്രൂപ്പിലെ ലിങ്കുകളിൽ ക്ലിക് ചെയ്താൽ അവ അംഗങ്ങളെ ട്വിറ്ററിൽ കാമ്പയിൻ നടത്തുന്ന പേജിലെത്തിക്കും. എല്ലാവരും സന്ദേശത്തിനടിയിൽ ക്ലിക്കടിച്ച് 'ട്വീറ്റ്' ചെയ്​തു ​പ്രചരിപ്പിക്കണം. ഒരേസമയം ഇത്തരത്തിൽ സംഘടിതമായി ചെയ്യുന്നതോടെ ഹാഷ്​ടാഗ് ട്രെൻഡിങ് ആയി മാറും. എപ്പോൾ എങ്ങനെ ട്വീറ്റുകൾ പോസ്​റ്റ്​ ചെയ്​തു പ്രചരിപ്പിക്കണമെന്ന് നിർദേശിക്കുന്ന നിരവധി രേഖകൾ ഗ്രൂപ്പിലുണ്ട്. ഹിന്ദുവിരുദ്ധ സി.എ.എ കലാപം, ഡൽഹി കൂട്ടക്കൊല എന്നിങ്ങനെ രണ്ട് ഹാഷ്​ടാഗുകളിൽ നിശ്ചിതസമയത്ത് പ്രചാരണം നടത്താൻ നിർദേശമുണ്ടായിരുന്നു. അതുപ്രകാരം ഇന്ത്യയുടെ ശത്രുക്കളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൈകോർത്തിരിക്കുന്നതെന്നും ഹിന്ദുവിരുദ്ധ കലാപമാണെന്നും മറ്റുമുള്ള ഉള്ളടക്കവുമായി ആയിരമായിരം ട്വീറ്റുകൾ ഒരേ സമയം പോസ്​റ്റ്​ ചെയ്യപ്പെട്ടു. കൂട്ടമായി ട്വീറ്റ് ചെയ്യുക മാത്രമല്ല അതി​െൻറ സ്വാധീനവും അവർ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്.

സാമഗ്രികൾ, ടൂൾ കിറ്റുകൾ

മാതൃകാ ട്വീറ്റുകൾക്കുപുറമെ പ്രചാരണ സാമഗ്രികളും ടൂൾകിറ്റുകളും ഗ്രൂപ്പിൽ പങ്കുവെക്കാറുണ്ട്. ഇസ്​ലാംവാർത്തകൾ, ചർച്ച് വിശേഷങ്ങൾ, നിരുത്തരവാദ ചൈന എന്നിങ്ങനെയാണ് തലക്കെട്ടുകൾ. ഇസ്​ലാം ന്യൂസ് എന്ന തലക്കെട്ടിൽ മുസ്​ലിംകളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പ്രചരിപ്പിക്കേണ്ട വാർത്തകളായിരിക്കും. ഉദാഹരണത്തിന് രാമക്ഷേത്രത്തിന് സംഭാവനയുമായി ഇസ്​ലാം വിശ്വാസി, ഉവൈസിയുടെ വിദ്വേഷ പ്രസംഗം, ലൗജിഹാദ് കുടുംബത്തിെൻറ ആരോപണങ്ങൾ, ഇസ്​ലാമും കമ്യൂണിസവും, മുത്തലാഖ്, മിതവാദി മുസ്​ലിം... തുടങ്ങിയ വിഷയങ്ങളടങ്ങിയ വാർത്തകളുടെ ലിങ്കുകളുണ്ടാവും.

ഇസ്​ലാം, ക്രൈസ്തവർ, ചൈന തുടങ്ങിയവർക്കെതിരായ തർക്കവാദങ്ങളും ആരോപണായുധങ്ങളും മുടങ്ങാതെ വിതരണം ചെയ്യുന്നതിനൊപ്പം ചില വാർത്തകൾ എങ്ങനെ അവതരിപ്പിക്കണമെന്നതു സംബന്ധിച്ചും നിർദേശങ്ങളുണ്ടാവും. കർഷകപ്രക്ഷോഭത്തിലേക്ക് ശ്രദ്ധക്ഷണിക്കാൻ എപ്പോഴൊക്കെ ഓൺലൈൻ, ഓഫ്​ലൈൻ പ്രചാരണങ്ങൾ നടത്തണമെന്നതുസംബന്ധിച്ച് വിവരണം നൽകിയിരുന്നു എന്നതാണല്ലോ ഗ്രെറ്റയുടെ ടൂൾകിറ്റിനെ ഇന്ത്യക്കെതിരായ അന്താരാഷ്​ട്ര ഗൂഢാലോചന എന്ന് നിന്ദിക്കാനുള്ള ആധാരം. തികച്ചും ന്യായമായ ഒരു ആവശ്യത്തിനുവേണ്ടിയാണ് ഗ്രെറ്റ പ്രചാരണ സാമഗ്രികൾ പങ്കുവെച്ചതെങ്കിൽ ഈ സംഘം ഓരോ ദിവസവും രേഖകളും സാമഗ്രികളും കൈമാറുന്നത് വിവിധ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും വളർത്താൻവേണ്ടി മാത്രമാണ്.

അടുത്ത മാസം ഓരോ ആഴ്ചയിലും നടത്തേണ്ട കാമ്പയിൻ കലണ്ടർ ഇതിനകം തയാറാക്കി അയച്ചിട്ടുണ്ട്. ഉദാഹരണത്തിന് മാർച്ച് നാലിന് ഹിന്ദുകൂട്ടക്കൊലയാണ് വിഷയം. ഇതിനനുസൃതമായി ഉള്ളടക്കങ്ങൾ ഉൽപാദിപ്പിക്കാനാണ് നിർദേശം. എങ്ങനെയാണ് ഈ ഉൽപാദനം എന്നല്ലേ, വഴിയേ പറയാം.

അനുബന്ധഗ്രൂപ്പുകളിൽ സംഭവിക്കുന്നത്

ഹിന്ദു ഇക്കോസിസ്​റ്റം പരന്നുകിടക്കുകയാണ്. ആദ്യ ഗ്രൂപ്പിൽ അഡ്മിൻമാർക്കല്ലാതെ ആർക്കും പോസ്​റ്റ്​ ചെയ്യാനാവില്ല. അനുബന്ധ ഗ്രൂപ്പുകളിൽ നമ്മൾ ആവശ്യപ്പെടുകപോലും ചെയ്യാതെയാണ് ചേർക്കപ്പെടുക. 33,000 അംഗങ്ങളുള്ള പ്രശാസക് സമിതി (അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി), 10,000ത്തിലേറെ പേരുള്ള അനുശീലൻ സമിതി (റിവ്യൂ കമ്മിറ്റി) 1,900 പേരുടെ റാംറാംജി എന്നിങ്ങനെയാണീ ഗ്രൂപ്പുകൾ. റാംറാംജി ഗ്രൂപ്പിെൻറ വിവരണത്തിൽ തന്നെയുണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്ന്.

വിഡിയോകൾ, ചിത്രങ്ങൾ, 'ഓപ് ഇന്ത്യ' വെബ്​സൈറ്റിലെ ലേഖനങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് അനുബന്ധ ഗ്രൂപ്പുകൾ വഴിയാണ്. ഇത്​ കൃത്യമായി സമാഹരിച്ച് എല്ലാ അംഗങ്ങൾക്കും പതിവായി ലഭ്യമാക്കുന്നു. ആ ഗ്രൂപ്പിൽ അംഗമായിരുന്ന സമയത്ത് പല പൊതു പരിപാടികളെയും സംബന്ധിച്ച് ഹിന്ദുത്വ അനുകൂല രീതിയിലേക്ക് മാറ്റം വരുത്തിയ ആഖ്യാനങ്ങൾ കാണാനായി.

ഹിന്ദു ഇക്കോസിസ്​റ്റം അംഗങ്ങളുടെ ശുഷ്കാന്തി അപാരം. ഒരു സംഭവം നടന്ന് മിനിറ്റുകൾക്കകം എണ്ണയിട്ട യന്ത്രം പോലെ അപവാദപ്രവർത്തനം ആരംഭിക്കും. വ്യാജവിഡിയോകൾ, ലേഖനങ്ങൾ, പോസ്​റ്ററുകൾ, ഹാഷ്​ടാഗുകൾ, ട്വിറ്റർ കാമ്പയിനാവശ്യമായ ലിങ്കുകൾ എന്നിവയെല്ലാം പ്രവഹിച്ചു തുടങ്ങും. തരിമ്പും ഉളുപ്പില്ലാതെ ഭീകരമായ ആത്മവിശ്വാസത്തോടെ പൈശാചികമായ വ്യാജവാർത്തകൾ തത്സമയം പടച്ചുവിടും.

'താണ്ഡവി'െൻറ ഉദാഹരണം നോക്കൂ, ആ വെബ്സീരിസ് റിലീസ് ചെയ്തത് ജനുവരി 15ന്​. അന്നുതന്നെ ബഹിഷ്കരണ കാമ്പയിന്​ കപിൽ മിശ്രയുടെ ആഹ്വാനം. 'താണ്ഡവ്' ഹിന്ദുവിരുദ്ധവും ദേശവിരുദ്ധവുമാണെന്നും അതിെൻറ നിരോധനം ആവശ്യപ്പെട്ട് നാളെ രാവിലെ ഒമ്പതു മുതൽ കാമ്പയിൻ തുടങ്ങണമെന്നുമായിരുന്നു സന്ദേശം. ദലിതുകൾക്കെതിരും വർഗീയ വിദ്വേഷം പരത്തുന്നതുമായ സീരീസ് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതും പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്നതുമാണെന്നും കാണിച്ച് വാർത്തവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്​ദേക്കർക്ക് കത്തയക്കണമെന്നാവശ്യപ്പെട്ട് ഇ-മെയിൽ വിലാസവും കത്തിെൻറ ഉള്ളടക്കവും പിന്നാലെ ട്വീറ്റ് ചെയ്തു. 'താണ്ഡവ് നിരോധിക്കണ'മെന്ന ഹാഷ്​ടാഗ് പൊടുന്നനെ ട്രെൻഡിങ്ങായി.

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ മാർച്ച് സംഘടിപ്പിച്ച കർഷകർ പൊലീസുമായി 'ഏറ്റുമുട്ടുന്നു'വെന്ന് ചാനലുകളിൽ വാർത്ത പ്രത്യക്ഷപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകം ഗ്രൂപ്പിലെമ്പാടും 'സിഖ് ഭീകരത'ചിത്രീകരിക്കുന്ന പോസ്​റ്റുകളും സിഖ്വിരുദ്ധ ഗൂഢാലോചന സിദ്ധാന്തങ്ങളും നിറഞ്ഞുതുടങ്ങി. ചെങ്കോട്ടയിലെ കുറ്റവാളി എന്ന അടിക്കുറിപ്പോടെ കർഷകനേതാക്കളുടെ ചിത്രങ്ങൾ, സിഖുകാർക്കെതിരായ പോസ്​റ്ററുകൾ, വിഡിയോകൾ എന്നിവക്കൊപ്പം ഡൽഹിയിൽ ഭീകരാക്രമണം എന്നൊരു ഹാഷ്​ടാഗുമെത്തി.

കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ഫെബ്രുവരി രണ്ടിന് റിഹാനയും ഗ്രെറ്റ തുംബെർഗും മിയ ഖലീഫയും ട്വീറ്റ് ചെയ്തതോടെ വ്യാപിച്ച 'സെലിബ്രിറ്റികളുടെ അന്താരാഷ്​ട്ര ഗൂഢാലോചന' എന്ന ആക്ഷേപം ഓർമയില്ലേ? മൂവരുടെയും ചിത്രങ്ങൾ വെട്ടിവെച്ച് റിഹാന പാക്പതാക പറത്തിയെന്നുൾപ്പെടെ വ്യാജവിവരങ്ങൾ ചേർത്ത പോസ്​റ്ററുകളായിരുന്നു ഗ്രൂപ്പ് നിറയെ. പുറമെ 'സിഖ് ഭീകരത' എന്ന തലക്കെട്ടിൽ നൂറുകണക്കിന് പേജുകൾ നീളുന്ന പി.ഡി.എഫ് ഫയലുകളുമുണ്ട്.

ഈ പോസ്​റ്റുകളുടെ ലക്ഷ്യം സുവ്യക്തമാണ്. സിഖുകാരെ ഭീകരവാദികളായി മുദ്രകുത്തി ഖലിസ്താൻ ബന്ധത്തിൽ കൂട്ടിക്കെട്ടണം.അതിനിടയിൽ കിട്ടിയ തക്കത്തിന് മുസ്​ലിംകളെയും രാക്ഷസവത്കരിക്കണം. ഇതിനുപുറമെ അമ്പലങ്ങൾ തകർത്ത് പണിത പള്ളികൾ എന്നതലക്കെട്ടിൽ സംസ്ഥാനം തിരിച്ചുള്ള പട്ടികകളുടെ പി.ഡി.എഫ് ഫയലുകളും ഗ്രൂപ്പിലുണ്ട്.

ഇതൊക്കെ ഓരോരുത്തർ ഓൺലൈനിൽ കാട്ടിക്കൂട്ടുന്ന വെറും കോമാളിത്തങ്ങൾ എന്ന് തോന്നിയേക്കാം. പക്ഷേ, 'ഹിന്ദു അപകടത്തിലാ'ണെന്ന് വിശ്വസിക്കുകയും നിരന്തരമായി വിശ്വസിപ്പിക്കപ്പെടുകയും ചെയ്യുന്ന, അനുദിനം ഭീതിദമാം വിധത്തിൽ എണ്ണപ്പെരുക്കം വരുന്ന ഇന്ത്യൻ സമൂഹത്തിലെ വലിയ ഒരു വിഭാഗത്തെ ഈ പോസ്​റ്റുകൾ ആകർഷിക്കുന്നുണ്ട് എന്ന കാര്യം ഓർമിക്കുക.

ഹിന്ദു ഇക്കോസിസ്​റ്റം പോലുള്ള ഗ്രൂപ്പുകൾ തെറ്റിദ്ധാരണയുടെയും വ്യാജ പ്രചാരണങ്ങളുടെയും വെറുപ്പിെൻറയും ഉറവകളാണ്, ഹിന്ദുത്വ മേൽക്കോയ്മ സ്ഥാപിക്കുന്നതിനായി ന്യൂനപക്ഷ വിരുദ്ധതയുടെയും വർഗീയ വിദ്വേഷത്തിെൻറയും പിത്തനീരാണ് അവർ ഉൽപാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

ഞങ്ങൾ ഗ്രൂപ്പിൽനിന്ന് എക്സിറ്റ് ചെയ്യാനൊരുങ്ങവെ ഈ വെറുപ്പിെൻറ പണിശാലയിൽനിന്ന് പുറത്തുവിട്ട ഒരു വിഡിയോ ശ്രദ്ധയിൽപ്പെട്ടു. ഡൽഹി പൊലീസ് നോക്കിനിൽക്കെ ആൾക്കൂട്ടം ഒരു വീടിനുനേരെ ആക്രമണം അഴിച്ചുവിടുന്ന ദൃശ്യങ്ങൾ. ഡൽഹി മംഗോൾപുരിയിൽ റിങ്കുശർമയുടെ ഘാതകരിലൊരാളുടെ വീട് എന്നാണ് പോസ്​റ്റിൽ പറയുന്നത്. ഒരു വ്യാപാര തകർച്ചയുമായി ബന്ധപ്പെട്ടാണ് റിങ്കു ശർമയുടെ കൊല നടന്നതെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കുന്നത്. അല്ലല്ല, മുസ്​ലിംകൾ നടത്തിയ വർഗീയ കൊലയാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് ഹിന്ദുത്വ ക്യാമ്പ്.

ഇതിനൊന്നും ഒരു അവസാനവുമില്ലേ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindutvatoolkit case
News Summary - Hateful ‘Hindutva’ toolkits
Next Story