Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹെഡ്മാസ്റ്റർ

ഹെഡ്മാസ്റ്റർ

text_fields
bookmark_border
ഹെഡ്മാസ്റ്റർ
cancel

മേഘരൂപം പ്രാപിച്ച് ഭൂമിയെ പ്രളയജലത്തിൽനിന്ന് രക്ഷപ്പെടുത്തിയവൻ -ശബ്ദതാരാവലിയിൽ 'ഗോവിന്ദൻ' എന്ന പദത്തിന് മഹാനായ ശ്രീകണ്ഠേശ്വരം ഇങ്ങനെയൊരു അർഥംകൂടി നൽകിയത് സഖാവ് ഗോവിന്ദൻ മാഷെ മുൻകൂട്ടി മനസ്സിൽ കണ്ടായിരിക്കുമോ? ആണെങ്കിലും അല്ലെങ്കിലും പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പാർട്ടി എന്തെങ്കിലും പ്രളയക്കയത്തിലകപ്പെട്ടാൽ, സഖാവ് രക്ഷാപ്രവർത്തനവുമായിറങ്ങുന്നത്, 90കൾ മുതലേയുള്ള കാഴ്ചയാണ്. പാർട്ടിയിൽ ഗ്രൂപ്പിസം കത്തിനിൽക്കെ, ഇടിത്തീകണക്കെ നാലാംലോക വാദക്കാർകൂടി രംഗത്തുവന്നപ്പോഴായിരുന്നു അതിലേറ്റവും പ്രധാനപ്പെട്ട രംഗങ്ങൾ അരങ്ങേറിയത്.

അതിനുശേഷം, എറണാകുളത്ത് ഗോപി കോട്ടമുറിക്കൽ സംഘടനയെ കുഴപ്പത്തിലാക്കിയപ്പോൾ ജില്ല സെക്രട്ടറിയുടെ വേഷത്തിലെത്തി രംഗം ശാന്തമാക്കി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ, രാഹുൽ പ്രതീക്ഷയിൽ സർവം ഒലിച്ചുപോയപ്പോൾ ആകെ പിടിച്ചുനിന്നത് സഖാവ് നയിച്ച ആലപ്പുഴ മാത്രം. പാർട്ടിയെ സംബന്ധിച്ച് ഇപ്പോൾ പ്രളയമൊന്നുമില്ല; എങ്കിലും ചില്ലറ പ്രതിസന്ധികളുണ്ട്. ഈ ഘട്ടത്തിൽ കോടിയേരിയോളം പോന്നൊരാൾതന്നെ വേണം പാർട്ടിയെ നയിക്കാൻ. അതാരെന്ന ചോദ്യത്തിനിപ്പോൾ ഒറ്റ ഉത്തരമേയുള്ളൂ -സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ.

മാസ്റ്റർ എന്ന നിലയിൽ ഇത് സഖാവിന്റെ മൂന്നാമൂഴമാണെന്നു പറയാം. കോളജ് വിദ്യാഭ്യാസശേഷം, പരിയാരം ഇരിങ്ങൽ യു.പി സ്കൂളിൽ അധ്യാപകനായാണ് പൊതുജീവിതം ആരംഭിച്ചത്. ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം ചാമ്പ്യൻപട്ടം നേടിയശേഷമാണ് കായികാധ്യാപകവൃത്തിയിലേക്ക് വന്നത്. അപ്പോഴും, പാർട്ടിയുടെ യുവജന വിഭാഗത്തിൽ സജീവമായിരുന്നു. മൈതാനത്തെ കളിനിയമങ്ങൾ സംഘടനാജീവിതത്തിലും കൃത്യമായി പാലിച്ചു. പാർട്ടിലൈനിനപ്പുറം ഓടാനോ ചാടാനോ പോയില്ല. ഈ അച്ചടക്കം തിരിച്ചറിഞ്ഞ നേതൃത്വം മുഴുവൻസമയ പാർട്ടി നേതാവാകാൻ നിർദേശിച്ചു.

അന്നുമുതൽ മാസ്റ്ററുടെ രണ്ടാമൂഴം തുടങ്ങുന്നു. മൈതാനത്തുനിന്ന് നേരെ പാർട്ടി ക്ലാസ് മുറിയിലേക്ക് വെച്ചുപിടിച്ചു. അടിയന്തരാവസ്ഥക്കാലം കൂടിയായിരുന്നു അത്. ഇന്ദിരാഫാഷിസവും തീവ്രകമ്യൂണിസ്റ്റുകളും പാർട്ടിക്ക് പലവിധ തലവേദനകൾ സൃഷ്ടിച്ച കാലം. അന്ന് അണികൾക്ക് പാർട്ടിലൈൻ വിശദീകരിച്ചുകൊടുത്തതോടെയാണ് സഖാക്കൾക്കിടയിൽ അദ്ദേഹം ശരിക്കുമൊരു മാസ്റ്ററായത്. ആ ക്ലാസുകൾ ഇപ്പോഴും തുടരുന്നു.

ക്ലാസുകൾക്ക് സവിശേഷമായ ശൈലിതന്നെയുണ്ട്. ഏതൊരു വിഷയത്തെയും താത്ത്വികമായി സമീപിക്കാനും എല്ലാ അന്വേഷണങ്ങളെയും രാഷ്ട്രീയസ്വഭാവത്തിൽ വീക്ഷിക്കാനും ഈ സമീപനവും വീക്ഷണവുമൊക്കെ ലളിതമായി സാധാരണക്കാരെ പറഞ്ഞുമനസ്സിലാക്കാനും കഴിവുണ്ട്. അതുകൊണ്ടുതന്നെ, സാധാരണക്കാരുടെ താത്ത്വികാചാര്യനാണ്. എങ്കിലും ചില സന്ദർഭങ്ങളിലെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകാറുമുണ്ട്. പ്രത്യയശാസ്ത്രപരമായി അണികളെ ഉദ്ബുദ്ധരാക്കുമ്പോൾ എല്ലാവർക്കും അത് വേണ്ടപോലെ പിടികിട്ടിക്കൊള്ളണമെന്നില്ലല്ലോ. അത്തരം ചില വിഘ്നങ്ങൾ സംഭവിച്ചിട്ടുണ്ട്.

പലകുറി മാധ്യമപ്രവർത്തകർക്കും അബദ്ധം പിണഞ്ഞിട്ടുണ്ട്. വൈരുധ്യാത്മക ഭൗതികവാദം മാഷ് തള്ളിക്കളഞ്ഞേ എന്ന് സിൻഡിക്കേറ്റ് മാധ്യമങ്ങൾ ഈയടുത്തകാലത്ത് അലമുറയിട്ടത് ഈ അബദ്ധത്തിന്റെ പുറത്തായിരുന്നു. രണ്ടുമൂന്ന് മണിക്കൂർ നീണ്ട പാർട്ടി ക്ലാസിനൊടുവിൽ അക്കാര്യം മാധ്യമങ്ങളോട് ചുരുക്കിപ്പറഞ്ഞപ്പോൾ കേട്ടവരൊക്കെ തിരിച്ചാണ് ധരിച്ചത്. വിഷയത്തിന്റെ പശ്ചാത്തലമാകട്ടെ, ശബരിമലയിലെ യുവതീപ്രവേശനവും. വാർത്തകണ്ട പാടെ, സഖാവ് കാനമടക്കമുള്ള നേതാക്കൾവരെ ഗോവിന്ദൻ മാസ്റ്ററെ തള്ളിപ്പറഞ്ഞു. നക്സലൈറ്റുകളും എക്സലൈറ്റുകളുമെല്ലാം പാർട്ടിയെയും സഖാവിനെയും കളിയാക്കാൻ കിട്ടിയ അവസരം നന്നായി ഉപയോഗപ്പെടുത്തി. അതിലൊന്നും മാഷ് കുലുങ്ങിയില്ല.

പ്രശ്നം വൈരുധ്യാത്മകതക്കും ഭൗതികവാദത്തിനുമൊന്നുമല്ല, ആ പ്രപഞ്ചദർശനത്തെ ഉൾക്കൊള്ളാനും പ്രയോഗിക്കാനും നമ്മുടെ രാജ്യം ഇനിയും പാകപ്പെട്ടിട്ടില്ല എന്ന് സ്ഥാപിക്കാൻ ശ്രമിച്ചത് സാമ്രാജ്യത്വപിണിയാളുകളായ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് തുറന്നുപറയുകയും ചെയ്തു. ഇക്കാര്യത്തിൽ മാഷിന് രണ്ടു സങ്കടങ്ങളാണുള്ളത്: ഒന്ന്, തന്റെ പ്രസംഗത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചത്. രണ്ട്, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അണികൾക്കു മുന്നിൽ പരിചയപ്പെടുത്തുന്ന പ്രപഞ്ചദർശനം ഇന്ത്യനടുപ്പിൽ വേവിച്ചെടുക്കാൻ ഇനിയും സമയമായില്ലെന്ന് പിന്നെയും പറയേണ്ടിവരുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാൻ പാർട്ടിക്ലാസുകൾ കടുപ്പിക്കുകയേ വഴിയുള്ളൂ. അതിനുകൂടിയുള്ള വഴിയാണ് മാസ്റ്റർ പദവിയിലെ മൂന്നാമൂഴം.

ഇത് വെറും മാസ്റ്ററല്ല, ഹെഡ്മാസ്റ്റർ തന്നെയാണ്. പാർട്ടി സെക്രട്ടറിയാണ് സർവാധികാരത്തിന്റെയും കാര്യക്കാരൻ. സംസ്ഥാന ഭരണം പാർട്ടി കൈയാളുമ്പോൾ ചുമതല പിന്നെയും ഇരട്ടിക്കും. പാർട്ടിയെ സംബന്ധിച്ച് മുഖ്യമന്ത്രിയല്ല, പാർട്ടി സെക്രട്ടറിയാണ് മുഖ്യൻ. പിണറായി സഖാവ് അത് വകവെച്ചുതരില്ലെന്നൊക്കെ സിൻഡിക്കേറ്റുകാർ പറയുമായിരിക്കും. അവർക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് പാർട്ടിസെക്രട്ടറിയായിരിക്കെ പിണറായിതന്നെ പറഞ്ഞിട്ടുള്ളതാണല്ലോ. ഏതായാലും ഇനിമുതൽ, പാർട്ടിലൈനിൽ സർക്കാർ നയംകൂടി വിശദീകരിക്കേണ്ടിവരും. അച്യുതാനന്ദൻ മുതൽ കോടിയേരി വരെയുള്ള സെക്രട്ടറിമാർ നടത്തിയപോലുള്ള വിശദീകരണങ്ങളും വാർത്തസമ്മേളനങ്ങളുമായിരിക്കില്ല ഗോവിന്ദൻ മാസ്റ്ററുടേത്.

പ്രത്യയശാസ്ത്രപരവും സൈദ്ധാന്തികവുമായ ഉള്ളടക്കങ്ങളോടെയായിരിക്കും ഇനി വാർത്തസമ്മേളനങ്ങളത്രയും. ഗവർണറുമായുള്ള പോര്, യൂനിവേഴ്സിറ്റി നിയമനങ്ങൾ, ലോകായുക്ത ഭേദഗതി നിയമം, കെ-റെയിൽ തുടങ്ങിയ വിഷയങ്ങളിലെ മാർക്സിയൻ സൈദ്ധാന്തികതലങ്ങളെക്കുറിച്ചൊക്കെ മലയാളി അറിയാനിരിക്കുന്നേയുള്ളൂവെന്ന് ചുരുക്കം. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ മാധ്യമപ്രവർത്തകരും നാട്ടുകാരും ഇ.എം.എസിന്റെ 'മാർക്സിസം: ഒരു പാഠപുസ്തകം' എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും.

സപ്തതിയിലേക്ക് കടക്കുമ്പോഴാണ് പുതിയ നിയോഗം. തളിപ്പറമ്പിനടുത്ത പാർട്ടിഗ്രാമമായ മൊറാഴയിലാണ് ജനനം. ബാലസംഘത്തിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. കെ.എസ്.വൈ.എഫിന്റെ ജില്ല നേതാവായിരുന്നു. 1980ൽ, ഡി.വൈ.എഫ്.ഐ രൂപവത്കരിച്ചപ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്റ്; കേന്ദ്ര കമ്മിറ്റി അംഗം. 1991ൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം 95ൽ, ഇ.പി. ജയരാജൻ വധശ്രമത്തിനിരയായി ചികിത്സക്കു പോയപ്പോൾ കണ്ണൂർ ജില്ല സെക്രട്ടറി. 2002-06 കാലത്തും അതേ പദവി വഹിച്ചു.

96, 2001, 2021 വർഷങ്ങളിൽ തളിപ്പറമ്പിൽനിന്ന് നിയമസഭയിലെത്തി. മൂന്നാമൂഴത്തിൽ മന്ത്രിയുമായി. എക്സൈസും തദ്ദേശവുമായിരുന്നു വകുപ്പുകൾ. രണ്ടും തരക്കേടില്ലാതെ കൈകാര്യം ചെയ്തുവരുമ്പോഴാണ് മാഷിനെ ഹെഡ്മാഷായി പാർട്ടി പ്രമോഷൻ നൽകിയത്. 'കാടുകയറുന്ന മാവോയിസം' അടക്കം ഏതാനും പുസ്തകങ്ങളുടെ കർത്താവാണ്. ഭാര്യ പി.കെ. ശ്യാമള ആന്തൂർ നഗരസഭ ചെയർപേഴ്സനായിരുന്നു. രണ്ടു മക്കൾ: ശ്യാംജിത്ത്, രംഗീത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv govindanCPM
News Summary - Headmaster
Next Story