പ്രളയത്തിനു ശേഷം; ആരോഗ്യവും പുനരധിവാസവും
text_fieldsപ്രളയദുരിതം നേരിട്ട വീടുകളിൽ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങൾ മറ്റുള്ളവരെക്കാൾ നാലിരട്ടി അധികമായിരിക്കും. സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ളവരിലും സ്വയം തീരുമാനങ്ങളെടുക്കാനാവാത്തവരിലും ആരോഗ്യപ്രശ്നം കൂടും. അതുപോലെ, മുതിർന്നവരും കുട്ടികളും അംഗപരിമിതരും രോഗങ്ങളിലേക്കു വഴുതിവീഴാനുള്ള സാധ്യതയേറെ. പൊതുവിൽ സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുടെ തോത് വർധിക്കുന്നു. ഇത് വലിയ ആഘാതമാണ്.
ആരോഗ്യപ്രശ്നങ്ങൾ ആരംഭിക്കുന്നത് അഭയകേന്ദ്രങ്ങളിൽ താമസിക്കുന്നവർ തിരികെപ്പോകുമ്പോഴാണ്. പ്രളയജലം ശുദ്ധജല സ്രോതസ്സുകളെ മലിനപ്പെടുത്തുകയും നിലവിലുള്ള സാനിറ്റേഷൻ സംവിധാനങ്ങളെ കേടാക്കുകയും ചെയ്യാം. പ്രാദേശിക ആരോഗ്യകേന്ദ്രങ്ങൾപോലും പ്രവർത്തനരഹിതമാകുകയോ വേണ്ടത്ര രക്ഷാസാമഗ്രികൾ ഇല്ലാതെ കാര്യക്ഷമമാക്കാൻ വൈകുകയോ ചെയ്യാം. ആദ്യം നേരിടേണ്ടിവരുന്നത് ജലജന്യ രോഗങ്ങളെയാണ്; പ്രധാനമായും ഇ-കോളി, ഷിഗെല്ല, സാൽമൊണല്ല, എ ടൈപ് മഞ്ഞപ്പിത്തം എന്നിവ അനുകൂലസാഹചര്യങ്ങളിൽ പകർച്ചവ്യാധികളാകാൻ ഇടയുണ്ട്. തിരികെപ്പോകുന്ന ജനങ്ങൾ വീണ്ടും ജീവിതം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധിക്കേണ്ടതിനാൽ തുടക്കത്തിലേ രോഗലക്ഷണങ്ങൾ അവഗണിക്കാം. വളർത്തുമൃഗങ്ങളിൽനിന്നും ഉരുക്കളിൽനിന്നും വരാവുന്ന മലിനീകരണവും പകർച്ചരോഗങ്ങൾക്ക് ഇടനൽകും. പഠനങ്ങളനുസരിച്ച് 40 ശതമാനത്തിലധികം രോഗാവസ്ഥകൾ പനിയുമായി ബന്ധപ്പെട്ടതാണ്. കൊതുക്, പ്രാണിജന്യരോഗങ്ങൾ ഇൗ ഘട്ടത്തിൽ വ്യാപിക്കാനുള്ള സാധ്യതയേറും.
പ്രളയം പല മൃഗങ്ങൾക്കും സ്ഥലഭ്രംശത്തിനു കാരണമാകും. മാറിയ ഇടങ്ങളിലും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലും മനുഷ്യരുമായി പൊരുത്തപ്പെടേണ്ടിവരുന്ന മൃഗങ്ങൾ രോഗങ്ങൾ സൃഷ്ടിക്കുന്നു. പേവിഷബാധ, പാമ്പുകടി, പക്ഷിപ്പനി, എലിപ്പനി എന്നിവ പ്രതീക്ഷിക്കാവുന്ന പകർച്ചരോഗങ്ങളാണ്. ജീവിതത്തിൽ ഏറ്റവുമധികം മാനസികാഘാതം ഏൽപിക്കുന്ന സാമൂഹികാവസ്ഥയാണ് പ്രളയം. നേരനുഭവങ്ങളുണ്ടാകുന്നവരിൽ പല മാനസിക സംഘർഷങ്ങളും കാണാം. ബന്ധങ്ങളിൽ ഉണ്ടാകുന്ന ശൈഥില്യം, വ്യക്തികളുടെ നഷ്ടം, ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ നാശം, സാമൂഹിക ബന്ധങ്ങൾ പുനഃസ്ഥാപിക്കാനാകാതെ വരുക, സാമ്പത്തിക വൈഷമ്യങ്ങൾ എന്നിവ മാനസിക പ്രശ്നങ്ങൾക്ക് ഹേതുവാകുന്നു. വിഷാദവും ഉത്കണ്ഠയും മാത്രമല്ല, ആഘാതാനന്തര സമ്മർദരോഗവും (Post Traumatic Stress Disorder) വ്യാപകമായി കാണാറുണ്ട്. ആത്മഹത്യ നിരക്ക് മുൻകാലങ്ങളിലേക്കാൾ 15 ശതമാനത്തോളം അധികമാകാറുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ, ആരോഗ്യസേവന ദാതാക്കൾ എല്ലാവരും പ്രയാസമനുഭവിക്കുന്നവരുടെ രോഗാവസ്ഥയോട് അനുതാപപൂർവം സമീപിക്കുന്നതിനുവേണ്ട നൈപുണ്യം സിദ്ധിച്ചിരിക്കണം. ഇത് പ്രളയാനന്തര കാലത്തെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.
തൊഴിൽ അസ്ഥിരത, ഭക്ഷണക്കുറവ്, ആശുപത്രികളുടെ അപ്രാപ്യത, ശുദ്ധജല ദൗർലഭ്യം, മാലിന്യ നിർമാർജനത്തിലെ പോരായ്മ എന്നിവ സാമൂഹിക സുസ്ഥിതി അവതാളത്തിലാക്കും. ഇവയെല്ലാം പലതരം മാനസിക പ്രശ്നങ്ങൾക്കും വഴിയൊരുക്കും. അധികമായുണ്ടാകുന്ന കൈയേറ്റങ്ങൾ, അക്രമോത്സുകത, ലൈംഗികാതിക്രമങ്ങൾ തുടങ്ങിയവ പ്രളയാനന്തര കാലത്ത് വർധിച്ച തോതിൽ ശ്രദ്ധിക്കപ്പെടുന്നു. ഇവക്കെല്ലാം ക്രിമിനൽ സ്വഭാവമുണ്ടെങ്കിലും അതിലേക്കു നയിക്കുന്ന പ്രശ്നങ്ങൾ നാം കാണാതെപോകരുത്.
ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളിൽ ചിലത് ഇവയാണ്: ദുരന്ത നിവാരണത്തിൽ (Disaster response) നിന്ന് അപകടസാധ്യത നിയന്ത്രണത്തിലേക്ക് (Risk management) ശ്രദ്ധ മാറ്റുക. കാലാവസ്ഥ മാറ്റവും പ്രളയവും ചേർന്ന് പഠനങ്ങളിൽ സാമൂഹികാരോഗ്യം ബാധിക്കുന്നതെങ്ങനെ എന്ന അന്വേഷണം കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്.
പ്രളയത്തിെൻറ പരിസ്ഥിതി പഠനങ്ങളിൽ സമൂഹത്തിെൻറ ആരോഗ്യവുമായി ബന്ധപ്പെട്ട ആഘാതം പ്രത്യേകം പഠിക്കേണ്ടതുണ്ട്. അതോടൊപ്പം പ്രളയമുണ്ടാകുമ്പോൾ അത് നിയന്ത്രിക്കാനും ആരോഗ്യസുരക്ഷ പറ്റുംവിധം ശാസ്ത്രീയമായി ചെയ്യാനും സമൂഹത്തിനുള്ള കഴിവ് കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും വേണം.
എന്തുതരം പ്രളയമായാലും, സമൂഹത്തിന് നൽകുന്ന ആരോഗ്യ പ്രശ്നങ്ങൾ തുടർച്ചയായി മോണിറ്റർ ചെയ്യുകയും അതിൽ ഗവേഷണം നടത്തുകയും ആവശ്യമാണ്. ഇന്ന്, പ്രളയം ആരോഗ്യദുരന്തം കൂടിയാണ് എന്ന നിലയിൽ പല രാജ്യങ്ങളും കണ്ടുതുടങ്ങിയിട്ടില്ല. ഇത് പോരായ്മയായി ലോകാരോഗ്യ സംഘടന കാണുന്നു.
പ്രളയമുണ്ടായാൽ തത്സമയ ആരോഗ്യപ്രശ്നങ്ങളാണ് പൊതുവെ ശ്രദ്ധയിൽ പെടുക. ആദ്യദിവസങ്ങളിൽ നാടകീയ മുഹൂർത്തങ്ങൾ കഴിഞ്ഞാണ് തീവ്രമായ ആരോഗ്യ സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടാവുക. ഈ സമയം ജീവിതം സാധാരണഗതിയിലെത്തി എന്ന ധാരണ പരക്കുകയും സാമൂഹിക ശ്രദ്ധ വ്യതിചലിക്കുകയും ചെയ്യാം. പ്രളയം കഴിഞ്ഞുള്ള ഏതാനും ആഴ്ചകളിലാണ് പകർച്ചവ്യാധികളും രോഗങ്ങളും പൊട്ടിപ്പുറപ്പെടുന്നത്. ആഴ്ചകൾക്കും മാസങ്ങൾക്കുമപ്പുറം പ്രളയാനുഭവം ഒരുക്കുന്ന മാനസിക സംഘർഷങ്ങൾ മെല്ലെ തലപൊക്കും. അധികം പഠനങ്ങൾ നടന്നിട്ടില്ലാത്ത മേഖലയാണിത്. ഇത് പഠനവിധേയമാക്കുക എന്നത് പ്രധാനമാണ്.
മറ്റൊരു ശ്രദ്ധേയമായ പഠനം 2002ൽ ടാപ്സൽ, പെന്നിങ്-റോസെൽ എന്നിവരുടേതാണ്. ഇംഗ്ലണ്ടിലെ പ്രളയങ്ങളായിരുന്നു പഠനവിഷയം. സാമൂഹികം, ആരോഗ്യം എന്നീ മാനങ്ങളിൽ സമൂഹത്തിെൻറ ആഘാതസാധ്യത എത്രയെന്നു കണ്ടെത്താനുള്ള ശ്രമമാണ് ഗവേഷകർ ചെയ്തത്. അവർ പറയുന്നത് പ്രളയം ഒരു നാടിനുമേൽ എത്രകണ്ട് നാശം സൃഷ്ടിക്കും എന്നത് സാമൂഹിക പ്രളയാഘാത സാധ്യതാസൂചിക (Social Flood Vulnerability Index - SFVI) വികസിപ്പിച്ചാൽ കണ്ടെത്താനാകും എന്നാണ്. അപ്രകാരം വിവിധ ഘടകങ്ങൾ ചേർത്ത് അവർ സൂചിക വികസിപ്പിച്ചിട്ടുണ്ട്. ഇത്തരം സൃഷ്ടിപരമായ പഠനങ്ങൾ നമുക്കും ഗുണം ചെയ്യും.
ധാരാളം പുഴകളും കായലും കുളങ്ങളും ഉള്ള കേരളത്തിൽ നീന്താൻ അറിയാത്തവരും ബോട്ട് ഉപയോഗിക്കാൻ കഴിയാത്തവരും ആണ് അധികവും. പ്രളയത്തിനുശേഷം ആരോഗ്യകരമായ ജീവിതത്തിന് അവശ്യം വേണ്ട കഴിവുകളാണിവ. ഇപ്പോൾ നമ്മുടെ രക്ഷാകേന്ദ്രങ്ങളിൽ ഏഴു ലക്ഷത്തോളം പേർ കഴിയുന്നു. അവർക്ക് ജീവിത സൗകര്യങ്ങൾ ഒരുക്കുകയെന്നത് ശ്രമകരമായ പദ്ധതിയാണ്. ഇത്ര വലിയ പ്രളയം അടുത്തെങ്ങും ഉണ്ടാവില്ലായിരിക്കും; കാലാവസ്ഥ മാറ്റം എന്ന പശ്ചാത്തലത്തിൽ വലുതും ചെറുതുമായ മറ്റു പ്രളയങ്ങൾ ഉണ്ടായിക്കൂടെന്നില്ല. പ്രളയക്കെടുതികൾ പഠിക്കുന്നതിനോടൊപ്പം തത്സമയവും ദീർഘകാലത്തിൽ ഉണ്ടാകുന്നതുമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി രേഖപ്പെടുത്തേണ്ടതുണ്ട്.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.