ഗുരുവിന് പകരം ഹെഡ്ഗേവാറോ?
text_fields2022 ജനുവരി 26ലെ റിപ്പബ്ലിക് പരേഡിൽനിന്നാണ് ശ്രീനാരായണ ഗുരു സമീപകാലത്ത് ഏറ്റവും പ്രമാദമായി പുറത്താക്കപ്പെട്ടത്. ഗുരുവിന് പകരം ചാതുർവർണ്യത്തെ ഇന്ത്യയിലാകെ പുനഃസ്ഥാപിച്ച ബ്രാഹ്മണികാദ്വൈത പിതൃബിംബങ്ങളെ സ്ഥാപിക്കാനാണ് ഹൈന്ദവ ദേശീയവാദകക്ഷി നയിക്കുന്ന കേന്ദ്രഭരണകൂടം കേരള സർക്കാറിനോട് ആവശ്യപ്പെട്ടത്. ഈ മാസം അരങ്ങേറിയ തൃശൂർപൂരത്തിൽനിന്ന് ഗുരുവിനെയും അയ്യൻകാളിയെയും കൈയൊഴിഞ്ഞ് പകരം സവർക്കറുടെ ചിത്രം പേറുന്ന വർണക്കുടകൾ നിരത്തപ്പെട്ടു.
സത്യത്തിനും നീതിക്കും ചരിത്രത്തിനും നിരക്കാത്ത ഭരണഘടന അട്ടിമറികളും മറവികളും മായ്ക്കലുകളും രാജ്യത്തെമ്പാടും പെരുകുന്നു. ഹൈന്ദവ ദേശീയവാദത്താൽ യാഥാർഥ്യ ചരിത്രബോധങ്ങളെല്ലാം നഷ്ടപ്പെട്ട കർണാടയിലെ ഭരണകൂടം തെന്നിന്ത്യൻ നാഗരികതയുടെയും നവോത്ഥാനത്തിന്റെയും അതുല്യ ശബ്ദവും വെളിച്ചവുമായ നാരായണഗുരുവിനെയും തമിഴകത്തെ നവോത്ഥാന നായകനായ പെരിയാറെയും സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിൽനിന്ന് വെട്ടിമാറ്റി. പകരം കേരളത്തിൽ സവർക്കറെ കുടപ്പുറത്തെഴുന്നള്ളിച്ചപോലെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പിതൃരൂപമായ ഹെഡ്ഗേവാറിനെ കന്നട പാഠപുസ്തകങ്ങളിലൂടെ തിരുകിക്കയറ്റിയിരിക്കയാണ്.
കേരളത്തിലും തമിഴകത്തും മാത്രമല്ല, തെക്കൻ കർണാടകയിലും ഒരു നൂറ്റാണ്ടുമുമ്പുതന്നെ നേരിട്ടെത്തി തൊട്ടുകൂടാത്തവരാക്കപ്പെട്ട അടിസ്ഥാന അധ്വാന അവർണ ജനസഞ്ചയത്തിനായി കോവിലുകളും പള്ളിക്കൂടങ്ങളും സ്ഥാപിച്ച നവോത്ഥാന ദാർശനികനും സാമൂഹിക പരിഷ്കരണ കർതൃത്വവുമാണ് ഗുരു. ഗുരു സ്ഥാപിച്ച മംഗലാപുരത്തെ കുദ്രോളി അമ്പലത്തിൽ ഇന്നു വിധവകളായ ദലിത് വനിതകളാണ് മേൽശാന്തിമാരും പൂജാരിണികളുമായി വർത്തിക്കുന്നത്.
വർക്കലക്കുന്നിൽ ഇന്ന് ഒരു നൂറ്റാണ്ടു പിന്നിട്ട ശാരദാ പ്രതിഷ്ഠയിലടക്കം ബ്രാഹ്മണപൂജ കൊണ്ടുവന്നാലെന്തെന്ന് ഗുരുവിന്റെ അവസാനകാലത്ത് 1920കളിൽ ഒരു ചർച്ച വന്നു. അതിനെ അന്നുതന്നെ പരിപൂർണമായും നിരസിച്ചുകൊണ്ട് കേരള ആധുനികതയുടെ വിധാതാവായ ഗുരു പറഞ്ഞത്, എന്നാൽ പോയതെല്ലാം, അതായത് വൈദികവും വർണാശ്രമപരവുമായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തീണ്ടലും തൊടീലും ശുദ്ധാശുദ്ധ ബ്രാഹ്മണികാഭിരതികളും വരേണ്യതയും ഉച്ചനീചത്വവും, തിരികെ വരും എന്നായിരുന്നു.
തെന്നിന്ത്യൻ നാഗരികതയെ ഗുരുവും ശിഷ്യരും അടിത്തട്ടിൽ മാറ്റിപ്പണിതു. മലബാറിൽ മാത്രമല്ല, തുളുനാട്ടിലും തെക്കൻ കർണാടകയിലുമെത്തി അവിടെ ദലിതർക്കും വില്ലവർക്കും തീയർക്കുമെല്ലാം ആരാധനാലയങ്ങളും വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചതും ഗുരുതന്നെയാണ്.
ഗുരുവിന്റെ സാമൂഹിക പ്രക്ഷോഭത്തിൽ പ്രചോദനംകൊണ്ടാണ് ആദ്യം ദേശീയവാദ കോൺഗ്രസ് പ്രവർത്തകനായിരുന്ന പെരിയാർ രാമസ്വാമി നായ്ക്കർ വൈക്കം സത്യഗ്രഹത്തിലേക്കു വന്നു പ്രസംഗിച്ച് തടങ്കൽ വരിച്ചത്. കർണാടകയിലെ ആധുനികകാല സാമൂഹിക മാറ്റത്തിനും അദ്ദേഹം പ്രത്യക്ഷമായും പരോക്ഷമായും പ്രേരണയും മാതൃകയുമായി.
റിപ്പബ്ലിക് ദിന പരേഡിൽനിന്നു മുതൽ പാഠപുസ്തകങ്ങളിൽനിന്നു വരെ ഗുരു ഒഴിവാക്കപ്പെടാനുള്ള പ്രധാന കാരണം കേരളത്തിനകത്തുതന്നെ ഇടതുവലതു ഭേദമില്ലാതെ നടക്കുന്ന സവർണ ഹൈന്ദവ അധീശവ്യവഹാരവും ഗുരുവിനെതിരായ ഇകഴ്ത്തലുമാണ്. ഗുരുവിന്റെ ജാതിവിമർശനത്തെയും സാമൂഹിക നീതി സങ്കൽപത്തെയും മലയാളനാട് തിരസ്കരിച്ചതുകൊണ്ടാണിതു സംഭവിച്ചത്. മലയാളം മിഷനിൽ മാത്രമല്ല, ഗുരുവിന്റെ പേരിലുള്ള സർവകലാശാലയിൽപോലും ഇടതു നോമിനികളായി ഇന്ന് സംഘപരിവാരികൾ കയറിക്കൂടുന്നു. ശ്രീനാരായണീയരെക്കൊണ്ട് ഗുരുവിനെ ദൈവവത്കരിച്ചും വിഗ്രഹവത്കരിച്ചും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിമർശബോധവും സാമൂഹികനീതി ചിന്തയും കൈയൊഴുവിക്കാനും ഹിന്ദുത്വ-ജാതി ശക്തികൾക്കു കഴിഞ്ഞു.
ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽനിന്ന് ഗുരുവിനെ പ്രധാന പ്രതീകമാക്കിയ കേരളത്തിന്റെ ടാബ്ലോക്ക് പുറമെ സ്വാതന്ത്ര്യപ്പോരാളികളുടെ സ്മരണ ഉയർത്തുന്ന തമിഴ്നാടിന്റെ ടാബ്ലോയും ഒഴിവാക്കപ്പെട്ടിരുന്നു. വർഗീയ-അതിദേശീയവാദ സർക്കാറിന്റെ കണ്ണുരുട്ടൽ ഭയന്ന് കേരളവും നാട് ഭരിക്കുന്ന ഇടതുപക്ഷവും നിശ്ശബ്ദത പാലിച്ചപ്പോൾ യൂനിയൻ സർക്കാർ ഒഴിവാക്കിയ ടാബ്ലോ മറീന ബീച്ചിൽ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചാണ് തമിഴ്നാട് പ്രതികരിച്ചത്. കർണാടകയിലെ പാഠപുസ്തകത്തിൽനിന്ന് ഗുരുവിനെ ഒഴിവാക്കിയതിനെതിരെ മലയാളി പ്രതിഷേധം പ്രസ്താവനകളിലൊതുങ്ങുന്നതുകൊണ്ട് ഫലമേതുമില്ല. സമൂഹമാധ്യമങ്ങളിൽ രോഷം പ്രകടിപ്പിക്കുന്ന സർക്കാർ പ്രതിനിധികൾക്കും അക്കാദമിക സമൂഹത്തിനും തെല്ല് ആത്മാർഥതയുണ്ടെങ്കിൽ കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഗുരുവിന്റെ വിമർശബോധവും ഭവിഷ്യോന്മുഖവുമായ രചനകളും ചരിത്രഭാഷണങ്ങളും പ്രബോധനാത്മക രചനകളും കൂടുതലായി ഉൾപ്പെടുത്തുകയാണ് വേണ്ടത്. ജാതിവിമർശന മുയർത്തുന്ന 'ജാതിലക്ഷണം', 'ജാതിനിർണയം', 'അനുകമ്പാദശകം', 'ജീവകാരുണ്യപഞ്ചകം' തുടങ്ങിയ രചനകൾ അടിയന്തരമായി അക്കാദമിക, മാധ്യമ ചർച്ചകളുടെയും പാഠങ്ങളുടെയും കരിക്കുലത്തിന്റെയും അവശ്യഭാഗങ്ങളാക്കി പുതിയ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പഠനങ്ങളും ഗവേഷണ പദ്ധതികളും നടപ്പാക്കേണ്ടതുണ്ട്. ഡോ. ടി. ഭാസ്കരന്റെ 'ശ്രീനാരായണഗുരുവൈഖരി'യും പി.കെ. ബാലകൃഷ്ണന്റെ 'നാരായണഗുരുവും' ഹൈസ്കൂൾ ക്ലാസുകളിലും ബിരുദ, ബിരുദാനന്തരതലങ്ങളിലും ആധാരപാഠങ്ങളാക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ പഠിക്കുന്നവരും ഹ്യൂമാനിറ്റീസിൽ അതു പഠിക്കട്ടെ.
ഗുരുവിന്റെ ജാതിവിരുദ്ധ മാനവികത സന്ദേശത്തെ കേരളത്തിലെമ്പാടും പടർത്തിയ മൂലൂർ, കറുപ്പൻ, സഹോദരൻ എന്നീ അവർണ കവികളുടെ ജാതിവിരുദ്ധ രചനകളും അടിയന്തരമായി സർവകലാശാല പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തി സാമൂഹിക, മാധ്യമ സംവാദങ്ങൾ ആരംഭിക്കേണ്ടതുണ്ട്. കേരളവും തമിഴകവും ഈ കാര്യത്തിൽ മാതൃക കാട്ടണം.
ഗുരുവിനെയും ഫൂലേയെയും അംബേദ്കറെയും അയ്യോതി താസരെയും പെരിയാറെയും മുൻനിർത്തുന്ന വിപുലമായ താരതമ്യസംവാദങ്ങളും പാഠ്യപദ്ധതി നവീകരണങ്ങളും ഇന്ത്യയുടെ തെക്കും പടിഞ്ഞാറും കിഴക്കുമായി ഉയരേണ്ടകാലം അതിവർത്തിച്ചിരിക്കുന്നു. സമഗ്രാധിപത്യ ഹിംസയെയും വ്യാജ ഭൂരിപക്ഷവാദത്തെയും സാമ്പത്തിക സാധൂകരണത്തിലരങ്ങേറ്റിയ സവർണ അമിത പ്രാതിനിധ്യത്തെയും അടിയന്തരമായി ജനത ചെറുക്കേണ്ടതുണ്ട്. ഇന്ത്യൻ ആധുനിക ജനായത്ത റിപ്പബ്ലിക്കിനെയും നിർമാണഘടനയെയും രാഷ്ട്രത്തെയും ജനതയെയും രക്ഷിക്കാൻ അതാവശ്യമായിരിക്കുന്നു. ഗുരു ഭാവനചെയ്തപോലെ ജാതിമതഭേദങ്ങൾ തീണ്ടാത്ത സാഹോദര്യസമഭാവനയുടെ മാതൃകാസ്ഥാനമായി നമുക്കുമാറാം. ഗുരുവരുളിയപോലെ മനുഷ്യരാവുകയും മനുഷ്യർ നന്നാവുകയും മാത്രമാണ് മാർഗം.
( കാലടി സംസ്കൃത സർവകലാശാല ഇംഗ്ലീഷ്
വിഭാഗം അധ്യാപകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.