ഗ്രൂപ് തന്ത്രം പൊളിച്ച് ഹൈകമാൻഡ് കളി
text_fieldsസംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പുകളുടെ തന്ത്രം പൊളിച്ച ഹൈകമാൻഡ് ഇടപെടൽ തുടർച്ചയായ രണ്ടാംതവണ. പ്രതിപക്ഷ നേതാവിെൻറ തെരഞ്ഞെടുപ്പിൽ ഫലം കണ്ട നീക്കം ഇപ്പോൾ ഡി.സി.സി അധ്യക്ഷന്മാരെ നിയമിക്കുന്നതിലും പ്രയോഗിച്ചു. സംഘടനാ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിെൻറ കരുനീക്കമാണ് ഗ്രൂപ്പുകളെ വെട്ടിലാക്കിയത്.
നേതാവിനെ തീരുമാനിക്കാൻ പാർട്ടി അധ്യക്ഷയെ ചുമതലപ്പെടുത്തുന്നെന്ന ഒറ്റവരി പ്രമേയം നിയമസഭാ കക്ഷിയെക്കൊണ്ട് അംഗീകരിപ്പിച്ച് കൊണ്ടുവരണമെന്ന നിർദേശമാണ് നിരീക്ഷകരായെത്തിയ ഹൈകമാൻഡ് പ്രതിനിധികൾക്ക് കേന്ദ്ര നേതൃത്വം നൽകിയത്. നേതൃമാറ്റം ഹൈകമാൻഡ് ആഗ്രഹിക്കുന്നെന്ന സൂചനപോലും വന്നാൽ നിയമസഭാ കക്ഷിയോഗത്തിൽ വോെട്ടടുപ്പ് നടത്തിച്ച് സംസ്ഥാന നേതാക്കൾ തങ്ങളുടെ നീക്കം തകർക്കുമെന്ന് അവർക്കുറപ്പായിരുന്നു. തെരഞ്ഞെടുപ്പ് നടന്നാൽ ഹൈകമാൻഡിന് ലക്ഷ്യത്തിലെത്താൻ കഴിയുമായിരുന്നില്ല. ഒറ്റക്കൊറ്റക്ക് നടന്ന കൂടിക്കാഴ്ചയിൽ നിരീക്ഷകർക്ക് മുന്നിൽ സ്വതന്ത്രമായി അഭിപ്രായം അറിയിച്ച പാർട്ടി എം.എൽ.എമാർ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കൈ ഉയർത്തി വോെട്ടടുപ്പ് നടന്നാൽ ഗ്രൂപ് നേതൃത്വത്തെ വെറുപ്പിക്കില്ലെന്ന് ഹൈകമാൻഡ് തിരിച്ചറിഞ്ഞു. തുടർന്നാണ് തീരുമാനമെടുക്കാൻ പാർട്ടി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം സംഘടിപ്പിച്ചെടുത്തത്. നേതൃമാറ്റ സൂചനപോലും ഇല്ലാതിരുന്നതിനാൽ ഗ്രൂപ് നേതാക്കളും ഹൈകമാൻഡ് കെണിയിൽ വീണു. പിന്നാലെ നേതൃമാറ്റ സമ്മർദം മാധ്യമങ്ങളിലും വിവിധ കോണുകളിലും ശക്തമായി. രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയ സി.പി.എം തീരുമാനവും കോൺഗ്രസിലെ നേതൃമാറ്റ ആവശ്യത്തിന് ശക്തിപകർന്നു. വി.ഡി. സതീശനെ പുതിയ പ്രതിപക്ഷനേതാവായി നിശ്ചയിച്ച് പ്രഖ്യാപനം വന്നപ്പോഴാണ് ഗ്രൂപ്പുകൾക്ക് അമളി മനസ്സിലായത്.
ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തിലും സമാനമായിരുന്നു ഹൈകമാൻഡ് തന്ത്രം. അധ്യക്ഷന്മാരുടെ സാധ്യതാപട്ടിക തയാറാക്കുന്നതിന് സംസ്ഥാനത്ത് വിപുല ചർച്ചകളാണ് നടന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒാരോ ജില്ലയിലേക്കും പരിഗണിക്കാവുന്ന ചില പേരുകൾ നിർദേശിച്ചു. ഡൽഹി ചർച്ചക്കുശേഷം പട്ടിക അന്തിമമാക്കുംമുമ്പ് ഒരുവട്ടം കൂടി മുതിർന്ന നേതാക്കളുമായി ചർച്ചനടത്താമെന്ന് കെ.പി.സി.സി അധ്യക്ഷൻ ഉറപ്പും നൽകി. പക്ഷേ, ഡൽഹിയിലെത്തിയ കെ.പി.സി.സി അധ്യക്ഷനോട് അടിയന്തരമായി അന്തിമപട്ടിക നൽകാൻ ഹൈകമാൻഡ് നിർദേശിച്ചു.
വീണ്ടും സംസ്ഥാനത്ത് കൂടിയാലോചന നടന്നാൽ ഗ്രൂപ് നേതാക്കൾ അനാവശ്യ സമ്മർദം ചെലുത്തി പുനഃസംഘടന നീട്ടിക്കൊണ്ടുപോയി അവരുടെ താൽപര്യം നടപ്പാക്കാൻ ശ്രമിക്കുമെന്ന് ഹൈകമാൻഡ് സംശയിച്ചു. ഹൈകമാൻഡിെൻറ കർശന നിർദേശശേഷം അന്തിമപട്ടിക നൽകാൻ കെ. സുധാകരൻ ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും ആവശ്യപ്പെെട്ടങ്കിലും അവർ തയാറായില്ല. തിരിച്ചെത്തി ചർച്ച നടത്താമെന്ന ഉറപ്പ് പാലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഹൈകമാൻഡ് നീക്കത്തെ വി.ഡി. സതീശൻ പൂർണമായി പിന്തുണച്ചു. ഒടുവിൽ മറ്റ് മാർഗമില്ലാതെ ഒാരോ ജില്ലയിലേക്കും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേരത്തേ നിർദേശിച്ച പേരുകൾകൂടി പരിഗണിച്ച് അന്തിമപട്ടിക സുധാകരൻ കൈമാറി. ഇത് ചെറിയ മാറ്റങ്ങളോടെ ഹൈകമാൻഡ് അംഗീകരിച്ചു. പുനഃസംഘടന നീട്ടിക്കൊണ്ടുപോയി സമ്മർദത്തിലൂടെ ഇഷ്ടക്കാരെ പദവികളിൽ കൊണ്ടുവരാമെന്ന ഗ്രൂപ്പുകളുടെ മോഹമാണ് അതോടെ തകർന്നത്. ഇൗ സാഹചര്യത്തിലാണ് പാർട്ടിയിലെ ശേഷിക്കുന്ന പുനഃസംഘടനയിലെങ്കിലും തന്ത്രം പിഴക്കാതെ നോക്കാൻ ഗ്രൂപ്പുകൾ അണിയറയിൽ ഒരുങ്ങുന്നത്.
താരിഖ് അന്‍വറിനെതിരെ ഗ്രൂപ്പുകൾ
കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അന്‍വർ പക്ഷപാതം കാട്ടുന്നുവെന്ന പരാതിയുമായി എ, ഐ ഗ്രൂപ്പുകൾ ഹൈകമാന്‍ഡിനെ സമീപിക്കും. അതേസമയം, ഡി.സി.സി പട്ടികയുമായി ബന്ധപ്പെട്ട് ഇനി പരസ്യപ്രസ്താവന നടത്തി ഹൈകമാൻഡിെൻറ കണ്ണിലെ കരടാകേണ്ടെന്ന നിലപാടിലാണ് ഗ്രൂപ് നേതൃത്വങ്ങൾ. ഹൈകമാന്‍ഡിന് എതിരല്ലെന്നും ഗ്രൂപ് രഹിത പാര്‍ട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പുണ്ടാക്കാൻ ചില നേതാക്കൾ നടത്തുന്ന ശ്രമത്തെയാണ് എതിര്‍ക്കുന്നതെന്നുമാണ് അവരുടെ നിലപാട്.
അച്ചടക്കലംഘനത്തിെൻറ കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിെൻറ ഇരട്ടത്താപ്പ് സമീപനത്തിലും ഗ്രൂപ്പുകൾക്ക് അമർഷമുണ്ട്. കെ.സി. വേണുഗോപാലിനെ വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടി നിമിഷങ്ങള്‍ക്കകം അച്ചടക്കനടപടി സ്വീകരിച്ച നേതൃത്വം ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വളരെ മോശമായ രീതിയില്‍ വിമര്‍ശിച്ചവര്‍ക്കെതിരെ മൗനം പാലിക്കുന്നതിലാണ് അമർഷം. ഇക്കാര്യം ഗൗരവമായി ഹൈകമാൻഡിന് മുന്നിലെത്തിക്കാനും അവർ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.