കഴിവുകളും അഭിരുചിയും പ്രധാനം
text_fieldsപ്ലസ് ടു ഫലം വന്നു. ഇനിയെന്ത് എന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ വിഷമത്തിലാക്കുന്ന ചോദ്യവും ചിന്തയുമാണ്. ഉന്നത വിദ്യാഭ്യാസത്തിെൻറ പടവുകളിലേക്ക് വഴികൾ നിരവധിയാണ്. സ്വന്തം മേഖല ഏതെന്ന് നിശ്ചയിക്കാനുള്ള കഴിവ് ഭൂരിഭാഗം പേരിലും ഇല്ലെന്നതാണ് പഠനങ്ങൾ വെളിവാക്കുന്നത്. ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതിനും ഭാവിജീവിതം നിശ്ചയിക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. യുക്തിയും സാധ്യതകൾക്കുമൊപ്പം തങ്ങളുടെ കഴിവും അഭിരുചിയും വിലയിരുത്തിയാവണം മുന്നിലേക്കുള്ള പാത തെരഞ്ഞെടുക്കേണ്ടത്.
സാധ്യതകൾ നിരവധി
എൻജിനീയറിങ് അല്ലെങ്കിൽ മെഡിക്കൽ എന്നതായിരുന്നു കുറച്ചുകാലം മുമ്പുവരെയുള്ള ട്രെൻഡും ആഗ്രഹവും. എന്നാൽ, സാേങ്കതികവിദ്യയുടെ അദ്ഭുതപ്പെടുത്തുന്ന സാധ്യതകൾ നിരവധി നൂതനമേഖലകളാണ് തുറന്നിട്ടിരിക്കുന്നത്. ഭൂരിഭാഗവും ഇപ്പോഴും തെരഞ്ഞെടുക്കുന്ന മെഡിക്കൽ, എൻജിനീയറിങ് മേഖലയിൽതന്നെ വൈവിധ്യ കോഴ്സുകളും വ്യത്യസ്ത ശാഖകളും നിലവിലുണ്ട്. സോഷ്യൽ സയൻസ്, കോമേഴ്സ് എന്നീ മേഖലകളിൽ വിവിധങ്ങളായ തൊഴിൽസാധ്യതകൾ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ വിപ്ലവകരമായ മാറ്റങ്ങൾ ദൃശ്യമായ മാധ്യമമേഖലയിലും കലാകായിക സാംസ്കാരിക മേഖലയിലും നവ തൊഴിൽ സംസ്കാരവും ഏറെ അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. മാനേജ്മെൻറ് രംഗത്ത് വൈദഗ്ധ്യം തെളിയിക്കാനായാൽ കരിയർരംഗത്ത് തിരിഞ്ഞുനോക്കേണ്ടി വരില്ല.
പുതിയ പ്രവണതകൾ
‘ഡോക്ടർ ജോലി’ ഇന്നും മിക്കവരുടെയും സ്വപ്നം തന്നെയാണ്. മെഡിക്കൽ രംഗത്തുണ്ടായ വളർച്ച അതിനൂതനമായ വ്യത്യസ്ത ശാഖകൾക്ക് തുടക്കം കുറിക്കുകയും പഠനവിഷയങ്ങൾ ഏറുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെ തൊഴിൽസാധ്യതകൾ ചൂഷണം ചെയ്യാൻ കേവലം എം.ബി.ബി.എസ് പഠനം മാത്രമല്ല മുന്നിലുള്ളതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും തിരിച്ചറിയേണ്ടതുണ്ട്. റോബോട്ടുകൾ സർജറി നടത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. മെഡിക്കൽ മേഖലയും ടെക്നോളജിയും ചേർന്നുള്ള വിവിധങ്ങളായ കോഴ്സുകൾക്ക് ഏറെ തൊഴിൽസാധ്യതകളാണ് മുന്നിലുള്ളത്. ആതുരസേവന രംഗം മെഡിക്കൽ ടൂറിസമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ആയുർവേദത്തിെൻറയും ഹോമിയോപ്പൊതിയുടെയും ഡെൻറൽ വിഭാഗത്തിലെയും സാധ്യതകൾ വേണ്ടവിധം പ്രയോജനപ്പെടുത്താനായാൽ ഭാവി േശാഭനം തന്നെ. പരമ്പരാഗത രീതികളിൽനിന്നും വേറിട്ട് ചിന്തിക്കണമെന്നുമാത്രം. ധാരാളം നൂതന കോഴ്സുകൾ ഇൗ മേഖലയെ വിപുലപ്പെടുത്തുന്നുണ്ട്.
ആതുരസേവനരംഗം മാറിയതോടെ രോഗനിർണയത്തിലും പ്രതിവിധി നിർദേശങ്ങളിലും മരുന്നുനിർമാണ വിതരണങ്ങളിലും ഒേട്ടറെ മാറ്റങ്ങളുണ്ടായി. രോഗനിർണയത്തിന് സ്മാർട്ട് ഡിവൈസുകളും പ്രതിവിധിക്ക് പുതിയ രൂപങ്ങളുമുണ്ടായതോടെ ഇവയിൽ വൈദഗ്ധ്യമുള്ളവരെ തേടേണ്ട അവസ്ഥയാണുള്ളത്. മരുന്നുനിർമാണ വിതരണ മേഖല ഫാർമസി കോഴ്സുകളുടെ വൈവിധ്യങ്ങളാൽ നിറഞ്ഞിട്ടുണ്ട്. ഇമേജ് പ്രോസസിങ് രംഗത്തെ കുതിച്ചുചാട്ടം, സ്കാനിങ്, എക്സ്റേ, ലാബുകൾ എന്നിവയിലെ കോഴ്സുകളെ പൊളിച്ചെഴുതിയിട്ടുണ്ട്. സ്റ്റെത്തും തൂക്കിയുള്ള ഡോക്ടറുടെ രൂപം മാത്രമാവരുത് മെഡിക്കൽ മേഖല തെരഞ്ഞെടുക്കുന്നവരുടെ മുന്നിലുണ്ടാവേണ്ടത്.
സാേങ്കതിക വിദ്യാഭ്യാസം
സാേങ്കതിക വിദ്യയുടെ മാറ്റങ്ങൾക്ക് അനുസരിച്ച് അനുദിനം മാറിക്കൊണ്ടിരിക്കുന്ന മേഖലയാണിത്. ലോക വളർച്ചക്ക് കാരണം സാേങ്കതിക മേഖലയുടെ കുതിച്ചുചാട്ടമാണ്. രാഷ്ട്ര നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന സാേങ്കതിക വിദ്യാഭ്യാസ മേഖല അതിനൂതനവും വൈവിധ്യങ്ങളും നിറഞ്ഞ കോഴ്സുകളാൽ സമ്പന്നവും ഏറെ കൺഫ്യൂഷൻ നിറഞ്ഞതുമായിരിക്കുന്നു.ഇൻറർനെറ്റ് നിയന്ത്രിക്കുന്ന വർത്തമാനകാല ലോകക്രമം തീർത്തും വ്യത്യസ്തവും ചിന്തകൾക്കതീതവുമായ മേഖലകളാണ് യുവസമൂഹത്തിന് മുന്നിൽ തുറന്നിട്ടിരിക്കുന്നത്. ബിഗ് ഡാറ്റ അനലിറ്റിക്സും റോബോട്ടിക്സും കൃത്രിമബുദ്ധിയും ഇൻറർനെറ്റ് ഒാഫ് തിങ്സും തീർത്ത മായാലോകത്തിൽ സാധ്യതകളും കുത്തനെയുള്ള വളർച്ചകളും മാത്രമേയുള്ളൂ. പരമ്പരാഗത കോഴ്സുകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നിവയോടൊപ്പം ഇൗ നൂതന സംവിധാനങ്ങൾ സംയോജിപ്പിക്കേണ്ടതുണ്ട്. 2022ഒാടെ 37 ശതമാനം ജോലികളും ഇത്തരം തൊഴിൽനൈപുണ്യമുള്ളവർക്കായിരിക്കുമെന്ന് പഠനങ്ങൾ വെളിവാക്കുന്നു.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവായിരുന്ന ‘എണ്ണ’(ഒായിൽ)യിൽനിന്ന് ‘ഡാറ്റ’(information)യിലേക്കുള്ള മാറ്റങ്ങൾക്കനുസരിച്ച് കോഴ്സ് തെരഞ്ഞെടുപ്പിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കൃത്രിമ ബുദ്ധിയും ബിഗ് ഡാറ്റയും ഉണ്ടാക്കിയെടുത്ത മായാലോകം കൈയെത്തും ദൂരത്താണ്. ഇതെങ്ങനെ യുവസമൂഹം ഉപയോഗപ്പെടുത്തുന്നുവെന്നത് പ്രധാനമാണ്. തീൻമേശകളിൽ ഭക്ഷണം വിളമ്പുന്നതു മുതൽ മാൻഹോൾ വൃത്തിയാക്കുന്നതും വീട്ടുകാവലിനും റോബോട്ടുകൾ നിരന്ന കാഴ്ച വിദ്യാർഥികൾ കണ്ണുതുറന്ന് കാണേണ്ടതാണ്.
സ്പേസ് എൻജിനീയറിങ്ങിലും ഇ-കാറുകളും സൃഷ്ടിക്കുന്ന തൊഴിൽസാധ്യതകൾ ഉപയോഗപ്പെടുത്താനും കഴിവുള്ള സാേങ്കതിക വിദഗ്ധരെ ധാരാളമായി വേണം. സാേങ്കതികമേഖല കൂടുതൽ മധ്യവർഗത്തെ ആശ്രയിക്കുന്നതിനാൽ ഡിേപ്ലാമക്കാർക്ക് ധാരാളം സാധ്യതകളുണ്ട്. െഎ.ടിയും ഉൽപന്ന മേഖലയും നിർമാണരംഗത്തും വരുംകാലങ്ങളിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കും.
വാണിജ്യം, ൈഫൻആർട്സ്
ബിസിനസ് രംഗത്തുണ്ടായ മാറ്റങ്ങൾ കോമേഴ്സ് കോഴ്സുകളുടെ പ്രസക്തി കൂട്ടിയിട്ടുണ്ട്. ബാങ്കിങ്, അക്കൗണ്ടൻസി മേഖലകളിലെ പ്രാവീണ്യം ഒാൺലൈൻ വ്യാപാരത്തിന് അത്യാവശ്യമാണ്. കലാപരമായ പഠനങ്ങൾ നമ്മുടെ സംസ്കാരത്തിെൻറ ഭാഗമാണെങ്കിലും ഇന്നവയുടെ പ്രസക്തി ഏറിയിട്ടുണ്ട്. ജന്മനാലുള്ള കഴിവ് പ്രഫഷനലായി മാറ്റിയെടുക്കുന്ന വൈദഗ്ധ്യം ഇന്ന് കോഴ്സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഗീതവും നൃത്തവും ചിത്രരചനയും സിനിമയിലും വ്യത്യസ്തത പുലർത്താൻ കഴിയുന്ന തരത്തിലുള്ള കോഴ്സുകൾ നിലവിലുണ്ട്.
ഒരു വ്യക്തിയെയോ അവസ്ഥയെയോ സാഹചര്യത്തെയോ ഫലപ്രദമായി കൈകാര്യം ചെയ്യുന്നിടത്താണ് വിജയമിരിക്കുന്നത്. മാനേജ്മെൻറ് പഠനവും ഇതുതന്നെയാണ്. ജീവിതത്തിെൻറ സമസ്ത മേഖലകളിലും ഇന്ന് മാനേജ്മെൻറിെൻറ സ്വാധീനമുണ്ട്. അതിനാൽതന്നെ ഇൗ കോഴ്സുകൾക്ക് പ്രാധാന്യവുമുണ്ട്. പരമ്പരാഗതമായ ആർട്സ് വിഷയങ്ങളുടെ പ്രസക്തി വർധിപ്പിക്കുന്നതാണ് ഇൻറർനെറ്റ് യുഗത്തിൽ നാം കാണുന്നത്. പഠനരീതിയും വീക്ഷണവും വ്യത്യസ്തമെന്ന് മാത്രമേയുള്ളൂ. കറുത്ത ഗൗണിട്ട് നടക്കുന്നതു മാത്രമല്ല ഇന്ന് നിയമപഠനത്തിലൂടെ സാധ്യമാവുക. കോർപറേറ്റുകളും ബിസിനസ് സാമ്രാജ്യവും സാമൂഹികക്രമവും ചിട്ടപ്പെടുത്തുന്നതിനും സംരക്ഷിച്ചു പോകുന്നതിനും വലിയ പങ്ക് വഹിക്കുന്നുണ്ട്.
തൊഴിൽ നൈപുണി പ്രധാനം
പേരിനൊപ്പമുള്ള ബിരുദങ്ങളുടെ എണ്ണത്തിലും വലിപ്പത്തിലുമല്ല ഇൗ നവലോക ക്രമത്തിൽ കാര്യമെന്നത് വിദ്യാർഥിസമൂഹം തിരിച്ചറിയേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ ഭൂരിഭാഗം പേരും തൊഴിൽരഹിതരാണെന്ന പഠനം നമുക്കുമുന്നിലുള്ളത് വിരൽചൂണ്ടുന്നത് ഇതിലേക്കാണ്. നാം ഏത് മേഖല തെരഞ്ഞെടുത്താലും അതിൽ മികവ് പുലർത്തേണ്ടതുണ്ട്. നമ്മുടെ കഴിവും പ്രാഗല്ഭ്യവുമാണ് അളക്കപ്പെടുക. ഏറെ വെല്ലുവിളികളും മത്സരങ്ങളും നിറഞ്ഞ ലോകത്ത് തിളങ്ങാൻ നമ്മുടെ പക്കൽ നൈപുണിയും കാര്യശേഷിയും ഉണ്ടായേ തീരൂ. ‘മുേമ്പ ഗമിക്കും ഗോക്കളെ പിന്തുടരുന്ന’തുപോലെയാണ് നമ്മൾ കോഴ്സുകളും നമ്മുടെ ഭാവിയും തെരഞ്ഞെടുക്കാറ്. രക്ഷിതാക്കളുടെ നിർബന്ധത്തേക്കാളും സുഹൃത്തുക്കളുടെ താൽപര്യത്തേക്കാളും തെൻറ അഭിരുചിക്കാവണം പ്രാധാന്യം.
നമുക്കുള്ളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളേതെന്ന് തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ പാതയിലായിരിക്കണം സഞ്ചാരം. തങ്ങളുടെ ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപിക്കുന്ന രക്ഷിതാക്കൾ സൂക്ഷ്മത പുലർത്തേണ്ട സമയമാണിത്. ഒാരോരുത്തരുടെയും കഴിവും അഭിരുചിയും തിരിച്ചറിഞ്ഞ് അവക്ക് അനുയോജ്യമായ വഴികളിലേക്ക് തിരിച്ചുവിടാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. യന്ത്രങ്ങൾ നിയന്ത്രിക്കുന്ന ഇൗ യുഗത്തിൽ അവയേക്കാൾ സ്മാർട്ടായാൽ മാത്രമേ അതിജീവനം സാധ്യമാകൂ എന്നുകൂടി ഒാർക്കേണ്ടതുണ്ട്.
(കേരള സാേങ്കതിക ശാസ്ത്ര സർവകലാശാല പ്രൊ. വൈസ് ചാൻസലറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.