ഉന്നത വിദ്യാഭ്യാസം: വിവേചനത്തിൽനിന്ന് നിഷേധത്തിലേക്ക്
text_fieldsയു.ജി.സിയുടെ 2016 മേയ് അഞ്ചാം തീയതി പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷൻ ഉന്നത വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന നീക്കത്തിെൻറ ഭാഗമാണ്. റിസർച്ച് ഗൈഡുകൾക്ക് കീഴിൽ ഗവേഷണം ചെയ്യാൻ പറ്റുന്ന വിദ്യാർഥികളുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ട് വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ പാടെ തകർക്കുകയാണ് യു.ജി.സി ചെയ്തത്. ഒരു പ്രഫസറുടെ കീഴിൽ മൂന്നു എം.ഫിൽ, എട്ട് പി.എച്ച്.ഡി വിദ്യാർഥികളും, അസോസിയേറ്റ് പ്രഫസറിനു കീഴിൽ രണ്ടു എം.ഫിൽ, ആറു പിഎച്ച്.ഡി വിദ്യാർഥികളും, അസിസ്റ്റൻറ് പ്രഫസറിനു കീഴിൽ ഒരു എം.ഫിൽ, നാല് പിഎച്ച്.ഡി വിദ്യാർഥികളും മാത്രമേ പാടുള്ളൂ എന്നാണ് ഈ വിജ്ഞാപനം പറയുന്നത്. ഒരു വശത്ത് അധ്യാപക നിയമനങ്ങള്‍ കാലങ്ങളായി നിർത്തിവെക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സഹായം വെട്ടിക്കുറക്കുകയും മറുഭാഗത്ത് ഇത്തരം വിജ്ഞാപനങ്ങളിലൂടെ സീറ്റ് ഇല്ലാതാക്കുകയുമാണ് യു.ജി.സി ചെയ്യുന്നത്. യു.ജി.സിയുടെ ഈ തീരുമാനങ്ങള്‍ സമ്പൂർണമായി നടപ്പാക്കാനാണ് ജെ.എൻ.യു അടക്കമുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്.
ജെ.എൻ.യുവില്‍ സംഭവിക്കുന്നത്
ജെ.എൻ.യു പുറത്തിറക്കിയ ഈ വർഷത്തെ എം.ഫില്‍ പിഎച്ച്.ഡി അഡ്മിഷന്‍ വിജ്ഞാപനത്തിൽ, 86 ശതമാനത്തോളം സീറ്റുകളാണ് വെട്ടിക്കുറച്ചത്. മിക്ക സ്വതന്ത്ര പഠനവിഭാഗങ്ങളിലും ഒരു സീറ്റില്‍ പോലും പ്രവേശനം നൽകാന്‍ ജെ.എന്‍.യു തയാറായിട്ടില്ല. കഴിഞ്ഞ വർഷം 1426 പേർക്ക് ജെ.എന്‍.യു ഗവേഷണ പഠനത്തിന് പ്രവേശനം നൽകിയിരുന്നെങ്കില്‍, ഈ വർഷം കേവലം 194 സീറ്റുകള്‍മാത്രമായി ചുരുക്കാനാണ് ജെ.എന്‍.യു ശ്രമിക്കുന്നത്.
എഴുപതു ശതമാനം എഴുത്ത് പരീക്ഷയും മുപ്പത് ശതമാനം അഭിമുഖ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് ജെ.എന്‍.യുവില്‍ ഗവേഷണ പഠനത്തിന് പ്രവേശനം നൽകിവന്നത്. അഭിമുഖ പരീക്ഷയില്‍, പിന്നാക്ക വിദ്യാർഥികൾക്ക് പൂജ്യം മാർക്കുവരെ നൽകി തോൽപിക്കുന്ന പ്രവണത ഉണ്ട് എന്ന് ജവഹർലാല്‍ നെഹ്‌റു യൂനിവേഴ്സിറ്റിതന്നെ നിശ്ചയിച്ച ഡോ. അബ്ദുല്‍ നാഫി കമ്മിറ്റി ചൂണ്ടിക്കാണിക്കുകയുണ്ടായി. അഭിമുഖ പരീക്ഷയുടെ മാർക്ക് മുപ്പതില്‍ നിന്നും, പതിനഞ്ചായെങ്കിലും കുറക്കണമെന്ന് കമ്മിറ്റി യൂനിവേഴ്സിറ്റിയോട് നിർദേശിക്കുകയുമുണ്ടായി.
പക്ഷേ, പുതിയ യു.ജി.സി ഗസറ്റിെൻറ ചുവടുപിടിച്ച് ജെ.എന്‍.യു വൈസ് ചാൻസലര്‍ എഴുത്തുപരീക്ഷ കേവലം അഭിമുഖ പരീക്ഷക്കുള്ള ഒരു തിരഞ്ഞെടുപ്പ് മാത്രമായിരിക്കുമെന്നും, അഭിമുഖ പരീക്ഷക്ക് നൂറു ശതമാനം പരിഗണന നൽകിക്കൊണ്ടായിരിക്കും പ്രവേശനം നടത്തുക എന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, പിന്നാക്ക വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷക്ക് നൽകിയിരുന്ന മാർക്കിളവും ഈ വർഷം മുതല്‍ ഇല്ലാതാക്കും. പെൺകുട്ടികൾക്കും പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാർഥികൾക്കും നൽകിവരുന്ന ഡിപ്രിവേഷന്‍ പോയിൻറും യു.ജി.സി സർക്കുലര്‍ നടപ്പാക്കുന്നതോടെ അട്ടിമറിക്കപ്പെടാനാണ് എല്ലാ സാധ്യതയും. ഒ.ബി.സി സംവരണത്തിന് ആനുപാതികമായി സീറ്റ് വര്‍ധനവും അധ്യാപകരുടെയും മറ്റനുബന്ധ സൗകര്യങ്ങളുടെ സാന്നിധ്യവും ഉണ്ടായിരിക്കണമെന്ന, ഭരണഘടനയുടെ 93ാമത് ഭേദഗതിയുടെ നഗ്നമായ ലംഘനമാണിത്.
സ്മൃതി ഇറാനി മുതല്‍ പ്രകാശ് ജാവ്ദേക്കര്‍വരെ
സ്മൃതി ഇറാനിയുടെ കാലത്ത് ഗവേഷണ രംഗത്ത് നൽകിവരുന്ന നോണ്‍-നെറ്റ് ഫെലോഷിപ്പുകള്‍ ഇല്ലാതാക്കാനുള്ള യു.ജി.സിയുടെ നീക്കം കഴിഞ്ഞ വർഷം വിദ്യാർഥികളുടെ നിരന്തര സമരം കാരണം ചെറുത്തു തോൽപ്പിക്കപ്പെടുകയാണുണ്ടായത്. തുടർന്നും നിരന്തരം വിദ്യാർഥിവിരുദ്ധ നടപടികളുമായി മുന്നോട്ടുപോവാനാണ് യു.ജി.സിയും മാനവ വിഭവശേഷി മന്ത്രാലയവും ശ്രമിച്ചത്. സ്മൃതി ഇറാനിക്ക് ശേഷം വന്ന ആര്‍.എസ്.എസ് പശ്ചാത്തലമുള്ള പ്രകാശ് ജാവ്ദേക്കര്‍ ആവട്ടെ ഇറാനി നിർത്തിയേടത്തുനിന്നാണ് തുടങ്ങിയത്.
അതിെൻറ ഏറ്റവും പുതിയ ഉദാഹരണങ്ങളായിരുന്നു ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയൻസസി(ടിസ്)ല്‍ ഹ്യൂമന്‍ റൈറ്റ്സ്, വിമൺസ് സ്റ്റഡീസ്, സ്റ്റഡി ഓഫ് എക്സ്ക്ലൂഷന്‍ ആൻഡ്് ഇൻക്ലൂസീവ് പോളിസി, സ്കൂള്‍ ഓഫ് ലോ, സ്കൂള്‍ ഓഫ് റൈറ്റ്സ് ആൻഡ് കോൺസ്റ്റിറ്റ്യൂഷനല്‍ ഗവേണൻസ് എന്നീ പഠന വിഭാഗങ്ങൾക്ക് നൽകിവന്ന ഫണ്ട് നിർത്തലാക്കാനുള്ള യു.ജി.സിയുടെ തീരുമാനം. പ്രതിഷേധത്തെ തുടർന്ന് ഒരു വർഷത്തേക്കുകൂടി സാമ്പത്തിക സഹായം നീട്ടിയിട്ടുണ്ടെങ്കിലും അതിനു ശേഷം അവ വീണ്ടും പുനഃപരിശോധിക്കുമെന്ന് യു.ജി.സി പറയുന്നു.
ജെ.എന്‍.യുവിലെ സെൻറര്‍ ഫോര്‍ എക്സ്ക്ലൂഷന്‍ സ്റ്റഡീസിനും നേരിടേണ്ടിവന്നത് സമാനമായ നടപടിയാണ്. പരമ്പരാഗത വിഷയങ്ങൾക്കപ്പുറത്ത് സാമൂഹിക അവഗണനയെയും ബഹിഷ്കരണത്തെയും വിവേചനത്തെയും പഠനവിധേയമാക്കുന്ന ഇത്തരം പഠനവിഭാഗങ്ങൾക്കു നേരെയുള്ള നടപടി, താഴ്ത്തപ്പെട്ട ജനതയുടെ മുന്നോട്ടുപോക്കിനു തടയിടാനുള്ള നേരിട്ടുള്ള ശ്രമമായി വേണം കാണാന്‍.
അതേസമയം, ഇന്ത്യയിലെ വ്യത്യസ്ത യൂനിവേഴ്സിറ്റികളിലെ അമ്പതിലധികം വൈസ് ചാൻസലര്‍മാരടക്കം എഴുന്നൂറോളം അക്കാദമിക വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ആര്‍.എസ്.എസ് മാർച്ച് 26 ന്യൂഡൽഹിയിൽ നടത്തിയ ക്യാമ്പ് , വിദ്യാഭ്യാസരംഗത്ത് ‘ഇന്ത്യന്‍വത്കരണം’ ആഹ്വാനംചെയ്തിട്ടുള്ളതായിരുന്നു . ഇത് ഏതര്‍ഥത്തിലുള്ള ഗവേഷണമാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നതും എതിർക്കുന്നതും എന്നതിെൻറ വ്യക്തമായ സൂചനയാണ്. മാത്രമല്ല പ്രകടമായും സംഘ്പരിവാര്‍ ചായ്വുള്ള പ്രകാശ് ജാവ്ദേക്കര്‍ ആര്‍.എസ്.എസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയാണ് തെൻറ മാനവ വിഭവശേഷി വകുപ്പിെൻറ ചുമതലയിലേക്ക് പ്രവേശിച്ചത്. നിർദിഷ്ട യു.ജി.സി ഗസറ്റ് നടപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് പ്രകാശ് ജാവ്ദേക്കര്‍ കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചത്.
കീഴാള വിദ്യാർഥി രാഷ്ട്രീയത്തിനേറ്റ തിരിച്ചടി
തൊണ്ണൂറുകൾക്കു ശേഷം ഭേദപ്പെട്ട രീതിയില്‍ നടപ്പാക്കപ്പെട്ട സംവരണമടക്കമുള്ള സംവിധാനങ്ങളിലൂടെ ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്.
2006 മുതല്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ രണ്ടാം മണ്ഡല്‍ എന്ന് വിശേഷിക്കപ്പെട്ട ഒ.ബി.സി സംവരണം ഈയൊരു മാറ്റത്തെ ത്വരിതപ്പെടുത്തി. ഉദാഹരണത്തിന് 2006ല്‍ എസ്.സി/എസ്ടി, ഒ.ബി.സി വിദ്യാർഥികളുടെ പ്രതിനിധാനം ജെ.എന്‍.യുവില്‍ ഇരുപത്തെട്ട് ശതമാനത്തോളം മാത്രമായിരുന്നെങ്കില്‍, 2014-15 കാലയളവില്‍ അത് അമ്പതു ശതമാനത്തിലധികമായി മാറി. അധ്യാപക രംഗത്തും സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചതോടെ പുതിയ ഒരു കീഴാള രാഷ്ട്രീയ മുന്നേറ്റം തന്നെ കാമ്പസുകളില്‍ ശക്തിെപ്പട്ടിരുന്നു.
എന്നാല്‍, ഈ മാറ്റങ്ങൾക്കൊപ്പം കീഴാള വിദ്യാർഥികൾക്ക് ശാരീരികവും മാനസികവുമായ ധാരാളം പീഡനങ്ങളും പരമ്പരാഗത ജാതി ശക്തികളിൽനിന്ന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എയിംസിലെ എം.ബി.ബി.എസ് വിദ്യാർഥി ബാലമുകുന്ദ് ഭാരതി, നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ലിനേഷ് മോഹന്‍, ഇഫ്ലുവിലെ മുദസിര്‍ കമ്രാന്‍ തുടങ്ങി ഒട്ടനവധി ദലിത്-പിന്നാക്ക വിദ്യാർഥികളെ ആത്മഹത്യയിലേക്ക് എത്തിച്ചത് ഇത്തരം പീഡനങ്ങളായിരുന്നു. രോഹിത് വെമുല പഠിച്ച ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍മാത്രം പന്ത്രണ്ടോളം ദലിത് വിദ്യാർഥികൾക്ക് ജാതിപീഡനങ്ങള്‍ കാരണം ജീവനൊടുക്കേണ്ടിവന്നിട്ടുണ്ട്. ജെ.എന്‍.യുവിലെ നജീബിെൻറ തിരോധാനം പിന്നാക്ക വിദ്യാർഥികർക്ക് നേരെയുള്ള ഈ പീഡനപർവത്തിലെ ഏറ്റവും പുതിയതുമാത്രം.
ഇതിനെതിരെ കീഴാള വിദ്യാർഥികള്‍ നടത്തിയ വലിയ പ്രക്ഷോഭങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിെൻറതന്നെ ഗതിമാറ്റാന്‍ ശേഷിയുള്ളതായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിെൻറ അടിത്തറയെക്കുറിച്ച് മർമപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിച്ച ഈ രാഷ്ട്രീയ മുന്നേറ്റത്തെ ഭരണകൂടം പല്ലും നഖവും ഉപയോഗിച്ചുകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിദ്യാര്‍ഥികൾക്കെതിരെ രാജ്യദ്രോഹ കേസുകളടക്കം എടുത്ത അനേകം ഭരണകൂട നടപടികളുടെ ഭാഗമായി വേണം ഇപ്പോള്‍ യു.ജി.സി നടത്തുന്ന ഇടപെടലുകളെ കാണാന്‍.
ഉന്നത വിദ്യാഭ്യാസരംഗത്തെ സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് പോളിസികളും നടപടികളും ഉണ്ടാവേണ്ടതുണ്ട്. ഉദാഹരണമായി ജസ്റ്റിസ് രജീന്ദര്‍ സച്ചാറിെൻറ നേതൃത്വത്തില്‍, 2014-15 കാലഘട്ടത്തില്‍ നടന്ന ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സർവേ പ്രകാരം നാലു ശതമാനത്തോളം മാത്രമാണ് ബിരുദ തലം മുതല്‍, ഗവേഷണതലം വരെയുള്ള മുസ്‌ലിം പ്രാതിനിധ്യം. മറ്റു കീഴാള ജനവിഭാഗങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. സംവരണമടക്കമുള്ള സാമൂഹിക നീതിയുടെ സംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ വന്‍ അട്ടിമറിയാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. ഈയൊരവസരത്തിലാണ് , വിദ്യാഭ്യാസരംഗത്തുനിന്നും പിന്നാക്ക ജനവിഭാഗങ്ങളെ ഇല്ലാതാക്കാനുള്ള ഇത്തരം പ്രതിലോമ പദ്ധതികളുമായി കേന്ദ്ര ഗവൺമെൻറ് മുന്നോട്ടുവരുന്നത്. കഴിഞ്ഞ 2016-17 ബജറ്റില്‍ യു.ജി.സിയുടെ ഫണ്ട് 55 ശതമാനത്തോളം വെട്ടിക്കുറച്ചത് ഇതിെൻറ പ്രാഥമിക നടപടി മാത്രം.
ഗവൺമെൻറ് പുറത്തിറക്കിയ ‘ദേശീയ വിദ്യാഭ്യാസ പോളിസി’ 2016 െൻറ കരടു രൂപം മുന്നോട്ടുവെക്കുന്ന പലതും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തിനു മരണക്കുറിപ്പെഴുതാന്‍ ശേഷിയുള്ളതാണ്.
പൊതുവിദ്യാഭ്യാസരംഗത്തെ ഭരണകൂടത്തിെൻറ പിൻവാങ്ങല്‍ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കുന്നത്. പാർശ്വവത്കൃത ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസരംഗത്തെ വിവേചനത്തിെൻറ പ്രശ്നമല്ല ഇനിയുള്ളത്. വരും കാലങ്ങള്‍ എല്ലാ അവസരങ്ങളും നിഷേധിക്കപ്പെട്ടുപോകുന്ന, അക്കാദമിക ഇടങ്ങള്‍ സ്വപ്നം പോലും കാണാന്‍ കഴിയാത്ത, വിദ്യാഭ്യാസനിഷേധത്തിെൻറതാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ശക്തമായ സാമൂഹിക/രാഷ്ട്രീയ പ്രക്ഷോഭം എല്ലാ തലത്തില്‍നിന്നും ഉയർന്നുവന്നാലേ ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍ സാധിക്കൂ.
ജെ.എൻ.യുവില്‍ ലോ ആൻഡ് ഗവേണൻസ് വിഭാഗത്തില്‍ ഗവേഷകനാണ് ലേഖകന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.