ഹയർ സെക്കൻഡറി പ്രവേശനം; മലബാറിലെ കുട്ടികൾക്ക് ഇനിയെങ്കിലും നീതി?
text_fieldsപത്താം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചിരിക്കുന്നു. വിജയ ശതമാനത്തെക്കുറിച്ചായിരുന്നു ഇതുവരെ ചർച്ചകളെങ്കിൽ ഇനി പ്ലസ് വണിന് അഡ്മിഷൻ സംഘടിപ്പിക്കുന്നതിനെക്കുറിച്ചാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക. രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സന്ദർഭമാണിത്.
ഒന്നാം പിണറായി സർക്കാറിന്റെ അഞ്ചുവർഷങ്ങളിലും നിരന്തരം ഉന്നയിക്കപ്പെട്ട വികസന പ്രശ്നങ്ങളിലൊന്നായിരുന്നു മലബാർ ജില്ലകൾ അഭിമുഖീകരിക്കുന്ന ഹയർസെക്കൻഡറി മേഖലയിലെ സീറ്റുപ്രതിസന്ധി. ഓരോ വർഷവും പ്ലസ് വൺ അഡ്മിഷൻ സന്ദർഭത്തിൽ 20 മുതൽ 30വരെ ശതമാനം മാർജിൻ സീറ്റ് വർധിപ്പിച്ച് മുറവിളികളുടെ ഒച്ചകുറക്കുന്ന താൽക്കാലിക ഓട്ടയടക്കലുകളായിരുന്നു കഴിഞ്ഞകാല സർക്കാറുകളെല്ലാം സ്വീകരിച്ചിരുന്നത്.
ഇതവസാനിപ്പിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് വിദ്യാർഥി സംഘടനകളും സാമൂഹിക രാഷ്ട്രീയ കൂട്ടായ്മകളും വിവിധ സന്ദർഭങ്ങളിൽ ആവശ്യപ്പെട്ടിരുന്നതാണ്. അതുൾക്കൊണ്ട ഇടതുപക്ഷം കഴിഞ്ഞ നിയമസഭ ഇലക്ഷൻ മാനിഫെസ്റ്റോയിലെ പ്രത്യേക വികസന പാക്കേജുകൾ എന്ന തലക്കെട്ടിനുകീഴിൽ ഇങ്ങനെ ചേർത്തു: ‘‘വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് മലബാറിലുള്ള വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഉതകുന്നവിധം സൗകര്യങ്ങൾ വർധിപ്പിക്കും.
നിലവിലുള്ള സ്ഥാപനങ്ങൾക്ക് കൂടുതൽ കോഴ്സുകൾ അനുവദിക്കും. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമുള്ള ഇടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുന്നതാണ്’’.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള രണ്ട് അധ്യയന വർഷങ്ങളിലും കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി തുടരുന്ന ഹയർസെക്കൻഡറി സീറ്റ് പ്രതിസന്ധിയുടെ പേരിലുള്ള മുറവിളികളും സമരപ്രക്ഷോ ഭങ്ങളും വീണ്ടും അരങ്ങേറി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും മുഴുവൻ വിദ്യാർഥി സംഘടനകളും മുഖ്യധാര മാധ്യമങ്ങളും പ്രശ്നം വലിയതോതിൽ ഏറ്റെടുക്കുന്നതാണ് കണ്ടത്.
അതിന്റെ കൂടി ഫലമായിട്ടാവണം പ്രകടന പത്രികയിലെ വാഗ്ദാനം നിറവേറ്റുന്നതിലേക്കുള്ള ആദ്യ സ്റ്റെപ്പെടുക്കാൻ ഇടതുപക്ഷ സർക്കാർ തയാറായത്. അങ്ങനെയാണ് ഹയർസെക്കൻഡറി മുൻ ഡയറക്ടറായ പ്രഫ.കാർത്തികേയൻ നായരുടെ അധ്യക്ഷതയിൽ ഹയർസെക്കൻഡറി അക്കാദമിക് ജോയന്റ് ഡയറക്ടർ ആർ. സുരേഷ് കുമാർ മെംബർ സെക്രട്ടറിയും എസ്.ഐ.ടി ഡയറക്ടർ ബി. അബുരാജ്, ഹയർ സെക്കൻഡറി ആർ.ഡി.ഡിമാരായ പി.എം. അനിൽ, അശോക് കുമാർ എന്നിവർ അംഗങ്ങളുമായ അഞ്ചംഗ കമ്മിറ്റി രൂപവത്കരിക്കുന്നത്.
ഹയർസെക്കൻഡറി ബാച്ചുകളുടെ പുനഃക്രമീകരണം, അധിക ബാച്ചുകളുടെ ആവശ്യകത, ഏകജാലക പ്രവേശന മാനദണ്ഡങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവ പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കലായിരുന്നു ഈ കമ്മിറ്റിയുടെ ദൗത്യം. മുൻകാല അഡ്മിഷൻ സ്റ്റാറ്റസുകൾ വിലയിരുത്തി താലൂക്കടിസ്ഥാനത്തിൽ സീറ്റുകളുടെയും ബാച്ചുകളുടെയും ആവശ്യകത പരിശോധിക്കുന്ന രീതിയാണ് കമ്മിറ്റി സ്വീകരിച്ചതെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
പ്രഫ. കാർത്തികേയൻ കമ്മിറ്റിക്കുമുമ്പാകെ നിർദേശങ്ങളും പരാതികളും സമർപ്പിക്കാൻ പൊതുജനങ്ങൾക്ക് തുറന്ന അവസരമൊരുക്കിയിരുന്നു. പ്രത്യേകം സിറ്റിങ്ങുകൾ നടത്തി ജനപ്രതിനിധികൾ, ജില്ല പഞ്ചായത്തുകൾ, സ്കൂൾ മാനേജ്മെന്റുകൾ, അധ്യാപക-വിദ്യാർഥി സംഘടനകൾ എന്നിവരിൽനിന്ന് കമ്മിറ്റി നേരിട്ട് നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.
മലബാറിലെ മിക്ക കൂട്ടായ്മകളും ഈ അവസരത്തെ ഗുണപരമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. നാലര മാസമെടുത്ത് അഞ്ചംഗ കമ്മിറ്റി സമഗ്രമായി വിഷയം പഠിച്ചശേഷം തയാറാക്കിയ റിപ്പോർട്ടാണ് 2023 മേയ് 17ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കുമുമ്പാകെ സമർപ്പിച്ചത്.
മലബാർ മേഖലയിലെ ജില്ലകൾ അഭിമുഖീകരിക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി അവസാനിപ്പിക്കാൻ 150 പുതിയ ബാച്ചുകൾ അനുവദിക്കണമെന്നാണ് കമ്മിറ്റിയുടെ മുഖ്യ നിർദേശങ്ങളിലൊന്ന്. മലപ്പുറം ,കോഴിക്കോട്, പാലക്കാട്,കണ്ണൂർ ജില്ലകളിലാണ് അധിക ബാച്ചുകൾ അനുവദിക്കാൻ ശിപാർശ ചെയ്തിരിക്കുന്നത്.
ഇതിനായി മറ്റു ജില്ലകളിൽ 25ൽതാഴെ വിദ്യാർഥികൾ മാത്രം പ്രവേശനം നേടുന്ന 105 ബാച്ചുകൾ അവിടത്തെ വിദ്യാർഥികളുടെ അഡ്മിഷനെ ബാധിക്കാത്തവിധം പുനഃക്രമീകരണം നടത്താമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവയിൽ 90 എണ്ണവും സർക്കാറിന്റെ ഒരൊറ്റ തീരുമാനത്തിൽ മാത്രം പുനഃക്രമീകരണം സാധ്യമാവുന്ന ഗവൺമെന്റ് സ്കൂളുകളിലെ ബാച്ചുകളുമാണ്.
30 ശതമാനം വരെ മാർജിൻ സീറ്റുകൾ വർധിപ്പിച്ച് ഒരു ക്ലാസ്റൂമിൽ 65 വിദ്യാർഥികൾ പഠിക്കേണ്ടിവരുന്നത് അശാസ്ത്രീയമാണെന്നും അതിനിയാവർത്തിക്കരുതെന്നും കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്.
പുതിയ അധ്യയന വർഷത്തെ ഏകജാലക അഡ്മിഷൻ പ്രക്രിയ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. സർക്കാർ തീരുമാനിച്ചാൽ ഗവ. സ്കൂളുകളിലെ ബാച്ച് പുനഃക്രമീകരണം വഴി ഈ അധ്യയന വർഷം തന്നെ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങൾ നടപ്പാക്കാൻ സാധിക്കുന്നതാണ്.
അതിനാദ്യം അടിയന്തരമായി കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭക്ക് മുന്നിൽവെച്ച് അംഗീകാരം നേടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാവണം. കമ്മിറ്റി നിർദേശങ്ങൾ സമ്പൂർണമായി നടപ്പിലാക്കൽ അടുത്ത അധ്യയന വർഷത്തോടെയേ സാധ്യമാകൂ എന്നത് അംഗീകരിക്കാം.
പക്ഷേ, അതിന്റെ പേരിൽ റിപ്പോർട്ട് മന്ത്രിസഭ പാസാക്കുന്നതും സാധ്യമായ നിർദേശങ്ങൾ ഈ അധ്യയന വർഷം തന്നെ നടപ്പിലാക്കാതിരിക്കുന്നതും അനീതിയായിരിക്കും. ഒന്നരപ്പതിറ്റാണ്ടായി അനീതിക്കിരയാകുന്ന ഒരു ജനവിഭാഗം അർഹിക്കുന്ന നീതി ഒരുദിവസം നേരത്തെ ലഭ്യമാക്കുക എന്നതാവണം സാമൂഹിക സമത്വത്തിൽ വിശ്വസിക്കുന്ന ഒരു സർക്കാറിന്റെ നയം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാർ അനുഭവിക്കുന്ന പ്രതിസന്ധികളും പരിഹാരങ്ങളും കണ്ടെത്താൻ ഇതുപോലെ ഒരു കമ്മിറ്റിയെ എത്രയും പെട്ടെന്ന് നിയമിക്കേണ്ടതുണ്ട്. ആ കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി നടപ്പാക്കുമ്പോൾമാത്രമേ ഈ വിഷയത്തിലെ ഇടതുപക്ഷ പ്രകടന പത്രിക വാഗ്ദാനം പൂർണമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.