ഹയർ സെക്കൻഡറി ഫലവും കേരളത്തിലെ ഉന്നത പഠന അവസരങ്ങളും
text_fields18നും 23നും ഇടയിൽ പ്രായമുള്ളവരിൽ എത്ര ശതമാനം പേർ ഏതെങ്കിലും ഉന്നത പഠനകേന്ദ്രത്തിൽ പഠിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്ന ഇൻഡക്സ് ആണ് ജി.ഇ.ആർ (Gross Enrollment Ratio). ആഗോളതലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള നേട്ടങ്ങളെ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന പ്രധാന സൂചകങ്ങളിൽ ഒന്നാണിത്. സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസത്തിലും മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലുള്ള കേരളത്തിന് ഈ കാര്യത്തിൽ മികവ് അവകാശപ്പെടാനാവാത്തത് വിദ്യാഭ്യാസ അവസരങ്ങളിലെ പ്രാദേശിക അസന്തുലിതത്വം കാരണമാണ്
ഹയർ സെക്കൻഡറി പരീക്ഷ ഫലം വന്നുകഴിഞ്ഞു. മുൻ വർഷങ്ങളിലെപ്പോലെ വിദ്യാർഥികളും രക്ഷിതാക്കളും കോളജ് പ്രവേശനത്തിന് നെട്ടോട്ടമോടുകയായി. ഇഷ്ടപ്പെട്ട കോഴ്സുകൾ നല്ല സ്ഥാപനങ്ങളിൽ ലഭിക്കുക മലയാളികൾക്ക് ഏറെ ക്ലേശകരമായി മാറിയിരിക്കുന്നു. എൻജിനീയറിങ് കോഴ്സുകളിലെ വിജയശതമാനം കുറഞ്ഞതും ജോലി സാധ്യതകൾക്ക് മങ്ങലേറ്റതും വിദ്യാർഥികളെ ആർട്സ് ആൻഡ് സയൻസ് കോഴ്സുകളിലേക്ക് കൂടുതൽ ആകർഷിക്കാൻ ഇടയാക്കിയിട്ടുണ്ട്. മിടുക്കരായ വിദ്യാർഥികൾ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലും സാമൂഹികശാസ്ത്ര വിഷയങ്ങളിലും കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതായും കണ്ടുവരുന്നു. പ്ലസ് ടു കഴിയുന്നവരിൽ കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്ന അതിമിടുക്കരായ വളരെ കുറച്ചു പേരൊഴികെ ഏറക്കുറെ എല്ലാവരും കേരളത്തിൽതന്നെ ബിരുദ കോഴ്സുകൾക്ക് ചേരുന്ന സാഹചര്യത്തിൽ, ഈ വർഷം പ്ലസ് ടു പാസായ മൂന്നു ലക്ഷത്തിൽപരം വിദ്യാർഥികൾക്ക് കേരളത്തിൽതന്നെ പഠിക്കാൻ എന്തുമാത്രം അവസരങ്ങളുണ്ട് എന്ന് അന്വേഷിക്കുകയാണ് ഇവിടെ-പ്രത്യേകിച്ച് സർക്കാർ/എയ്ഡഡ് മേഖലകളിലെ ആർട്സ്, സയൻസ്, കോമേഴ്സ് കോഴ്സുകളിലെ അവസരങ്ങൾ.
സംസ്ഥാന രൂപവത്കരണത്തിനു മുമ്പേയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾമൂലവും മാറിമാറി വരുന്ന സർക്കാറുകൾക്ക് കൃത്യമായ നയനിലപാടുകൾ ഇല്ലാത്തതിനാലും കേരളത്തിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ജില്ലകളെല്ലാം മലബാറിലാണ്. വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള എൻറോൾമെൻറിെൻറ കാര്യത്തിൽ കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകൾ ദേശീയ ശരാശരിയിലും പിറകിലാണെന്ന് യു.ജി.സിതന്നെ കണ്ടെത്തിയിട്ടും കേരള സർക്കാർ പ്രത്യേകിച്ച് ഒരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. ഓരോ ജില്ലയിൽനിന്നും പ്ലസ് ടു പൂർത്തിയാകുന്നവരെക്കുറിച്ചും ബിരുദതലത്തിലെ സീറ്റുകളെക്കുറിച്ചും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടും അത് വിശകലനം ചെയ്ത് സർക്കാർ നടപടികൾ സ്വീകരിക്കാറില്ല. ചരിത്രപരമായ കാരണങ്ങളാലാണ് മലബാർ മേഖല ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നാക്കമായത് എന്ന അഴകൊഴമ്പൻ മറുപടിയല്ലാതെ കൃത്യമായ പരിഹാരമാർഗങ്ങളോ പാക്കേജുകളോ മാറിമാറി വന്ന സർക്കാറുകൾ സ്വീകരിച്ചിട്ടില്ല. കോളജുകൾ ഇല്ലാത്ത നിയമസഭ മണ്ഡലങ്ങളിൽ പുതിയത് അനുവദിക്കുക എന്ന കഴിഞ്ഞ സർക്കാറിെൻറ തീരുമാനം മാത്രമാണ് ചെറിയ ഒരു അപവാദം. ഇങ്ങനെ തുടങ്ങിയ കോളജുകളുടെ ഭൗതിക സാഹചര്യവും കോഴ്സുകളുടെ സ്ഥിതിയും പരമദയനീയമാണ്.
18നും 23നും ഇടയിൽ പ്രായമുള്ളവരിൽ എത്ര ശതമാനം പേർ ഏതെങ്കിലും ഉന്നത പഠനകേന്ദ്രത്തിൽ പഠിക്കുന്നു എന്നതിനെ സൂചിപ്പിക്കുന ഇൻഡക്സ് ആണ് ജി.ഇ.ആർ (Gross Enrollment Ratio). ആഗോളതലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള നേട്ടങ്ങളെ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന പ്രധാന സൂചകങ്ങളിൽ ഒന്നാണ് ജി.ഇ.ആർ. സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസത്തിലും മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലുള്ള കേരളത്തിന് ഈ കാര്യത്തിൽ മികവ് അവകാശപ്പെടാനാവാതെ പോകുന്നത് വിദ്യാഭ്യാസ അവസരങ്ങളിലെ പ്രാദേശിക അസന്തുലിതത്വം കാരണമാണ്. ഓരോ ജില്ലയിൽനിന്നും ഈ വർഷം പ്ലസ് ടു വിജയിച്ചവരുടെ എണ്ണവും അതത് ജില്ലകളിൽ ലഭ്യമായ സർക്കാർ/എയ്ഡഡ് ബിരുദ സീറ്റുകളുടെ പട്ടികയും ചുവടെ കൊടുക്കുന്നു.
പട്ടികയിൽനിന്ന് വ്യക്തമാവുന്നതുപോലെ പത്തനംതിട്ട ജില്ലയിൽ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കിയ 100 പേരിൽ 42 പേർക്കും അവിടെ സർക്കാർ ചെലവിൽ ബിരുദ കോഴ്സിന് സീറ്റ് ലഭിക്കുമ്പോൾ മലപ്പുറത്ത് അത് നൂറിൽ പത്ത് മാത്രമാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ മലബാറിലെ മുഴുവൻ ജില്ലകളിലും ഈ അനുപാതം 17ന് താഴെ ആകുമ്പോൽ കേരളം എങ്ങനെയാണ് ജി.ഇ.ആറിൽ ദേശീയ ശരാശരിയോടൊപ്പമെങ്കിലും എത്തിച്ചേരുക?
ഈ വസ്തുതകളെ വിലയിരുത്താതെ പുതിയ കോഴ്സുകളും കോളജുകളും അനുവദിക്കുമ്പോൾ പ്ലസ് ടു വിഷയത്തിൽ സംഭവിച്ചതുപോലെ ചിലയിടങ്ങളിൽ കുട്ടികൾ പുറത്താവുകയും മറ്റിടങ്ങളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. ഓരോ ജില്ലയിൽനിന്നും പ്ലസ് ടു വിജയിക്കുന്നവരിൽ നാലിലൊന്ന് വിദ്യാർഥികൾക്കെങ്കിലും അതത് ജില്ലകളിൽ സർക്കാർ ചെലവിൽ പഠനാവസരം ഒരുക്കുക എന്ന നയം സർക്കാർ സ്വീകരിക്കുകയും അതനുസരിച്ച് പുതിയ കോഴ്സുകൾ അനുവദിക്കുകയുമാണ് വേണ്ടത്.
ഇങ്ങനെ ഒരു പാക്കേജ് നടപ്പാക്കുകയാണെങ്കിൽ കാസർകോട് (1600), കണ്ണൂർ (2400), വയനാട് (600), കോഴിക്കോട് (2600 ), മലപ്പുറം (6600), പാലക്കാട് (2000), ഇടുക്കി (800), ആലപ്പുഴ (1600 ) കൊല്ലം (300), തിരുവനന്തപുരം (1000) സീറ്റുകൾ വർധിപ്പിക്കേണ്ടി വരും. പുതിയ കോളജുകൾ അനുവദിച്ചും കോഴ്സുകൾ ആരംഭിച്ചും നിലവിലെ കോഴ്സുകളിൽ സീറ്റ് വർധിപ്പിച്ചും ഇത്തരമൊരു പരിഹാരത്തിൽ എത്തിേച്ചരാവുന്നതാണ്.
ഏതൊക്കെ കോഴ്സുകളാണ് ആരംഭിക്കേണ്ടത് എന്ന കാര്യത്തിലും കൃത്യതയും വ്യക്തതയും ഉണ്ടാകേണ്ടതുണ്ട്. അധ്യാപകരുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കുപരി കാലത്തിന് അനുയോജ്യമായ, വിദ്യാർഥികൾക്ക് ഉപരിപഠന/തൊഴിൽ സാധ്യതകൾ കൂടുതലായുള്ള കോഴ്സുകൾക്കാണ് മുൻഗണന നൽകേണ്ടത്.
ഇേപ്പാൾതന്നെ മലബാറിലെ മുപ്പതും നാൽപതും വർഷം പഴക്കമുള്ള സർക്കാർ കോളജുകളിൽ ശാസ്ത പഠനത്തിന്, (അടിസ്ഥാന ശാസ്ത്രമാവട്ടെ, അപ്ലൈഡ് സയൻസ് ആകട്ടെ) അവസരങ്ങളില്ല എന്നത് യാഥാർഥ്യമാണ്. അതിനാൽ, സക്രിയമായ ഒരു ഇടപെടൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഈ അക്കാദമിക വർഷം തന്നെ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.