ഹിന്ദ് റജബ് മരിച്ചതല്ല; ഇസ്രായേൽ കൊന്നതാണ്
text_fieldsഗസ്സയും നൈതികതയില്ലാത്ത പാശ്ചാത്യ മാധ്യമങ്ങളും 2
ഗസ്സ ചർച്ചയെ ഇസ്രായേലി, സർക്കാർ കാഴ്ചപ്പാടുകളിലേക്ക് തിരിച്ചുവിട്ടത് സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് ഫെയർനസ് ആൻഡ് ആക്യുറസി ഇൻ റിപോർട്ടിങ് (fair.org) ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ന്യൂയോർക് ടൈംസിനെയും വാഷിങ്ടൺ പോസ്റ്റിനെയും കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഫലസ്തീനി സ്വരങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിനിടയിലും എഡിറ്റർമാർ ഗസ്സ ചർച്ചകളെ ഇസ്രായേലി പരിപ്രേക്ഷ്യത്തിലേക്ക് കൊണ്ടുപോവുകയും സർക്കാർ അധികൃതർക്ക് കാര്യമായ ശബ്ദം നൽകുകയും ചെയ്തത് കണ്ടെത്തി.
ദ ഇന്റർസെപ്റ്റ് (theintercept.com) തയാറാക്കിയ ഒരു റിപ്പോർട്ട് പറഞ്ഞുവെക്കുന്നത് അമേരിക്കയിലെ പ്രധാന പത്രങ്ങൾ സംഘർഷത്തിലെ ഇസ്രായേലി മരണങ്ങൾക്ക് ആനുപാതികമല്ലാത്ത ഊന്നൽ നൽകിയെന്നാണ്. ഇസ്രായേലികളുടെ നഷ്ടങ്ങളെ വിവരിക്കാൻ ഉപയോഗിച്ച വൈകാരിക ഭാഷ ഫലസ്തീനികളുടെ കാര്യത്തിൽ കണ്ടതേയില്ല. യു.എസിലെ ആന്റി സെമിറ്റിക് ചെയ്തികളെക്കുറിച്ച് വാർത്തകൾ നൽകിയ അവർ ഒക്ടോബർ ഏഴിനുശേഷം മുസ്ലിംവിരുദ്ധ വംശീയാക്രമണങ്ങളെ അവഗണിക്കുന്നു.
ഓറിയന്റലിസ്റ്റിക് തർക്കരീതിയുടെ ഒരു മികച്ച ഉദാഹരണം പറയാം. ‘ഷികാഗോ വോട്ട് ഫോർ ഹമാസ്’എന്ന തലക്കെട്ടിൽ വാൾ സ്ട്രീറ്റ് ജേണൽ ഒരു എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. ഷികാഗോ സിറ്റി കൗൺസിൽ വെടിനിർത്തലിനെ അനുകൂലിച്ച് വോട്ടുചെയ്തതിന് പിന്നാലെയായിരുന്നു ഇത്.
രണ്ടു ദിവസം കഴിഞ്ഞ് ഇതേ പത്രം ഒരു കുറിപ്പിന് നൽകിയ തലക്കെട്ട് ‘അമേരിക്കയുടെ ജിഹാദി തലസ്ഥാനമായ ഡിയർബോണിലേക്ക് സ്വാഗതം’എന്നായിരുന്നു. വെടിനിർത്തലിന് ആഹ്വാനംചെയ്തതാണ് ഇതിനു നിദാനം. അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ)യുടെ വംശഹത്യ വിചാരണ സംബന്ധിച്ച വാർത്തകളിൽപോലും പക്ഷപാതിത്വം അലറിവിളിക്കുന്നതു കാണാം.
തങ്ങളെ മറികടന്ന് മറ്റുള്ളവർ വല്ലതും ചെയ്യാതിരിക്കാനെന്ന മട്ടിൽ യു.എസിനെയും ഇസ്രായേലിനെയും കുലീന മൃഗങ്ങളായും മേഖലയിലെ വിവിധ രാജ്യങ്ങളെ പ്രാണികളും പരാന്നഭോജികളുമായും ചിത്രീകരിച്ച് മുതിർന്ന കോളമിസ്റ്റ് തോമസ് ഫ്രീഡ്മാന്റെ ഒരു ലേഖനം ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ചു.
Understanding the Middle East Through the Animal Kingdom എന്ന തലക്കെട്ടോടെ വന്ന ഈ കുറിപ്പിന് യുക്തിഭദ്രതയോ പൊരുത്തമോ ഇല്ലായിരുന്നു. എന്നാൽ ഇത് സങ്കീർണമായ ഭൗമരാഷ്ട്രീയത്തിന്റെ ലളിതവും മനുഷ്യത്വരഹിതവുമായ ചിത്രീകരണമായിരുന്നു.
ഇസ്രായേൽ അനുകൂല ശബ്ദം സ്ഥാപിച്ചെടുക്കുന്നതിന് സി.എൻ.എന്നിന്റെ ഉന്നത മേധാവികൾ നടത്തിയ ബോധപൂർവമായ ശ്രമങ്ങളെ വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് ഫെബ്രുവരി 4ന് ഗാർഡിയൻ പ്രസിദ്ധീകരിച്ചു.
കാനഡയിലെ സ്ഥിതിയും ഒട്ടുംതന്നെ മെച്ചമല്ല. കനേഡിയൻ മാധ്യമരംഗത്ത് നിലനിൽക്കുന്ന ഇസ്രായേൽ അനുകൂല പക്ഷപാതത്തിന്റെ നിരവധി സംഭവങ്ങൾ കനേഡിയൻസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് ഇൻ ദ മിഡിൽ ഈസ്റ്റ് (സി.ജെ.പി.എം.ഇ), ദ ബ്രീച്ച്, ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാലയിലെ മാധ്യമപഠനശാലയുടെ റിവ്യൂ ഓഫ് ജേണലിസം എന്നിവ ചേർന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
നാഷനൽ പോസ്റ്റ്, ടൊറന്റോ സൺ എന്നിവയാണ് ഇക്കാര്യത്തിൽ ഏറ്റവും മോശക്കാർ, കനേഡിയൻ നിരീക്ഷകരെ സംബന്ധിച്ചിടത്തോളം അതിൽ അത്ഭുതമില്ല.
ഒക്ടോബർ ഏഴു മുതൽ ഒരു മാസത്തെ വാർത്തകൾ വിശകലനംചെയ്ത് ദ ബ്രീച്ച്, റിവ്യൂ ഓഫ് ജേണലിസം എന്നിവർ നടത്തിയ പഠനം, കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം അന്ന് പതിൻമടങ്ങ് കൂടുതലായിരുന്നിട്ടും സി.ബി.സി 42 ശതമാനവും സി.ടി.വിയിലും 62 ശതമാനവും അധികമായി ഇസ്രായേൽ അനുകൂല വാർത്തകൾ നൽകിയതായി കണ്ടെത്തി.
‘ഫലസ്തീൻ’എന്ന വാക്ക് ഉപയോഗിക്കരുതെന്ന് സി.ടി.വി മാധ്യമപ്രവർത്തകർക്ക് നിർദേശം നൽകിയതായും ഇസ്രായേലിനെക്കുറിച്ചുള്ള വിമർശനാത്മക വാർത്തകളെ അടിച്ചമർത്തും വിധത്തിൽ ‘ഭയത്തിന്റെ സംസ്കാരം’വളർത്തിയെടുത്തതായും ‘ദ ബ്രീച്ച്’കണ്ടെത്തി. ഫലസ്തീനി ജീവനക്കാരിയെ ആക്ടിവിസത്തിന്റെ പേരിൽ പിരിച്ചുവിട്ടുവെന്നും ആരോപണമുണ്ട്.
‘ഫലസ്തീൻ’എന്ന വാക്ക് ഉപയോഗിക്കുന്നത് സി.ബി.സി നിരോധിച്ച കാര്യം നേരത്തേ തന്നെ വെളിപ്പെട്ടിരുന്നു. അടുത്തിടെ ഗസ്സയിലെ യുദ്ധം സംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിൽനിന്ന് അവർ ജീവനക്കാരെ വിലക്കി. സ്വന്തം വെബ്സൈറ്റിൽ വാർത്തകളോ കുറിപ്പുകളോ ഇല്ലാത്ത സാഹചര്യത്തിൽ വിശ്വസനീയമായ ഉറവിടത്തിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കാൻ അനുവദിക്കുന്ന അവരുടെ വിശാലമായ സമൂഹമാധ്യമ നയത്തിന് വിരുദ്ധമാണിത്.
ഫലസ്തീനി പെൺകുഞ്ഞ് ഹിന്ദ് റജബ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ വാർത്തക്ക് നൽകിയ തലക്കെട്ട് സി.ബി.സിയുടെ പക്ഷപാത രീതിയുടെ ഒരു ഉദാഹരണമാണ്: ‘സഹായം തേടി നാളുകൾക്കുശേഷം ഗസ്സ നഗരത്തിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയെന്ന് ബന്ധുക്കൾ’- എന്ന തലക്കെട്ട് കണ്ടാൽ തോന്നുക ആ പെൺകുട്ടിയെ സ്വാഭാവികമായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ്.
കുടുംബത്തിനും, രക്ഷിക്കാൻ പോയ രണ്ട് സന്നദ്ധപ്രവർത്തകർക്കുമൊപ്പം ആ പെൺകുട്ടിയെയും ഇസ്രായേലി പട്ടാളം കൊലപ്പെടുത്തുകയായിരുന്നു. കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസ് കമീഷൻ (സി.ആർ.ടി.സി) മുമ്പാകെ പ്രഫ. ജെഫ് വിഞ്ച് സമർപ്പിച്ച പരാതിക്ക് മറുപടിയായി സി.ബി.സി പ്രതികരിച്ചത്, നേർക്കുനേർ നിന്ന് നടത്തുന്നതിന് പകരം ഇസ്രായേൽ കൊലപാതകങ്ങൾ വിദൂരതയിൽനിന്ന് നടത്തുന്നതിനാൽ ഫലസ്തീനിയൻ മരണങ്ങളെച്ചൊല്ലി സഹതാപം ജനിപ്പിക്കേണ്ട കാര്യമില്ല എന്നാണ്.
ഒക്ടോബർ ഏഴിന് ഇസ്രായേലികൾക്കുനേരെ ഹമാസ് നടത്തിയ ആക്രമണത്തെ പരാമർശിക്കാൻ ‘ഹിംസാത്മകം’, ‘അധാർമികം’, ‘കൂട്ടക്കുരുതി’, ‘കൊടുംഹത്യ’തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതായും അവർ സ്ഥിരീകരിച്ചു.
മാധ്യമങ്ങൾ പൊതു ധാരണകളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും ഇസ്ലാമിനെയും മുസ്ലിം ലോകത്തെയും കുറിച്ച് ആളുകൾക്ക് അറിയാവുന്നതും അറിയാത്തതുമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ദ ക്വസ്റ്റ്യൻ ഓഫ് ഫലസ്തീൻ എന്ന പുസ്തകത്തിന്റെ രചയിതാവായ സൈദ് ചർച്ച ചെയ്യുന്നുണ്ട്.
ഇവ്വിധം സൃഷ്ടിക്കപ്പെടുന്ന തെറ്റിദ്ധാരണയും അവഗണനയും വിരുദ്ധ പ്രചാരണവുമെല്ലാം ജനാധിപത്യത്തിന്റെ നാലാം തൂണിനോട് ദുർബല സമുദായങ്ങൾക്കുള്ള വിശ്വാസത്തെ അട്ടിമറിക്കുന്നതിനൊപ്പം സമൂഹത്തിന്റെ ഘടനയിൽതന്നെ വിദ്വേഷവും കണ്ണീരും വളരാനും വഴിവെക്കും.
ഇസ്ലാമോഫോബിയയും ഫലസ്തീൻവിരുദ്ധ വിദ്വേഷവും മതാന്ധതയുടെ സർവ സ്വീകാര്യ രൂപങ്ങളായി മാറുമ്പോൾ, അത് വിവേചന-അക്രമരൂപത്തിൽ പ്രകടമാകുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.
മിഷിഗണിലെ ഡിയർബോണിനെ വാൾസ്ട്രീറ്റ് ജേണൽ വെറുപ്പോടെ ഉന്നമിട്ട പശ്ചാത്തലത്തിൽ നഗരത്തിലുടനീളം സുരക്ഷ വർധിപ്പിക്കാൻ ഉത്തരവിട്ടു മേയർ അബ്ദുല്ല ഹമ്മൂദ്.
നഗരത്തെക്കുറിച്ച് വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച പ്രകോപനപരമായ ലേഖനത്തെത്തുടർന്ന് ഇസ്ലാം വിരുദ്ധതയിലും മതവിദ്വേഷത്തിലുമുണ്ടായ ഭയാനകമായ സാഹചര്യത്തിൽ എല്ലാ ആരാധനാലയങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും അടിയന്തരമായി ഡിയർബോൺ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കുമെന്നും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എഡ്വേഡ് സൈദ് വർഷങ്ങൾ മുമ്പ് എഴുതിവെച്ച കാര്യങ്ങൾ ഇപ്പോൾ നമ്മുടെ കൺമുന്നിൽ ഏവർക്കും കാണാവുന്ന വിധത്തിൽ പ്രകടമായിനിൽക്കുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.