ചിത്രവധത്തിലെ ഹിന്ദുത്വവിരുത്
text_fieldsചിത്രവധം സംഘ്പരിവാറിെൻറ ഇഷ്ടവിനോദമാണ്. തങ്ങളുടെ വഴിയിൽ പ്രതിബന്ധം സൃഷ്ടിക്കുന്ന വ്യക്തികളെയും പ്രത്യയശാസ്ത്രങ്ങളെയും ഓർമകളെയും നശിപ്പിക്കാൻ അവയെ ഇകഴ്ത്തിക്കാട്ടുകയോ രാക്ഷസീയവത്കരിക്കുകയോ ചെയ്യുക എന്നത് ആർ.എസ്.എസ് എല്ലാക്കാലത്തും പ്രയോഗിച്ചുപോന്ന അടവാണ്. ജനമധ്യെ സ്വഭാവഹത്യക്ക് വിട്ടുകൊടുത്താൽ ഏത് മഹാവ്യക്തിയും കാലാന്തരേണ നൃശംസിക്കപ്പെടുമെന്ന കണക്കൂകൂട്ടലിൽ പലരെയും ഇവർ വേട്ടയാടിയിട്ടുണ്ട്. ഇക്കൂട്ടരുടെ ഭത്സനം ഏറ്റവും കൂടുതൽ സഹിച്ച ഒരാളായിരുന്നു ജവഹർലാൽ നെഹ്റു. ഇന്ത്യ സ്വാതന്ത്ര്യസമ്പാദനത്തിെൻറ മുഹൂർത്തത്തിലേക്ക് നടന്നടുക്കുകയായിരുന്ന 1940കളിൽ ഭാവിപ്രധാനമന്ത്രി നെഹ്റുവിെൻറ പ്രതിച്ഛായ തകർക്കാൻ അന്തസ്സാരശൂന്യ പ്രചാരണത്തിലേർപ്പെടാൻ സംഘ്നേതൃത്വം അത്യുത്സാഹം കാട്ടി. 1946ൽ ഒരു പത്രത്തിൽ അച്ചടിച്ചുവന്ന, നെഹ്റുവിെൻറ ചുണ്ടിലുള്ള സിഗരറ്റ് ഏതോ ഒരാൾ കത്തിച്ചുകൊടുക്കുന്ന ഒരു ചിത്രം മുറിച്ചെടുത്ത് വ്യാപകമായി പ്രചരിപ്പിച്ചു. ഈ മനുഷ്യനെ കണ്ടോ; പരസ്യമായി ഇങ്ങനെ ചെയ്യാൻ മടിക്കാത്ത ആൾ സ്വകാര്യമായി എന്തെല്ലാം ചെയ്യുന്നുണ്ടാവും എന്നായിരുന്നു ചോദ്യം. ലേഡി മൗണ്ട്ബാറ്റണുമായി നെഹ്റു ഹസ്തദാനം ചെയ്യുന്നതും സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് കൈയില്ലാത്ത ബ്ലൗസ് ധരിക്കുന്നതുമെല്ലാമാണ് വലിയ അപരാധങ്ങളായി ഉയർത്തിക്കാട്ടിയത്. ചിത്രവധം തന്നെയായിരുന്നു ലക്ഷ്യം.
ജീവിച്ചിരുന്നപ്പോഴും മരണശേഷവും ഗാന്ധിജിയെ ഹിന്ദുവിരുദ്ധനായും അവസരവാദ നിലപാടിെൻറ ഉപാസകനായും സംഘ്നേതൃത്വം അവതരിപ്പിച്ചത് ആ വ്യക്തിമാഹാത്മ്യത്തിെൻറ വിശദമുദ്രകൾ ഇന്ത്യൻ മനസ്സിൽ അവശേഷിക്കുന്ന കാലത്തോളം തങ്ങളുടെ രാഷ്ട്രീയകച്ചവടം നടക്കില്ല എന്ന കണക്കുകൂട്ടലിലാണ്. ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ ഛത്തിസ്ഗഢിലെ റായ്പുരിൽ പ്രമുഖരുടെ യോഗത്തിൽ ഗാന്ധിജിയെ ‘ബഹുത് ചതുർ ബനിയ’ (വളരെ കൗശലക്കാരനായ ബനിയ) എന്ന് വിശേഷിപ്പിച്ചതിലൂടെ, നിമിഷാർധംകൊണ്ട് ‘മഹാത്മ’യുടെ അപരനിർമിതിയാണ് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടത്. ഗാന്ധിജി എന്ന രാഷ്ട്രീയമനീഷിയെ, ധാർമികപോരാളിയെ, അഹിംസയുടെ അവധൂതനെ ബനിയ (വണിക്) ജാതിയിലെ ഒരംഗമായി മാത്രം ഇകഴ്ത്തിക്കെട്ടിയത് ഹിന്ദുത്വരാഷ്ട്രീയത്തിെൻറ മന$പൂർവമുള്ള അഭ്യാസമാണ്. ബ്രിട്ടീഷ്സിംഹത്തെയും വർഗീയതയുടെ വിഷപ്പാമ്പുകളെയും അതിജീവിച്ച മഹാത്മ ‘ചതുർബനിയ’ക്ക് അപ്പുറമുള്ള ഒരു മനുഷ്യനായിരുന്നു എന്ന ഗാന്ധിജിയുടെ പേരമക്കളുടെ തിരുത്ത് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നില്ല. മജ്ജയും മാംസവുമുള്ള ഒരു മനുഷ്യൻ ഇങ്ങനെ മഹാദ്ഭുതങ്ങൾ കാട്ടി ഭൂമുഖത്ത് ജീവിച്ചിരുെന്നന്ന് വരുംതലമുറ വിശ്വസിക്കാൻ പ്രയാസപ്പെടുമെന്ന് വിഖ്യാത ശാസ്ത്രജ്ഞൻ ഐൻസ്റ്റീൻ അഭിപ്രായപ്പെട്ട ഒരു ജന്മത്തെ ജാതിയുടെ കുടുസ്സായ കള്ളിയിൽ തള്ളിയിട്ട് ചരിത്രത്തിെൻറ മഹിതപ്രതാപത്തെ തല്ലിക്കെടുത്താൻ ഒരുമ്പെടുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിെൻറ കുരുട്ടുബുദ്ധിയെ നിസ്സാരമായി തള്ളിക്കളയേണ്ടതില്ല.
ഗാന്ധിജിയുടെ ജാതിസ്വത്വത്തെ മുമ്പും പലരും നിഷ്കൃഷ്ടമായി പരിശോധിച്ചിട്ടുണ്ട്്. പക്ഷേ, അത് രാഷ്ട്രീയഗൂഢലക്ഷ്യത്തോടെയായിരുന്നില്ല. പ്രശസ്ത എഴുത്തുകാരൻ നിരാദ് സി. ചൗധരിയും വി.എസ്. നയ്പോളുമൊക്കെ ഗാന്ധിയുടെ മേൽമുണ്ടിൽ പറ്റിപ്പിടിച്ച ബനിയ ജാതിഅംശത്തെയും സനാതന ഹിന്ദുധർമത്തെയും സമന്വയിപ്പിക്കുന്ന സിദ്ധാന്തങ്ങൾ പ്രകോപനപരമായി അവതരിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ, അംബേദ്കറെപോലെ ഗാന്ധിജിയെ ജാതീയമായി അധിക്ഷേപിച്ച ഒരു നേതാവുണ്ടാകണമെന്നില്ല. ഇന്ത്യയിലെ ജാതിവ്യവസ്ഥ രൂഢമൂലമാക്കിയ അടിമത്തജീവിതത്തിെൻറ കെടുതികൾ അനുഭവിച്ചുതീർക്കുന്ന അധ$സ്ഥിതവർഗത്തിെൻറ വിമോചകൻ എന്ന നിലയിൽ സാമൂഹിക–രാഷ്ട്രീയബന്ധങ്ങളെ ഇഴപിരിച്ച് അപഗ്രഥിക്കുന്നിടത്ത് കണിശമായ ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട് അദ്ദേഹം. ഗാന്ധിജിയെ കൊച്ചാക്കുകയായിരുന്നില്ല, പ്രത്യുത, ജാതീയഉച്ചനീചത്വങ്ങളുടെ കരാളഹസ്തങ്ങൾ ഇന്ത്യയുടെ ഭാഗധേയം ഏതുതരത്തിൽ നിർണയിക്കുന്നുവെന്ന് അടയാളപ്പെടുത്തുകയാണ് അതിലൂടെ ലക്ഷ്യമിട്ടത്.
ഗാന്ധിജി വലിച്ചെറിഞ്ഞ ജാതിജീവിതം
മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചത് ഗുജറാത്തിലെ ബനിയസമുദായത്തിലാണ്. എന്നാൽ, പൊതുജീവിതത്തിലോ വ്യക്തിജീവിതത്തിലോ ജാതിമുദ്ര കൊണ്ടുനടക്കാൻ ഒരിക്കലും അദ്ദേഹം ശുഷ്കാന്തി കാട്ടിയിരുന്നില്ല. 1922ൽ ദേശേദ്രാഹകുറ്റം ചുമത്തി മജിസ്േട്രറ്റ്കോടതിയിൽ ഹാജരാക്കിയപ്പോൾ ജഡ്ജി ജാതിചോദിച്ചതിന് ഗാന്ധി നൽകിയ മറുപടി; കർഷകൻ, നെയ്ത്തുകാരൻ എന്നൊക്കെയാണ്. ബനിയജാതിസ്വത്വം ഉയർത്തിക്കാട്ടാൻ അദ്ദേഹത്തിന് തോന്നിയില്ല. ജീവിതത്തിെൻറ നിർണായകഘട്ടത്തിൽ ജാത്യാചാരങ്ങളെ വലിച്ചെറിയാൻ താൻ സന്നദ്ധനായത് ‘എെൻറ സത്യാന്വേഷണ പരീക്ഷണകഥ’യിൽ പ്രതിപാദിക്കുന്നുണ്ട്, ‘ജാതിഭ്രഷ്ടൻ’ എന്ന അധ്യായത്തിലൂടെ. ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറുന്നതിന് ബോംബെയിൽ എത്തിയപ്പോൾ സമുദായപ്രമുഖർ യോഗം ചേർന്ന്് കപ്പൽ യാത്ര ചെയ്യുന്നത് മതം വിലക്കിയിട്ടുണ്ടെന്നും മതകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ അവിടെ ജീവിക്കാൻ സാധിക്കില്ലെന്നും വാദിച്ചെത്ര. സമുദായകൽപന ലംഘിച്ച് യാത്ര പുറപ്പെടുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ഭീഷണി മുഴക്കിയിട്ടും ഗാന്ധിജി കുലുങ്ങിയില്ല. ഇംഗ്ലണ്ടിലേക്ക് പോകാൻ മാതാവും ജ്യേഷ്ഠനും അനുമതി തന്നിട്ടുണ്ടെന്നും വിദ്യാഭ്യാസത്തിനായുള്ള യാത്ര തടയാൻ ആർക്കും സാധിക്കില്ലെന്നും പറഞ്ഞപ്പോൾ, യോഗാധ്യക്ഷനായ സേട്ട് കുപിതനായിപോലും! ഇന്ന് മുതൽ ഈ കുട്ടിയെ സമുദായഭ്രഷ്ടനായി പരിഗണിക്കണമെന്നും അവനെ സഹായിക്കുകയോ യാത്രയാക്കാൻ തുറമുഖത്തേക്ക് പോവുകയോ ചെയ്യുന്നവർ ഒന്നേകാൽ രൂപ വീതം പിഴ അടക്കേണ്ടിവരുമെന്നും കൽപന വന്നു. ‘ആ കൽപന എന്നിൽ ഒരു ചലനവും ഉണ്ടാക്കിയില്ല’ എന്ന ഗാന്ധിയുടെ മൊഴി മതി ജാതിചിന്തകളിൽനിന്ന് മുക്തമായി, സാമൂഹികമായ പുതുക്കിപ്പണിയലിനാണ് ആ യുവാവ് ഇറങ്ങിപ്പുറപ്പെട്ടതെന്ന് സാക്ഷ്യപ്പെടുത്താൻ.
ബനിയസമൂഹം യാഥാസ്ഥിതികമനോഭാവം മുറുകെപിടിച്ചുജീവിച്ച ആ കാലഘട്ടത്തിൽ ഗാന്ധിജി, മതഭേദം മറന്നാണ് ലണ്ടനിലെ ജീവിതം നയിച്ചത്. ജോഷിയ ഓൾഫീൾഡ് എന്ന ആംഗ്ലോഇന്ത്യൻകുടുംബവുമായാണ് അദ്ദേഹം താമസസ്ഥലം പങ്കിട്ടത്. മാംസാഹാരം കണിശമായി വർജിെച്ചങ്കിലും ആ വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണമാണ് അവരുടെ രണ്ടു പുത്രിമാരോടൊപ്പം ഒന്നിച്ചിരുന്ന് കഴിച്ചിരുന്നത്. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോൾ പത്നി കസ്തൂർബയോടൊപ്പം ഹെൻട്രി എന്ന ക്രിസ്ത്യെൻറയും മീലി പോളാക് എന്ന ജൂത ഭാര്യയുടെയും കൂടെയാണ് താമസിച്ചതും അടുക്കള പങ്കുവെച്ചതും. ലോകത്തിലെ ഏറ്റവും വംശീയമായി ചിന്തിക്കുന്ന അന്നത്തെ ദക്ഷിണാഫ്രിക്കയിലെ വംശീയതയുടെ ആസ്ഥാനമായിരുന്നു ജോഹന്നസ്ബർഗ്. ഗാന്ധിജിയാവട്ടെ ജാതീയതക്കും വംശീയതക്കും അതീതമായ ഉയർന്ന ജീവിതകാഴ്ചപ്പാട് വെച്ചുപുലർത്തി എന്ന് മാത്രമല്ല, തദനുസൃതമായി പാരസ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്തു. കേവലമൊരു ബനിയയായല്ല, അന്താരാഷ്ട്രപൗരനായാണ് ജീവിതത്തെ അദ്ദേഹം ചിട്ടപ്പെടുത്തിയത്.
സ്വദേശത്ത് അപ്പോഴും (ഇപ്പോഴും) ജാതിചിന്ത അടക്കിവാഴുന്നുണ്ടായിരുന്നു. ലണ്ടനിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്ന താൻ നിർവഹിക്കേണ്ടിവന്ന ജാത്യാചാരങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്്. സമുദായഭ്രഷ്ട് കൽപിച്ച വിഭാഗത്തെ സാന്ത്വനപ്പെടുത്തുന്നതിന് ജ്യേഷ്ഠൻ നാസിക്കിൽ കൊണ്ടുപോയി പുണ്യനദിയിൽ സ്നാനം ചെയ്യിക്കുകയും രാജ്കോട്ടിൽ ജാതിക്കാർക്ക് സദ്യ ഒരുക്കുകയും ചെയ്തെത്ര. അപ്പോഴത്തെ മാനസികാവസ്ഥ ഗാന്ധിജി വിവരിക്കുന്നതിങ്ങനെ: ‘‘എനിക്കിതൊന്നും ഇഷ്ടമായില്ല. പക്ഷേ, എെൻറ ഏട്ടന് എന്നോടുള്ള സ്നേഹം അതിരറ്റതായിരുന്നു. അതിനനുസരിച്ച് എനിക്കദ്ദേഹത്തോട് ഭക്തിയുമുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിെൻറ നിശ്ചയം, നിയമമായെടുത്ത് അദ്ദേഹം ആശിച്ചതുപോലെ യാന്ത്രികമായി പ്രവർത്തിച്ചെന്ന് മാത്രം’’. ജാതീയതയുടെ സകല ഭാരങ്ങളെയും വ്യക്തിജീവിതത്തിൽനിന്ന് കുടഞ്ഞുമാറ്റാൻ ഗാന്ധിജിക്ക് സാധിച്ചിരുന്നു. സാധിച്ചിരുന്നില്ല എന്ന് മഹാത്മജി ജീവിച്ചിരുന്ന കാലത്ത് ശക്തമായി വാദിച്ചത് അംബേദ്കറാണെങ്കിൽ , ‘ഡോക്ടർ ആൻഡ് സെയിൻറ്’ എന്ന വിവാദ ആമുഖത്തോടെ (അംബേദ്കറുടെ ‘ജാതിനിർമാർജനം’ എന്ന പുസ്തകത്തിന്) സമീപകാലത്ത് കലാപം കൂട്ടിയത് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി ആണ്. വർണാശ്രമധർമം ഇന്ത്യൻ സാമൂഹികവ്യവസ്ഥിതിയുടെ ധിഷണയെയാണ് പ്രതീകവത്കരിക്കുന്നതെന്ന് ഗാന്ധിജി വിശ്വസിച്ചതായാണ് അരുന്ധതി നിരീക്ഷിക്കുന്നത്. ദലിത്സമൂഹമാവട്ടെ, ഗാന്ധിജിയുടെ അതിജീവനകൗശലത്തിനുപിന്നിൽ ജാതി വലിയ ഘടകമായി വർത്തിച്ചിട്ടുണ്ട് എന്ന് ഉറച്ചുവിശ്വസിക്കുന്നു.
എന്തുതന്നെയായാലും അമിത് ഷാ ചിത്രീകരിക്കുന്ന കൗശലക്കാരനായ ബനിയ അല്ല മഹാത്മജി. ജാതിചിന്തയോ വിഭാഗീയ കൂട്ടുകെട്ടോ അല്ല ഗാന്ധിജിയെ ഒരു കാലഘട്ടത്തിെൻറ വിളക്കുമാടമാക്കിയത്. കൗശലം കൊണ്ടുമാത്രം നേടിയെടുക്കാവുന്ന ഔന്നത്യങ്ങളായിരുന്നില്ല നഗ്നനായ ആ ഫഖീർ സ്വായത്തമാക്കിയത്. മനുഷ്യരെ ഭിന്നിപ്പിച്ചും കൊല്ലിച്ചും വീഴുന്ന ചോരകൊണ്ട് കൊഴുക്കാമെന്ന് വിശ്വസിക്കുന്ന ആർ.എസ്.എസിെൻറ പ്രത്യയശാസ്ത്രത്തെ തോൽപിച്ച്, മനുഷ്യത്വത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശം ഉയർത്തിപ്പിടിച്ചതിലാണ് ഗാന്ധിജിയുടെ വ്യക്തിപ്രഭാവം ലോകം ദർശിച്ചത്. ആധുനികഇന്ത്യയെ ഹെഡ്ഗേവാറും സവർക്കറും ഗോൾവാൾക്കറും സ്വപ്നം കണ്ട ഹിന്ദുരാഷ്ട്രമാക്കുന്നതിൽ വിഘാതമായി നിന്നു എന്നതാണ് ഗാന്ധിജിയെ സംഘ്പരിവാറിെൻറ കണ്ണിലെ കരടും ‘ചതുർബനിയ’യുമായി മാറ്റിയതെന്ന് തിരിച്ചറിയാൻ സാമാന്യബുദ്ധി ധാരാളം.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.