ഒന്നുമില്ലെങ്കിലും അദ്ദേഹത്തിെൻറ പേര് ഖാൻ എന്നല്ലേ
text_fieldsഇന്ത്യയിൽ ജീവിക്കുന്നവരിൽ ഏറ്റവും പ്രശസ്തനായ മുസ്ലിം എന്നു വേണമെങ്കിൽ ഷാറൂഖ് ഖാനെക്കുറിച്ച് പറയാനാവും. രാജ്, രാഹുൽ എന്നിങ്ങനെ അസംഖ്യം കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ പകർന്നാണ് ബോളിവുഡിെൻറ മായാലോകത്ത് അദ്ദേഹം അതിശയക്കുതിപ്പ് തുടങ്ങിയത്. മറ്റു ജനപ്രിയ അഭിനേതാക്കളുടേതെന്നപോലെ ഷാറൂഖിെൻറ മതസ്വത്വവും പ്രേക്ഷകർക്കോ അദ്ദേഹത്തിനുതന്നെയോ അതിപ്രാധാന്യമുള്ള ഘടകമായിരുന്നില്ല. എന്നാൽ, നമ്മൾ ജീവിക്കുന്ന അത്യന്തം വർഗീയവത്കൃതമായ ഇക്കാലത്ത് പൊതുസമൂഹം മുസ്ലിംകളായി കണക്കാക്കുന്ന മനുഷ്യരെ അവരുടെ മതവേരുകളിലേക്കു മാത്രമായി ചുരുക്കിയാണ് വിലയിരുത്തുന്നത്. എെൻറതന്നെ ഒരു അനുഭവം പറയാം- ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകയായാണ് ഞാൻ എന്നെ കാണുന്നത്.
വ്യക്തിപരമായ ഒരു അനുഭവം ചർച്ചചെയ്യവെ ഒരു ബ്രിട്ടീഷ് ജേണലിസ്റ്റ് ഈയിടെ ചോദിച്ചു ഒരു 'മുസ്ലിം മാധ്യമപ്രവർത്തക' എന്ന നിലയിൽ നിങ്ങൾക്ക് എന്തു തോന്നുന്നുവെന്ന്. ഒരു ക്രിസ്ത്യൻ ജേണലിസ്റ്റ് എന്ന നിലയിൽ എന്തു തോന്നുന്നുവെന്ന് ആളുകൾ താങ്കളോട് ചോദിക്കാറുണ്ടോ എന്ന മറുചോദ്യമായിരുന്നു എെൻറ മറുപടി. ഷാറൂഖ് തെൻറ സ്വത്വത്തിെൻറ സ്വാഭാവികത പ്രകടമാക്കുന്നതിൽ ഒട്ടും സങ്കോചം കാണിച്ചില്ല; അഭിമുഖങ്ങളിൽ 'ഇൻഷാ അല്ലാഹ്' എന്നു പ്രയോഗിക്കാനും ആരാധകരോടും എന്തെങ്കിലും വിഷമതകൾ നേരിട്ടവരോടും ട്വിറ്ററിൽ പ്രതികരിക്കവെ 'അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ'യെന്ന് പറയാനുമൊന്നും. എല്ലാറ്റിനുമുപരി മതപരമായ മുൻവിധിയെക്കുറിച്ച് ശക്തമായ സന്ദേശം നൽകുന്ന മൈ നെയിം ഈസ് ഖാൻ എന്ന സിനിമയിൽ നായകവേഷമണിയുകയും ചെയ്തു.
തെൻറ പത്നി ഹിന്ദുമതവിശ്വാസിയാണെന്നും ഇരു മതങ്ങളുടെയും നന്മകളെ ഉയർത്തിപ്പിടിക്കുന്ന തെൻറ വീട് ഇന്ത്യയുടെ പ്രതിനിധാനമാണെന്നും അദ്ദേഹം അഭിമുഖങ്ങളിൽ പറയാറുണ്ട്. ആഡംബരക്കപ്പലിലെ മയക്കുമരുന്ന് കേസ് എന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന സംഭവത്തിൽ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് ഷാറൂഖ് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകൾ എണ്ണിപ്പറഞ്ഞ് അഖിൽ കട്യാൽ എന്നൊരാൾ ട്വിറ്ററിൽ കുറിച്ചിട്ട വരികൾ ഇപ്പോൾ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. അതിങ്ങനെയാണ്- 'രാഹുൽ, രാജ്, ചാർളി, മാക്സ്, സുരിന്ദർ, ഹാരി, ദേവ്ദാസ്, വീർ, രാം, മോഹൻ, കബീർ, അമർ, സമർ, റിസ്വാൻ, റഈസ്, ജഹാംഗീർ... ഇതുകൊണ്ടായിരിക്കും ചില ആളുകൾക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാൻ പറ്റാത്തത്, ഷാറൂഖ് ഖാനിൽ മുഴുവൻ ഹിന്ദുസ്ഥാനും കുടികൊള്ളുന്നുവല്ലോ.' തീർച്ചയായും എല്ലാവരും ഇങ്ങനെ ചിന്തിക്കുന്നുണ്ടാവണമെന്നില്ല. സമൂഹമാധ്യമങ്ങൾ ആഖ്യാനങ്ങളും തരംഗങ്ങളും നിർണയിക്കുന്ന ഈ കാലത്ത് ഷാറൂഖ് ഖാനും മകൻ ആര്യനും നിർദാക്ഷിണ്യം വേട്ടയാടപ്പെട്ടു.
ആര്യെൻറ ജാമ്യാപേക്ഷ പരിഗണനക്കു വന്ന ഒക്ടോബർ 13ന് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായ ആശയങ്ങളിലൊന്ന് ജാമ്യമല്ല ജയിൽ നൽകൂ (No Bail Only Jail) എന്നായിരുന്നു. ഈ വർഷം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിനാളിൽ രാഷ്ട്രപിതാവിനുള്ള ആശംസയേക്കാളേറെ തന്ത്രപരമായി പ്രചരിക്കപ്പെട്ടത് ഗാന്ധി ഘാതകനായ നാഥുറാം ഗോദ്സെക്കുള്ള സ്തുതികളായിരുന്നു എന്നതാണ് സമൂഹമാധ്യമ ലോകത്തെ യാഥാർഥ്യം. താരത്തെ ഉന്നംവെച്ച് നടന്ന പ്രചാരവേലകൾ ഉടനടി ഫലംകണ്ടു. ഒരു ഓൺലൈൻ കാമ്പയിനെ തുടർന്ന് നവ വിദ്യാഭ്യാസ രംഗത്തെ വമ്പൻ കമ്പനിയായ ബൈജൂസ് ഷാറൂഖ് അഭിനയിക്കുന്ന പരസ്യങ്ങളെല്ലാം നിർത്തിവെച്ചുവെന്നറിയുന്നു.
ആ നടനെ സംബന്ധിച്ചിടത്തോളം സമ്പത്തിെൻറ പാരാവാരത്തിലെ ഒരു തുള്ളി മാത്രമായിരിക്കാം ആ പരസ്യക്കരാർ. പക്ഷേ, ഹിന്ദി ഹൃദയഭൂമിയിൽ മുസ്ലിംകളുടെ വരുമാനത്തെയും ജീവിതമാർഗത്തെയും ലക്ഷ്യമിട്ട് നടക്കുന്ന കാമ്പയിെൻറ സംഘടിത പ്രചാരണത്തിെൻറ ഭാഗമാണിതെന്ന് കരുതാനാവില്ലേ? രാജ്യത്ത് സ്വൈരമായി സഞ്ചരിക്കുന്നതിൽനിന്നും കച്ചവടങ്ങൾ നടത്തുന്നതിൽനിന്നും മുസ്ലിംകളെ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന തീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രക്കാരെയും അവരുടെ പിണിയാളുകളെയും വല്ലാതെ അലട്ടുന്ന പ്രശ്നമാണ് സിനിമാമേഖലയിൽ വർധിതമായ മുസ്ലിം പ്രാതിനിധ്യം.
ഹിന്ദു സ്ത്രീയെ വിവാഹംചെയ്ത ഷാറൂഖ് ഖാൻ, മേഖലയിലെ ഉയർന്ന നായികമാർക്കൊപ്പം ആടിപ്പാടുന്ന ഒരു നടനുമാണ്. ലവ് ജിഹാദ് എന്ന ആഖ്യാനം ഹിന്ദുത്വ ഭരണകൂടത്തിെൻറ മനസ്സിലെ ഒഴിയാബാധയായി നിൽക്കുന്നൊരു കാലത്ത് ഹിന്ദുത്വവുമായി പറ്റിച്ചേർന്ന് നിൽക്കുന്നവർക്ക് ഖാൻമാരുടെ വിജയങ്ങൾപോലും അസഹ്യമായിരിക്കും. സിനിമാരംഗത്തെ ഇത്ര മുമ്പനൊന്നുമല്ലാത്ത മറ്റൊരു ഖാൻ, കരീന കപൂറിനെ വിവാഹം ചെയ്ത സെയ്ഫ് അലി ഖാൻ അവരുടെ മകന് തൈമൂർ എന്ന് നാമകരണം ചെയ്തതിെൻറ പേരിൽ ദിവസങ്ങളോളം അതിഭയാനകമാംവിധത്തിൽ അവഹേളിക്കപ്പെട്ടിരുന്നു. തീർച്ചയായും നമ്മൾ പരിധികൾ ലംഘിച്ചുകഴിഞ്ഞിരിക്കുന്നു. ഹിന്ദി സംസാരിക്കുന്ന മേഖലയിൽ മുസ്ലിം അഭിനേതാക്കൾക്ക് ഹിന്ദു പുരാണ കഥാപാത്രങ്ങളുടെ ഓർമയുണർത്തുന്ന ഭാഗങ്ങൾപോലും അവതരിപ്പിക്കൽ അസാധ്യമാവുന്നു. ഇത് വലിയ ഒരു മാറ്റമാണ്.
1988-90 കാലത്ത് വിജയകരമായി സംപ്രേഷണം ചെയ്ത മഹാഭാരതം ടി.വി പരമ്പരയുടെ തിരക്കഥയെഴുതിയത് വിഖ്യാത ഉർദു കവി റാഹി മസൂം റാസയായിരുന്നു. മുസ്ലിം തിരക്കഥാകൃത്തിനെ ഒഴിവാക്കണമെന്ന ആവശ്യത്തിന് നിർമാതാവ് ബി.ആർ. ചോപ്ര വഴങ്ങിയിരുന്നുവെങ്കിൽ അത്തരമൊന്ന് സാധ്യമാവുകതന്നെയില്ലായിരുന്നു. പരമ്പരാഗതമായി ബോളിവുഡിൽ നിത്യഹരിത ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് മുസ്ലിംകൾ. അതിനു പുറമെ അഭിനയരംഗത്തും സംവിധാനനിർമാണ മേഖലകളിലും ഉയരങ്ങളിലെത്തി. പഴയകാലത്തെ ഏറ്റവും മനോഹരമായ പല പാട്ടുകളും സാഹിർ ലുധിയാൻവി, ശകീൽ ബദായുനി, കൈഫി ആസ്മി, മജ്റൂഹ് സുൽതാൻ പുരി തുടങ്ങിയവരാൽ വിരചിതമാണ്. ഉർദു കവികളിലേറെ പേരും അവരുടെ തൂലികാനാമത്തിനൊപ്പം നാടിെൻറ പേരും ചേർത്തുവെച്ചു. ഇപ്പോഴും ഗാനരചനാശാഖയിൽ അതികായനായി ജാവേദ് അഖ്തറുണണ്ട്.
ഹിന്ദി സിനിമാഗാനങ്ങളെ ഇത്രയേറെ പരിവർത്തിപ്പിച്ചെടുത്തൊരാളായി എ.ആർ. റഹ്മാനും. അതായത്, ആത്യന്തികമായി മതേതര സ്വഭാവം തുടരുന്ന ഒരു മേഖലയിലാണ് ഷാറൂഖ് അരങ്ങുകുറിച്ചതും ആകാശത്തോളം വളർന്നതും. ഇതാദ്യമായല്ല അദ്ദേഹം വേട്ടയാടപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും, പക്ഷേ മകൻ കുരുക്കിലായ ഈ കേസാവും സൂപ്പർതാരപദവിയിലെത്തിയശേഷം അദ്ദേഹത്തിെൻറ ജീവിതത്തിലുണ്ടായ ഏറ്റവും പ്രയാസകരമായ അധ്യായം. ആര്യനെ കൃത്യമായി ഉന്നംവെച്ച് ആസൂത്രിതമായി നടത്തിയ എൻ.സി.ബി റെയ്ഡിലൂടെ പിടികൂടിയതാണെന്ന് കരുതാം.
അയാൾ മയക്കുമരുന്ന് രാജാവായതുകൊണ്ടല്ല, മറിച്ച് അവെൻറ പിതാവ് ബോളിവുഡിലെ രാജാവായി അറിയപ്പെടുന്നതുതന്നെയാണ് കാരണം. പാശ്ചാത്യ രാജ്യങ്ങളിൽ അഭിനേതാക്കളും സിനിമാപ്രവർത്തകരും ഭരണകൂടങ്ങൾക്കും വംശീയതക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരായി നിരന്തരം ശബ്ദിക്കാറുണ്ട്. ഇന്ത്യയിലാവട്ടെ ഏതെങ്കിലും താരങ്ങൾ ഏതെങ്കിലുമൊരു വിഷയവുമായി ഐക്യപ്പെട്ടാൽ അവർക്കുമേൽ ചാപ്പയടിക്കും, ഒരു ദാക്ഷിണ്യവുമില്ലാതെ അപഹസിക്കും, അതിനുമപ്പുറമുള്ള കടുത്ത പ്രത്യാഘാതങ്ങളുമുണ്ടാവും. ഈയടുത്ത കാലത്ത് ഗംഭീര സിനിമാപ്രവർത്തകനായ അനുരാഗ് കശ്യപിനെയും നടി താപ്സി പന്നുവിനെയുംപോലെ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ അനിഷ്ടങ്ങളെ തുറന്നുപറയുന്നവർക്കെതിരെ ആദായ നികുതി റെയ്ഡുകളും മറ്റും നടത്തിയത് അവസാനത്തെ ഉദാഹരണമാണ്. ഷാറൂഖ് ഖാൻ രാഷ്ട്രീയ നിലപാടുകളൊന്നുമെടുക്കാറില്ല. പക്ഷേ, അദ്ദേഹം ഭരണകൂടങ്ങൾക്ക് മുന്നിൽപ്പോയി താണുകേണു വണങ്ങാനും നിൽക്കാറില്ല. എന്തൊക്കെ ചെയ്താലും ഇല്ലെങ്കിലും അദ്ദേഹം വലിയ താരമാണ്, പോരാത്തതിന് മുസ്ലിമുമാണ്- ഈ കാലത്ത് അലോസരമുണ്ടാവാൻ അത്രമതി. അയാളൊരിക്കലും എന്തെങ്കിലും രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് പോയിട്ടുണ്ടാവില്ല. പക്ഷേ, ഇപ്പോഴത് അദ്ദേഹത്തെ തേടിവന്നിരിക്കുന്നു. അതിനെ നേരിടേണ്ടിയും വരും. ഒന്നുമില്ലെങ്കിലും അദ്ദേഹത്തിെൻറ പേര് ഖാൻ എന്നല്ലേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.