ചരിത്രം സൃഷ്ടിച്ച നേതാവ്
text_fieldsഒരു യുഗമായിരുന്നു ലീഡർ കെ. കരുണാകരൻ. ആധുനിക കേരളത്തിെൻറ സ്രഷ്ടാക്കളിൽ പ്രമുഖൻ. നെഹ്റു കുടുംബത്തിലെ മൂന്ന് തലമുറകൾക്കൊപ്പം പ്രവർത്തിച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ ദേശീയ നേതൃനിരയിൽ തലയുയർത്തി നിന്ന വ്യക്തിത്വം, കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകിയ ഐക്യ ജനാധിപത്യമുന്നണിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖൻ. അദ്ഭുതപ്പെടുത്തുന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ രാഷ്ട്രീയ എതിരാളികളെയും ആരാധകരെയും ഒരു പോലെ വിസ്മയിപ്പിച്ച രാഷ്ട്രീയ ചാണക്യൻ, ലീഡറെക്കുറിച്ച് പറയാൻ തുടങ്ങിയാൽ അത് ഹിമാലയത്തെക്കുറിച്ചോ ഇന്ത്യാ സമുദ്രത്തെക്കുറിച്ചോ വിവരിക്കുന്നത് പോലെയാകും, പറഞ്ഞ് നിർത്താൻ നമുക്ക് കഴിയില്ല.
എെൻറ രാഷ്ട്രീയ ഗുരുവും വഴികാട്ടിയും ആശ്രയ കേന്ദ്രവുമായിരുന്നു ലീഡർ. ഞാനടക്കമുള്ള എത്രയോ യുവാക്കൾക്ക് പരിഗണനയും പിന്തുണയും നൽകാനും അവരെ പൊതുപ്രവർത്തനത്തിൽ കൈപിടിച്ചുയർത്താനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. രാഷ്ട്രീയത്തിലും പൊതുരംഗത്തും കഴിവുള്ള പുതിയ ആളുകൾ കടന്നുവരണമെന്നും അവർക്ക് പരിഗണന നൽകി ഉത്തരവാദിത്തങ്ങൾ ഏൽപിക്കണമെന്നുമുള്ള ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നെയും ജി. കാർത്തികേയനെയും പന്തളം സുധാകരനെയും ആദ്യം നിയമസഭയിലെത്തിച്ചത് ലീഡറുടെ ഈ ഉറച്ച ബോധ്യംകൊണ്ടു മാത്രമായിരുന്നു. ഇന്ന് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ നയിക്കുന്ന പല പ്രമുഖ നേതാക്കളും അവരുടെ പൊതുപ്രവർത്തന ജീവിതത്തിെൻറ വിവിധ ഘട്ടങ്ങളിൽ ലീഡറുടെ സ്നേഹ വായ്പുകളും പിന്തുണയും മാർഗ നിർദേശവും ആവോളം ലഭിച്ചവരാണ്. 1986ൽ എെൻറ 29ാമത്തെ വയസ്സിലാണ് അദ്ദേഹത്തിെൻറ മന്ത്രിസഭയിൽ എന്നെ ഉൾപ്പെടുത്തുന്നത്. അദ്ദേഹത്തിന് കീഴിൽ മന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവുംമികച്ച അനുഭവമായിരുന്നു.
രാഷ്ട്രീയ വിദ്യാർഥികൾക്ക് അദ്ദേഹമൊരു സർവകലാശാലയായിരുന്നു. ഇത്രയും കാര്യക്ഷമമായി മുന്നണി മന്ത്രിസഭകളെ നയിച്ച അപൂർവം ചില നേതാക്കളേ ഇന്ത്യയിലുണ്ടായിട്ടുള്ളൂ. രാജ്യം മുഴുവൻ കരുണാകരൻ രൂപംനൽകിയ മുന്നണി രാഷ്ട്രീയത്തെ പിന്നീട് അനുകരിച്ചു. ഇന്ത്യയിലെ മുന്നണി രാഷ്ട്രീയത്തിെൻറ തലതൊട്ടപ്പനെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാലും തെറ്റില്ല. ഒരു ഭരണകർത്താവ് എങ്ങനെയായിരിക്കണമെന്ന ചോദ്യം പലതലങ്ങളിൽ പലപ്പോഴായി അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്. തീരുമാനങ്ങളെടുക്കുന്നതിലും അവ നടപ്പാക്കുന്നതിലും കാലതാമസം ഇല്ലാതിരിക്കുകയും ജനങ്ങൾക്ക് ദീർഘകാലത്തേക്ക് ഗുണം ചെയ്യുന്നതുമായിരിക്കണമെന്ന ദീർഘവീക്ഷണത്തോടെ അത്തരം തീരുമാനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നവരാണ് നല്ല ഭരണകർത്താക്കൾ. അങ്ങനെ വിലയിരുത്തുമ്പോൾ കെ. കരുണാകരൻ ഇന്ത്യ കണ്ട മികച്ച ഭരണകർത്താക്കളിൽ ഒരാളാണെന്ന് നിസ്സംശയം പറയാം.
മികച്ച ഉദ്യോഗസ്ഥർക്ക് എല്ലാ പിന്തുണയും നൽകി അവരുടെ കഴിവുകൾ ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിൽ ബദ്ധ ശ്രദ്ധനായിരുന്നു അദ്ദേഹം. 23 വർഷം മുമ്പ് ജനങ്ങളിൽനിന്ന് പണംപിരിച്ച് ഒരു വിമാനത്താവളം നിർമിക്കുകയെന്നത് ഭ്രാന്തൻ ആശയമായിരുന്ന കാലഘട്ടത്തിലാണ് നെടുമ്പാശ്ശേരി വിമാനത്താവളം അദ്ദേഹം വിഭാവനം ചെയ്യുന്നത്. അന്നതിനെ പരിഹസിച്ചവർ, വിമാനമിറങ്ങിെല്ലന്ന് കളിയാക്കിയവർ, അതിനെതിരെ പ്രക്ഷോഭം നയിച്ചവരെല്ലാം പിന്നീട് അതിെൻറ ഡയറക്ടർ ബോർഡിലും മറ്റുമൊക്കെ കയറിപ്പറ്റാൻ തള്ളിക്കയറിയ കഥ നമുക്കറിയാം. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം യാഥാർഥ്യമാക്കാൻ കരുണാകരൻ യത്നിച്ചപ്പോഴും അതിനെ എതിർത്തവരുണ്ടായിരുന്നു. എന്നാൽ, തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ, അവ ജനങ്ങൾക്ക് ഉപയുക്തമാകുമെന്ന് വിശ്വാസമുണ്ടെങ്കിൽ അതിനുവേണ്ടി ഏതറ്റംവരെ പോകാനുള്ള സന്നദ്ധത അദ്ദേഹത്തിനുണ്ടായിരുന്നു.
ജനങ്ങളിൽനിന്ന് ഉയർന്നുവന്ന നേതാവായിരുന്നു അദ്ദേഹം. ജനങ്ങളുടെ പൾസ് കൃത്യമായി അളക്കാനും അവരുടെ ആശയാഭിലാഷങ്ങൾ എന്താണെന്നത് മനസ്സിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഏറ്റവും കൂടുതൽ തവണ കേരളത്തിെൻറ മുഖ്യമന്ത്രിയായിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ഈ വിപുലമായ ജനപിന്തുണകൊണ്ട് മാത്രമാണ്. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഇന്നുകാണുന്ന ജനകീയ അടിത്തറയുണ്ടാക്കിയവരിൽ പ്രമുഖനാണ് ലീഡർ. 1967ൽ നിയമസഭയിലെ പ്രതിപക്ഷ നേതൃനിരയെ നയിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തിെൻറ മുഖ്യധാരയിലേക്ക് കടന്നുവന്ന ലീഡർ, അവസാനനാൾ വരെ കേരളത്തിലെ ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു. ഇടക്കാലത്ത് അദ്ദേഹം പാർട്ടി വിട്ടുപോയ നിർഭാഗ്യകരമായ അവസ്ഥ വന്നുചേർന്നു. അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ചെറുതല്ലാത്ത പങ്കുവഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ ചാരിതാർഥ്യമുണ്ട്.
കെ. കരുണാകരനെപ്പോലുള്ള നേതാക്കൾ ചരിത്രത്തിൽ അപൂർവമായി സംഭവിക്കുന്ന പ്രതിഭാസമാണ്. അത്തരം നേതാക്കൾ ചരിത്രഗതിയെ സ്വാധീനിക്കുകയും ചരിത്രം സൃഷ്ടിക്കുകയും അതുവഴി സ്വയം ചരിത്രമാവുകയും ചെയ്യും. കെ. കരുണാകരൻ അക്ഷരാർഥത്തിൽ ഒരു യുഗസ്രഷ്ടാവായിരുന്നു. അദ്ദേഹത്തിെൻറ ജന്മശതാബ്്ദി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാവുകയാണ്. തിരുവനന്തപുരത്ത് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന് എ.കെ. ആൻറണിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. കെ. കരുണാകരൻ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ സെമിനാറുകളും അദ്ദേഹത്തിെൻറ പേരിലുള്ള അവാർഡുകളുമുൾപ്പെടെ നിരവധി പരിപാടികളാണ് ജന്മശതാബ്്ദിയാഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. ആ ജ്വലിക്കുന്ന ഓർമകൾക്കുമുന്നിൽ പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.