Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right100 തൊഴിലാളി വർഷങ്ങൾ

100 തൊഴിലാളി വർഷങ്ങൾ

text_fields
bookmark_border
100 തൊഴിലാളി വർഷങ്ങൾ
cancel
camera_alt

ആലപ്പുഴയിലെ സുഗതൻ സ്മാരകം. ഇതാണ് തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂനിയന്റെ (എ.ഐ.ടി.യു.സി) ആസ്ഥാനം

തിരുവിതാംകൂറിൽ രൂപംകൊണ്ട ആദ്യ ട്രേഡ് യൂനിയന് നൂറു വയസ്സ് പിന്നിടുേമ്പാൾ കേരള ചരിത്രത്തിലെ ആദ്യ തൊഴിലാളി പ്രസ്ഥാനമെന്ന നിലയിൽ അത് ലോകത്തിനാകെ മാതൃകയാകുകയാണ്. ഒരിക്കലും മായ്ക്കാനാവാത്തവിധം അത് ചരിത്രത്തിൽ ഇടംപിടിച്ചു. അതിനോടൊപ്പം ഒരിടവേളയിൽ രാഷ്ട്രീയ കേരളം ബോധപൂർവം മറന്ന ആ മുന്നേറ്റത്തിെൻറ തലതൊട്ടപ്പൻ വാടപ്പുറം ബാവ എന്ന തൊഴിലാളി നേതാവിനെ ഈ ശതാബ്ദിവേളയിൽ വീണ്ടും അംഗീകരിച്ചു. 1922 മാർച്ച് 31ന് ആലപ്പുഴയിൽ ലേബർ യൂനിയൻ എന്ന പേരിൽ ആദ്യം തുടക്കമിട്ട തൊഴിലാളി പ്രസ്ഥാനമായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ പിൽക്കാലത്ത് കയർ ഫാക്ടറി വർക്കേഴ്സ് യൂനിയനായി മാറി. കേരളത്തിലെ തൊഴിലാളികളുടെ അവകാശ-സമര പോരാട്ടചരിത്രത്തിൽ സമാനതകളില്ലാത്ത അധ്യായങ്ങളാണ് ഈ തൊഴിലാളി പ്രസ്ഥാനം രചിച്ചത്.

സുവർണ നാരുകൾ

അമേരിക്കൻ ആംഗലേയത്തിൽ കൊക്കോ മാറ്റ്സ് എന്നു പറയുന്നത് കേരളത്തിെൻറ സ്വന്തം കയറുൽപന്നമാണ്. 1855ൽ ജയിംസ് ഡാറ എന്ന ഐറിഷ് അമേരിക്കൻ യുവവ്യവസായി ന്യൂയോർക്കിലെ തന്റെ പ്രദേശമായ ബ്രൂക്ക്ലിനിൽനിന്നു ഇന്ത്യയിലേക്ക് കപ്പൽ കയറിയത് സുവർണ നാരെന്ന് പുകൾപെറ്റ കയറിനെക്കുറിച്ച് കേട്ടറിഞ്ഞാണ്. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി രാജ്യത്തിെൻറ ചക്രവർത്തിനിയായി പരിലസിക്കുന്ന കാലം. ആദ്യം കൽക്കത്തയിലെത്തിയ ജയിംസ് ഡാറ പിന്നീട് കയറിെൻറ ഈറ്റില്ലമായ ആലപ്പുഴയിൽ അളിയൻ സ്മെയിലുമായി ചേർന്ന് 1859ൽ ആദ്യമായി ഒരു കയർ ഫാക്ടറി സ്ഥാപിച്ചു. ഇന്നും കയർ വ്യവസായമടക്കം വ്യാപാരരംഗത്ത് പ്രമുഖമായി നിലകൊള്ളുന്ന ഡാറ സ്മെയിൽ ആൻഡ് കമ്പനിയുടെ (Darragh Smail and Company) ചരിത്രം ബൃഹത്തായ ഒന്നാണ്. പിന്നീടങ്ങോട്ട് ബോംബെ കമ്പനി, ആസ്പിൻ വാൾ, വോൾക്കാട്ട് ബ്രദേഴ്സ്, വില്യം ഗുഡേക്കർ സൺസ്, പിയേഴ്സ് ലെസ്ലി, എമ്പയർ കയർ വർക്സ് കമ്പനി, തോമസ് ഡിക്രൂസ് കമ്പനി തുടങ്ങി നിരവധി കയർ ഫാക്ടറികൾ ഈ മണ്ണിൽതന്നെ സ്ഥാപിക്കപ്പെട്ടു.

ആലപ്പുഴയിലെ കിടങ്ങാംപറമ്പ് ക്ഷേത്രം. ഇവിടെവെച്ചാണ് ശ്രീനാരായണ ഗുരു തൊഴിലാളി സംഘടനയുണ്ടാക്കാൻ നിർദേശം നൽകിയത്

അടിമ ജീവിതവും മൂപ്പ് കാശും

വ്യവസായശാലകളിൽ പണിയെടുത്തിരുന്ന നിർധന തൊഴിലാളികളുടെ ജീവിതം അടിമ സമാനമായിരുന്നു. രാവിലെ മുതൽ നേരമിരുട്ടിയാൽ വരെ പണിയെടുക്കണം. പലർക്കും പത്തും ഇരുപതും മണിക്കൂർ പണിയെടുക്കേണ്ടിയിരുന്നു. കയർ ഫാക്ടറിയിലെ ജോലികളിൽ മാത്രമായി അത് ഒതുങ്ങിയിരുന്നില്ല. മുതലാളിയുടെ വീട്ടിലെ തെങ്ങ് നനക്കുന്ന ജോലിയും പാവപ്പെട്ട തൊഴിലാളിക്കാണ്. കുളത്തിൽനിന്ന് മൺകുടങ്ങളിൽ വെള്ളം കോരി ഓരോ തെങ്ങിെൻറയും കടക്കൽ വെള്ളമൊഴിച്ചശേഷം മാത്രം ഫാക്ടറിയിൽ എത്തുന്ന തൊഴിലാളികളെ എല്ലുമുറിയെ പണിയെടുപ്പിച്ച് മുതലാളിയുടെ മനസ്സിൽ ഇടംനേടുന്ന മേസ്തിരിമാരും മൂപ്പന്മാരുമായിരുന്നു അന്നത്തെ സർവാധികാരികൾ. നിസ്സാരകൂലിയിലെ നല്ലൊരു പങ്കും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരും കണക്കെ 'മൂപ്പ് കാശ്', 'ധർമാവ്' എന്നിങ്ങനെ പലപേരിൽ മൂപ്പന്മാർ തട്ടിയെടുക്കും. നല്ല വസ്ത്രം ധരിച്ചാൽ തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിക്കില്ല. ചെറുപിഴവുകൾക്കുപോലും കടുത്ത ശിക്ഷ നൽകും.

ഫാക്ടറി തൊഴിലാളികളുടെ പ്രവർത്തനസമയം ആഴ്ചയിൽ 54 മണിക്കൂറായി നിജപ്പെടുത്തിയ നിയമം ആയിടക്കാണ് നിലവിൽ വന്നത്. 1922ലെ ഇന്ത്യൻ ഫാക്ടറീസ് ആക്ട് പ്രകാരം തൊഴിലാളികളുടെ ജോലിസമയം ആഴ്ചയിൽ 60 മണിക്കൂറും ഞായറാഴ്ച അവധിയുമായിരുന്നു. എന്നാൽ, പുതിയ നിയമത്തിൽ ജോലിക്കാരുടെ സമയം കൃത്യമായി പറയാത്തതിനാൽ മുതലാളിമാർ അവർക്കു തോന്നുന്നപോലെ പണിയെടുപ്പിച്ചു. പ്രതിദിനം 10 മണിക്കൂർ വീതം 50 മണിക്കൂറും ആറാമത്തെ ദിവസം നാലു മണിക്കൂറും പണിയെടുപ്പിച്ച് തൊഴിലാളികൾക്ക് അര ദിവസത്തെ കൂലി നഷ്ടമാക്കി. കയറ്റുപായ നെയ്ത്തുകാരനായ ഒരു സാധുതൊഴിലാളിയെ മർദിച്ച ഡാറ സ്മെയിൽ കമ്പനി മാനേജരായ വെള്ളക്കാരനെ പരസ്യമായി ഘെരാവേ ചെയ്തതോടെയാണ് വാടപ്പുറം പി.കെ. ബാവ എന്ന ചെറുപ്പക്കാരൻ ശ്രദ്ധേയനാവുന്നത്. ആലപ്പുഴ മംഗലം പുന്നച്ചുവട്ടിൽ വീട്ടിൽ ആയുർവേദ ചികിത്സകനായ കൃഷ്ണൻ വൈദ്യരുടെയും നീലിയുടെയും മകനായി 1894 മാർച്ച് രണ്ടിന് ജനിച്ച ബാവ പിതാവിെൻറ അപ്രതീക്ഷിത മരണത്തോടെ പതിനെട്ടാമത്തെ വയസ്സിലാണ് തൊഴിലാളിയായി കയർ ഫാക്ടറിയിലെത്തുന്നത്. തന്റെ വണ്ടി തടഞ്ഞ ബാവയെ വെടിവെക്കുമെന്ന് സായിപ്പ് ഭീഷണിപ്പെടുത്തിയെങ്കിലും വിലപ്പോയില്ല. അരോഗദൃഢഗാത്രനായ ബാവ നെഞ്ചുവിരിച്ച് നിന്ന് വണ്ടി തടഞ്ഞു. ആദ്യകാലത്ത് തൊഴിലാളിയായിരുന്ന ബാവ പിന്നീട് മൂപ്പനായി മാറിയെങ്കിലും മുതലാളിമാരുടെ അനീതികളെ വെച്ചുപൊറുപ്പിക്കാൻ തയാറായില്ല.

ഗുരുവിന്റെ അനുഗ്രഹം

ഐക്യ കേരള രൂപവത്കരണത്തിനുമുമ്പ് ഒറ്റപ്പെട്ട തൊഴിലാളി മുന്നേറ്റങ്ങൾ ചിലയിടങ്ങളിലുണ്ടായെങ്കിലും അതിനൊന്നും ഐക്യരൂപമുണ്ടായിരുന്നില്ല. അക്കാലത്താണ് വലിയ തൊഴിലിടമായ ആലപ്പുഴയിലെ കയർ മേഖലയിൽ ഒരു തൊഴിലാളിമുന്നേറ്റം അരങ്ങേറുന്നത്. അവിടെ കയർ ഫാക്ടറികളിൽ അക്കാലത്ത് അരലക്ഷത്തോളം പേരാണ് പണിയെടുത്തിരുന്നത്. മിക്കവരുടെയും വീടുകളിൽ പട്ടിണിയും പരിവട്ടവുമായിരുന്നു. തൊഴിലാളികളുടെ ദുരിതങ്ങൾ കണ്ട് മനസ്സുമടുത്ത പി.കെ. ബാവ ഒരു പോംവഴി തേടി 1920 മാർച്ച് 15ന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ എത്തിയ ശ്രീനാരായണ ഗുരുവിനെ സമീപിച്ചു. 'തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, ആ സംഘത്തിെൻറ ശക്തിയിൽ അവർ കരുത്തുള്ളവരും സ്വതന്ത്രരും ആകട്ടെ' എന്ന ഉപദേശമായിരുന്നു അന്ന് ഗുരുവിൽനിന്നുണ്ടായത്. തുടർന്നങ്ങോട്ട് വിശ്രമമില്ലാത്ത നാളുകൾ. ഇതിനിടയിൽ തൊഴിലാളികൾ സംഘടിക്കുന്നതറിഞ്ഞ് മുതലാളിമാർ എതിർപ്പുമായി രംഗത്തെത്തി. ഭീഷണിയും കൈക്കൂലിയും ഒരേസമയം പയറ്റി. തൊഴിലാളികളെ വഞ്ചിക്കുന്നതിനായി വാടപ്പുറം ബാവക്ക് പാരിതോഷികമായി ഒരു കയർ കമ്പനി വരെ വാഗ്ദാനം ചെയ്തു.

1922 മാർച്ച് 31ന് ആലപ്പുഴ പട്ടണത്തിലെ പ്രശസ്തമായ കളപ്പുര ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറു വശത്ത് കാടുപിടിച്ചുകിടന്ന പ്രദേശം കേരളത്തിലെ തൊഴിലാളി ചരിത്രത്തിലെ സുപ്രധാനമായ തൊഴിലാളി സംഘടനയുടെ തുടക്കത്തിന് വേദിയായി. മുന്നൂറിനടുത്ത് തൊഴിലാളികൾ തടിച്ചുകൂടിയ യോഗസ്ഥലത്തേക്ക് കാവിവസ്ത്രധാരിയായ ഒരു യുവസന്യാസി മെല്ലെ നടന്നുചെന്നു. ശ്രീ നാരായണഗുരു പറഞ്ഞയച്ച ശിഷ്യൻ സ്വാമി സത്യവ്രതനായിരുന്നു അത്. 'ഇന്നിവിടെ രൂപംകൊള്ളുന്ന തൊഴിലാളി പ്രസ്ഥാനം ലോക പ്രശസ്ത സംഘമായി വളർന്ന് അഭിവൃത്തി പ്രാപിക്കട്ടെ' എന്ന ഗുരുദേവന്റെ അനുഗ്രഹസന്ദേശം സത്യവ്രത സ്വാമി അറിയിക്കുകയും ഗുരു കൊടുത്തയച്ച ആദ്യ സംഭാവന ഒരു രൂപ വെള്ളിക്കാശ് കൈമാറുകയും ചെയ്തു. അഡ്വ. പി.കെ. മുഹമ്മദായിരുന്നു അധ്യക്ഷൻ. ഡോ. എം.കെ. ആൻറണി പ്രസിഡൻറും വാടപ്പുറം പി.കെ. ബാവ ജനറൽ സെക്രട്ടറിയും പൽപ്പു ആശാൻ ട്രഷററുമായ ആദ്യ കമ്മിറ്റിയിൽ ടി.ഐ. കരുണാകരൻ, ടി.സി. കേശവൻ വൈദ്യർ, ബി.വി. ബാപ്പു വൈദ്യർ, എം.കെ. കുഞ്ഞപ്പൻ മൂപ്പൻ, കെ.എം. ചെറിയാൻ എന്നിവർ അംഗങ്ങളുമായി. ഭാരവാഹികളിൽ വാടാപ്പുറം ബാവയും കുഞ്ഞപ്പൻ മൂപ്പനും മാത്രമായിരുന്നു തൊഴിലാളികളായി ഉണ്ടായിരുന്നത്.



വാടപ്പുറം ബാവ

ഗുരുപറഞ്ഞു, 'വരുന്നത് തൊഴിലാളി യുഗം'

വർഷങ്ങൾക്കിപ്പുറം ഗുരുവിനെ കാണാനായി ബാവ ശിവഗിരിയിലെത്തി. കണ്ട മാത്രയിൽതന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞ ഗുരു തൊഴിലാളി സംഘത്തിെൻറ പ്രവർത്തനം എങ്ങനെയുണ്ടെന്ന് ആരാഞ്ഞു. പ്രയോജനപ്പെട്ടുവോയെന്ന ഗുരുവിെൻറ ചോദ്യത്തിന് കൂടെയുണ്ടായിരുന്ന ടി.സി. കേശവൻ വൈദ്യർ നൽകിയ മറുപടി 'ഗുരുവിെൻറ അനുഗ്രഹത്താൽ' എന്നായിരുന്നു. അതു കേട്ട് ഗുരു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'വരാൻ പോകുന്നത് തൊഴിലാളികളുടെ യുഗമാണ്.'

തുടക്കം കമ്യൂണിസ്റ്റ്പാർട്ടിക്കും മുമ്പ്

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കൃതമാകുന്നതിന് 17 കൊല്ലം മുമ്പാണ് തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ പിറവി. ലേബർ അസോസിയേഷനെ വലയത്തിലാക്കുകയെന്ന കമ്യൂണിസ്റ്റ് ലക്ഷ്യം ബാവയുടെ നിലപാട് മൂലം നടപ്പാകാതെ പോവുകയായിരുന്നുവെന്നാണ് 'വാടപ്പുറം ബാവ: തമസ്കരിക്കപ്പെട്ട വിപ്ലവ നായകൻ' എന്ന ജീവചരിത്രരചനയിൽ പ്രമുഖ ട്രേഡ് യൂനിയൻ നേതാവായ സജീവ് ജനാർദനൻ പറയുന്നത്. തൊഴിലാളി സംഘടനകൾ രാഷ്ട്രീയത്തിനതീതമായി സ്വതന്ത്രമായി നിലകൊള്ളണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. 1969 ഏപ്രിൽ 22ന് അന്തരിച്ച ബാവയുടെ മൃതശരീരം വലിയ ചുടുകാടിൽ അടക്കം ചെയ്ത് കമ്യൂണിസ്റ്റുകാരനാക്കാൻ നടത്തിയ നീക്കവും കുടുംബത്തിെൻറ എതിർപ്പിനെ തുടർന്ന് നടക്കാതെ പോയെന്ന് സജീവ് ചൂണ്ടിക്കാട്ടുന്നു. പിൽക്കാലത്ത് വാടപ്പുറം ബാവ രൂപവത്കരിച്ച കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി. 1964ൽ പാർട്ടിയിലെ പിളർപ്പിനുശേഷം സി.പി.ഐയോടൊപ്പമായി. ആലപ്പുഴ ശവക്കോട്ട പാലത്തിനു സമീപത്തെ സുഗതൻ സ്മാരകമാണ് തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) എന്ന മഹാപ്രസ്ഥാനത്തിെൻറ ആസ്ഥാനം. നിലവിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സംഘടനയുടെ അധ്യക്ഷൻ. അസോസിയേഷൻ ശതാബ്ദിയാഘോഷ പരിപാടികൾ സജീവ് ജനാർദനൻ അധ്യക്ഷനായ വാടപ്പുറം ബാവ ഫെഡറേഷനും സി.പി.ഐയും വെവ്വേറെ ആഘോഷിക്കുകയും ചെയ്തു.

പിന്നീട് തിരുവിതാംകൂറിലാകെ പ്രവർത്തിക്കുന്നതിനായി സംഘടനയുടെ പേര് തിരുവിതാംകൂർ ലേബർ അസോസിയേഷൻ എന്നാക്കി മാറ്റി. ആദ്യഘട്ടത്തിൽ തൊഴിലാളികളിൽനിന്നു ചെറിയ തുക സംഭരിച്ച് ചികിത്സസഹായം നൽകുക, വായനശാലകൾ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും സംഘടന നടത്തിയിരുന്നു. പിന്നീട് സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും ഈ തൊഴിലാളി സംഘടന മുന്നോട്ടുവെച്ചു. അതേ തുടർന്നാണ് തിരുവിതാംകൂർ ലേബർ അസോസിയേഷൻ വായനശാലയും വാടകക്കെട്ടിടത്തിൽ ആശുപത്രിയും സ്ഥാപിച്ചത്. അംഗങ്ങളുടെ വീടുകളിൽ മരണം സംഭവിച്ചാൽ സഹായിക്കുന്നതിനായി മരണഫണ്ടും രൂപവത്കരിച്ചു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂനിയൻ എന്ന പേരിൽ അസോസിയേഷൻ ഒരു ട്രേഡ് യൂനിയനായി 1938ലാണ് രജിസ്റ്റർ ചെയ്തത്. വാടപ്പുറം ബാവ രൂപവത്കരിച്ച കോസ്റ്റൽ കോഓപറേറ്റിവ് സൊസൈറ്റി ആലപ്പുഴ കൈചൂണ്ടിമുക്കിൽ ഇപ്പോൾ കോസ്റ്റൽ കോഓപറേറ്റിവ് ബാങ്കായി പ്രവർത്തിക്കുന്നു.


നൂറുവർഷം മുമ്പ് വാടപ്പുറം ബാവ ആലപ്പുഴയിൽ ആരംഭിച്ച തൊഴിലാളികളുടെ സഹകരണ സൊസൈറ്റി- 'ദി ​പോസ്റ്റൽ കോഓപ്പറേറ്റീവ് സൊ​െ​െസറ്റി'. ഇപ്പോൾഅതേപേരിൽ കൈചൂണ്ടിയിൽ ബാങ്കായി പ്രവർത്തിക്കുന്ന കെട്ടിടം

വൈക്കം സത്യഗ്രഹവും അസോസിയേഷനും

പിന്നാക്ക വിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള അവകാശത്തിനായി സമരപോരാട്ടം നടത്തിയ വൈക്കം സത്യഗ്രഹത്തിന് സംഘടനയിൽനിന്നു 50 പേരെ പങ്കെടുപ്പിച്ചതിലൂടെ അന്ന് നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങൾക്കെതിരായ നിലപാടും യൂനിയൻ തുറന്നുകാണിച്ചു.

1924ൽ തിരുവിതാംകൂ‍ർ ലേബർ അസോസിയേഷന്റെ ഉടമസ്ഥതയിൽ ആലപ്പുഴയിൽനിന്ന് പി.കെ. ബാവ പത്രാധിപരായി 'തൊഴിലാളി' എന്ന പേരിൽ ഒരു പത്രവും പ്രസിദ്ധപ്പെടുത്തിയിരുന്നു. ആദ്യം ദ്വൈവാരികയായും പിന്നീട് വാരികയായ പത്രവുമായി ബന്ധപ്പെട്ട് പ്രശസ്ത സാഹിത്യകാരനായ പി. കേശവദേവ്, ആർ. സുഗതൻ, കേരളത്തിലെ ആദ്യ പി.എസ്.സി ചെയർമാൻ വി.കെ. വേലായുധൻ, പ്രമുഖ ട്രേഡ് യൂനിയൻ നേതാവ് കെ.സി. ഗോവിന്ദൻ, വാസുവാധ്യാ‍ർ, എം.എസ്. അനിരുദ്ധൻ എന്നിവർ വിവിധ കാലങ്ങളിൽ പത്രാധിപന്മാരായി. കെടാമംഗലം പപ്പുക്കുട്ടി തൊഴിലാളിയുടെ ഉള്ളടക്കത്തിന് പുതിയ മാനങ്ങൾ നൽകി. അഞ്ചാം വർഷം തിരുവനന്തപുരത്തെ വിദ്യാർഥിമർദനത്തെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സി.പി. രാമസ്വാമി അയ്യർ 'തൊഴിലാളി'ക്ക് നിരോധനം ഏർപ്പെടുത്തി. 1937ൽ ഒരു വിശേഷാൽപ്രതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, മൂലധനത്തിന്റെ ചില ഭാഗങ്ങൾ തർജമ ചെയ്ത് 'തൊഴിലാളി'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 500 കോപ്പിയിൽ തുടങ്ങിയ തൊഴിലാളിയുടെ പ്രസിദ്ധീകരണം 1938ൽ നിലക്കുേമ്പാൾ പ്രചാരം രണ്ടായിരത്തിലധികമായിരുന്നു. തമിഴ്നാട്ടിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവ് പെരിയോർ എന്ന ഇ.വി. രാമസ്വാമി നായ്ക്കരും പിൽക്കാലത്ത് ഇന്ത്യൻ പ്രസിഡൻറായി തീർന്ന പ്രമുഖ തൊഴിലാളി യൂനിയൻ നേതാവുകൂടിയായ വി.വി. ഗിരിയും ഉൾപ്പെടെ പ്രമുഖർ അക്കാലത്തെ ലേബർ അസോസിയേഷന്റെ വിവിധ വാർഷിക സമ്മേളനങ്ങളിൽ മുഖ്യാതിഥികളായിരുന്നു.

നൂറു തടുക്കിന് 80 ചക്രം കൂലി

നൂറു തടുക്കിന് 80 ചക്രം കൂലി ആവശ്യപ്പെട്ട് ബോംബെ കമ്പനി എന്ന കയർ ഫാക്ടറിയിലെ തൊഴിലാളികൾ 1931ൽ നടത്തിയ പണിമുടക്കായിരുന്നു തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആദ്യസമരം. തങ്ങളുടെ ആവശ്യങ്ങളടങ്ങുന്ന നിവേദനം തിരുവനന്തപുരത്തെത്തി രാജാവിന് സമർപ്പിക്കുന്നതിന് കൊല്ലം ജോസഫ് ലീഡറായി 50 പേരടങ്ങുന്ന ജാഥാസംഘത്തെ നിശ്ചയിച്ചെങ്കിലും ജാഥ നിരോധിക്കപ്പെട്ടു. കൊല്ലം ജോസഫ്, കെ.സി. ഗോവിന്ദൻ, വി.കെ. പുരുഷോത്തമൻ എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്കി. ലക്ഷ്യം നേടാനാകാതെയാണ് ഈ സമരം അവസാനിച്ചത്. 12ാമത് വാർഷിക സമ്മേളനം കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന വ്യക്തിത്വമായ ആർ. സുഗതനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞടുത്തു. അതിനുമുമ്പ് പി. കേശവദേവായിരുന്നു ജനറൽ സെക്രട്ടറി. പൊതുപണിമുടക്ക് ആഹ്വാനത്തെ തുടർന്ന് ആർ. സുഗതൻ, പി.കെ. കുഞ്ഞ്, പി.എൻ. കൃഷ്ണപിള്ള, വി.കെ. പുരുഷോത്തമൻ, സി.കെ. വേലായുധൻ എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടു.

നേതാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പൊലീസ് സ്റ്റേഷൻ ഉപരോധത്തിനുനേരെ നടന്ന ലാത്തിച്ചാർജിൽ ഗരുഡൻ ബാവ എന്ന തൊഴിലാളി രക്തസാക്ഷിയായി. സംഭവം അന്വേഷിക്കാൻ മലബാറിൽനിന്നു പി. കൃഷ്ണപിള്ള അടിയന്തരമായി ആലപ്പുഴയിലെത്തി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കെ. ദാമോദരനും കെ.കെ. വാര്യരും വന്നു. ഇവരുടെയെല്ലാം പ്രവർത്തനം വഴി തൊഴിലാളികളിൽ രാഷ്ട്രീയബോധം കത്തിപ്പടർന്നു.


കാനം രാജേന്ദ്രൻ,സജീവ് ജനാർദനൻ

പുന്നപ്ര-വയലാറും സംഘടനയും

പുന്നപ്ര-വയലാർ ജനകീയമുന്നേറ്റത്തിനു കളമൊരുക്കുന്നതിൽ സംഘടന പ്രധാന പങ്കുവഹിച്ചു. പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ കമ്യൂണിസ്റ്റ് പാർട്ടി ശക്തിപ്രാപിച്ചതും പലപ്പോഴായി ഇടതു തൊഴിലാളി സംഘടനകൾ രൂപമെടുക്കുകയും ചെയ്തതോടെ ലേബർ അസോസിയേഷൻ അവയുടെ ഭാഗമായി. ഇതിനിടെ മുപ്പതുകളിൽ മലബാറിലും തിരുവിതാംകൂറിലും തൊഴിലാളിപ്രസ്ഥാനങ്ങൾ ജീവൻവെച്ചുവരുന്ന കാലഘട്ടത്തിൽ ഇവരെയെല്ലാം ഒരുമിച്ചുചേർത്ത് ഒരു തൊഴിലാളി സമ്മേളനം സംഘടിപ്പിക്കാം എന്ന ആശയവുമായി പി. കൃഷ്ണപിള്ള മുന്നോട്ടുവന്നു. അങ്ങനെ 1935 മേയ് 26ന് കോഴിക്കോട് ആദ്യ അഖില കേരള തൊഴിലാളി സമ്മേളനം നടന്നു. പി. കൃഷ്ണപിള്ള സെക്രട്ടറിയായി ഒരു കേരള സംസ്ഥാന കമ്മിറ്റിയെ അന്ന് തെരഞ്ഞെടുത്തു. അതിനെല്ലാം പ്രേരണയായത് തൊഴിലാളി പ്രസ്ഥാനത്തിൽ നിന്നു കൃഷ്ണപിള്ളക്ക് ലഭിച്ച ശിക്ഷണമായിരുന്നു. തൊഴിലാളിസമുദായത്തിൽ അസമത്വത്തിനെതിരെ പോരാടാൻ സമ്മേളനം തൊഴിലാളികളോട് ആഹ്വാനംചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ 15 പ്രമേയങ്ങളും ആ സമ്മേളനം പാസാക്കി.

പിൽക്കാലത്ത് 1948 ആഗസ്റ്റ് 19ന് ആലപ്പുഴ കഞ്ഞിക്കുഴിയിലെ കണ്ണർകാട്ടുവെച്ച് ഒളിവിൽ കഴിയവെ പാമ്പുകടിയേറ്റു മരിച്ച പി. കൃഷ്ണപിള്ളയുടെ മൃതശരീരം പൊതുദർശനത്തിനു വെച്ചത് ആലപ്പുഴയിലെ തിരുവിതാംകൂർ ലേബർ അസോസിയേഷൻ ആസ്ഥാനത്തായിരുന്നു. ആയിരക്കണക്കിന് കയർ തൊഴിലാളികളാണ് അന്ന് പ്രിയനേതാവിന് കണ്ണീരോടെ വിടനൽകിയത്.

രണ്ടാം ഇ.എം.എസ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞും തിരുവിതാംകൂർ ലേബർ അസോസിയേഷൻ പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടെ, 1936ൽ തൊഴിലാളി സംഘടനകൾ രജിസ്റ്റർ ചെയ്യാനുള്ള നിയമങ്ങൾ കേരളത്തിൽ പ്രാബല്യത്തിൽ വന്നതോടെ ചില നിയമനിർമാണങ്ങൾ നടത്താതെ സർക്കാറിന് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായി. ഫാക്ടറീസ് ആക്ട്, ട്രേഡ് ഡിസ്പൂട്ട് ആക്ട്, വർക്ക് മെൻ കോമ്പൻസേഷൻ ആക്ട്, ട്രേഡ് യൂനിയൻ ആക്ട് എന്നിവ പാസാക്കി. ട്രേഡ് യൂനിയൻ ആക്ട് പ്രകാരം തിരുവിതാംകൂറിൽ 1938 ൽ (1113 കർക്കടകം ഒമ്പത്) ഒന്നാം നമ്പറായി തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂനിയൻ രജിസ്റ്റർ ചെയ്തു. ട്രേഡ് യൂനിയൻ നിയമം വന്നതിനു ശേഷം രജിസ്റ്റർ ചെയ്ത ട്രേഡ് യൂനിയനുകളുടെ കേന്ദ്ര സംഘടനയായി അഖില തിരുവിതാംകൂർ ട്രേഡ് യൂനിയൻ കോൺഗ്രസ് (എ.ടി.ടി.യു.സി) ഈ ഘട്ടത്തിൽ നിലവിൽ വന്നു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂനിയന്റെ വാർഷികത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത എ.ടി.ടി.യു.സി സമ്മേളനം ടി.വി. തോമസിനെ പ്രസിഡൻറായും ആർ. സുഗതനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

വാടപ്പുറം ബാവയെന്ന സമാനതകളില്ലാത്ത തൊഴിലാളി നേതാവ് പലവിധ കാരണങ്ങളാൽ വിസ്മൃതിയിലാണ്ടുപോയെന്ന യാഥാർഥ്യത്തെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. അതേസമയം സജീവ് ജനാർദനൻ അധ്യക്ഷനായി കാൽനൂറ്റാണ്ടായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ വർഷം തോറും നടത്തുന്ന അനുസ്മരണ പരിപാടികളല്ലാതെ ആലപ്പുഴയിൽ അദ്ദേഹ​ത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി പ്രതിമയോ ഒരു സ്ഥാപനമോ ഇപ്പോഴുമില്ല. ഡോ. തോമസ് ഐസക് ധനമന്ത്രിയായിരിക്കെ തുടക്കമിട്ട ആലപ്പുഴ പൈതൃക മ്യൂസിയങ്ങളിൽ കേരളത്തിലെ തൊഴിലാളി മുന്നേറ്റ ചരിത്രം പ്രത്യേകിച്ചും ആലപ്പുഴയെ അടയാളപ്പെടുത്തുന്ന ഒരു മ്യൂസിയം ഉൾപ്പെടുത്തിയിട്ടുണ്ട്. പാതിവഴിയിൽ നിൽക്കുന്ന പദ്ധതി പൂർത്തിയാകുേമ്പാൾ വാടപ്പുറം ബാവയെയും തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ നാൾവഴികൾ വിശദമാക്കുന്ന ചരിത്രവും ഭാവി തലമുറക്കായി ഒരുക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labour UnionsKerala Labour movement
News Summary - History of kerala first labour movement
Next Story