ലാറ്റക്സിനെ തീറെഴുതുന്നത് ആർക്കുവേണ്ടി?
text_fieldsകേന്ദ്ര സർക്കാർ, ദിവസം കഴിയുംതോറും അതിെൻറ കോർപറേറ്റ് ദാസ്യമനോഭാവം പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. വ്യവസായ-തൊഴിൽ മേഖലകളിൽ മാത്രമല്ല, രാജ്യസുരക്ഷയുടെ കാര്യത്തിൽപോലും കോർപറേറ്റ്വത്കരണത്തിൽ മോദി സർക്കാർ നടത്തിവരുന്ന നീക്കങ്ങൾ അത്യന്തം ആശങ്കയുണർത്തുന്നതാണ്. ഇന്ത്യയിൽ പൊതുമേഖലയുടെ അഭിമാനസ്തംഭമായ എച്ച്.എൽ.എൽ ലൈഫ്കെയറിനെ (ഹിന്ദുസ്ഥാൻ ലാറ്റക്സ്) സ്വകാര്യ കുത്തകകൾക്ക് തീറെഴുതാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കേരളത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് ദേശീയതലത്തിൽ യുദ്ധസാമഗ്രികൾ നിർമിക്കുന്ന ഓർഡനൻസ് ഫാക്ടറികൾ ഉൾപ്പെടെ അനവധി സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.
രാഷ്ട്രശിൽപിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ മുൻഗണനകളിലൊന്നായിരുന്നു വ്യവസായ മേഖലയിലെ ആധുനികവത്കരണവും പൊതുമേഖലയുടെ ശാക്തീകരണവും. മന്ദീഭവിച്ച നിരവധി സ്വകാര്യ കമ്പനികളെ കൂട്ടിച്ചേർത്തും പുതിയ സംരംഭങ്ങൾക്ക് രൂപം നൽകിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ശക്തമായ ഒരു ശൃംഖല സ്ഥാപിക്കുന്നതിനുള്ള നിതാന്തശ്രമത്തിെൻറ പരിണിതഫലമായിരുന്നു മഹാ-നവ-മിനി രത്ന കമ്പനികൾ.
നിലവിൽ ഏഴു ‘മഹാരത്ന’ കമ്പനികളും 17 ‘നവരത്ന’ കമ്പനികളും സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്നു. ‘മിനിരത്ന’- ഒന്ന് വിഭാഗത്തിൽ 58ഉം ‘രണ്ട്’ വിഭാഗത്തിൽ 15ഉം കമ്പനികളാണുള്ളത്. ‘മിനിരത്ന’ ഒന്നാം വിഭാഗത്തിൽപ്പെട്ട സ്ഥാപനമാണ് എച്ച്.എൽ.എൽ ലൈഫ് കെയർ. പഴയ ഹിന്ദുസ്ഥാൻ ലാറ്റക്സ്. 1966ൽ തിരുവനന്തപുരം ആസ്ഥാനമാക്കി ആരംഭിച്ച ആ സ്ഥാപനം രാജ്യത്തിെൻറ, വിശേഷിച്ചും കേരളത്തിെൻറ അഭിമാനമായി എന്നും വിശേഷിപ്പിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനമാണ്.
2006ലാണ് ഹിന്ദുസ്ഥാൻ ലാറ്റക്സ് ‘മിനിരത്ന’ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. അരനൂറ്റാണ്ടുകാലമായി തുടർച്ചയായി ലാഭവിഹിതം നൽകിവരുന്ന ഈ കമ്പനിയെ മനഃപൂർവം നഷ്ടം കാണിച്ച് സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. സ്വതന്ത്രഭാരതത്തിെൻറ സമഗ്രവികസനത്തിന് ചുക്കാൻ പിടിച്ച ആസൂത്രണകമീഷനെ പിരിച്ചുവിട്ട് മോദിസർക്കാർ രൂപം നൽകിയ നീതി ആയോഗും സർക്കാർ സെക്രട്ടറിമാരുൾപ്പെട്ട സമിതിയുമാണ് ഇത്തരത്തിലുള്ള ശിപാർശ നൽകിയിരിക്കുന്നത്. മന്ത്രിസഭയുടെ അംഗീകാരംകൂടി കിട്ടിയാൽ ആ പ്രക്രിയ പൂർത്തിയാകും എന്നാണ് മനസ്സിലാക്കുന്നത്.
എച്ച്.എൽ.എല്ലിനു പുറമെ കേരളം ആസ്ഥാനമായുള്ള ഇൻസ്ട്രുമെേൻറഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഓർഗാനിക് ലിമിറ്റഡ്, കൊച്ചി ഷിപ്പ്യാർഡ്, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ്, ഭാരത് എർത്ത്മൂേവഴ്സ് ലിമിറ്റഡ് എന്നിവയാണ് കേന്ദ്ര സർക്കാറിെൻറ ‘ഹിറ്റ്ലിസ്റ്റി’ലുള്ള മറ്റ് പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ.
സർക്കാർ നിയന്ത്രണത്തിലുള്ള ഓർഡനൻസ് ഫാക്ടറികളിൽ നിർമിച്ചുവന്ന 143 ഇനം യുദ്ധസാമഗ്രികളുടെ നിർമാണത്തിന് പുറംകരാർ നൽകാൻ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് കേന്ദ്രസർക്കാർ ദർഘാസ് ക്ഷണിച്ചത് പ്രതിരോധ മേഖലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സ്വകാര്യവത്കരണത്തിെൻറ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്. ഐ.എസ് ഭീകരർക്ക് ആയുധമെത്തിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട കമ്പനികളെയടക്കം ഇതിനായി കേന്ദ്ര സർക്കാർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. അത്യന്തം ആശങ്കജനകമാണിത്.
അതിനേക്കാൾ ഉത്കണ്ഠജനകമാണ് യുദ്ധസാമഗ്രികൾ നിർമിക്കുന്ന, രാജ്യത്തെ 41 ഓർഡനൻസ് ഫാക്ടറികളും പ്രതിരോധ മേഖലയിൽ ഗവേഷണം നടത്തുന്ന 52 ഡി.ആർ.ഡി.ഒ ലാബുകളും നേവൽ ഡോക്ക്യാർഡും മിലിറ്ററി എൻജിനീയറിങ് സർവിസും (എം.ഇ.എസ്) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാനുള്ള നീക്കം. രാജ്യസുരക്ഷക്കുതന്നെ ഭീഷണിയുയർത്തുന്നതാണിത്; പ്രത്യേകിച്ചും അയൽരാജ്യങ്ങളുടെ പ്രകോപനപരമായ നീക്കങ്ങൾ കൊടുമ്പിരികൊണ്ടുനിൽക്കുന്ന ഈ സന്ദർഭത്തിൽ. പൊതുമേഖലയിലുള്ള ഓർഡിനൻസ് ഫാക്ടറികളിൽ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര നടപടിക്കെതിരെ പ്രതിരോധ മേഖലയിലെ 430 തൊഴിലാളി യൂനിയനുകൾ ഉൾപ്പെട്ട അഖിലേന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ ദേശവ്യാപകമായി സമരത്തിലാണ്. നാലു ലക്ഷത്തോളം തൊഴിലാളികളാണ് ഇന്ന് ഈ മേഖലയിലുള്ളത്.
ഇന്ത്യയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഏക കപ്പൽശാലയാണ് കൊച്ചി ഷിപ്പ്യാർഡ്. അതിെൻറ ഓഹരികൾ സ്വകാര്യസ്ഥാപനങ്ങൾക്ക് വിറ്റഴിക്കാനുള്ള നീക്കവും ശക്തമാണ്. നവീകരണത്തിന് മൂലധനം സ്വരൂപിക്കാനാണ് ഇതെന്ന് വ്യാഖ്യാനിക്കുന്നുവെങ്കിലും ലക്ഷ്യം മറ്റു ചിലതാണെന്ന് വ്യക്തം.ആഗോളസമ്മർദത്തെത്തുടർന്ന് 1995ൽ സാമ്പത്തിക പരിഷ്ക്കരണവും സ്വകാര്യവത്കരണവും ആരംഭിച്ച ഘട്ടത്തിൽതന്നെ മഹാരത്ന, നവരത്ന, മിനിരത്ന കമ്പനികളേയും ലാഭത്തിൽ പ്രവർത്തിക്കുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളേയും സ്വകാര്യവത്കരണത്തിൽനിന്ന് നയപരമായിതന്നെ പൂർണമായും സർക്കാർ ഒഴിവാക്കിയിരുന്നു. മാത്രമല്ല, കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യവും മൂലധനവും നൽകി രാജ്യത്തെ തലയെടുപ്പുള്ള സ്ഥാപനങ്ങളാക്കി അവയെ വളർത്തിയെടുക്കാനും യു.പി.എ സർക്കാർ നടപടിയെടുത്തു.
അതിെൻറ ഫലമായാണ് ഹിന്ദുസ്ഥാൻ ലാറ്റക്സ് വൈവിധ്യവത്കരണത്തിലൂടെയും ആധുനികവത്കരണത്തിലൂടെയും നവീന സംരംഭങ്ങളുടെ അകമ്പടിയോടെ എച്ച്.എൽ.എൽ ലൈഫ് കെയർ ആയി മാറിയത്. ഉൽപാദനത്തിലും വിറ്റുവരവിലും ലാഭത്തിലും വൻകുതിപ്പാണ് അതോടെ കമ്പനിക്കുണ്ടായത്.കമ്പനി വൈവിധ്യവത്കരണത്തിലൂടെ ഇന്ന് ആരോഗ്യ--കുടുംബക്ഷേമ മേഖലകളിലെ മികവുറ്റ ഉൽപാദന-ഗവേഷണ സ്ഥാപനമായി മാറിയിരിക്കുന്നു.തിരുവനന്തപുരത്ത് ആക്കുളം, കൊച്ചി, ഐരാപുരം, കർണാടകയിലെ ബൽഗാം എന്നിവിടങ്ങളിലാരംഭിച്ച പുതിയ പ്ലാൻറുകൾ, തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടിൽ സ്ഥാപിച്ച വാക്സിൻ പ്ലാൻറ്, ഗോവയിലെ ആൻറി ബയോട്ടിക്സ്, അനവധി പ്രസവാശുപത്രികൾ, ലബോറട്ടറികൾ, മെഡിക്കൽ സ്റ്റോറുകൾ, സ്കാനിങ് െസൻററുകൾ, ആശുപത്രികളുടെ നിർമാണ മേൽനോട്ടം തുടങ്ങി വിവിധ മേഖലകളിൽ ചുവടുറപ്പിച്ച് പേരെടുത്ത അവസരത്തിലാണ് എച്ച്.എൽ.എൽ ലൈഫ് കെയറിനെ സ്വകാര്യ കുത്തകകൾ നോട്ടമിട്ടത്. അതിന് കുടപിടിക്കുന്ന കേന്ദ്ര സർക്കാർ ജനങ്ങളോട് ചെയ്യുന്നത് കൊടുംപാതകവും വഞ്ചനയുമാണ്.
ഗുണമേന്മ ഉറപ്പാക്കിയും വില നിയന്ത്രിച്ചും സ്വകാര്യ കമ്പനികളുടെ ചൂഷണത്തിൽനിന്ന് സാധാരണ ജനങ്ങളെ രക്ഷിച്ചുനിർത്തിയിരിക്കുന്ന ഈ സ്ഥാപനം സ്വകാര്യ കുത്തകകൾക്ക് വിറ്റഴിക്കുന്നതോടെ തകരുന്നത് രാജ്യത്തിെൻറ ഉത്തമതാൽപര്യങ്ങളും ജനങ്ങളുടെ സേവനാവകാശങ്ങളുമാണ്. സ്വകാര്യ കുത്തകകൾ പിടിമുറുക്കിയ സ്ഥാപനങ്ങളിലെല്ലാം ആദ്യ രക്തസാക്ഷികൾ ജീവനക്കാരാണ്. മോഡേൺ ഫുഡ് ലിമിറ്റഡ് ഹിന്ദുസ്ഥാൻ ലിവറിന് കൈമാറിയപ്പോൾ മുഴുവൻ ജീവനക്കാരും ദിവസക്കൂലിക്കാരായി മാറിയ ദുരനുഭവം നമ്മുടെ മുന്നിലുണ്ട്.
‘ബാൽകോ’യെ സ്റ്റെറ്റൈറ്റ് ഇൻഡസ്ട്രിക്ക് വിറ്റത് വെറും 826 കോടി രൂപക്കാണ്. ബി.എസ്.എൻ.എല്ലിെൻറ 25 ശതമാനം ഓഹരി ടാറ്റക്കും ഐ.പി.സി.എല്ലിെൻറ ഓഹരി റിലയൻസിനും ഐ.ടി.ഡി.സിയുടെ 136 ഹോട്ടലുകൾ വെറും 264 കോടി രൂപക്കും വിറ്റഴിച്ചപ്പോൾ സംഭവിച്ചത് ഒന്നുതന്നെയാണ്, പൊതുമുതൽ സ്വകാര്യ കുത്തകകൾക്ക് അടിയറ െവച്ചു. തൊഴിലാളികൾ തെരുവാധാരമായി. വില നിയന്ത്രണ സംവിധാനങ്ങൾ തകർന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിെൻറ പൊതുമുതലാണ്. എന്തു വിലകൊടുത്തും അതു സംരക്ഷിക്കേണ്ടത് അവിടെ പണിയെടുക്കുന്നവരുടെ മാത്രമല്ല, പൊതുസമൂഹത്തിെൻറയാകെ ഉത്തരവാദിത്തമാണ്. തൊഴിലാളികളുടെ മാത്രം പ്രശ്നമായി ഇതിനെ കാണരുത്.
(ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.