Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅംബേദ്കറിസം...

അംബേദ്കറിസം മുറുകെപ്പിടിക്കുക, മുന്നേറുക

text_fields
bookmark_border
അംബേദ്കറിസം മുറുകെപ്പിടിക്കുക, മുന്നേറുക
cancel

ബാബാസാഹേബ് ഡോ. ഭീം റാവു അംബേദ്കറുടെ ചിന്തകൾ മുമ്പെന്നത്തേക്കാളും പ്രാധാന്യം കൈവരിച്ചിരിക്കുന്ന കാലമാണിത്. രാജ്യത്താകമാനം ദലിത് പീഡനങ്ങളും കൂട്ടക്കൊലകളും ഭയാനകമാം വിധം വർധിച്ചിരിക്കുന്നു. അംബേദ്കറുടെ ദർശനങ്ങളേയും നിലപാടുകളേയും മുറുകെ പിടിച്ച് രാജ്യത്തെ ദലിതരും ആദിവാസികളും മുസ്‍ലിംകളും പിന്നാക്ക വിഭാഗങ്ങളും ഐക്യപ്പെട്ടുകൊണ്ട് ഭൂമിക്കും രാഷ്ട്രീയാധികാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുന്നുവെന്നതാണ് സവർണ ഫാഷിസ്റ്റ് ശക്തികളും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏറ്റവുമധികം ഭയക്കുന്നത്.

ദലിത്-ആദിവാസി സമൂഹങ്ങൾക്കിടയിൽ മുസ്‍ലിം വിരുദ്ധ വർഗീയത ഇളക്കിവിട്ട് ഐക്യം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. എന്നാൽ ചരിത്രത്തിലൂടനീളം നടന്നിട്ടുള്ള ദലിത് ആദിവാസി മുസ്‍ലിം പീഡനങ്ങളുടേയും കൊലപാതകങ്ങളുടേയും ഉത്തരവാദികൾ സവർണജാതി ഹിന്ദുത്വ വർഗീയത വാദികളാണെന്ന തിരിച്ചറിവ് കൈവരിച്ച ജനത തങ്ങൾക്ക് ബ്രാഹ്മണ മേധാവിത്വത്തിന്റെ രക്ഷാകർതൃത്വം ആവശ്യമില്ലെന്നും തങ്ങളുടെ എക്കാലത്തെയും രക്ഷകൻ അംബേദ്കറും അംബേദ്കറിസവുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് രാജ്യത്തുടനീളം മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഏകലവ്യന്റേയും ശൂർപ്പണകയുടേയും ശംഭുകന്റെയും മേൽ തുടങ്ങി ചരിത്രാധീത കാലത്തിനപ്പുറം ആരംഭിച്ച പീഡനങ്ങളുടേയും കൊലപാതകങ്ങളുടേയും തുടർച്ച സി.ടി. സുകുമാരനും എസ്.ഐ. സോമനും ജിഷക്കും വാളയാർ കുട്ടികൾക്കും രോഹിത് വെമുലക്കും മധുവിനും അശാന്തനും ജിഷ്ണു പ്രണോയിക്കും വിനായകനുമെല്ലാം മേൽ ആവർത്തിക്കപ്പെട്ടു. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ കൊടിപിടിക്കുന്ന സവർണജാതി മേധാവിത്വം ഗോവിന്ദപുരത്തും വടയമ്പാടിയിലുൾപ്പെടെയും തുടരുകയാണ്.

ഡോ. ബി.ആർ. അംബേദ്കർ ഇന്ത്യൻ ഭരണഘടനയിൽ എഴുതിവെച്ചിട്ടുള്ള ജനാധിപത്യപരമായ സംവരണാവകാശത്ത അട്ടിമറിക്കാൻ ഭരണഘടന ഭേദഗതി ചെയ്യണമെന്ന ബ്രാഹ്മണ മേധാവിത്ത മത താൽപര്യം ഒരു മറയും കൂടാതെ മുന്നോട്ട് പോകുകയാണ്. അംബേദ്കറെ മാറോട് ചേർക്കുന്നുവെന്നവകാശപ്പെടുന്ന മുഖ്യധാര പാർട്ടികൾ അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന ദർശനത്തേയും രാഷ്ട്രീയ നിലപാടുകളേയും അംഗീകരിക്കുന്നില്ല. കേവലം ഭരണഘടനാ ശിൽപിയെന്ന നിലയിൽ അദ്ദേഹത്തെ ചുരുക്കി കാണുകയാണ് ചെയ്യുന്നത്.

ഇന്ത്യൻ ജാതിവ്യവസ്ഥയുടെ നിർമൂലനം ലക്ഷ്യം വെച്ച് മുന്നോട്ട് പോകുന്നതിന് ഏറ്റവും വലിയ തടസ്സം ജാതി വ്യവസ്ഥ സൃഷ്ടിച്ച ബ്രാഹ്മണമതമെന്ന ഹിന്ദുമതമാണെന്നും, അത്കൊണ്ട് ഹിന്ദുമതത്തെ നിരാകരിക്കുകയും തകർക്കുകയുമാണ് ജാതിവ്യവസ്ഥക്ക് ഏൽപ്പിക്കാവുന്ന ഏറ്റവും വലിയ പ്രഹരമെന്നും അംബേദ്കർ സ്വന്തം അനുഭവത്തിലൂടെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷക്കണക്കിന് അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചത്. അംബേദ്കറെ അംഗീകരിക്കുന്നവർ ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കാത്തത് കൊണ്ടാണ് ജാതിവ്യവസ്ഥയുടെ ചങ്ങലക്കെട്ടുകളിൽ കിടന്ന് പീഡനങ്ങൾക്കും കൂട്ടക്കൊലകൾക്കും ഇരയാകേണ്ടി വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചീത്ത കാര്യം ഹിന്ദുത്വവും അതുൽപാദിപ്പിച്ച അയിത്തവുമാണ്.

അതിന്റെ നിയമങ്ങൾ വർണ വ്യവസ്ഥയിലൂടെ, പുരാണങ്ങളിലൂടെ, സ്മൃതികളിലൂടെയെല്ലാം ഉൽബോധിപ്പിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരെ ജാതിയുടേയും വർണങ്ങളുടേയും അടിസ്ഥാനത്തിൽ വിഭജിച്ച് അയിത്തം പോലുള്ള ഏറ്റവും മോശപ്പെട്ടതും കാരുണ്യമില്ലാത്തതുമായ നിയമങ്ങൾ ദൈവീകമാണെന്ന് പ്രചരിപ്പിച്ച് അധികാരങ്ങളും പദവികളും സമ്പത്തും സ്വന്തമാക്കിയ ബ്രാഹ്മണ മേധാവിത്വത്തിന്റെ താൽപര്യം പൊതു ബോധമായി നിലനിർത്തുന്ന ആചാര അനുഷ്ടാനങ്ങൾ ബ്രാഹ്മണ മേധാവിത്വത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ്. ഹിന്ദുത്വ ബ്രഹ്മണ മതത്തിന്റെ നിയമങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തുല്യനീതിയും സ്വാതന്ത്ര്യവും സാഹോദര്യവും ഉറപ്പാക്കിയത്.

എന്നാൽ ഇന്ന് പൗരന്റെ മൗലികാവകാശങ്ങൾ ഹനിക്കപ്പെടുകയും ജനാധിപത്യപരമായ വിയോജിപ്പുകൾ ഭീകരമായ കരിനിയമങ്ങൾ ഉപയോഗിച്ച് ദലിത്, മുസ്‍ലിം, ആദിവാസി ജനവിഭാഗങ്ങളെ കാരാഗ്രഹങ്ങളിൽ അടക്കപ്പെടുകയാണ്. ഡോ. ഭീംറാവു അംബേദ്കർ ഉയർത്തിപ്പിടിച്ച എല്ലാവിധ മനുഷ്യാവകാശങ്ങളും ഇല്ലായ്മ ചെയ്യുന്ന, ഫാഷിസത്തിന്റെ നിറതോക്കുകൾ ഉയർത്തി കാഞ്ചി വലിക്കുന്ന, ഭരണകൂട ഫാഷിസത്തെ നിർവീര്യമാക്കാൻ അംബേദ്കറുടെ ജനാധിപത്യ ഇന്ത്യക്ക് കഴിയും. ഇന്ന് ഇന്ത്യയിലെമ്പാടും രൂപപ്പെടുന്ന ദലിത് ആദിവാസി പിന്നാക്ക മുസ്‍ലിം ഐക്യവും ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടവും മഹാനായ അംബേദ്കറുടെ ജനാധിപത്യ ഇന്ത്യയെ കൂടുതൽ ഉയരത്തിലെത്തിക്കാൻ പര്യാപ്തമാണ്.

1990കളിൽ അവർണന് അധികാരം എന്ന രാഷ്ട്രീയ മുദ്രാവാക്യം കേരളത്തിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. രാഷ്ട്രീയാധികാരമില്ലാത്ത അയിത്ത ജാതിക്കാർ അടിമകൾക്കു തുല്യമാണെന്ന അംബേദ്കറുടെ കാഴ്ച്ചപ്പാട് ഉയർത്തിപ്പിടിച്ചാണ് അബ്ദുനാസ്സർ മഅദ്നി കേരളത്തെ ഇളക്കി മറിച്ചത്. ഇത് സവർണ ഫാഷിസ്റ്റുകളായ ആർ.എസ്.എസിനു വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ദലിത് പിന്നാക്ക മത ന്യൂനപക്ഷ ഐക്യം ഉയർത്തിപ്പിടിച്ച് കേരളത്തെമുന്നോട്ട് നയിക്കാൻ കെൽപ്പുള്ള അബ്ദുനാസ്സർ മഅദ്നിക്ക് ഭരണകൂടം നൽകിയത് കടുത്ത വിവേചനവും ഇന്ത്യാ ചരിത്രത്തിൽ സമാനതകളില്ലാത്ത മനുഷ്യാവകാശ നിഷേധവുമാണ്.

അവർണപക്ഷ രാഷ്ട്രീയത്തെ തകർക്കുന്നതിനുവേണ്ടി ആർ.എസ്.എസ് രചിച്ചതും കെട്ടിച്ചമച്ചതുമായ അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങളിലൂടെ മുസ്‍ലിം വിരുദ്ധത ഹിന്ദുത്വ സെക്കുലറിസ്റ്റുകളുടെ പൊതുബോധമായി കേരളീയ സമൂഹത്തിൽ ഉറഞ്ഞുതുള്ളികൊണ്ട് ദലിത് പിന്നാക്ക മുസ്‍ലിം ഐക്യത്തിനും മതേതരത്വത്തിനും വിള്ളലേൽപ്പിക്കുകയാണ്. ഇന്നിപ്പോൾ കാര്യങ്ങൾ വളരെ വ്യക്തമാണ്, മുഖ്യാധാര ബ്രാഹ്മണ രാഷ്ട്രീയപാർട്ടികൾ ദലിത് ആദിവാസി-മതന്യൂനപക്ഷ സമുദായങ്ങളുടെ സ്വത്വബോധത്തെയും സ്വത്വരാഷ്ട്രീയത്തെയും സ്വാതന്ത്ര്യത്തെയും ഹിന്ദു ദേശീയ ബോധത്തിന്റെ ഭീകരവാദം കൊണ്ട് തകർക്കുകയാണ് ചെയ്യുന്നത്.

ഹിന്ദു ദേശീയബോധം ഉയർത്തികൊണ്ടാണ് ബാബറി മസ്ജിദ് തകർത്തത്. ഇത് വെറുമൊരു പള്ളി പൊളിച്ച് നിസ്സാരവത്കരണത്തിന്റെ പ്രശ്നമായി ചുരുക്കി കാണുന്നതിലൂടെ പൊതുബോധം ചെയ്യുന്നത് ഹിന്ദു വർഗീയ വാദ രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കുകയും, മുസ്‍ലിം സമുദായത്തിന്റെ സാംസ്കാരിക അടിത്തറയെ തകർക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നുവെന്നതാണ്. മനു നിയമം ബ്രാഹ്മണ മത നിയമമായിരുന്നുവെങ്കിൽ, ഇന്ത്യൻ ഭരണഘടന ജനാധിപത്യത്തെയും സമത്വത്തെയും സാഹോദര്യത്തെയും സ്വാതന്ത്ര്യത്തെയും ഉയർത്തിപ്പിടിച്ചു കൊണ്ടാണ് നിലനിൽക്കുന്നത്.

അതിനെ തകർക്കാനുള്ള ഫാഷിസ്റ്റുകളുടെ നീക്കങ്ങളെ ദലിത്, ആദിവാസി, പിന്നാക്ക മതന്യൂനപക്ഷ ഐക്യം ഊട്ടിയുറപ്പിച്ചു കൊണ്ട് അംബേദ്കറിസത്തിലൂടെ ചെറുക്കണം, കാരണം അതു തന്നെയാവുന്നു ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ല്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambedkar Jayanti
News Summary - Hold on to Ambedkarism and move forward
Next Story