ഹോമിയോപ്പതി: മാറ്റിവെക്കാം മുന്‍വിധികള്‍
text_fieldsചൈനയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 എന്ന മഹാമാരിയെ ആദ്യം വരുതിയിലാക്കിയതും അതേ ചൈനയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളുംതന്നെയാണ് ഏറക്കുറെ എല്ലാ ലോകരാജ്യങ്ങളും കോവിഡ് നിയന്ത്രണത്തില്‍ പിന്തുടരുന്നതെന്നിരിക്കെ, താരതമ്യേന കൂടുതല്‍ വേഗത്തില്‍ ചൈനക്കും ജപ്പാനുമൊക്കെ എങ്ങനെ രോഗമുക്തിയില്‍ മേല്‍ക്കൈ നേടാനായി?
സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ലോക്ഡൗണും കോൺടാക്ട് ട്രേസിങ്ങും അടക്കം മറ്റു രാജ്യങ്ങളും ഇവരും പിന്തുടര്‍ന്ന രീതികളില്‍ കാര്യമായ വ്യത്യാസമൊന്നും കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. പക്ഷേ, മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതലായി ഇവര്‍ ചെയ്തത്, കൃത്യമായ മരുന്നോ ഇനിയും വാക്സിനോ കണ്ടെത്തിയിട്ടില്ലാത്ത കോവിഡിനെതിരെ ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം പ്രാദേശികവും പരമ്പരാഗതവുമായ ചികിത്സാരീതികള്കൂടി ഉപയോഗപ്പെടുത്തി എന്നതാണ്.
അലോപ്പതി ശാഖ തുടക്കത്തില്‍ ഹൈഡ്രോക്ലോറോക്വിന്‍ പോലെ മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കോവിഡിനെതിരെ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ കണ്ടതോടെ ഈ ഉപയോഗം ഭാഗികമായി പിന്‍വലിച്ചു. എന്നാല്‍, പ്രയോഗത്തിലൂടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ട പരമ്പരാഗത അറിവുകള്‍ ഈ സാഹചര്യത്തില്‍ പരീക്ഷിക്കുന്നതിനെ എതിര്‍ക്കുന്ന പ്രവണതയും കണ്ടുവരുന്നു.
കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ആയുഷ് വകുപ്പും സംസ്ഥാന സര്‍ക്കാറും എതിര്‍ക്കാത്ത ഹോമിയോ പ്രതിരോധമരുന്നുകളോട് സമൂഹത്തിലെ ഒരു വിഭാഗം െവച്ചുപുലര്‍ത്തുന്ന എതിര്‍പ്പുകള്‍ക്ക് അടിസ്ഥാനം മുന്‍വിധികളാണ്. ആയുര്‍വേദവും യോഗയും യൂനാനിയും സിദ്ധയും ഹോമിയോപ്പതിയും അടക്കം ബദല്‍ ചികിത്സാരീതികളുടെ പ്രയോജനം ആയുഷ് വകുപ്പ് പരമാവധി ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. ഹോമിയോപ്പതി പ്രചാരത്തിെൻറ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്നു. മനസ്സിനെയും ശരീരത്തെയും പരസ്പരബന്ധിതമായ രണ്ടു ഘടകങ്ങളായി കണക്കാക്കി, വ്യക്തിയുടെ സ്വതഃസിദ്ധമായ രോഗപ്രതിരോധശേഷിയുടെ കരുത്ത് കൂട്ടുകയാണ് ഈ ചികിത്സാസമ്പ്രദായത്തിെൻറ അടിസ്ഥാന ആശയം.
കോവിഡിനെതിരെ അലോപ്പതി സമ്പ്രദായം കൃത്യമായ മരുന്നോ വാക്സിനോ ഇല്ലാത്ത നിസ്സഹായാവസ്ഥ നേരിടുന്നു. ഇവിടെയാണ് അലോപ്പതിയില്നിന്നു വ്യത്യസ്തമായ പ്രോട്ടോേകാളുകള് പിന്തുടരുന്ന പരമ്പരാഗത ചികിത്സാരീതികളുടെ പ്രസക്തി. പനി, ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകള്‍, ചുമ തുടങ്ങിയവയാണ് കോവിഡിെൻറ പ്രധാന പ്രാഥമിക ലക്ഷണങ്ങള്‍. ഹോമിയോപ്പതിയില്‍ പ്രത്യേക രോഗത്തിെൻറ ലക്ഷണങ്ങളുടെ ആകത്തുകയെ അടിസ്ഥാനമാക്കി ചികിത്സ നിശ്ചയിക്കുന്ന രീതിയാണ് പിന്തുടരുന്നത്. അലോപ്പതിയിലുള്ളതുപോലെ ഹോമിയോപ്പതിയിലും രോഗനിര്‍ണയത്തിനും ചികിത്സക്കും സ്വന്തമായ പ്രോട്ടോേകാളുകളുണ്ട്. അലോപ്പതിയുടേതില്നിന്നു തികച്ചും വ്യത്യസ്തമാണത്.
ആഴ്സനിക്കം ആൽബം എന്ന പ്രതിരോധം
സിമിലിയ സിമിലിബസ് ക്യൂറൻറര് ആണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വം. അതായത്, സമാനമായതിനെ സമാനമായവയാല് ചികിത്സിക്കാന്‍ കഴിയും. ഈ സിദ്ധാന്തമനുസരിച്ച്, കോവിഡിെൻറ തീവ്രവും അല്ലാത്തതുമായ ലക്ഷണങ്ങള്‍ മനുഷ്യശരീരത്തില്‍ ആഴ്സനിക് സാന്നിധ്യം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ക്കു സമാനമാണ്. അതിനാല്‍, ആഴ്സനിക് ട്രൈ ഓക്സൈഡ് പൊട്ടൻററൈസേഷൻ എന്ന നൂതനപ്രക്രിയയിലൂടെ മരുന്നാക്കി കോവിഡിനെതിരെ പ്രതിരോധമായി ഉപയോഗിക്കാന്‍ കഴിയും.
ഈ ആഴ്സനിക് ട്രൈ ഓക്സൈഡിെൻറ ഔഷധരൂപമായ ആഴ്സനിക്കം ആല്‍ബം-30 ശരീരത്തിലെത്തുമ്പോള്‍ സ്വാഭാവികമായ ആൻറിബോഡി ഉൽപാദനം നടക്കുകയും, പിന്നീട് യഥാര്‍ഥ രോഗാണു ആക്രമിച്ചാലും ഫലപ്രദമായി അതിനെ ചെറുത്തുതോൽപിക്കാന് മനുഷ്യശരീരത്തിനു സ്വാഭാവികശേഷി കൈവരുകയും ചെയ്യും. പ്രൈമറി കോൺടാക്ടുകളില്നിന്ന് മറ്റുള്ളവരിലേക്കു കോവിഡ് പടരുന്നത് ഫലപ്രദമായി തടയാന്‍ ഇതിനു സാധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നു ലഭിക്കുകയും ചെയ്യുന്നു.
'ആഴ്സനിക്കം ആല്‍ബം' വിതരണം ചെയ്യാനുള്ള ആയുഷ് വകുപ്പിെൻറ ഉപദേശം ഇപ്പോഴും സംസ്ഥാന സര്‍ക്കാറോ പ്രാദേശിക ഭരണകൂടങ്ങളോ പൂര്‍ണമായി ഏറ്റെടുത്തിട്ടില്ല. നിലവില്‍ വിതരണം ചെയ്യുന്ന രീതിയിലും ചില പോരായ്മകളുണ്ട്. മരുന്നിെൻറ അളവ് സംബന്ധിച്ച് വ്യവസ്ഥാപിത ഡോക്യുമെേൻറഷനോ സ്ഥിതിവിവരക്കണക്കോ തയാറാക്കാതെയാണ് പലയിടത്തും വിതരണം നടക്കുന്നത്. ഇത്തരം വിവരങ്ങള്‍ ശരിയായി ശേഖരിച്ച് കൃത്യമായ സ്ഥിതിവിവരപഠനത്തിന് സര്‍ക്കാര്‍ ആയുഷ് വകുപ്പ് തന്നെ നേതൃത്വം നൽകണം.
തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജില്‍ 500 ബെഡുകളാണ് കോവിഡിനുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററിനായി മാറ്റിെവച്ചിരിക്കുന്നത്. കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവരെയും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരെയും മാത്രമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളിൽ പ്രവേശിപ്പിക്കുക. ഈ സാഹചര്യത്തില്‍, ഹോമിയോ മരുന്നുകളുടെ ഫലപ്രാപ്തിയെക്കുറിച്ചു പഠിക്കാന്‍ നിലവില്‍ ഏറ്റവും നല്ല വേദിതന്നെയാണ് ഇവിടം.
കിഴക്കമ്പലം മാതൃക
എറണാകുളത്തെ കിഴക്കമ്പലം എന്ന ഗ്രാമ പഞ്ചായത്ത് അവകാശപ്പെടുന്നത് അവര്‍ മറ്റൊരു മാര്‍ഗത്തിലൂടെ വൈറസിെൻറ പ്രാദേശിക വ്യാപനം പൂര്‍ണമായി തടഞ്ഞുകഴിഞ്ഞു എന്നാണ്. എന്താണ് ആ മാര്‍ഗം? അത് ആഴ്സനിക്കം ആല്‍ബം-30 എന്ന ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ചുള്ള ഇമ്യൂണിറ്റി ബൂസ്റ്റര്‍ പ്രോഗ്രാം ആയിരുന്നു. പഞ്ചായത്തിലെ 9251 കുടുംബങ്ങള്‍ക്ക് അത് വിതരണം ചെയ്തു.
ഈ പഞ്ചായത്തില്‍ ആകെ കോവിഡ് പോസിറ്റിവായത് രണ്ടു പേരാണ്. അതിലൊരാള്‍ ആഴ്സനിക്കം ആല്‍ബം കഴിക്കാത്ത ഒരു നഴ്സ് ആയിരുന്നു. എന്നാല്‍, പ്രതിരോധമരുന്ന് കഴിച്ച അവരുടെ കുടുംബത്തിലെ മറ്റ് ആറ് അംഗങ്ങള്‍ക്കും രോഗം വന്നില്ല. മറ്റൊരാള്‍ പഞ്ചായത്തിലെ ഒരു കടയുടമയാണ്. അദ്ദേഹവും ഇമ്യൂണിറ്റി ബൂസ്റ്റര്‍ പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, മരുന്ന് കഴിച്ച അദ്ദേഹത്തിെൻറ മൂന്നു കുടുംബാംഗങ്ങള്‍ക്കും രോഗം പടര്‍ന്നിട്ടുമില്ല. മുന്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോപ്പതി) ഡോ. ശിവദാസെൻറ നേതൃത്വത്തിലാണ് മൂന്നു ഘട്ടങ്ങളിലായി പഞ്ചായത്ത് ഭരണസമിതി ഇവിടെ ഇമ്യൂണിറ്റി ബൂസ്റ്റര്‍ പ്രോഗ്രാം നടപ്പാക്കിയത്.
കോവിഡിനെന്നല്ല, വൈറസുകള്‍ കാരണം ഉണ്ടാകുന്ന ഒരു രോഗത്തിനും അലോപ്പതിയില്‍ മരുന്നില്ല. വൈറസുകള്‍ കാരണമുണ്ടാകുന്ന അസുഖത്തിനൊപ്പം വരുന്ന സെക്കന്‍ഡറി ബാക്ടീരിയല്‍ ഇന്‍ഫക്ഷനെ ചികിത്സിക്കുന്ന രീതിയാണ് അലോപ്പതി ഇക്കാലത്തും പിന്തുടരുന്നത്. വൈറല്‍ പനിയുള്ള രോഗിക്ക് അലോപ്പതി ഡോക്ടര്‍ ആൻറിബയോട്ടിക് മരുന്ന് എഴുതിക്കൊടുക്കുന്നത് എന്തിനാണെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നത്ര നിസ്സാരമാണിത്. ബാക്ടീരിയ കാരണമുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്ന മരുന്നാണല്ലോ ആൻറിബയോട്ടിക്!
സ്വയം സമ്മതിക്കുേമ്പാൾ മറ്റുള്ളവരെ നിരാകരിക്കണോ?
കോവിഡിനു മരുന്നില്ലെന്നു സ്വയം സമ്മതിക്കുമ്പോഴും അതുണ്ടെന്നോ ഉണ്ടായേക്കാമെന്നോ പറയുന്ന വൈദ്യശാസ്ത്രശാഖകളെ വിശ്വാസത്തിലെടുക്കാന്‍ അലോപ്പതി ഡോക്ടര്‍മാരുടെ സംഘടനകള്‍ തയാറല്ല. ഹോമിയോ മരുന്നുകളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് അവരുടെ വാദം.
എന്നാല്‍, കോവിഡ് രോഗികള്‍ക്ക് ഇതുവരെ അവര്‍ കൊടുത്ത മരുന്നുകളില്‍ ഒന്നുപോലും ഈ രോഗത്തിനുള്ള ചികിത്സക്കുവേണ്ടി വികസിപ്പിച്ചെടുത്തവയല്ല. മലേറിയക്കുള്ള ഹൈഡ്രോക്ലോറോക്വിന്‍ അടക്കമുള്ളവ കോവിഡ് ബാധിതരില്‍ പരീക്ഷിച്ചത് ആധുനിക ഗവേഷണ പ്രോട്ടോകോളുകള്‍ പാലിച്ച് മൂന്നോ നാലോ ഘട്ടം ട്രയലുകള്‍ നടത്തിയിട്ടായിരുന്നില്ല. മാരകമായ പാര്‍ശ്വഫലങ്ങള്‍ കാരണം അത്തരം മരുന്നുകള്‍ പലതും പിന്നീട് കോവിഡ് ചികിത്സയില്‍നിന്നു പിന്‍വലിക്കപ്പെടുന്നതും ലോകം കണ്ടു.
എന്നാല്‍, ഉറപ്പുള്ള ശാസ്ത്രീയ അടിത്തറയില്നിന്നുകൊണ്ടുതന്നെയാണ് ആഴ്സനിക്കം ആല്‍ബം എന്ന മരുന്ന് കോവിഡ് പ്രതിരോധത്തിനു ഫലപ്രദമാണെന്ന വാദം ഹോമിയോപ്പതി മുന്നോട്ടുവെക്കുന്നത്. ആഴ്സനിക് വിഷബാധ കാരണമുണ്ടാകുന്ന ലക്ഷണങ്ങള്‍തന്നെയാണ് കോവിഡിനുമുള്ളതെന്ന വ്യക്തമായ നിരീക്ഷണത്തിെൻറ അടിസ്ഥാനത്തില്‍, അത്തരമൊരു ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുന്നതിന് ശരീരത്തെ പരുവപ്പെടുത്തുന്ന മരുന്നാണത്.
അതിെൻറ സൗജന്യ വിതരണത്തെപ്പോലും എതിര്‍ക്കുന്ന സംഘടനകളെ നയിക്കുന്നത് മാനുഷികതയാണെന്ന് ഏതായാലും കരുതാനാവില്ല. മറിച്ച്, സാമ്പത്തിക മൂലധന താൽപര്യങ്ങളാണോ ഈ എതിര്‍പ്പിനു പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനും കഴിയില്ല.
എല്ലാ ചികിത്സാസമ്പ്രദായങ്ങളും മുന്നോട്ടുവെക്കുന്ന അടിസ്ഥാന മൂല്യം ആരോഗ്യസംരക്ഷണവും ജീവന്രക്ഷാപ്രവര്ത്തനങ്ങളുംതന്നെയാണ് എന്ന കാര്യം എല്ലാവരും അംഗീകരിച്ചേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.