അദാനിയും അംബാനിയും എങ്ങനെ അതിസമ്പന്നരായി?
text_fieldsഎല്ലാ വർഷവും ഫോബ്സ് മാഗസിൻ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിടുമ്പോൾ അതിൽ ചിലരുടെ സ്ഥാനം മിക്കപ്പോഴും ഉറച്ചതാണ്. അതിലൊരാളാണ് തുറമുഖം, ഉൗർജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ബിസിനസ് നടത്തുന്ന ഗൗതം അദാനി. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിെൻറ തോഴനെന്ന നിലയിൽ പ്രശസ്തൻ. വിഴിഞ്ഞം തുറമുഖ വികസന പദ്ധതി ഏറ്റെടുത്തിരിക്കുന്നയാളെന്ന നിലയിൽ കേരളത്തിലും പ്രശസ്തൻ.
കഴിഞ്ഞയാഴ്ച ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയിലും പത്താം സ്ഥാനത്ത് തുടരുകയാണ് ഗൗതം അദാനി. യഥാർഥത്തിൽ ആസ്തിയേക്കാൾ കൂടുതൽ കടബാധ്യതയുള്ള ഒരു കോർപറേറ്റ് ഗ്രൂപ്പിെൻറ ഉടമയാണ് അദാനി. 1190 കോടി ഡോളറാണ് അദാനിയുടെ ആസ്തി. ഇന്നത്തെ ഡോളറിെൻറ മൂല്യമനുസരിച്ച് ഏകദേശം 83,300 കോടി രൂപ. അതേസമയം അദാനി ഗ്രൂപ്പിെൻറ മൊത്തം കടബാധ്യത ഈ ആസ്തിയേക്കാൾ കൂടുതലാണ്.
അദാനി ഗ്രൂപ്പിൽ ഉൾപ്പെടുന്ന നാല് ലിസ്റ്റഡ് കമ്പനികളുടെ മൊത്തം കടബാധ്യത ബ്ലൂംബെർഗിെൻറ റിപ്പോർട്ട് പ്രകാരം 99,181 കോടി രൂപയാണ്. അദാനി എൻറർൈപ്രസസ്–22,424 കോടി, അദാനി പവർ–47,609 കോടി, അദാനി പോർട്സ്–20,791 കോടി, അദാനി ട്രാൻസ്മിഷൻ –8356 കോടി എന്നിങ്ങനെയാണ് വായ്പാ ബാധ്യതയുടെ കണക്ക്. അദാനി ഗ്രൂപ് കമ്പനികളുടെ മൊത്തം വിപണി മൂല്യമെടുത്താൽ ഏകദേശം ഒരു ലക്ഷം കോടി രൂപയോളമേ വരൂ. വിപണിമൂല്യവും കടബാധ്യതയും ഏകദേശം തുല്യമായ ഒരു ഗ്രൂപ്പിെൻറ ഉടമയാണ് അതിസമ്പന്നനായി ഫോബ്സ് മാഗസിെൻറ പട്ടികയിൽ പത്താം സ്ഥാനത്ത് നിലകൊള്ളുന്നത്. ബാങ്കുകളിൽനിന്നും മറ്റുമായി സ്വരൂപിച്ച വായ്പയാണ് യഥാർഥത്തിൽ അദ്ദേഹത്തിെൻറ സമ്പത്തിെൻറ അടിസ്ഥാനം.
മോദിയുടെ മറ്റൊരു ചങ്ങാതിയായ, റഫാൽ വിമാന വിവാദത്തിെൻറ പേരിൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന അനിൽ അംബാനിയുടെ കാര്യവും സമാനമാണ്. അനിൽ അംബാനിയുടെയും സവിശേഷത ആസ്തിയേക്കാൾ കൂടുതൽ കടബാധ്യത പേറുന്നുവെന്നതാണ്. ഫോബ്സ് മാഗസിെൻറ ഏറ്റവും പുതിയ കണക്കു പ്രകാരം അദ്ദേഹത്തിെൻറ ആസ്തി 200 കോടി ഡോളറാണ്. അതായത്, ഏകദേശം 14,800 കോടി രൂപ. അതേസമയം, അനിൽ അംബാനി ഗ്രൂപ്പിെൻറ ഫ്ലാഗ്ഷിപ് കമ്പനിയായ റിലയൻസ് കമ്യൂണിക്കേഷൻസിെൻറ മാത്രം കടബാധ്യത 45,000 കോടി രൂപയാണ്. ഈ കമ്പനിയുടെ വിപണിമൂല്യമാകട്ടെ കേവലം 3150 കോടി രൂപ മാത്രം.
യഥാർഥത്തിൽ ഗൗതം അദാനിയെയും അനിൽ അംബാനിയെയും പോലുള്ളവർ എങ്ങനെയാണ് അതിസമ്പന്നരാകുന്നത്? ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തത്തെ കുറിച്ച് ലോകപ്രശസ്ത ധനകാര്യ ശാസ്ത്രജ്ഞനും മുൻ റിസർവ് ബാങ്ക് ഗവർണറുമായ രഘുറാം രാജെൻറ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്:
‘‘ഇന്ത്യയിലെ ശതകോടിപതികളിൽ ഭൂരിഭാഗത്തിെൻറയും സമ്പത്തിെൻറ പ്രധാന േസ്രാതസ്സ് ഭൂമി, പ്രകൃതി വിഭവങ്ങൾ, സർക്കാർ കരാറുകൾ അല്ലെങ്കിൽ ലൈസൻസുകൾ എന്നീ മൂന്ന് ഘടകങ്ങളാണ്. ഈ മൂന്നു ഘടകങ്ങളും വരുന്നത് സർക്കാരിൽനിന്നാണ്.’’ അതായത്, ഭരണാധികാരികളുമായുള്ള ചങ്ങാത്തമാണ് ഇവർക്ക് സമ്പത്തിലേക്കുള്ള വഴിതുറക്കുന്നത്. രഘുറാം രാജൻ പറഞ്ഞ മൂന്നു ഘടകങ്ങൾക്കൊപ്പം ബിസിനസ് നടത്താനുള്ള മൂലധനത്തിനായി എടുക്കുന്ന ബാങ്ക് വായ്പ കൂടിയായാൽ നാലാമത്തെ വിഭവമായി. അത് തരപ്പെടുത്തുന്നതും വഴിവിട്ട ചങ്ങാത്തത്തിലൂടെ തന്നെ.
വിഴിഞ്ഞം പദ്ധതി (രഘുറാം രാജൻ പറഞ്ഞ പ്രകൃതിവിഭവം, ഭൂമി, സർക്കാർ കരാർ എന്നീ മൂന്നു വിഭവങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു) പോലുള്ള സർക്കാർ സൗജന്യങ്ങൾ അദാനിക്ക് കുറെക്കൂടി വായ്പയെടുക്കാനുള്ള പണയവസ്തു മാത്രമാണ്.
വായ്പയെടുത്ത മൂലധനംകൊണ്ട് പ്രവർത്തിക്കുന്ന കോർപറേറ്റുകളിൽ ഒരു വിഭാഗമാണ് ജനങ്ങളുടെ നികുതി പണംകൊണ്ട് പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളെ കിട്ടാക്കടത്തിെൻറ കയത്തിലേക്ക് തള്ളിവിടുന്നത്. നിലവിൽ ഏകദേശം ഒമ്പതു ലക്ഷം കോടി രൂപയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി.
(ഹെഡ്ജ് ഇക്വിറ്റീസ് പ്രസിദ്ധീകരണമായ ഓഹരി മാസികയുടെ എഡിറ്ററാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.