പട്ടിണി സൂചികയിൽ ഇന്ത്യ പിറകിലായതെങ്ങനെ?
text_fieldsഗ്ലോബൽ ഹങ്കർ ഇൻഡക്സ് (ജി.എച്ച്.ഐ) 2020 ഒക്ടോബർ രണ്ടാം വാരത്തിൽ പുറത്തുവന്നതോടെ വിശപ്പിെൻറ വ്യാപനവും സ്വഭാവവും മാത്രമല്ല, വിവിധ രാജ്യങ്ങളിൽ അതിെൻറ നിലവാരവും വ്യക്തമായിരിക്കുന്നു. ഈ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം ലിസ്റ്റ് െചയ്യപ്പെട്ട 107 രാജ്യങ്ങളിൽ 94 ആണ്. അതിഗുരുതരവും ആശങ്കജനകവുമാണ് ഇൗ കണ്ടെത്തൽ. അയൽരാജ്യങ്ങളുടെ കൂട്ടത്തിൽ അഫ്ഗാനിസ്താൻ മാത്രമാണ് ഇന്ത്യക്കുതാഴെ ഇടംകണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തൽ നിസ്സാരമായി കാണാൻ ഇന്ത്യയിലെ ഭരണാധികാരികൾക്ക് കഴിയില്ല. കാരണം വ്യക്തമാണ്. ഇതിനകം ഒരു ദേശീയ ഭക്ഷ്യസുരക്ഷ നയം നടപ്പാക്കുകയും ജനസംഖ്യയിൽ മൂന്നിൽ രണ്ടു ഭാഗത്തിനും ബാധകമായ നിരവധി ദാരിദ്ര്യനിർമാർജന പരിപാടികളും സബ്സിഡി ആനുകൂല്യങ്ങളോടുകൂടി അവശ്യ ഭക്ഷ്യധാന്യങ്ങളും മറ്റു നിത്യോപയോഗ വസ്തുക്കളും ലഭ്യമാക്കുന്നതിനായി ബൃഹത്തായ പദ്ധതികളും നടപ്പാക്കിവരുന്ന ഈ മേഖലയിലെ ഏകരാജ്യം ഇന്ത്യയാണ്. ഭക്ഷ്യലഭ്യത നേരിട്ടുതന്നെ ഗുണഭോക്താക്കളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടാണ് സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയും കുട്ടികൾക്കും അമ്മമാർക്കുമായി പോഷകാഹാര പരിപാടിയും (പോഷക് അഭിയാൻ)നടപ്പാക്കിവരുന്നത്. സംഭരിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് (എഫ്.സി.ഐ) ഗോഡൗണുകൾ തികയാത്ത സ്ഥിതിയാണുള്ളത്. അതായത് ഭക്ഷ്യധാന്യങ്ങളുടെ സപ്ലൈ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിമാൻഡിനെ തുടർച്ചയായി കടത്തിവെട്ടിക്കൊണ്ടിരിക്കുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ വിശപ്പും പട്ടിണിമരണവും ചില ആദിവാസി മേഖലകളിൽ ഒറ്റപ്പെട്ട നിലയിൽ നടക്കുന്നുണ്ടെന്നതൊഴിച്ചാൽ, പൊതുവിതരണ സംവിധാനം വ്യാപകവും ശക്തവുമാണിന്ന്. എന്നാൽ, ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിനിമം ഭക്ഷ്യസാധനങ്ങൾ ന്യായവിലക്ക് ആവശ്യാനുസരണം പരിമിതമായ തോതിലെങ്കിലും ലഭ്യമല്ലാത്ത സ്ഥിതിയുണ്ടു താനും. ഇത്രയെല്ലാം ശരിയായ നിലയിൽ തുടരുന്നുവെങ്കിൽ ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ റാങ്ക് ഇത്രയേറെ താഴ്ന്നുപോകാൻ കാരണമെന്ത്?
പ്രശ്നം ഭക്ഷണത്തിേൻറതല്ല, പോഷകാഹാരവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിൽ പട്ടിണി എന്ന അർഥത്തിലുള്ള വിശപ്പ് മിക്കവാറും പരിഹരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, നാം പരാജയപ്പെട്ടിരിക്കുന്നത് നല്ല ആരോഗ്യാവസ്ഥ കൈവരിക്കുന്നതിന് അനിവാര്യമായ പോഷകാഹാരമടങ്ങിയ ഭക്ഷണം ലഭ്യമാക്കുന്നതിലാണ്. കുട്ടികളുടെ ശാരീരികാരോഗ്യത്തിനും വളർച്ചക്കും നല്ല പോഷകാംശങ്ങളടങ്ങിയ ഭക്ഷണം കൂടിയേ തീരൂ. പൊതുവെ അംഗീകരിക്കപ്പെട്ട നിലവാരത്തിൽ താഴെയുള്ള പോഷകാഹാര വ്യവസ്ഥയോ സന്തുലിതമായ പോഷകാംശങ്ങൾ ഇല്ലാത്ത ഭക്ഷ്യക്രമമോ വ്യാപക തോതിൽ ഇന്ത്യയിൽ നിലവിലുണ്ട്. ഗ്ലോബൽ ഹങ്കർ ഇൻഡക്സ് തയാറാക്കുേമ്പാൾ പ്രധാനമായും നാലു മാനദണ്ഡങ്ങളാണ് സ്വീകരിച്ചുവരുന്നത്. പോഷകാഹാരക്കുറവ്, തൂക്കക്കുറവ്, വളർച്ചമുരടിപ്പ്, കുട്ടികൾക്കിടയിലെ വിശിഷ്യ, അഞ്ചു വയസ്സിനു താഴെയുള്ളവരുടെ ഉയർന്ന മരണനിരക്ക് എന്നിവയാണവ. ഇന്ത്യയിൽ സാധാരണയായി പിന്തുടർന്നുവരുന്നത് ധാന്യ-കേന്ദ്രീകൃത ഭക്ഷ്യപദ്ധതികളാണ്. സമീകൃതാഹാര ഭക്ഷ്യക്രമമല്ല. ഇതിലാണ് അനിവാര്യമായ മാറ്റം വേണ്ടിവരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ പോഷകാഹാര സമ്പന്നമായ ഭക്ഷ്യക്രമത്തിൽ സാമാന്യം നല്ല പുരോഗതി പരിമിതമായ പ്രദേശങ്ങളിലെങ്കിലും കാണാൻ കഴിയുന്നുണ്ട്. ഇത് അപര്യാപ്തമാണെന്ന് അംഗീകരിക്കുേമ്പാൾ തന്നെ ആഗോള പട്ടിണി സൂചിക ഈ മാറ്റവുംകൂടി കണക്കിലെടുക്കാതിരിക്കുന്നില്ല.
അതേയവസരത്തിൽ, ഇന്നത്തെ നിലയിൽ കാര്യങ്ങൾ നീങ്ങിയാൽ മതിയാവില്ല. വിശിഷ്യ, ജനസംഖ്യ വർധന യാഥാർഥ്യമായിരിക്കുന്ന യു.പി, ബിഹാർ, പശ്ചിമബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ ദാരിദ്ര്യത്തിെൻറ അനുപാതം അങ്ങേയറ്റം ഉയർന്ന തോതിലാണ്. ഇവിടങ്ങളിലെല്ലാം പോഷകാഹാരക്കുറവ് രൂക്ഷമായി തുടരുകയാണിന്നും. ഇത്തരമൊരു സ്ഥിതിവിശേഷമാണ് രാജ്യത്തിെൻറ പട്ടിണി സൂചിക അനുപാതം ദയനീയാവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നത്. ശരീരഭാരത്തിലുള്ള കുറവും വളർച്ചയിൽ കാണപ്പെടുന്ന മുരടിപ്പും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ യഥാക്രമം 37.4 ശതമാനം, 17.3 ശതമാനം എന്നിങ്ങനെ നിലനിൽക്കുകയാണ്. ഈ രണ്ടു നിരക്കുകളും ഒരിക്കലും അവധാനതയോടെ നിരീക്ഷിക്കപ്പെടാൻ അനുവദിച്ചുകൂടാ. മൊത്തം ശിശുമരണ നിരക്ക്, മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലേതുമായി തട്ടിച്ചുനോക്കുേമ്പാൾ നാമമാത്ര നിലയിലായിരിക്കാം. ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ കണക്കുകൾ നോക്കിയാൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ശരാശരി ശിശുമരണ നിരക്ക് 4.1 ശതമാനവും ഇന്ത്യയിലേത് 3.7 ശതമാനവുമാണ്. അതേസമയം, അകാലപ്രസവങ്ങൾ മൂലമുണ്ടാകുന്ന ശിശുമരണവും ജനനസമയത്ത് കുഞ്ഞുങ്ങൾക്കുള്ള ഭാരക്കുറവും ഇന്ത്യയിൽ ക്രമാതീത നിലയിൽ ഉയർന്നുവരുന്നുണ്ട്. ഇതും നല്ല ലക്ഷണമല്ല.
പട്ടിണി സൂചികയുടെ പുതിയ വെളിപ്പെടുത്തലുകൾക്കു മുമ്പുതന്നെ, കോടിക്കണക്കിന് കുട്ടികൾക്കിടയിൽ വിശപ്പ് ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. വിവിധ സർക്കാറുകൾ തുടർന്നുവന്ന തെറ്റായ സാമ്പത്തിക നയങ്ങളുടെ അനിവാര്യ ഫലമാണിത്. 2019ൽ 117 രാജ്യങ്ങളിൽ പഠനം നടത്തിയപ്പോൾ കണ്ടെത്തിയത് പട്ടിണിയിൽ ഇന്ത്യ 102ാം സ്ഥാനത്തായിരുന്നു എന്നാണ്. ഇന്ത്യക്കു പുറമെ ഇൗ വിഭാഗത്തിൽ ബംഗ്ലാദേശ്, മ്യാന്മർ, പാകിസ്താൻ തുടങ്ങിയ അയൽ രാജ്യങ്ങളുമുണ്ടായിരുന്നു. എന്നാൽ, പുതിയ ആഗോള ഹങ്കർ ഇൻഡക്സിൽ ഈ രാജ്യങ്ങളെല്ലാം പട്ടികക്കുപുറത്തുകടന്നിരിക്കുന്നു. ഇന്ത്യയെ പിന്തള്ളി ബംഗ്ലാദേശ് 75ാം സ്ഥാനത്തും മ്യാന്മറും പാകിസ്താനും യഥാക്രമം 77, 78 എന്നിങ്ങനെ നില മെച്ചപ്പെടുത്തി. ഇതിലും മെച്ചമാണ് 73ാം സ്ഥാനത്തുള്ള നേപ്പാളിെൻറയും 64ാം സ്ഥാനത്തുള്ള ശ്രീലങ്കയുടെയും റാങ്കുകൾ. ഇതോടൊപ്പമോ ഇതിനെക്കാളേറെയോ രസകരമായി തോന്നുന്ന കാര്യമാണ് പട്ടിണിയുടെയും പോഷകാഹാരക്കുറവിെൻറയും വെല്ലുവിളികൾ കൂടുതൽ ഫലപ്രദമായി നേരിടുന്നതിൽ വിജയം നേടിയ ചൈന, യുക്രെയ്ൻ, തുർക്കി, ക്യൂബ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ അനുഭവം. ഈ രാജ്യങ്ങളെല്ലാം പുതിയ ഹങ്കർ ഇൻഡക്സിൽ 17 റാങ്കുകളിൽ ഉൾപ്പെടുന്നതായി കാണുന്നു.
ഇത്രയെല്ലാം കാര്യങ്ങൾ പരിശോധനവിധേയമാക്കിയ നിലയിൽ, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തിൽ ഉണ്ടായിരിക്കുന്ന പെരുപ്പംകൂടി കണക്കിലെടുക്കേണ്ടതല്ലേ? തീർച്ചയായും അതാണ് ശരി. പിന്നിട്ട ഒരു വർഷക്കാലത്തിനിടയിൽ ഇന്ത്യയിലെ കോർപേററ്റ് വമ്പന്മാരായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സമ്പത്തിലും ആസ്തിയിലും വൻ വർധന ഉണ്ടായിരിക്കുന്നതായി അമേരിക്കയിലെ 'ഫോബ്സ്' മാഗസിൻ വെളിപ്പെടുത്തുന്നു. അംബാനിയുടെ 3780 കോടി ഡോളറോളം അതായത് സ്വത്തിെൻറ 73 ശതമാനം, വർധിച്ച് 8870 കോടി ഡോളറായപ്പോൾ അദാനിയുടേത് 61 ശതമാനം വർധിച്ച് 2520 കോടി ഡോളറുമായി. ശിവനാടാരുടേത് 2040 കോടി ഡോളർ, രാധാകൃഷ്ണ ധമനിയുടേത് 1540 കോടി, ഹിന്ദുജ സഹോദരങ്ങളുടെ ആസ്തിമൂല്യം 1280 കോടി, സൈപ്രസ്വാലയുടേത് 1150 കോടി, പുല്ലൻജി മിസ്ത്രിയുടേത് 1140 കോടി, ഉദയ് കൊട്ടക്കിേൻറത് 1130 കോടി, ഗോദ്റെജ് കുടുംബത്തിെൻറ സ്വത്ത് 1100 കോടി, ലക്ഷ്മി മിത്തലിേൻറത് 1030 കോടി ഡോളറായും കോട്ടംകൂടാതെ പെരുകുകയായിരുന്നു. കോവിഡ്-19 മഹാമാരി പടർന്നുപിടിച്ചതിനു ശേഷമുള്ള കാലയളവിൽപോലും ഇതിൽ ഒരുവിധ പ്രതികൂല ആഘാതവുമുണ്ടായില്ല എന്നതും പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. അതേയവസരത്തിൽ, 30 കോടിയോളം തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയും 40 കോടിയോളം പേർ പട്ടിണിക്കാരായി മാറുകയും ചെയ്തു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്.ടി പരിഷ്കാരവും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർച്ചയുടെ അഗാധ തലങ്ങളിലെത്തിക്കുകയാണുണ്ടായത്. തന്മൂലം, തൊഴിലില്ലായ്മയും വരുമാനത്തകർച്ചയും ക്രയശേഷിയിലുണ്ടായ കുത്തനെയുള്ള ഇടിവും അനൗപചാരിക, ഗ്രാമീണ മേഖലകളെ പൂർണമായും തകർത്തുകളഞ്ഞു. ഇതിെൻറയെല്ലാം ആഘാതം അന്തിമ വിശകലനത്തിൽ ചെന്നുപതിക്കുക പാവപ്പെട്ട ഗ്രാമീണ കുടുംബങ്ങളുടെ അതിജീവന സാധ്യതകൾക്കുമേലായിരിക്കും. അതിലൂടെ കുട്ടികളുടെ വിശപ്പിെൻറ ഗുരുതരാവസ്ഥയാണ് വർധിക്കുക എന്നത് വ്യക്തമാണല്ലോ.
ഏറ്റവുമൊടുവിൽ പുറത്തുവന്ന 'ഗ്ലോബൽ ഹങ്കർ ഇൻഡക്സ് 2020' കോവിഡ്-19െൻറ ആഘാതം കണക്കിലെടുത്തിരിക്കാൻ ഇടയില്ലെന്നുവേണം കരുതാൻ. എങ്കിലും, സമ്പദ്വ്യവസ്ഥ നേരിട്ട വളർച്ചഞെരുക്കവും തൊഴിലവസര നഷ്ടവും വരുമാനത്തകർച്ചയും വൻതോതിലുള്ള 'റിവേഴ്സ് മൈഗ്രേഷൻ' എന്ന പ്രതിഭാസവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഭക്ഷ്യലഭ്യതയുടെ മേൽ, വിശിഷ്യ കുട്ടികൾക്കാവശ്യമുള്ള മിനിമം പോഷകാഹാരങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷ്യക്രമത്തിനുമേൽ ഏൽപിച്ചിട്ടുണ്ടാകും.
2020ലെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നമ്മുടെ ഭക്ഷ്യസുരക്ഷ പദ്ധതികൾ തിരുത്തിയെഴുതേണ്ടതിെൻറ അനിവാര്യതയും അടിയന്തര സ്വഭാവവും വെളിവാക്കാൻ പര്യാപ്തമാണ്. മിച്ചം ഭക്ഷ്യധാന്യങ്ങൾ അർഹിക്കുന്ന ജനവിഭാഗങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുന്നതു മാത്രമല്ല, കൂടുതൽ പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണം ഗർഭിണികൾക്കും ശിശുക്കൾക്കും അമ്മമാർക്കും എത്തിച്ചുകൊടുക്കുക എന്നതുകൂടി ഇതിെൻറ ഭാഗമാകണം. സമീകൃതാഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആവശ്യത്തിനുള്ള മാംസ്യങ്ങൾ, വിറ്റമിനുകൾ, മിനറലുകൾ എന്നിവ അടങ്ങുന്ന പയറുവർഗങ്ങൾ, മുട്ട, പാൽ തുടങ്ങിയവയാണ്. എന്നാൽ, ഒരുകാര്യം ഉറപ്പാക്കാം. ഈ വിഷയത്തിൽ നിലവിലുള്ള രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ, 2030ഓടെ നേടിയെടുക്കാൻ ലക്ഷ്യമിടുന്ന 'സീറോ ഹങ്കർ' എന്നത് ഒരു മരീചികയായി തുടരുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.