Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗുരു എങ്ങനെ സനാതന ധർമ...

ഗുരു എങ്ങനെ സനാതന ധർമ വക്താവാകും?

text_fields
bookmark_border
ഗുരു എങ്ങനെ സനാതന ധർമ വക്താവാകും?
cancel

വൈക്കം സത്യഗ്രഹം, ആലുവ സർവമത സമ്മേളനം എന്നിങ്ങനെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ സമ്പുഷ്ടമാക്കിയ സുപ്രധാന സംഭവങ്ങളുടെ ശതാബ്ദി ഘട്ടമാണിത്. ആ ചരിത്രസംഭവങ്ങൾ മുന്നോട്ടുവെച്ച ആശയങ്ങളും അവയുടെ പശ്ചാത്തലത്തിൽ ഒരു നൂറ്റാണ്ടുമുമ്പ് മഹാനായ ശ്രീനാരായണ ഗുരു ഉദ്‌ബോധിപ്പിച്ച കാര്യങ്ങളും ഏറെ പ്രസക്തമായി തുടരുന്ന കാലത്താണ് ഇത്തവണത്തെ ശിവഗിരി തീർത്ഥാടനം.

ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകൾ തീവ്രവാദത്തിലേക്കും അതിനപ്പുറം ഭീകരവാദത്തിലേക്കും നീങ്ങുന്നതിന്റെ റിപ്പോർട്ടുകൾ നിത്യേന പുറത്തുവരുന്നുണ്ട്. മനുഷ്യർക്ക് വംശീയമായ വിദ്വേഷത്തിന്റെ തീജ്വാലകളിൽനിന്ന് രക്ഷപ്പെടാൻ കൂട്ടപലായനം ചെയ്യേണ്ടിവരുന്നുണ്ട്. എല്ലായിടത്തും ചോർന്നുപോകുന്നതു മനുഷ്യത്വമാണ്. അത് ഫലസ്തീനിലായാലും, അഫ്ഗാനിസ്താനിലായാലും മണിപ്പൂരിലായാലും മറ്റെവിടെയായാലും ശരി ഓരോ വംശീയ സംഘർഷവും മുറിവേൽപ്പിക്കുന്നത് മനുഷ്യത്വത്തെയാണ്.

ചോർന്നുപോകുന്ന മനുഷ്യത്വം മനുഷ്യരിൽ ഉൾചേർക്കുവാൻ എന്താണു വഴി എന്നാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങൾക്കുള്ള പ്രസക്തി കൂടുതൽ വ്യക്തമാവുക. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരിൽ അക്രമം നടത്തുന്നവരിലേക്ക് ‘പലമതസാരവുമേകം’ എന്ന ഗുരുസന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയതോതിൽ മാറ്റങ്ങൾ സൃഷ്ടിക്കും.

അതായിരിക്കും നിഷ്ഠുരതയെ മനുഷ്യത്വം കൊണ്ടു പകരംവെക്കാനും അങ്ങനെ വർഗീയ വംശീയ വിദ്വേഷങ്ങളെയും അവയുടെ അടിസ്ഥാനത്തിലുള്ള നരമേധങ്ങളെയും ഒഴിവാക്കാനുമുള്ള വഴി. ഗുരു ജീവിച്ചു മനുഷ്യത്വം പടർത്തിയ മണ്ണാണിവിടെയുള്ളത് എന്നതുകൊണ്ടാണ് കേരളത്തിൽ വംശീയ വിദ്വേഷം ഇത്ര ഭീകരമായ തോതിൽ ആളിപ്പടരാതിരിക്കുന്നത്. അതുകൊണ്ട് ആമുഖമായി തന്നെ പറയാനുള്ളത് ഗുരു സന്ദേശങ്ങൾ ലോകമെമ്പാടും പടർത്താനുള്ള ശ്രമങ്ങൾ നടത്തണം എന്നതാണ്. ഈ അടുത്ത കാലത്ത് ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി റോമിൽ ആഘോഷിക്കുകയും മാർപാപ്പ ഉൾപ്പെടെ അതിന്റെ ഭാഗമാവുകയും ചെയ്തത് ഏറെ ശ്ലാഘനീയമാണ്..

സനാതന ധർമത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിത ശ്രമം ഇപ്പോൾ നടക്കുന്നുണ്ട്. ഈ ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽത്തന്നെ ഒരു പ്രസംഗകന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു വാദം ഉയർന്നു കേട്ടു. ഗുരു ശിവഗിരി തീർത്ഥാടനത്തെക്കുറിച്ചു സങ്കൽപ്പിച്ചതുതന്നെ സംവാദങ്ങളുടെ വേദിയായിക്കൂടിയാണ് എന്നതുകൊണ്ട് ആ മിഥ്യാധാരണ തിരുത്തേണ്ടത് ഇവിടെ വെച്ചുതന്നെയാണ് എന്നു കരുതട്ടെ.

ശ്രീനാരായണ ഗുരു സനാതന ധർമത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, അതിനെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. സനാതന ധർമം എന്നതുകൊണ്ടു വിവക്ഷിക്കുന്ന വർണാശ്രമ ധർമത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമം.

മതങ്ങൾ നിർവചിച്ചുവെച്ചതേയല്ല ഗുരുവിന്റെ ഈ നവയുഗ ധർമം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. സർവമതങ്ങളുടെയും സാരം ഏകമാണ് എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. അപ്പോൾ വ്യക്തമാവുന്നതെന്താണ്? മതാതീതമായ മാനുഷ്യകത്തിന്റെ സത്തയെ ഉൾക്കൊള്ളുന്ന മനുഷ്യത്വപരമായ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത് എന്നതാണ്. അതിനെ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളിലാക്കാൻ നിന്നാൽ അതു ഗുരുവിനോടു ചെയ്യുന്ന വലിയ നിന്ദയാവും.

ചാതുർവർണ്യ പ്രകാരമുള്ള വർണാശ്രമ ധർമം ഉയർത്തിപ്പിടിച്ചതെന്താണ്? കുലത്തൊഴിലിനെയാണ്. ശ്രീനാരായണ ഗുരു ചെയ്തതോ, കുലത്തൊഴിലിനെ ധിക്കരിക്കാൻ ആഹ്വാനം ചെയ്യലാണ്. അപ്പോൾ പിന്നെ ഗുരു എങ്ങനെ സനാതന ധർമത്തിന്റെ വക്താവാകും?

ഗോത്ര വ്യവസ്ഥ പിൻവാങ്ങി വർണവ്യവസ്ഥ വരുന്ന കാലമാറ്റത്തിന്റെ ഘട്ടത്തിലുണ്ടായ സാംസ്‌കാരിക ഉൽപന്നമാണ് മഹാഭാരതം. അതുപോലും ഏതാണു ധർമമെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം പറയാതെ സംശയത്തിന്റെ ചോദ്യചിഹ്നമുയർത്തി പിൻവാങ്ങുന്നതേയുള്ളൂ.

ധർമയുദ്ധം നടത്തി എന്നുപറയുന്ന ധർമപുത്രർ ഉടലോടെ സ്വർഗത്തിൽ ചെന്നപ്പോൾ അതുവരെ അധർമത്തിന്റെ യുദ്ധം നടത്തി എന്ന് ആരോപിക്കപ്പെട്ട ദുര്യോധനനെ അവിടെ കാണുന്നു. സ്വർഗത്തിൽ പോകാനുള്ള നന്മ കൗരവർ ചെയ്തതായി സൂചിപ്പിക്കുന്നിടത്ത്, ധർമത്തെക്കുറിച്ചു മഹാഭാരതം തന്നെ സന്ദേഹമല്ലേ ഉണർത്തുന്നത്. ആ സന്ദേഹം പിന്നെ ചോദ്യം ചെയ്യലായി വളർന്നു. ആ ചോദ്യം ചെയ്യൽ ഏറ്റവും ശക്തമായി നടത്തിയതു നമ്മുടെ ഗുരുവാണ് എന്നതാണു സത്യം.

സനാതന ഹിന്ദുത്വത്തിന്റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹിക പ്രശ്‌നങ്ങൾക്കും ഉള്ള ഏക പോംവഴി എന്ന വാദം ശക്തിപ്പെടുന്ന കാലമാണിത്. ഇതിന്റെ മുഖ്യ അടയാള വാക്യമായി അവർ ഉയർത്തിക്കാട്ടുന്നത് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആശംസാവാക്യമാണ്. ‘ഗോബ്രാഹ്‌മണേഭ്യോ ശുഭമസ്തു നിത്യം’ എന്നതാണ് തൊട്ടുമുമ്പുള്ള വരി. അതായത് പശുവിനും ബ്രാഹ്‌മണനും സുഖമുണ്ടായാൽ ലോകത്തിനാകെ സുഖമായി! ലോകാസമസ്താ സുഖിനോഭവന്തു എന്ന സനാതനത്വത്തിന്റെ മുദ്രാവാക്യവും ഇന്നത്തെ പശു കേന്ദ്രീകൃത, ബ്രാഹ്‌മണ കേന്ദ്രീകൃത രാഷ്ട്രീയവും എത്രയധികം ചേർന്നുപോകുന്നു എന്നു നോക്കുക.

അക്കാലത്തു നിലനിന്ന സാമൂഹിക അനീതികളൊക്കെ പല രൂപങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അന്ന് രാഷ്ട്രീയാധികാരത്തിന്റെ രക്ഷാകർതൃത്വം അതിനുണ്ടായിരുന്നു. ആ രക്ഷാകർതൃത്വം ഇന്നുമുണ്ട്. അതുകൊണ്ടാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നത്.

അതുകൊണ്ടാണ് ആ പീഡകരൊക്കെ നിയമവ്യവസ്ഥക്ക് മുമ്പിൽ നിന്നു രക്ഷപ്പെടുന്നതും. അതിനൊക്കെ സംരക്ഷണമേകുന്നവരുടെ വാദമാണു സനാതന ധർമവാദം. ഗുരുവിനെ അതുമായി ചേർത്തുവെക്കേണ്ടതില്ല.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ അദ്ദേഹം ജനിച്ചുജീവിച്ച സഹസ്രാബ്ദത്തെയും കടന്ന് ലോകത്തിനാകെ വെളിച്ചം പകരുകയാണ്. അതിലുണ്ട് ശ്രീനാരായണ ഗുരുവിന്റെ മഹത്വം. ‘സംഘടനകൊണ്ട് ശക്തരാകണം' എന്ന മുദ്രാവാക്യം അക്കാലത്ത് എത്രയോ പുരോഗമനപരമായിരുന്നുവെന്നും ഇക്കാലത്തും അത് എത്രയോ പ്രസക്തമാണെന്നും ആലോചിക്കുക. വടക്ക് തീയമഹാസഭയും തെക്ക് ഈഴവ മഹാസഭയും ഉള്ള ഘട്ടത്തിൽ ശ്രീനാരായണഗുരു രൂപപ്പെടുത്തിയ സംഘടനയ്ക്ക് അദ്ദേഹം ജാതിപ്പേരല്ല നൽകിയത് എന്നും ഓർമിക്കണം.

അവകാശങ്ങൾക്കുവേണ്ടി സംഘടിക്കണമെന്നല്ലാതെ മറ്റ് വിഭാഗങ്ങൾക്കെതിരെ സംഘടിക്കണമെന്നല്ല അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്നും ഓർമിക്കണം. മാനവികതയുടെ മഹാസന്ദേശമാണ് ഗുരു നൽകിയത്. അല്ലാതെ ജാതീയതയുടെ സങ്കുചിത സന്ദേശമല്ല.അയിത്തത്തിന്റെ രൂക്ഷതയ്‌ക്കെതിരായി ഗാന്ധിജി തന്റെ ‘ഹരിജൻ' എന്ന പ്രസിദ്ധീകരണത്തിൽ ലേഖനമെഴുതിയതിനു പിന്നിൽപോലും ശ്രീനാരായണ ചിന്തകളുടെ സ്വാധീനമുണ്ട് എന്നുകാണാം.

കാക്കിനാട കോൺഗ്രസ് സമ്മേളനത്തിൽ അയിത്തോച്ചാടനപ്രമേയം വന്നതുപോലും ശ്രീനാരായണഗുരുവിന്റെ സ്വാധീനംകൊണ്ടാണ്. ആ പ്രമേയം അവതരിപ്പിച്ച ടി.കെ. മാധവന് അതിനുവേണ്ട ഊർജം ലഭിച്ചത് ശ്രീനാരായണ ഗുരുവിന്റെ ചിന്തകളിൽ നിന്നാണ്.

ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്‌നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാർക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം നാടിനെ സങ്കൽപ്പിച്ചത്. അത് സാക്ഷാൽക്കരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speechOpenforum ArticlePinarayi Vijayan
News Summary - How does the Guru become the Spokesperson of Sanatana Dharma
Next Story