കൂട്ടിലെ കിളി എന്നാണ് മോചനം നേടുക?
text_fieldsപരേതർക്ക് നീതിതേടി നിലവിളിക്കാനാവില്ല, അവർക്കുവേണ്ടി അതു നിർവഹിക്കൽ ജീവിച്ചിരിക്കുന്നവരുടെ കടമയാണ്- ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കേസിൽ ഒരു വ്യക്തിയെ തെളിവുകളില്ലെന്നു കണ്ട് കോടതി കുറ്റമുക്തനാക്കിയപ്പോൾ ഈ ചൊല്ലാണ് മനസ്സിലെത്തിയത്. എന്താണ് അതിൽനിന്ന് മനസ്സിലാക്കേണ്ടേത്? നമ്മുടെ പൊലീസും സി.ബി.ഐയും മറ്റ് അന്വേഷണ സംഘങ്ങളുമൊന്നും നേരാംവണ്ണമല്ലേ പ്രവർത്തിക്കുന്നത്? അതോ മറ്റാരുടെയോ നിർദേശങ്ങൾക്കനുസരിച്ചാണോ? രാഷ്ട്രീയ പകപോക്കലിനുള്ള ചട്ടുകങ്ങളായി അവ ഉപയോഗിക്കപ്പെടുന്നുണ്ടോ?
കോൺഗ്രസ് ലോക്സഭാംഗം ശശി തരൂരിെൻറ സംഭവമാണ് ഞാൻ പറഞ്ഞുവന്നത്. 2014 ജനുവരി 17ന് അദ്ദേഹത്തിെൻറ ഭാര്യ സുനന്ദ പുഷ്കറിനെ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസിെൻറ പ്രാഥമിക അന്വേഷണങ്ങൾക്കുശേഷം 2015 ജനുവരി ഒന്നിന് അജ്ഞാത വ്യക്തികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ തരൂരിനെതിരെയും കേസെടുത്തു- ആത്മഹത്യ പ്രേരണയാണ് ചുമത്തിയ കുറ്റം. ഏറെ പ്രശസ്തനാണ് തരൂർ എന്നതിനാൽ കേസ് പൊതുമണ്ഡലത്തിൽ സജീവ ചർച്ചയായി. അദ്ദേഹത്തിന് വില്ലൻ പരിവേഷം ചാർത്തിക്കൊടുക്കുവാനും പലരും മുന്നിട്ടിറങ്ങി. പക്ഷേ, അദ്ദേഹം അക്ഷോഭ്യനായി പതറാതെ ഉറച്ചുനിന്നു.
ഈ കാലഘട്ടത്തിൽ അദ്ദേഹം നേരിട്ട മാനസിക പീഡനങ്ങൾ എത്രയായിരിക്കും? എന്തായാലും 97 സാക്ഷികളെ വിസ്തരിച്ച് പരിശോധിച്ച ശേഷം ഡൽഹി സ്പെഷൽ ജഡ്ജി ഗീതാഞ്ജലി ഗോയൽ വിധി പറഞ്ഞു- തരൂരിനെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന്. ഈ പൊലീസ് എന്തു കണ്ടിട്ടാണ് കുറ്റപത്രം നൽകിയത്? സാക്ഷികളെ വിസ്തരിക്കുേമ്പാൾ അദ്ദേഹത്തെ കുറ്റക്കാരനാക്കാനുള്ള തെളിവുകൾ കോടതി കണ്ടെത്തിക്കൊള്ളുമെന്നോ? ഈ വിധി പ്രസ്താവ്യം ഡൽഹി പൊലീസിെൻറയും രാജ്യത്തെ അന്വേഷണ ഏജൻസികളുടെയും പ്രവർത്തനങ്ങളെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്നു.
2ജി കേസിെൻറ കാര്യം നോക്കാം നമുക്ക്. കോൺഗ്രസിെൻറയും ഡി.എം.കെയുടെയും നേതാക്കൾ അഴിമതിയുടെ സകല അതിരുകളും ലംഘിച്ചുവെന്നാണ് അന്ന് പറഞ്ഞുകേട്ടിരുന്നത്. കേന്ദ്രമന്ത്രിയായിരുന്ന രാജയും പാർലമെൻറംഗവും അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമായ കനിമൊഴിയും മാസങ്ങളോളം ജയിലിലടക്കപ്പെട്ടു. വിഷയം തെരഞ്ഞെടുപ്പ് ഫലങ്ങളെ കാര്യമായി സ്വാധീനിച്ചു. തമിഴ്നാട്ടിൽ ഡി.എം.കെയുടെ അധികാരം നഷ്ടപ്പെട്ടു. പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി തോറ്റു. എന്നിട്ടോ? പ്രത്യേക സി.ബി.ഐ കോടതി കുറ്റാരോപിതരെ മുഴുവൻ കുറ്റമുക്തരെന്നു കണ്ട് വെറുതെവിട്ടു. ഈ കാലഘട്ടത്തിലെല്ലാം ഈ മനുഷ്യർ നേരിട്ട അപമാനങ്ങൾക്ക് ആരാണ് നഷ്ടപരിഹാരം നൽകുക?
ബൊഫോഴ്സിെൻറ കഥയും സമാനമാണ്. രാജ്യത്തിെൻറ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വമ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന കാലത്താണീ സംഭവം. ഇന്ത്യയിലെ യുവജനങ്ങൾക്ക് അദ്ദേഹത്തെപ്പറ്റി വലിയ പ്രതീക്ഷകളായിരുന്നു. ബൊഫോഴ്സ് അഴിമതി ആരോപണങ്ങളുടെ ഫലമായി 1989ലെ പൊതു തെരഞ്ഞെടുപ്പിൽ രാജീവിന് അധികാരം നഷ്ടമായി. അതോടെ കേസും പൊതുശ്രദ്ധയിൽനിന്ന് മാഞ്ഞുപോയി. രാജീവിൽ രാജ്യത്തിന് പുതു ഉദയം പ്രതീക്ഷിച്ച ജനങ്ങളുടെ കാര്യമോ?
സ്വാതന്ത്ര്യലബ്ധിക്കുശേഷം സകല സർക്കാറുകളും രാജ്യത്തെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. അതുകൊണ്ടാണ് കൂട്ടിൽനിന്ന് പുറത്തുവരാൻ മദ്രാസ് ഹൈകോടതി കഴിഞ്ഞയാഴ്ച സി.ബി.ഐയോട് ആവശ്യപ്പെട്ടത്. സുപ്രീംകോടതിയും സി.ബി.ഐ വിശേഷിപ്പിച്ചത് 'കൂട്ടിലടയ്ക്കപ്പെട്ട തത്ത'യെന്നാണ്.
രണ്ടു മനുഷ്യരെക്കുറിച്ചു കൂടി പറയാം. ഒന്ന് ഒരു റിക്ഷാവലിക്കാരനാണ്- പേര് ജുമ്മൻ ഖാൻ, ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ആഗ്രയിലെ ജയിലിൽ കഴിയുകയായിരുന്നു. ശിക്ഷ നടപ്പാക്കപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് സന്ദർശിച്ച റിപ്പോർട്ടറോട് പ്രതീക്ഷ വറ്റിയ ആ മനുഷ്യൻ പറഞ്ഞു- 'സർ, ഞാനാ പെൺകൊച്ചിനെ കൊന്നിട്ടില്ല'; മരിക്കാൻ പോകുന്ന മനുഷ്യൻ നുണപറയില്ലെന്ന് ഒരു ചൊല്ലുണ്ട്.
ഒരു കുറ്റവും ചെയ്യാതെ ജയിലിലടക്കപ്പെട്ട ദീപ്ചന്ദ് എന്നൊരു മനുഷ്യൻ പത്രവാർത്തകളുടെ ഫലമായി 1980ൽ മോചിതനാക്കപ്പെട്ടു, സമാധാനത്തിന് ഭംഗം വരുത്തിയെന്ന സംശയത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് പിടിയിലായതാണയാൾ. ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു അത്, പക്ഷേ അത് നേടിയെടുക്കാനുള്ള മാർഗം അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹത്തെ കാൺപൂരിൽനിന്ന് നൈനി ജയിലിലേക്ക് മാറ്റിയെന്ന അറിവ് പോലും കുടുംബത്തിൽ ഒരാൾക്കും ഇല്ലായിരുന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞുപോയി, അദ്ദേഹം ജയിലിൽ തന്നെ തുടർന്നു. ഒരു പത്രത്തിൽ വന്ന വാർത്തയെ തുടർന്ന് അധികൃതരും കോടതിയും സ്വമേധയാ താൽപര്യമെടുത്താണ് വിഷയത്തിൽ ഇടപെട്ടത്. അപ്പോഴേക്ക് ഒരുപാട് വൈകിപ്പോയിരുന്നു. ദീപ് ചന്ദിന് തെൻറ വീട്ടുവിലാസമോ, വീട്ടിൽ ആരൊക്കെയുണ്ടെന്ന വിവരമോ ഒന്നും തന്നെ ഓർക്കുന്നുണ്ടായിരുന്നില്ല. തടവറ മാത്രമായിരുന്നു അദ്ദേഹത്തിെൻറ ആശ്രയവും ആലയവും. മോചിതനാക്കപ്പെട്ട ശേഷവും അവിടവിടങ്ങളിൽ ആശയറ്റ് ചുറ്റിക്കറങ്ങി നടന്നു. ഒടുക്കം താൻ പാർത്തിരുന്ന ജയിൽ മുറിയുടെ മതിലിൽ തല ആഞ്ഞിടിച്ചാണ് കരുണയറ്റ, നീതി കെട്ട ലോകത്ത് നിന്ന് അദ്ദേഹം രക്ഷപ്രാപിച്ചത്.
ഈ സംഭവങ്ങളെല്ലാം നമ്മോട് പറയുന്നതെന്താണ്? ബ്രിട്ടീഷ് കാലത്തെ കെട്ട നിയമങ്ങളെയെല്ലാം ഇപ്പോഴും നമ്മൾ കെട്ടിപ്പൂട്ടി പരിപാലിച്ച് ഉപയോഗിക്കുന്നു. ഭരണത്തിലിരിക്കുന്നവർ അന്വേഷണ ഏജൻസികളെ തങ്ങളുടെ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു.അത് ഇനിയെങ്കിലും മാറിയേ പറ്റൂ. ഒരു പരമാധികാര ജനാധിപത്യ രാജ്യത്തെ പൗരജനങ്ങൾക്ക് വിവേചനമില്ലാത്ത ജീവിതം നയിക്കാൻ മൗലിക അവകാശമുണ്ട്. എന്നാണ് അെതാക്കെ സാധ്യമാവുക? ഞാൻ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്.
(ഹിന്ദുസ്ഥാൻ ഹിന്ദി ദിനപത്രത്തിെൻറ എഡിറ്റർ ഇൻ ചീഫ് ആണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.