കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കുന്നതെങ്ങനെ?
text_fieldsസംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമായി രൂപാന്തരപ്പെടുത്തുമെന്നാണ് കേരളം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാറിെൻറ വക്താക്കൾ പതിവായി അവകാശപ്പെട്ടുപോരുന്നത്. വളരെ നല്ല കാര്യം. എന്നാൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് തലം മുതൽ ദൈനംദിന ഭരണകാര്യങ്ങൾ വരെയുള്ള വിഷയങ്ങളിൽ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുവശത്തും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും ഒരുപരിധി വരെ മുഖ്യമന്ത്രി പിണറായി വിജയനും മറുവശത്തും നിലകൊണ്ട് നടത്തിവരുന്ന തരംതാണ വാഗ്വാദങ്ങളും അതിലെല്ലാം അത്യാഹ്ലാദത്തോടെ പങ്കെടുക്കുന്ന പ്രതിപക്ഷ കക്ഷികളും ചേർന്ന് നാടിന് ഇത്രയേറെ നാണക്കേടുണ്ടാക്കിയ ഒരു കാലഘട്ടം ഇതാദ്യത്തേതാണെന്നു പറയേണ്ടിവരുന്നു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ഡോ. കെ.ടി. ജലീൽ മഹാത്മാഗാന്ധി സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ നേരിട്ടും സ്വന്തം പ്രൈവറ്റ് സെക്രട്ടറിയിലൂടെയും മാർക്കുദാനം വരെയുള്ള നടപടികളിലൂടെ ഇടപെടൽ നടത്തിയെന്ന ആരോപണം നിരവധി അക്കാദമിക് വിദഗ്ധരും മുൻ സിൻഡിക്കേറ്റ് അംഗങ്ങളും ഉന്നയിച്ചപ്പോഴും ഒരുവിധ പ്രതികരണവും സർക്കാറിന്‍റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തുനിന്നുണ്ടായില്ല. സർവകലാശാലയുടെയും ചാൻസലർ പദവിയുള്ള സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അന്നൊന്നും ഇടപെട്ടിട്ടില്ല.
മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്ന സമയത്ത് വിദ്യാഭ്യാസ വിചക്ഷണനായ ഡോ. ആർ. അനന്തമൂർത്തി എന്ന വി.സിയുടെ കീഴിൽ ആ സർവകലാശാല എത്രമാത്രം ഉന്നത അക്കാദമിക് മികവോടെയാണ് പ്രവർത്തനം നടത്തിയിരുന്നതെന്ന് ഇന്നും ഓർക്കുന്നു. ഡോ. കെ.എൻ. പണിക്കർ വൈസ് ചെയർമാനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിലവിൽ വന്നപ്പോൾ അതിന്‍റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമെന്ന നിലയിൽ കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗമായി സേവനം ചെയ്തപ്പോൾ ഇന്ന് നടക്കുന്ന വിധത്തിൽ, അക്കാദമിക് താൽപര്യങ്ങൾക്ക് നിരക്കാത്ത ഒന്നും നടത്തിയിരുന്നില്ല എന്ന് ആണയിട്ടു പറയാൻ ഇതെഴുതുന്നയാൾക്ക് കഴിയും.
ഏതായാലും കേരളത്തെ ഒരു 'നോളജ് സൊസൈറ്റി' ആക്കി മാറ്റാനുള്ള യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ ഒരു അഴിച്ചുപണി അനിവാര്യമാണെന്ന ചിന്ത ഇന്നത്തെ എൽ.ഡി.എഫ് സർക്കാറിനുണ്ടായിട്ടുണ്ടെന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അതിലേക്കായി മൂന്നു കമീഷനുകൾക്ക് രൂപം നൽകിയിട്ടുള്ളതായും കാണുന്നു; കൊള്ളാം.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ വലിയ പോരായ്മയായി എണ്ണിപ്പോരുന്നത് വേണ്ടത്ര വിശകലനപാടവമോ ആശയവിനിമയ വൈദഗ്ധ്യമോ ചരിത്ര പരിജ്ഞാനമോ ജനാധിപത്യ വ്യവസ്ഥയെ സംബന്ധിച്ച വ്യക്തമായ ധാരണയോ ഇല്ലാത്ത ഒരു കൂട്ടം യുവാക്കളെ വാർത്തെടുക്കുന്നൊരു സംവിധാനമാവുന്നു എന്നതാണ്. നമ്മുടെ സർവകലാശാലകൾ കേരളീയ സമൂഹത്തിന്‍റെ തനത് വ്യക്തിത്വവും മുഖച്ഛായയും വെളിവാക്കുന്ന കണ്ണാടിയായിരിക്കണം. ഇത്തരമൊരു പരീക്ഷണം ആവശ്യമായി വരുമ്പോഴാണ് കേരളത്തിലെ സർവകലാശാലകൾ ദയനീമായി പരാജയപ്പെടുന്നതും പിന്തള്ളപ്പെടുന്നതും. സംസ്ഥാനത്തെ സർവകലാശാലകളടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടമാടുന്ന വിക്രിയകളെപറ്റി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരോ ഡോ. സുകുമാർ അഴീക്കോടോ പ്രഫ. എം.എൻ. വിജയനോ ഇന്ന് ജീവിച്ചിരുന്നു എങ്കിൽ അവർ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് അൽപം പിന്തിരിഞ്ഞു നോക്കിയാൽ മാത്രം മതിയാകും.
അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങൾക്കായി പാരിസ്ഥിതിക സുരക്ഷിതത്വം കണക്കിലെടുക്കാതെ, കോർപറേറ്റുകളുടെ വികസന ഭ്രാന്തിന് കേരളം ഉൾപ്പെടെ നിരവധി സംസ്ഥാന ഭരണകൂടങ്ങൾ വഴിപ്പെടുന്നുണ്ടെന്നതിനാൽ പ്രകൃതി ദുരന്തങ്ങൾക്കെതിരായി ഫലപ്രദമായ പ്രതിരോധമുയർത്താൻ നമുക്ക് കഴിയാതെ വരുന്നു. സമ്പന്ന വർഗത്തിനുവേണ്ടി സമൂഹസത്തിന്‍റെ പൊതുതാൽപര്യങ്ങൾ ബലികഴിക്കപ്പെടുന്നു. ആദിവാസി സമൂഹത്തിന്‍റെയും പട്ടികജാതി-വർഗ വിഭാഗങ്ങളുടെയും അവഗണന ഒരു തുടർക്കഥയായി മാറുന്ന കാഴ്ചയാണ് ഒരു ഇടതുപക്ഷ ഭരണകൂടം അധികാരത്തിലിരിക്കെപോലും കാണേണ്ടി വരുന്നത്. ലിംഗസമത്വം ഉറപ്പാക്കുന്നതിലും പ്രായോഗികതലത്തിൽ വരുമ്പോൾ വേണ്ടത്ര ശ്രദ്ധ ചെലുത്തിക്കാണുന്നില്ല. ഇതിനെല്ലാം ഉപരിയായി, തീർച്ചയായും ഇതിനേക്കാളെല്ലാം ഏറെ ഗുരുതരമായി കാണേണ്ടൊരു പ്രശ്നവും വെല്ലുവിളിയുമാണ് മതത്തിന്‍റെയും ജാതിയുടെയും പ്രാദേശികത്വത്തിന്‍റെയും പേരിൽ സമൂഹത്തിൽ പ്രകടമായി വരുന്ന ചേരിതിരിവും ഭിന്നിപ്പും. ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാതെ നമുക്കെങ്ങനെ ഒരു വിജ്ഞാന സമൂഹം എന്ന ലക്ഷ്യം നേടാൻ കഴിയും?
ഒരു വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതിൽ കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ ഒരുപോലെ ഉത്തരവാദികളാണെന്നാണ് അശോക യൂനിവേഴ്സിറ്റി അധ്യാപകൻ ഡോ. പുലാപ്രെ ബാലകൃഷ്ണൻ എഴുതിയ ഒരു ലേഖനത്തിൽ ('ദ ഹിന്ദു' ഡിസംബർ 31, 2021) ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ഇടതുപക്ഷത്തിനുള്ള ഉത്തരവാദിത്തം സർവകലാശാലകളെ നാശത്തിലേക്ക് നയിച്ചതിന്‍റെ പേരിലാണെങ്കിൽ കോൺഗ്രസിേൻറത് വിദ്യാഭ്യാസ മേഖലയെ മൊത്തത്തിൽ നാശത്തിലേക്ക് തള്ളിയിട്ടുവെന്നതാണ്. മികവിന് പ്രാമുഖ്യം നൽകുന്നതിനു പകരം അനിയന്ത്രിതമായ ഭൗതിക ഉപഭോഗം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമാക്കി ഉൽപാദന വർധനവിനു മാത്രം പ്രാധാന്യം നൽകിയത്, ഇടതുപാർട്ടികൾക്ക് പറ്റിയ ഏറ്റവും ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം തുറന്നുപറയുന്നു. സർവകലാശാലകളുടെയും കോളജുകളുടെയും എണ്ണത്തിൽ കുറവൊന്നുമില്ലെങ്കിലും അവയുടെ പ്രവർത്തന മികവാണ് പരമ ദയനീയാവസ്ഥയിലായിരിക്കുന്നത്.
വികസനം അത് ഏത് മേഖലയുടേതായാലും കൂടുതൽ ഊന്നൽ നൽകേണ്ടത് ഗുണമേന്മക്കാണ്; പ്രവർത്തന മികവിനാണ്. സമ്പദ് വ്യവസ്ഥയുടെ വികസനമായാലും വിദ്യാഭ്യാസ വികസനമായാലും ഇതാണ് ശരിയായ ദിശ. ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ കാലിടറിയത്. അതുകൊണ്ടുതന്നെയാണ് സംസ്ഥാനത്താകെയുള്ള സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ മുൻകാലത്തുണ്ടായിരുന്ന നേട്ടങ്ങൾ നിലനിർത്താനും മെച്ചപ്പെടുത്താനും കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ യുനെസ്കോയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റാൻ കേരളത്തിലെ ഇടതു ജനാധിപത്യ ഭരണകൂടത്തിന് സാധ്യമായതെന്നോർക്കുക. സമാനമായ മേന്മയും നിലവാരവും ഉന്നതവിദ്യാഭ്യാസ മേഖലക്ക് കൈവരിക്കാൻ സാധ്യമായിട്ടില്ല. ഈ താളംതെറ്റലിന് മുഖ്യകാരണം തലതിരിഞ്ഞ വികസന മുൻഗണന നിർണയരീതിയാണെന്നതാണ് അപ്രിയസത്യമായി കാണേണ്ടതും.
വിദ്യാഭ്യാസ മേഖല പരിഷ്കാരങ്ങൾ സംബന്ധിച്ചുള്ള വിഷയം ചർച്ച ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടൊരു കാര്യം 1950കളിൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ച തെറ്റായ നിലപാടുകളാണ്. കേരള സംസ്ഥാനം നിലവിൽ വന്നതിനുശേഷം നിലവിൽ വന്ന അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ, മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെയും വിദ്യാഭ്യാസ മന്ത്രി പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെയും മുൻകൈയോടെ രൂപം നൽകി നടപ്പാക്കാനാരംഭിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടത് സംസ്ഥാനത്ത് ഉന്നത അക്കാദമിക് നിലവാരം ഈ മേഖലയിൽ നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു.
എന്നാൽ, അന്ന് വിദ്യാഭ്യാസ മേഖലയിൽ ആധിപത്യമുണ്ടായിരുന്ന സംസ്ഥാനത്തെ മുഴുവൻ സ്ഥാപിത താൽപര്യക്കാരും ജാതി, മതഭേദമില്ലാതെ സർക്കാറിനെതിരെ അണിനിരക്കുകയാണല്ലോ ചെയ്തത്. അതിനു തുടർച്ചയായി സർക്കാറിനെ പിരിച്ചുവിട്ടതോടെ വിദ്യാഭ്യാസ മേഖലയിൽ ജാതി, മതശക്തികൾക്ക് പിടിമുറുക്കാനുള്ള അവസരമാണ് ലഭ്യമായത്. വിദ്യാഭ്യാസ മേഖലയിലെ വാണിജ്യതാൽപര്യങ്ങൾ മാത്രം ഉയർത്തിപ്പിക്കുന്ന ജാതി, മതശക്തികൾ അധ്യാപക നിയമനത്തിനുള്ള അർഹത വിവിധ തസ്തികകൾ 'ലേലം' ചെയ്യുമ്പോൾ ഏറ്റവും വലിയ തുക നൽകാൻ മുന്നോട്ടുവരുന്നവർക്കായി പരിമിതപ്പെടുത്തി, സർക്കാർ കോളജുകളിലെ പ്രവേശനവും അവിടങ്ങളിലേക്കുള്ള നിയമനങ്ങളും മാത്രമാണ് അക്കാദമിക് ബിരുദങ്ങളുടെ അടിസ്ഥാനത്തിലും ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ തത്ത്വങ്ങൾ പരിഗണിച്ചും നടന്നുവന്നിരുന്നത്.
സ്വകാര്യ കോളജ് അധ്യാപകർക്കും മറ്റു ജീവനക്കാർക്കും സർക്കാർ നേരിട്ട് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്ന സംവിധാനം നിലവിൽ വന്നതിനുശേഷവും പ്രസ്തുത സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന- നിയമന മാനദണ്ഡങ്ങളിൽ പണത്തിനും ജാതിക്കും തന്നെയാണ് മുൻതൂക്കം. സർവകലാശാലകളുടെ വൈസ് ചാൻസലർമാർ തുടങ്ങി, രജിസ്ട്രാർമാർ വരെയുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങളും മുമ്പുണ്ടായിരുന്നത്ര പോലും കുറ്റമറ്റ രീതിയിൽ ഇന്നും നടക്കുന്നുണ്ടെന്ന് അവകാശപ്പെടാനാവില്ല. വിഭാഗീയതക്കും സ്ഥാപിത താൽപര്യങ്ങളുടെ അവിഹിത സ്വാധീനത്തിനും ഇടതുപാർട്ടികളും അവയുടെ അണികളും അതീതരല്ല എന്ന ആരോപണം വ്യാപകമായി നിലനിൽക്കുന്നുമുണ്ട്. പ്രതിപക്ഷ മുന്നണി അധികാരത്തിലെത്തിയാലും ഇതിലൊന്നും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നവർ തുലോം വിരളമാണ്.
ചുരുക്കത്തിൽ, അധികാരത്തിൽ വരുന്നത് ഏത് മുന്നണിയാണെന്നതിനേക്കാൾ പ്രധാനം അവർക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കിത്തീർക്കാനുള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയുമുണ്ടോ എന്നതാണ്. ഇതോടൊപ്പം ആഗോള വൈജ്ഞാനിക തലങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന അതിവേഗ മാനങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സാന്നിധ്യം നമ്മുടെ ഭരണകർത്താക്കൾക്കുണ്ടോ എന്നതും ഒരു പ്രശ്നമാണ്. വിശിഷ്യ, ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിലും ആരോഗ്യ മേഖലയിലും പരിസ്ഥിതി-ഇക്കോളജി മേഖലകളിലും നടന്നുവരുന്ന മാറ്റങ്ങൾ സ്വാംശീകരിക്കാനുള്ള സന്നദ്ധതയും അനിവാര്യമാണ്. ഇതിനെല്ലാം അനിവാര്യമായ ഘടകം രാഷ്ട്രീയ ഇച്ഛാശക്തിയാണ്, അതുമാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.