ലവ് ജിഹാദ് കേസുകൾ നിർമിച്ചെടുക്കുന്ന വിധം
text_fieldsഅടുത്തിടെയാണ് ഗുജറാത്ത് സർക്കാർ, 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമ ഭേദഗതി നടപ്പാക്കിയത്. യു.പി സർക്കാർ കൊണ്ടുവന്ന നിയമത്തിന് സമാനമായിരുന്നു ഭേദഗതി. 'നിർബന്ധിത മതപരിവർത്തനം' തടയാനെന്ന പേരിെല ഈ നിയമം മതാന്തര വിവാഹം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.ആഗസ്റ്റ് ആദ്യത്തിൽ, ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബൈറൺ വൈഷ്ണവ് എന്നിവർ ഈ ഭേദഗതികളിൽ, ഭിന്നമതക്കാർക്കിടയിലെ വിവാഹം തടസ്സപ്പെടുത്തുന്ന ചില വകുപ്പുകൾക്ക് ഇടക്കാല സ്റ്റേ അനുവദിച്ചിട്ടുണ്ട്.
എന്നാൽ, 2021 ജൂണിൽ പുതിയ ഭേദഗതി പ്രാബല്യത്തിലായി രണ്ടു ദിവസം മാത്രം പിന്നിടുന്നതിനിടെ പുതിയ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. വഡോദരയിൽ സമീർ ഖുറൈശിയെന്ന മുസ്ലിം യുവാവ് പ്രിയ (പേരുമാറ്റിയിട്ടുണ്ട്) എന്ന യുവതിയെ മതംമാറ്റി വിവാഹം ചെയ്തെന്നായിരുന്നു കേസ്. രസകരമായ വസ്തുത, പൊലീസ് പ്രഥമാന്വേഷണ റിപ്പോർട്ടിൽ നിർബന്ധിത മതപരിവർത്തനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും ഇരയായ യുവതിയെ നിർബന്ധിച്ച് വിവാഹം ചെയ്തുവെന്ന് ആരോപിക്കുേമ്പാൾ, കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ യുവതി വ്യക്തമാക്കിയത് താൻ സ്വമേധയാ മതംമാറുകയും സ്വന്തം ഇഷ്ടത്തിന് വിവാഹം ചെയ്തുവെന്നുമാണ്.
ഈ കേസിലെ യഥാർഥ വസ്തുതകൾ തേടി, സന്നദ്ധ സംഘടനയായ 'ബുനിയാദി'ന്റെ ആഭിമുഖ്യത്തിൽ വഡോദര സന്ദർശിച്ച സാമൂഹിക പ്രവർത്തകർ അവരുടെ കണ്ടെത്തലുകൾവെച്ചുള്ള റിപ്പോർട്ട് ഈ മാസാദ്യം പുറത്തുവിട്ടിരുന്നു.
എഫ്.ഐ.ആറിലെ പൊലീസ് ഭാഷ്യം
അടുത്തകാലത്തായി, വർഗീയ രാഷ്ട്രീയത്തിെൻറയും കലാപങ്ങളുടെയും അരങ്ങായി മാറിയിട്ടുണ്ട് ഗുജറാത്തിലെ പ്രധാന പട്ടണങ്ങളിലൊന്നായ വഡോദര.
നഗരത്തിലെ ഗോത്രി പൊലീസ് സ്റ്റേഷനിൽ 11196004210480/21 നമ്പർ പ്രഥമാന്വേഷണ റിപ്പോർട്ടായാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സമീർ ഖുറൈശിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498എ, 376 (2)(എൻ), 377, 312, 313, 504, 506, 120ബി വകുപ്പുകളും ഗുജറാത്ത് മത സ്വാതന്ത്ര്യ (ഭേദഗതി) നിയമത്തിലെ നാലും പട്ടികജാതി, വർഗ (അക്രമം തടയൽ) നിയമത്തിലെ 3(1)(ഡബ്ല്യു)(i), (ii), 3(2)(v) വകുപ്പുകളുമാണ് ചുമത്തിയത്.
25കാരിയായ പ്രിയ ദലിത് യുവതിയാണ്. 21കാരനായ സമീർ ഖുറൈശി മുസ്ലിമും. ക്രിസ്ത്യനെന്ന വ്യാജരേഖ ചമച്ചാണ് യുവാവ് പ്രിയയെ 'വളച്ചതെന്ന്' എഫ്.ഐ.ആർ പറയുന്നു. രതിവൈകൃതങ്ങൾക്ക് നിർബന്ധിച്ചെന്നും നഗ്നചിത്രം പകർത്തിയെന്നും എഫ്.െഎ.ആർ ആരോപിക്കുന്നു. രണ്ടു തവണ ഗുളിക കഴിപ്പിച്ചും ഒരു തവണ ആശുപത്രിയിലെത്തിച്ചും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നാണ് മറ്റൊരു ആരോപണം. ശേഷം പ്രിയയെ നിർബന്ധിച്ച് മതംമാറ്റിയെന്നും പറയുന്നു. ശബ്നം എന്നു പേരുമാറിയ പ്രിയക്ക് പിന്നീട് തെൻറ പഴയ മതത്തിലെ ആചാരങ്ങൾ പിന്തുടരാൻ അനുമതി നൽകിയില്ലെന്നും ഇസ്ലാം മത രീതികൾ പിന്തുടരാത്തപ്പോൾ സമീർ ഖുറൈശിയുടെ ബന്ധുക്കൾ ജാതിപറഞ്ഞ് ആക്ഷേപിച്ചെന്നും വേറെയുമുണ്ട് പരാതി.
സത്യവാങ്മൂലത്തിലെ വസ്തുതകൾ
2021 ജൂൺ 24ന് പ്രിയ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അതിൽ പക്ഷേ, എഫ്.ഐ.ആറിൽ പറയുന്നവക്ക് നേർവിരുദ്ധമായാണ് കാര്യങ്ങൾ.
വ്യാജ സ്വത്വവുമായി സമീർ ഖുറൈശി ഒരിക്കലും തന്നെ സമീപിച്ചില്ലെന്നും അയാൾ മുസ്ലിമാണെന്ന് ആദ്യമേ തന്നെ അറിഞ്ഞിരുന്നുവെന്നുമാണ് അതിലൊന്ന്. ഇൻസ്റ്റഗ്രാമിലൂടെയുള്ള പരിചയം സ്നേഹമായി വളരുകയായിരുന്നുവെന്ന് പ്രിയ പറയുന്നു. ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധമുണ്ടായെന്നും അതിൽ നിർബന്ധത്തിെൻറ അംശം തീരെ ഇല്ലായിരുന്നുവെന്നുമാണ് മറ്റൊന്ന്. തന്നെ ബലാത്സംഗം നടത്തുകയോ അശ്ലീല ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയോ ചെയ്തില്ലെന്നും അവരുടെ തന്നെ വാക്കുകൾ. ഇത്തരം ആരോപണങ്ങൾ ശുദ്ധനുണകളാണെന്നും പൊലീസ് എഫ്.ഐ.ആറിൽ ആരോപിക്കുന്നവയൊന്നും താൻ പറഞ്ഞ് ചേർത്തതല്ലെന്നും സത്യവാങ്മൂലത്തിൽ പ്രിയ ആണയിടുന്നു.
സമീർ ഖുറൈശിയുമായുള്ള ബന്ധം തെൻറ കുടുംബത്തിനും അറിയാമായിരുന്നു. ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു വിവാഹം. ആദ്യം 'നികാഹ്' നടത്തിയശേഷം പ്രത്യേക വിവാഹ നിയമ പ്രകാരം കോടതിയിെലത്തിയും വിവാഹം നടത്തി. മാതാപിതാക്കൾ തന്നെയാണ് കോടതിയിൽ സാക്ഷികളായി ഒപ്പുവെച്ചത്. സത്യത്തിൽ ഭർത്താവിനെ താൻ ഇഷ്ടപ്പെടുന്നുവെന്നും ഇനിയും അയാൾക്കൊപ്പം പോകണമെന്നാണ് ആഗ്രഹമെന്നും പ്രിയ വ്യക്തമാക്കുന്നു. അതിനാൽ, എഫ്.ഐ.ആറിലെ പരാതികൾ പിൻവലിക്കണമെന്ന് അവൾ പൊലീസിൽ ആവശ്യപ്പെട്ടു. എന്നാൽ, പ്രാദേശിക കോടതി ഖുറൈശിയുടെ ജാമ്യപേക്ഷ ജൂലൈ അഞ്ചിന് തള്ളി. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് പ്രിയ.
വിവാഹ സാക്ഷ്യപത്രപ്രകാരം, ഇരുവരും പ്രത്യേക വിവാഹ നിയമ പ്രകാരം 2021 ഫെബ്രുവരി 16നാണ് വിവാഹിതരാകുന്നത്. ഫെബ്രുവരി എട്ടിന് സമീർ ഖുറൈശിയും പ്രിയയും ഒപ്പുവെച്ച രേഖയിൽ തങ്ങൾ സ്വമേധയാ വിവാഹിതരാകുകയാണെന്ന് വ്യക്തമാക്കുന്നു. സമീർ മുസ്ലിമാണെന്ന് അറിയാമെന്നും രണ്ടുവർഷമായി പ്രണയത്തിലാണെന്നും അതിലുണ്ട്. രേഖയിൽ സാക്ഷികളായി ഒപ്പുവെച്ചിരിക്കുന്നത് പ്രിയയുടെ പിതാവും സമീർ ഖുറൈശിയുടെ മാതാവും.
16ന് വഡോദരയിലെ ഗോർവയിൽ സമുദായത്തിലെ മുതിർന്നവരുടെ സാന്നിധ്യത്തിൽ സമീറുമായി മുസ്ലിം ആചാര പ്രകാരം പ്രിയ വിവാഹിതരായെന്ന് ഫെബ്രുവരി 19ന് നൽകിയ സത്യവാങ്മൂലം വ്യക്തമാക്കുന്നു. ആരും സമ്മർദം ചെലുത്തിയായിരുന്നില്ല ചടങ്ങുകളെന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്.പ്രിയയുടെ പിതാവും മുസ്ലിം സമുദായ നേതാക്കളും തമ്മിൽ ഏപ്രിൽ മൂന്നിനുണ്ടാക്കിയ ധാരണപത്രത്തിലും ഇതൊക്കെ ആവർത്തിക്കുന്നു. പക്വത ആർജിച്ച, വിദ്യാസമ്പന്നയായ യുവതിയാണ് പ്രിയയെന്നും ധാരണപത്രത്തിലുണ്ട്.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ
പ്രിയ നൽകിയ സത്യവാങ്മൂലങ്ങൾ വായിച്ചാലറിയാം, പൊലീസ് എഫ്.ഐ.ആറിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചവയാണ്. ഭർത്താവിെൻറ ശാരീരിക, മാനസിക പീഡനങ്ങൾക്കെതിരെ പരാതി പറയാൻ പ്രിയ പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. അതിനാൽ, ഇത് ഗാർഹിക പീഡന നിയമ കേസാണ്, ലവ് ജിഹാദല്ല.
'ആദ്യ ലവ് ജിഹാദ് കേസ്' ആയി മിക്ക മുഖ്യധാര മാധ്യമങ്ങളും പ്രാധാന്യത്തോടെ നൽകിയപ്പോൾ, പ്രിയ നൽകിയ സത്യവാങ്മൂലം കാര്യമായി വന്നില്ല. മാധ്യമങ്ങളിലെ പക്ഷപാതമാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ട് തുറന്നുകാട്ടുന്നു. സംസ്ഥാന ഭരണകൂടവും മാധ്യമങ്ങളും ഹിന്ദുത്വ ശക്തികളും തമ്മിലെ ബാന്ധവം ഇത്തരം വിഭാഗീയ കഥകളെ ശക്തിപ്പെടുത്തുന്നവയാണെന്നും മുന്നറിയിപ്പ് നൽകുന്നു.
ജൂൺ 15നാണ് ഗുജറാത്ത് മത സ്വാതന്ത്ര്യ (ഭേദഗതി) നിയമം പ്രാബല്യത്തിലാകുന്നത്. രണ്ടു ദിവസം കഴിഞ്ഞ് കേസ് എടുത്തു. എന്നാൽ, എഫ്.ഐ.ആറിൽ പറയുന്ന അതിക്രമങ്ങൾ നടക്കുന്നത് 2019ൽ. എന്നുവെച്ചാൽ, നിയമത്തിന് മുൻകാല പ്രാബല്യം നൽകുകയായിരുന്നു. എന്നാൽ, ഭരണഘടനയുടെ 20 (1) വകുപ്പ് ഇത് വിലക്കുന്നു.
വിഷയത്തിൽ ഹിന്ദു ജാഗരൺ മഞ്ച് ആയിരുന്നു കാര്യമായി രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ വർഷം നടന്ന ഖംഭട്ട് കലാപങ്ങളിലെ പ്രതികളിലൊരാളായ നീരജ് ജയിൻ ആയിരുന്നു ഈ കേസിൽ മുന്നിൽനിന്ന ഒരാൾ. നിലവിൽ ഹിന്ദുത്വ സംഘടനകൾ രാജ്യത്ത് ആസ്വദിക്കുന്ന നിയമപരിരക്ഷയിലേക്കു കൂടി വിഷയം സൂചന നൽകുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ 'ലവ് ജിഹാദ്' ആരോപണം ഇസ്ലാം ഭീതി പരത്തുന്നതിനൊപ്പം, സ്ത്രീകൾ സ്വന്തം തീരുമാനമെടുക്കാൻ കഴിവില്ലാത്തവരാണെന്ന് വരുത്തിത്തീർക്കുന്ന പുരുഷ മേധാവിത്വ മനസ്സുകൂടി പുറത്തുകൊണ്ടുവരുന്നതാണെന്ന് റിപ്പോർട്ട് നമ്മെ ഓർമിപ്പിക്കുന്നു.
(അസമിലെ നാഷനൽ ലോ യൂനിവേഴ്സിറ്റിയിൽ നിയമ വിദ്യാർഥിയാണ് ലേഖകൻ)
കടപ്പാട്: www.theleaflet.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.