നിറവാർന്ന നൂറുദിനങ്ങൾ
text_fieldsകേരള ജനത ഇടതു ജനാധിപത്യ മുന്നണിക്ക് തുടർഭരണം എന്ന ചരിത്രദൗത്യം സമ്മാനിച്ചതിെൻറ നൂറാം ദിവസമാണിന്ന്. നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആയിരിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമാണ് ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാറിന് ഏറ്റെടുക്കാനുള്ളത്.
വൈജ്ഞാനിക സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ വാർത്തെടുക്കുകയാണ്. അതിന് അടിസ്ഥാനമൊരുക്കിക്കൊണ്ട് കഴിഞ്ഞ സർക്കാറിെൻറ കാലത്തുതന്നെ ഇൻറർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിെൻറ മുഖച്ഛായ മാറ്റുന്ന വിധത്തിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിയും വിജ്ഞാന വിസ്ഫോടനത്തിെൻറ പ്രയോജനം നമ്മുടെ കുഞ്ഞുങ്ങൾക്കു ലഭ്യമാകുന്ന വിധത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ സാർവത്രികമായി ലഭ്യമാക്കിയും ഒരു സമൂഹമെന്ന നിലക്കു മുന്നേറുകയാണ് നാം.
ഈ മുന്നേറ്റത്തിൽ നാമൊറ്റക്കെട്ടായി നിൽക്കുക എന്നത് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാതരം വർഗീയ, വിദ്വേഷ, വിധ്വംസക പ്രവർത്തനങ്ങളെയും അകറ്റിനിർത്താൻ സർക്കാർ തന്നെ ഈ ഘട്ടത്തിൽ മുൻകൈ എടുക്കുന്നത്. അതാകട്ടെ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ അനിവാര്യമാണുതാനും. പരമാവധി ആളുകൾക്ക് വാക്സിനേഷൻ ലഭ്യമാക്കി ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നത്.
ആത്മാഭിമാനത്തോടെ എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പദ്ധതികൾ പൂർത്തീകരണത്തോടടുക്കുകയാണ്. ഈ സർക്കാറിെൻറ ആദ്യത്തെ മന്ത്രിസഭ യോഗത്തിൽതന്നെ തീരുമാനിച്ച അതിദാരിദ്ര്യ നിർമാർജനം, വാതിൽപ്പടി സേവനം, സ്ത്രീകളുടെ ഗാർഹിക ജോലി ഭാരം കുറക്കൽ എന്നിവ ഉടൻതന്നെ പ്രാവർത്തികമാകും. അതോടൊപ്പം എല്ലാവർക്കും ഭൂമി, ഭവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ഇടപെടലുകളും മുന്നോട്ടുകൊണ്ടുപോവുകയാണ്. അത്തരത്തിൽ സാമൂഹികനീതിയിലധിഷ്ഠിതമായ ഒരു നവകേരളമാണ് വിഭാവനം ചെയ്യുന്നത്.
കാർഷിക, വ്യവസായിക, ഐ.ടി, ടൂറിസം മേഖലകളിൽ കേരളത്തിനുള്ള തനതു സാധ്യതകളെ പ്രയോജനപ്പെടുത്തി ഉൽപാദനം വർധിപ്പിക്കാനും തത്ഫലമായി സൃഷ്ടിക്കപ്പെടുന്ന അധികവിഭവങ്ങളുടെ നീതിയുക്ത വിതരണം സാധ്യമാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനുതകുന്ന പ്രവർത്തനങ്ങൾക്കാണ് നൂറു ദിവസംകൊണ്ട് തുടക്കംകുറിച്ചത്. അവയിലെല്ലാം കേരളത്തിലെ ജനങ്ങളുടെയാകെ അഭൂതപൂർവ പിന്തുണയാണ് ലഭിക്കുന്നത്.തുടർന്നും ഒരുമിച്ചുനിന്ന് ലോകത്തിനുതന്നെ മാതൃകയാകുന്ന വിധത്തിൽ ബദൽ നയങ്ങൾ നടപ്പാക്കി നമുക്ക് മുന്നേറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.