സങ്കരചികിത്സയും ശസ്ത്രക്രിയയും
text_fieldsനാളെ, വെള്ളിയാഴ്ച രാവിലെ ആറു മുതൽ 12 മണിക്കൂർ രാജ്യത്തെ മോഡേൺ മെഡിസിൻ ഡോക്ടർമാർ ഒന്നടങ്കം ജോലിയിൽനിന്നു വിട്ടുനിന്നു വലിയൊരു സമരത്തിനു തയാറെടുക്കുകയാണ്. നവംബർ 20 ന് പുറത്തുവന്ന സർക്കാർ ഗസറ്റിൽ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻസിേൻറതായി വന്ന നോട്ടിഫിക്കേഷനിൻ ആയുർവേദഡോക്ടർമാരെ ബിരുദാനന്തരബിരുദത്തിന് 58 ശസ്ത്രക്രിയകൾ പഠിപ്പിക്കാൻ തീരുമാനിച്ച വസ്തുതയാണ് ആധുനിക വൈദ്യശാസ്ത്രരംഗത്ത് കടുത്ത പ്രതിഷേധത്തിനിടയാക്കിയത്.
ആയുർവേദം പ്രാചീന ചികിത്സ സമ്പ്രദായമാണ്. ചരകനും സുശ്രുതനുമെല്ലാം തികച്ചും അത്ഭുതകരമായ നിരീക്ഷണങ്ങളും പഠനങ്ങളുമൊക്കെ മാനവരാശിക്ക് സമർപ്പിച്ചു. എന്നാൽ, പ്രാചീന ഭാരതീയാചാര്യന്മാരുടെ സമ്പന്നകാലത്തിനുശേഷം പുരോഗാമിയായ ഒരു ചലനം പോലുമില്ലാതെ ആയുർവേദ ശസ്ത്രക്രിയ നിന്നിടത്തു നിൽക്കുകയായിരുന്നു. ശസ്ത്രക്രിയരംഗത്ത് നൂറ്റാണ്ടുകളായി ഇടപെടലുകളൊന്നും നടത്താൻ ആയുർവേദം തുനിഞ്ഞതേയില്ല.
'മുറി'വൈദ്യർ ആളെ കൊല്ലും
ഒരു മികച്ച ശസ്ത്രക്രിയവിദഗ്ധനെയും സാധാരണ സർജനേയും വേർതിരിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് സമയമാണെന്നത് സർജറിയിലെ പ്രാഥമികപാഠങ്ങളിലൊന്നാണ്. ആ തീരുമാനത്തിലേക്കെത്താൻ വർഷങ്ങളിലെ പ്രായോഗികപരിജ്ഞാനമുള്ള കൃതഹസ്തനായ ശസ്ത്രക്രിയവിദഗ്ധനോടൊപ്പം വളരെ നാളത്തെ പരിശീലനം അത്യാവശ്യമാണ്. മാത്രമല്ല, എത്ര മിടുക്കനായ സർജനും പഠനം കഴിഞ്ഞിറങ്ങിയാൽ പ്രായോഗികപരിശീലനമാണ് അയാളുടെ മികവ് തേച്ച് മിനുക്കാൻ സഹായിക്കുന്നതും ശസ്ത്രക്രിയസമയത്ത് അപകടസന്ധികളെ ശാസ്ത്രീയമായും കരളുറപ്പോടെയും നേരിടാൻ കരുത്തും ധൈര്യവും പകരുന്നതും. ഇതൊന്നുമില്ലാത്ത പാതിവെന്ത ആയുർവേദ ശസ്ത്രക്രിയാകാരൻ ജനങ്ങളുടെ ജീവന് കടുത്ത ഭീഷണിയായിത്തീരുക മാത്രമാവും അന്തിമഫലം.
ഏതു ശസ്ത്രക്രിയക്കും മുന്നോടിയായി കാര്യക്ഷമമായി നിർവഹിക്കേണ്ട അനുബന്ധപരിശോധനകൾ കൂടിയുണ്ട്. രോഗിക്ക് ഹൃദയസംബന്ധമോ ശ്വാസകോശസംബന്ധമോ ഉള്ള പ്രശ്നങ്ങളുടെയും കരളിെൻറയും കിഡ്നിയുടേയും പ്രവർത്തന വൈകല്യങ്ങളുടെയും പ്രമേഹം, രക്താതിമർദം, രക്തം കട്ടപിടിക്കുന്നതിലെ പ്രശ്നങ്ങൾ എന്നിവയുടെയുമൊക്കെ സാന്നിധ്യം കൂലങ്കഷമായ ശാരീരിക/ശാസ്ത്രീയ ഉപകരണപരിശോധനകൾ വഴി തിരിച്ചറിഞ്ഞ് വരുതിയിലാക്കിയശേഷം മാത്രമാണ് ശസ്ത്രക്രിയ തീരുമാനിക്കുന്നത്. ആയുർവേദത്തിന് ഈ പ്രകരണത്തിൽ എന്താണ് മുന്നോട്ടു വെക്കാനുള്ളത്? രോഗിയെ ശസ്ത്രക്രിയസമയത്ത് മയക്കുന്നത് അത്യാവശ്യമാണെന്നിരിക്കേ അതിന് എന്ത് സംവിധാനമാണ് ആയുർവേദത്തിനുള്ളത്? മോഡേൺ മെഡിസിൻ ഫാർമകോപ്പിയയിലെ മരുന്നുകളല്ലാതെ ആയുർവേദത്തിൽ അനസ്തീഷ്യക്ക് ഏതു മരുന്നുകളാണ് ലഭ്യമായിട്ടുള്ളത്? മോഡേൺ മെഡിസിനിലെ മറ്റനേകം ഭാഗങ്ങൾ ആയുർവേദ വിദ്യാർഥികൾക്ക് പഠിപ്പിക്കാൻ അവരുടെ സിലബസിൽ ചേർക്കുന്ന ആയുർവേദ കൗൺസിൽ പക്ഷേ, മോഡേൺ മെഡിസിൻ ഫാർമകോപ്പിയ തൊടാൻ ധൈര്യപ്പെടാറില്ല. അങ്ങനെയിരിക്കേ അനസ്തീഷ്യക്കുള്ള ഔഷധങ്ങളും ശസ്ത്രകിയക്ക് മുമ്പും പിമ്പും രോഗാണുബാധ തടയാൻ വളരെ ഫലപ്രദമായി ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകളും ആൻറിവൈറൽ മരുന്നുകളും അവർ എങ്ങനെ ഉപയോഗിക്കും? അഥവാ മോഡേൺ മെഡിസിൻ ഫാർമകോപ്പിയ പകർത്താൻ തീരുമാനിച്ചാൽ രോഗനിദാനത്തിൽ സൂക്ഷ്മാണുക്കളുടെ പങ്ക് അംഗീകരിക്കാത്ത വാത-കഫ-പിത്ത വിദഗ്ധർ പ്രാചീന ആയുർവേദത്തിെൻറ അടിസ്ഥാനതത്ത്വങ്ങളിൽ കോടാലി വെക്കുകയല്ലേ ചെയ്യുന്നത്?
ലോകത്തിലെ പുതുവിജ്ഞാനം മുഴുവൻ ആധുനിക വൈദ്യശാസ്ത്രം ആവേശത്തോടെ സ്വീകരിച്ചു. അങ്ങനെയാണ് പുതിയ ലോകത്തെ ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്യാൻ കഴിയുന്ന ആധുനികവും ജനകീയവുമായ ശാസ്ത്രീയ നിലപാടുകളുടെ കരുത്തുറ്റ വക്താക്കളാക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയുന്നത്. മാറ്റങ്ങളെ നെഞ്ചോടുചേർത്ത് നിരന്തരം ശാസ്ത്രീയമായി നവീകരിക്കുന്ന ഒരു ചികിത്സസമ്പ്രദായത്തെ, നൂറ്റാണ്ടുകൾക്കു മുമ്പുള്ള കണ്ടെത്തലുകൾക്ക് എന്നെങ്കിലും സാംഗത്യം നഷ്ടപ്പെടുമെന്ന് സ്വപ്നംകാണാൻ പോലും ധൈര്യപ്പെടാത്ത ഒരു ചികിത്സരീതിയുമായി എങ്ങനെ കൂട്ടിക്കെട്ടും?
കൂട്ടിക്കെട്ടുന്നതിലെ നഷ്ടങ്ങൾ
പ്രധാനമായും ഋണാത്മകമായ രണ്ടു മാറ്റങ്ങളാണ് സങ്കരചികിത്സകൊണ്ട് സംഭവിക്കാൻ പോവുന്നത്. ആരോഗ്യരംഗത്ത് ദീർഘകാലത്തെ ആത്മാർഥമായ നിരന്തര പ്രവർത്തനം വഴി നേടിയെടുത്ത നേട്ടങ്ങൾക്ക് ഉണ്ടാവുന്ന കനത്ത തിരിച്ചടിയാണ് ആദ്യത്തേത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വെറും 31 വയസ്സായിരുന്നു ഒരു സാധാരണ ഇന്ത്യക്കാരെൻറ ശരാശരി ആയുർദൈർഘ്യം. ഷഷ്ടിപൂർത്തി വലിയൊരു ആഘോഷമായി മാറിയതിെൻറ സാമൂഹിക പശ്ചാത്തലം അതാണ്. ഇന്ന് ആ സൂചിക എഴുപതിനോടടുത്തു. ആരോഗ്യസുരക്ഷയുടെ ഏറ്റവും വലിയ സൂചികയായി കണക്കാക്കുന്ന ശിശു മരണനിരക്കാവട്ടെ, കേരളത്തിൽ പത്തിനു താഴെയാണ്. പക്ഷേ, സങ്കരചികിത്സ ഏറ്റവും ആദ്യം പിടിമുറുക്കുന്നത് ആരോഗ്യസുരക്ഷയുടെ കാര്യത്തിലായിരിക്കും എന്ന് സാമൂഹികാരോഗ്യ വിദഗ്ധർ ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ആൻറിബയോട്ടിക്കുകളെ കുറിച്ച്, അനസ്തേഷ്യയെക്കുറിച്ച് ധാരണയില്ലാത്ത, വിദഗ്ധനായ ആധുനികസർജെൻറ കീഴിൽ അഭ്യസിക്കാത്ത 'ശസ്ത്രക്രിയവിദഗ്ധർ' മാതൃമരണനിരക്കിലും അവരുടെ കറുത്ത കൈയൊപ്പ് നിശ്ചയമായും പതിപ്പിച്ചേക്കും. ആയുർവേദം എന്ന ചികിത്സരീതി തന്നെ നാമാവശേഷമായി പോവും എന്നതാണ് മറ്റൊരു ഫലം. ആയുഷ് രംഗത്ത് പ്രവർത്തിക്കുന്ന പുതുതലമുറ ഡോക്ടർമാരിൽ 99.99 ശതമാനവും എൻട്രൻസ് പരീക്ഷകളിൽ ആദ്യപരിഗണന നൽകുന്നത് മോഡേൺ മെഡിസിനാണ്.
റാങ്ക് നിലവാരത്തിൽ പിന്നോട്ടു പോവുന്നതുകൊണ്ട് മാത്രമാണവർ മറ്റു ഗത്യന്തരമില്ലാതെ ആയുർവേദവും ഹോമിയോപ്പതിയും മറ്റും സ്വീകരിക്കുന്നത്. അവരുടെ കൗൺസിലുകളാവട്ടെ വിദ്യാർഥികളുടെ അടക്കിവെക്കപ്പെടുന്ന ഇംഗിതം തിരിച്ചറിഞ്ഞ് സിലബസുകളിൽ മോഡേൺ മെഡിസിൻ പാഠഭാഗങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉൾച്ചേർത്ത് ആശ്വാസം നൽകാൻ ശ്രമിക്കുന്നതും കാണാം. അത്തരം വിദ്യാർഥികൾക്ക് സങ്കരചികിത്സ പ്രാക്ടീസ് ചെയ്യാൻ അനുവാദം കിട്ടിയാൽ ഏതു ചികിത്സാരീതി ആണ് അവർ സ്വീകരിക്കുക എന്നത് പകൽ പോലെ വ്യക്തം.
ഇന്ത്യൻ നിയമവ്യവസ്ഥ കർക്കശം, പക്ഷേ...
ഇന്ത്യൻ നിയമവ്യവസ്ഥ കർശനമായ സമീപനമാണ് ഇത്തരം വ്യാജചികിത്സകൾക്കെതിരെ സ്വീകരിച്ചിട്ടുള്ളത്. 1998 ലെ പ്രശസ്തമായ ഡോ. മുക്ത്യാർചന്ദ് vs പഞ്ചാബ്സ്റ്റേറ്റ് കേസിൽ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്കു മാത്രമേ അവകാശമുള്ളൂവെന്ന് അസന്ദിഗ്ധമായി ഇന്ത്യയിലെ പരമോന്നത നീതിപീഠം പ്രഖ്യാപിച്ചിട്ടുണ്ട്. പുനം വർമ vs ആഷിക് പട്ടേൽ കേസിലാവട്ടെ ആ കൃത്യമായ നിലപാടിൽ സുപ്രീംകോടതി ഉറച്ചുനിന്നു. 2016 ഏപ്രിൽ എട്ടിനു പുറത്തുവന്ന വിശദവും നിർണായകവുമായ വിധിയിൽ ഡൽഹി ഹൈകോടതി ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ രജിസ്റ്റർ ചെയ്ത ചികിത്സകർ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നത് കടുത്ത നിയമലംഘനമാണെന്ന് പ്രഖ്യാപിച്ചു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തികഞ്ഞ അധാർമിക പ്രവൃത്തിയായിട്ടാണ് ഇത്തരം കടന്നു കയറ്റങ്ങളെ വിലയിരുത്തുന്നത്. സമാന്തര ചികിത്സകർക്ക് പരിശീലനം നൽകുന്ന ഡോക്ടറുടെ ലൈസൻസ് റദ്ദുചെയ്യാൻ പോലും മെഡിക്കൽ കൗൺസിലിന് അധികാരമുണ്ട്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിെൻറ പുതു അവതാരമായ നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) സങ്കരചികിത്സക്ക് സമ്മതം മൂളുന്ന നിലപാടാണ് തുടക്കംമുതൽ കൈക്കൊണ്ടിട്ടുള്ളത്. അടുത്തിടെ കേന്ദ്രസർക്കാർ ചികിത്സനയങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ മെഡിക്കൽരംഗത്ത് അസ്വസ്ഥതയും അശാന്തിയും വിതക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന കടുത്ത വിമർശനം ആരോഗ്യ- നിയമവിദഗ്ധർ ഉയർത്തിക്കഴിഞ്ഞു. വികേന്ദ്രീകരണത്തെ തകർക്കുകയും ബഹുസ്വരത നിഷേധിക്കുകയും ചെയ്യുന്ന ഏകശിലാരൂപമായ നിയമങ്ങൾ നമ്മുടെ രാജ്യത്തെ പുരോഗമനോന്മുഖമായി നയിക്കുമെന്ന് കരുതാൻ വയ്യ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് - ഒരു രാജ്യം ഒരു ആധാർ തുടങ്ങിയ റെജിമെൻറലിസത്തിലേക്ക് വഴുതുന്ന നയങ്ങളുടെ തുടർച്ചയായി സങ്കരം വഴി ഒരൊറ്റ ചികിത്സാരീതി സൃഷ്ടിച്ചെടുക്കുന്നതിനെ പല സാമൂഹികചിന്തകരുംആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയത്തിൽ വരുത്തിയ വിവാദമായ നയവ്യതിയാനവും നിതിആയോഗിെൻറ പണിപ്പുരയിൽ രൂപംകൊണ്ട ചതുർസമിതികളുടെ രൂപവത്കരണവുമൊക്കെ സങ്കരചികിത്സക്ക് നിലമൊരുക്കാനുള്ള കേളികൊട്ടലായി പല സമൂഹശാസ്ത്രജ്ഞരും വിലയിരുത്തുന്നു.
ഗ്രാമങ്ങളിൽ സർജൻ അഭാവം നികത്താനാണ് ഇൗ ആയുർസർജന്മാർ എന്നൊരു വാദമുന്നയിക്കുന്നുണ്ട് ആയുർവേദക്കാർ. നഗരങ്ങളിൽ ശരിയായ സർജന്മാരും ഗ്രാമങ്ങളിൽ പാവപ്പെട്ടവർക്ക് പാതി വെന്ത സർജന്മാരും എന്ന സംവിധാനം, ഗ്രാമജനതയുടെ അഭിമാനം ചോദ്യം ചെയ്യുന്നതോടൊപ്പം ആരോഗ്യസമത്വത്തിനെതിരെയുള്ള വലിയൊരു വെല്ലുവിളിയാണെന്ന് അവർ തിരിച്ചറിയാതെ പോവുന്നു. പൊതുസമൂഹത്തിലും ചികിത്സരംഗത്തും കടുത്ത അശാന്തി വിതക്കുന്ന തികച്ചും പ്രതിലോമകരവും ജനങ്ങളുടെ ജീവന് നിതാന്ത ഭീഷണി ഉയർത്തുകയും ചെയ്യുന്ന സങ്കരചികിത്സ സംവിധാനങ്ങൾ പ്രാവർത്തികമാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറാൻ വളരെ ശക്തമായ പൊതുജനാഭിപ്രായത്തിനും നിയമപോരാട്ടങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളൂ.
(ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.