കിഫ്ബിയിലെ കാപട്യങ്ങൾ
text_fieldsസർക്കാറിന്റെ സ്വകാര്യവത്കരണമാണോ കിഫ്ബിയിലൂടെ യഥാർഥത്തിൽ സംഭവിച്ചത്? സർക്കാറിന്റെ ദൈനംദിന പ്രവർത്തനത്തിന് പുറംകരാർ നൽകലാണോ? വികസനം കുറച്ചാളുകൾ നിർണയിക്കേണ്ട കാര്യമാണോ? സാമ്പത്തികകാര്യ വിദഗ്ധനും മുഖ്യമന്ത്രിയുടെ മുൻ െഎ.ടി ഉപദേഷ്ടാവുമായ ലേഖകൻ കിഫ്ബിയെയും സർക്കാർ നടപടികളെയും ശക്തമായി വിമർശിക്കുന്നു.
വികസനത്തിെൻറ ഒറ്റമൂലി എന്ന നിലയിലാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബോർഡ് അഥവാ കിഫ്ബിയെ സർക്കാർ അവതരിപ്പിക്കുന്നത്. 1999ൽ കേരള നിയമസഭ കിഫ്ബി ആക്ട് പ്രകാരം രൂപവത്കരിച്ച ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. അതൊരു ബോഡി കോർപറേറ്റ് ആണെന്നും അതുകൊണ്ട് തന്നെ അതിന് പ്രത്യേക അധികാരങ്ങൾ ഉണ്ടെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണമാണ് നമ്മുടെ ധനമന്ത്രി അക്കമിട്ട് നിരത്തുന്നത്. സംസ്ഥാനത്തിൻെറ വികസന പ്രവർത്തനങ്ങൾക്ക് മുതൽമുടക്കാൻ സർക്കാറിെൻറ ഖജനാവിൽ പണമില്ല. നമുക്ക് പണമില്ലാത്തതിെൻറ കാരണം വരുമാനത്തിൻെറ സിംഹഭാഗവും ശമ്പളവും പെൻഷനും നൽകാനായി ഉപയോഗിക്കുന്നതാണ്. ഇതിനുള്ള പ്രതിവിധിയാണ് കിഫ്ബി. ഈ സ്ഥാപനം വായ്പ എടുക്കുകയും അത് ഉപയോഗപ്പെടുത്തി കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന നിക്ഷേപം നടത്തുകയും ചെയ്യും.
കിഫ്ബി എടുക്കുന്ന വായ്പ സർക്കാർ തിരിച്ചടയ്ക്കും. അല്ലെങ്കിൽ തിരിച്ചടവിന് കിഫ്ബിയെ സഹായിക്കും. അതിനുവേണ്ടി സർക്കാർ ഖജനാവിലേക്ക് വരുന്ന മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും പെട്രോൾ സെസും കിഫ്ബിയുടെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കും. മുതലും പലിശയും ഈ പണം ഉപയോഗിച്ച് കിഫ്ബി തിരിച്ചടയ്ക്കും. തിരിച്ചടവിൻെറ ബാധ്യത സർക്കാറിനാണെങ്കിൽ എന്തുകൊണ്ട് സർക്കാറിനു തന്നെ വായ്പ എടുത്തുകൂടാ എന്ന ചോദ്യം ഇവിടെ ഉയർന്നുവരാം. സംസ്ഥാന സർക്കാറുകൾക്ക് വായ്പയെടുക്കാൻ കേന്ദ്രം പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിന് അപ്പുറം വായ്പ എടുക്കാൻ കഴിയില്ലെന്നാണ് ഇതിനുള്ള മറുപടി. ചുരുക്കിപ്പറഞ്ഞാൽ സാങ്കേതിക പ്രശ്നങ്ങൾ മറികടന്ന് വായ്പ എടുക്കുന്നതിനുള്ള മറ്റൊരു വഴിയാണ് കിഫ്ബി. വലിയതോതിൽ കടമെടുത്ത് കേരളത്തിെൻറ വികസനത്തിന് ആക്കം കൂട്ടുക. ഇതുവഴി 10-15 വർഷത്തിനുശേഷം വന്നേക്കാവുന്ന വികസനം ഇന്നേ നാട്ടിൽ സാധ്യമാക്കുക. ഗഡുക്കളായി നീക്കിവെച്ചിരിക്കുന്ന തുകയിൽനിന്ന് മാത്രം വായ്പയും പലിശയും അടഞ്ഞുപോകും. ഇത് ഒരു അമിറ്റി (ammity) സ്കീം ആയി കരുതിയാൽ മതി -ഇതാണ് കിഫ്ബി മന്ത്രം.
2016ലെ രൂപമാറ്റത്തിന് ശേഷം കിഫ്ബി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ട സമയമായിരിക്കുന്നു. നയപരമായ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും സർക്കാർ പറയുന്നത് എം.എൽ.എമാർ തങ്ങളുടെ മണ്ഡലത്തിലേക്ക് നോക്കാനാണ്. ശരിയാണ്, പദ്ധതികൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടന്നുവരുന്നുണ്ട്. അവക്കൊക്കെ തിലകക്കുറിയായി കിഫ്ബി ലേബലുമുണ്ട്. 2017 മുതൽ സംസ്ഥാന സർക്കാർ കിഫ്ബിക്ക് പുറത്ത് നടപ്പാക്കിയ പദ്ധതികളുടെ പട്ടിക പരിശോധിച്ചാൽ ചിലപ്പോൾ ശൂന്യമായിരിക്കും. എല്ലാ പദ്ധതികളും നടപ്പാക്കിയത് കിഫ്ബി ലേബലിലാണ്. ഈ പദ്ധതികൾക്കുള്ള തുക എവിടെ നിന്നാണ് കിഫ്ബിക്ക് ലഭിച്ചതെന്ന് നമ്മൾ പരിശോധിേക്കണ്ടതുണ്ട്. സർക്കാറിെൻറ പക്കൽ പണമില്ലാത്തതുകൊണ്ട് വായ്പയെടുത്ത് വികസനപ്രവർത്തനങ്ങൾക്ക് മുതൽമുടക്കാൻ വേണ്ടി രൂപവത്കരിച്ച കിഫ്ബി എത്ര രൂപ വായ്പ എടുത്തു? 2021 ജനുവരിയിൽ നിയമസഭയിൽ വെളിപ്പെടുത്തിയ കണക്കുപ്രകാരം 3102.5 കോടി രൂപയാണ് കിഫ്ബി നാളിതുവരെ വായ്പയെടുത്തത്. വികസനപ്രവർത്തനങ്ങൾക്ക് മുതൽമുടക്കാൻ കിഫ്ബിയുടെ പക്കലുള്ള ആകെ തുകയാണിത്. ധനമന്ത്രിയും സർക്കാർ പ്രതിനിധികളും പറയുന്നത് കിഫ്ബി 60,000 കോടിയുടെ പദ്ധതികൾ നടപ്പാക്കാൻ പോകുന്നുവെന്നാണ്. 3102 കോടി വായ്പ കൈയിൽ െവച്ച് 60,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പറയുന്നതിൻെറ യുക്തിയെന്താണ്? അപ്പോൾ വായ്പ നേടിയെടുക്കുന്നതിൽ കിഫ്ബി അമ്പേ പരാജയപ്പെട്ടു.
നിയമസഭയിൽ വെച്ച മറ്റൊരു കണക്ക് കിഫ്ബി പദ്ധതികൾക്കായി ചെലവഴിച്ച തുക സംബന്ധിച്ചാണ്. 7300 കോടിയുടെ പദ്ധതികളാണ് കിഫ്ബി നിർവഹിച്ചത്. 3102 കോടി മാത്രം സമാഹരിച്ച് എങ്ങനെ 7300 കോടിയുടെ പദ്ധതി ചെയ്തു എന്ന ചോദ്യം പ്രസക്തമേല്ല? കിഫ്ബി എടുക്കുമെന്ന് നമ്മൾ കരുതിയിരുന്ന വായ്പയുടെ തിരിച്ചടവിനായി നമ്മൾ ഗഡുക്കളായി പ്രതിവർഷം കിഫ്ബിയുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചുവരുന്നു. ആ തുക ഇപ്പോൾ 15,000 കോടി കവിഞ്ഞിരിക്കുന്നു. അതിൽനിന്നാണ് ഈ 7300 കോടിയുടെ പദ്ധതി നടപ്പാക്കിയത്. അപ്പോൾ ഖജനാവിൽനിന്ന് കിഫ്ബിക്ക് നൽകിയ തുക വായ്പ തിരിച്ചടവിനുള്ള സംഭാവനയല്ല. മറിച്ച് കിഫ്ബിയുടെ പ്രവർത്തന ഫണ്ടാണ്. കിഫ്ബി വായ്പയെടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനമല്ല, സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒന്നാണ്. ശമ്പളവും പെൻഷനും നൽകിക്കഴിഞ്ഞാൽ സർക്കാറിന് വികസന പ്രവർത്തനത്തിനു പണമില്ല എന്ന വാദം ശരിയല്ലെന്ന് ഇത് തെളിയിക്കുന്നു. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കുടിശ്ശിക ഉൾപ്പെടെ ശമ്പളവും പെൻഷനും നൽകി കഴിഞ്ഞ സർക്കാർ മാറ്റിവെച്ച തുകയാണ് ഈ 15,000 കോടി രൂപ. അതിൽനിന്നാണ് 7300 കോടി പദ്ധതികൾ നടപ്പാക്കിയത്.
ഖജനാവിൽനിന്ന് കിഫ്ബിയുടെ അക്കൗണ്ടിലേക്ക് 15,000 കോടി രൂപ നൽകിയിട്ടും അതിെൻറ പകുതിപോലും ചെലവഴിക്കാൻ കിഫ്ബിക്ക് കഴിഞ്ഞില്ല എന്നതും വിലയിരുത്തേണ്ടതാണ്. ഗുണമേന്മയുള്ള പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടിയാണ് സമയം എടുക്കുന്നതെന്നാണ് സർക്കാറിെൻറ വാദം. അതായത് ഗുണനിലവാരമുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രതിവർഷം 2000 കോടിവരെ എന്നാണ് കിഫ്ബി തെളിയിച്ചത്. സർക്കാർ പ്രതിവർഷം കിഫ്ബിക്ക് നൽകിയതാകട്ടെ 3750 കോടിയിലധികവും. അപ്പോൾ നമ്മുടെ പ്രശ്നം പണം ഇല്ലാത്തതാണോ അതോ ഉള്ള പണത്തിന് അനുസൃതമായി പോലും പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത തരത്തിലുള്ള കെടുകാര്യസ്ഥതയാണോ?
നാലരവർഷംകൊണ്ട് 7300 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെങ്കിൽ, 60,000 കോടി രൂപയുടെ പദ്ധതികൾ നടത്താൻ 40 വർഷമെങ്കിലും വേണ്ടിവരില്ലേ? പതിനഞ്ച് വർഷം കഴിഞ്ഞു വരേണ്ട വികസനപദ്ധതികൾ ഇന്നേ കേരളത്തിൽ പ്രാവർത്തികമാക്കാൻ രൂപവത്കരിച്ച കിഫ്ബിയുടെ പ്രവർത്തന വിലയിരുത്തലാണിത് എന്നതും മറക്കരുത്.
വികസനപ്രവർത്തനങ്ങൾക്ക് മൂലധനമാകേണ്ട വായ്പയെടുക്കുന്നതിൽ കിഫ്ബി പരാജയപ്പെട്ടു. അതുമൂലം കിഫ്ബിക്ക് പ്രവർത്തന ഫണ്ട് ഇല്ലാതായി. എടുത്ത വായ്പക്കും (അതുമൂലം സാധിതമായ പദ്ധതികൾക്കും) പ്രതിഫലമായി തിരിച്ചടവിന് ഗഡുക്കളായി നൽകേണ്ട തുക കിഫ്ബിയുടെ പ്രവർത്തന ഫണ്ട് ആയി മാറിയിരിക്കുന്നു. ചുരുക്കത്തിൽ ഇത് ഒരു 'അമിറ്റി സ്കീം' അല്ല. മറിച്ച് പലിശരഹിത മുതൽമുടക്ക് സ്കീമായി മാറിയിരിക്കുന്നു. 40 വർഷം കഴിഞ്ഞു വരുന്ന പദ്ധതികൾക്കായി ഇന്നേ പണം അടച്ചു തുടങ്ങേണ്ട സ്കീം. എടുത്ത വായ്പയുടെ പൊല്ലാപ്പുകൾ വേറെ. വിദേശത്തുനിന്നെടുത്തവ സംബന്ധിച്ച്, ഉയർന്ന പലിശ (9.72 ശതമാനം) സംബന്ധിച്ച് പ്രശ്നങ്ങൾ വേറെ. ഇതാണ് പ്രവർത്തനമെങ്കിൽ എന്തിനു വായ്പയെടുത്തു എന്നത് പ്രസക്തമാണ്. ഗുണനിലവാരം ഉറപ്പുവരുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യമുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ഉടൻ നിലം പൊത്തുന്ന പാലാരിവട്ടം പാലം ആണോ പണിതുകൊണ്ടിരിക്കുമ്പോൾ തന്നെ നിലംപൊത്തിയ കളമശ്ശേരി ആശുപത്രി ആണോ കൂടുതൽ ഗുണമേന്മയുള്ളത്?
പദ്ധതിനടത്തലിൻെറ വേഗതയെ കുറിച്ചും 60,000 കോടിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം സംബന്ധിച്ചും ചിന്തിക്കുമ്പോൾ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ 5,67, 571 എന്നിവ പ്രസക്തമാണ്. ബജറ്റിനു മുമ്പ് കൃത്യമായ സ്കീമുകൾ തയാറാക്കുകയും അതിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ധനവകുപ്പിൻെറ ഇടപെടൽ ഉണ്ടാകില്ലെന്നാണ് പത്രികയിലെ വാഗ്ദാനം. ഇവിടെയാണ് മന്ത്രി ജി. സുധാകരനുപോലും വ്യാസമഹാഭാരതത്തിലെ കഥാപാത്രമായ ബഗനെ കുറിച്ച് പറയേണ്ടിവരുന്നത്. ഭാവിയിൽ ആവശ്യമായി വരുന്ന ചെലവിനെ കുറിച്ച് ധാരണയില്ലാതെ വൻകിട പദ്ധതികൾ പ്രഖ്യാപിക്കുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. ഇത് പരിഹരിക്കുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ 60,000 കോടിയുടെ വായ്ത്താരി തുടരുന്നു.
നയപരമായ പ്രശ്നങ്ങൾ
കിഫ്ബിയുടെ പരാജയത്തെക്കാൾ ഗുരുതരമാണ് ഇതുമൂലം ഉണ്ടായ രാഷ്ട്രീയ അപചയവും മൂലധനച്ചെലവ് സംബന്ധിച്ചും ശമ്പളവും പെൻഷനും എന്ന ദുർവ്യയം സംബന്ധിച്ചും നമ്മുടെ ചില ട്രേഡ് യൂനിയൻ നേതാക്കൾ ഉൾപ്പെടെ നടത്തുന്ന പ്രസ്താവന ദുഃഖകരമാണ്. ഒരു സ്കൂൾ അധ്യാപകെൻറ ശമ്പളം നഷ്ടവും ഒരു സ്കൂൾ കെട്ടിടത്തിന് ചായം തേക്കുന്നത് നല്ല കാപിറ്റൽ മുതൽമുടക്കും ആകുന്നതെങ്ങനെ? ഒരു വിജ്ഞാന സമൂഹം എന്നതാണ് നമ്മുടെ ലക്ഷ്യം എന്നു വ്യാഖ്യാനിക്കുന്ന സർക്കാർ അതിനുള്ള മൂലധനം എന്തെന്നും എവിടെ മുതൽ മുടക്കണം എന്നും കൂടി ചിന്തിക്കേണ്ടതല്ലേ? കിഫ്ബി മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടിൽ തന്നെ വൈകല്യമില്ലേ? കേരളത്തിെൻറ വികസനം നടക്കണമെങ്കിൽ കൂടുതൽ പെട്രോൾ ഉപയോഗിക്കണം എന്നല്ലേ? മറ്റു ഹരിതവാഹന മാർഗങ്ങളിലേക്ക് നീങ്ങുന്ന പദ്ധതികളെ പ്രോത്സാഹിപ്പിക്കാൻ കിഫ്ബിക്കാവുമോ?
കിഫ്ബി എന്നത് എല്ലാ സ്വകാര്യവത്കരണങ്ങളുടെയും മാതാവാണ്. ഇത് സർക്കാറിെൻറ തന്നെ സ്വകാര്യവത്കരണമാണ്. സർക്കാറിെൻറ ദൈനംദിന പ്രവർത്തനത്തിന് പുറം കരാർ നൽകലാണ്. മന്ദഗതിയിലാണെങ്കിലും സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടന്നിരുന്നു. 20 വർഷം മുമ്പുള്ള കേരളമല്ല ഇന്നത്തെ കേരളമെന്ന് നമുക്കറിയാം. കേരളത്തിെൻറ ഏതു നാട്ടിൻപുറത്തും വികസനം എത്തിയിട്ടുണ്ട്. അത് അതതു കാലത്തെ സർക്കാർ ചെയ്തതാണ്. എം.പി ഫണ്ടും എം.എൽ.എ ഫണ്ടും എത്താത്ത ഗ്രാമങ്ങളില്ല. ഇപ്പോഴും വികസനം നടന്നത് അതേ തോതിലാണ്. വിവിധ എം.പിമാരുടെയോ എം.എൽ.എമാരുടെയോ പേരെഴുതിവെക്കുന്നതിനു പകരം എല്ലാം കിഫ്ബിയുടെ പേരിൽ എന്ന വ്യത്യാസം മാത്രം. സർക്കാർ ഖജനാവിൽനിന്ന് ഇതിനായി മാറ്റിവെച്ച 15,000 കോടി എന്തിനെല്ലാം ചെലവഴിക്കണം, എന്തിന് മുൻഗണന നൽകണം എന്നു തീരുമാനിക്കാനുള്ള അവകാശം ജനപ്രതിനിധികൾക്കാണ്. മന്ത്രിസഭക്കാണ്. അത് ഒരു സ്വകാര്യ ഗ്രൂപ്പിന് നൽകുന്നത് ജനാധിപത്യവിരുദ്ധമാണ്. അത് ഇടതുപക്ഷ വിരുദ്ധമാണ്.
കിഫ്ബി സി.ഇ.ഒയുടെ നേതൃത്വത്തിലുള്ള വ്യക്തികൾക്ക് ഈ അധികാരം പുറംകരാർ നൽകി. അവരുടെ താൽപര്യങ്ങൾ വ്യത്യസ്തമാണ്. ബജറ്റിന് ശേഷം ധനമന്ത്രി നൽകിയ അഭിമുഖത്തിൽ കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാമർശം ഇതിന് തെളിവാണ്. സ്വിഫ്റ്റ് പദ്ധതി കിഫ്ബി നിർദേശിച്ചപ്പോൾ കെ.എസ്.ആർ.ടി.സിക്ക് താൽപര്യമുണ്ടായില്ല. ഇപ്പോൾ കെ.എസ്.ആർ.ടി.സിക്ക് താൽപര്യമുണ്ട്. പക്ഷേ കിഫ്ബിക്ക് താൽപര്യമില്ല. അങ്ങനെ തോന്നുമ്പോൾ നടപ്പാക്കാനല്ല കിഫ്ബി. അതിെൻറ ഡയറക്ടർ ബോർഡ് വിദഗ്ധരുടേതാണ്. അവരുടെ ക്രെഡിബിലിറ്റി കണ്ടാണ് വായ്പ ലഭിക്കുന്നത്. അതിനാൽ നമ്മുടെ ഖജനാവിലെ പണം കിഫ്ബിയുടെ കൈയിൽ കൊടുത്തിട്ട് ആ പണം ഉപയോഗിച്ച് പദ്ധതി നടപ്പാക്കണമോ വേണ്ടയോ എന്ന് അവർ തീരുമാനിക്കും. അവരുടെ തീരുമാനം അനുസരിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതി പണം വിനിയോഗിക്കും. ഇത് സർക്കാറിെൻറ സ്വകാര്യവത്കരണമാണ്.
ചരടുള്ള വായ്പ സ്വീകരിക്കരുതെന്നായിരുന്നു ഇടതുപക്ഷ നയം. പണം പലിശക്ക് തരുന്നവർ പലിശ മാത്രമല്ലാതെ നമ്മൾ എങ്ങനെ ജീവിക്കണം എന്നുകൂടി പറയുന്നതിനെ ഇടതുപക്ഷം എതിർത്തിരുന്നു. ഈ എതിർപ്പ് പല രാജ്യങ്ങളിലും ഉണ്ടായി. അപ്പോൾ വായ്പ നൽകുന്ന ഏജൻസികളുടെ 'ട്രോജൻ കുതിരകൾ' ആയി രംഗപ്രവേശനം ചെയ്തതാണ് കൺസൽട്ടൻസികൾ. വായ്പ എടുക്കുന്നവരെ സഹായിക്കാൻ എത്തുന്ന കൺസൽട്ടൻസികൾ വായ്പാ ഏജൻസികൾക്ക് വേണ്ടുന്ന നിബന്ധനകൾ നമ്മുടെ ആവശ്യം എന്ന വ്യാജേന എഴുതിച്ചേർക്കുന്നു. കിഫ്ബി ഇത്തരത്തിലൊരു കൺസൽട്ടൻസി ഇൻറർഫെസ് കൂടിയാണ്. കെ.എസ്.ആർ.ടി.സിയും കിഫ്ബിയും കൂടി നടപ്പാക്കും എന്നുപറഞ്ഞാൽ കിഫ്ബി വഴി സ്വകാര്യപങ്കാളിത്തം എന്നാണ്. സർക്കാറിന് കിഫ്ബി ഒരു മറയാണ്. സർക്കാർ നേരിട്ട് സ്വകാര്യ ഏജൻസിക്ക് കൈമാറിയിട്ടില്ല എന്നു വാദിക്കാം.
സർക്കാറുകൾ ഒരു തുടർച്ചാക്രമമാണ്. മുൻ സർക്കാറുകൾ എടുത്ത വായ്പ തിരിച്ചടവ് വരും. വാദത്തിനുവേണ്ടി 60,000 കോടി വായ്പ എടുക്കുന്നത് വിജയിച്ചുവെന്ന് കരുതുക. വരും സർക്കാറുകളുടെ എല്ലാം ഭാവി വരുമാനം ഇത്ര അളവിൽ പണയപ്പെടുത്താൻ അഞ്ചുവർഷത്തേക്ക് അധികാരത്തിൽ വരുന്ന സർക്കാറിന് അവകാശം ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. വായ്പ ലഭിക്കാത്ത സാഹചര്യത്തിൽ ഇപ്പോൾ അത് പ്രസക്തമല്ല.
കളവുകളുടെ പെരുമഴ
സി.എ.ജി ഓഡിറ്റിൻെറ കരട് പുറത്തുവിട്ടതും നിയമസഭ പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ട് ഒക്കെ സാങ്കേതിക കാര്യങ്ങൾ എന്ന രീതിയിൽ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല എന്ന് വെക്കാം. എന്നാൽ തിരിച്ചടവ് സംബന്ധിച്ച കാര്യം അങ്ങനെയല്ല. വായ്പ എത്ര, എവിടെ നിന്ന്, എന്തു പലിശക്ക് എന്ന് തീരുമാനിക്കുന്നത് കിഫ്ബിയാണ്.
കേരളത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ച ഇടത് സർക്കാറിന്റെ കിഫ്ബിയെ കുറിച്ച്നമ്മൾ പെട്രോൾ സെസും മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും നൽകിയാൽ മതിയെന്നും തിരിച്ചടവ് സംബന്ധിച്ച് മറ്റുകാര്യങ്ങൾ ഒന്നും സംസ്ഥാനത്തെ ബാധിക്കില്ലെന്നും ആണ് ധനമന്ത്രി പറയുന്നത്. എന്നാൽ, അങ്ങനെയല്ല കിഫ്ബിക്ക് വായ്പ നൽകുന്നവരോട് സർക്കാർ നൽകിയിരിക്കുന്നത് വ്യവസ്ഥയില്ലാത്ത ഗാരൻറിയാണ്. ഒരു വ്യവസ്ഥയും ഇല്ലാത്തതും തിരിച്ചെടുക്കാനാവാത്തതുമായ ഉറപ്പാണ് സർക്കാർ നൽകിയിരിക്കുന്നത്. നമ്മൾ നീക്കിവെക്കുന്ന തുക പര്യാപ്തമാണ് എന്ന് എന്തുകൊണ്ട് ഈ ധനകാര്യസ്ഥാപനങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. മറിച്ച് നമ്മളോട് അത് വിശ്വസിക്കണം എന്ന് ആവശ്യപ്പെടുന്നു. ഇതിനു കാരണമായി പറയുന്നത് ആസ്തി ബാധ്യതാ പരിശോധന നടത്തുന്ന സോഫ്റ്റ്വെയർ ഉണ്ടെന്നാണ്. അതെന്ത് സോഫ്റ്റ്വെയർ? ഇതെന്തുകൊണ്ട് വായ്പ നൽകുന്നവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചില്ല? തനതുവരുമാനമില്ലാത്ത കിഫ്ബി ലഭിക്കുന്ന വായ്പയുടെ തിരിച്ചടവിനുള്ള ബാധ്യത ഉപാധിരഹിതമായി ഏറ്റെടുത്ത സർക്കാർ സി.എ.ജിയെ പുലഭ്യം പറയുന്നു.
മറ്റൊന്ന്, വകുപ്പ് 20 പ്രകാരം ഓഡിറ്റ് ആവശ്യപ്പെട്ടത് സംബന്ധിച്ചാണ്. ഇപ്പോൾ കിഫ്ബിയുടെ ഓഡിറ്റ് ചെയ്യുന്നത് വകുപ്പ് 14 പ്രകാരമാണ്. കിഫ്ബിയുടെ മൊത്തം വാർഷിക വരുമാനത്തിന് 75 ശതമാനത്തിലധികം സർക്കാറിെൻറ സഞ്ചിതനിധിയിൽനിന്നാണ് വരുന്നതെങ്കിൽ വകുപ്പ് 14 പ്രകാരം ഓഡിറ്റ് നടക്കും. സർക്കാർ പണം 75 ശതമാനത്തിൽ താഴെയായാൽ വകുപ്പ് 14 പ്രകാരം ഓഡിറ്റ് നിലക്കും. വിജയിക്കണമെങ്കിൽ മറ്റ് ഏജൻസികളിൽനിന്ന് വായ്പ ലഭിക്കണം. വകുപ്പ് 14 പ്രകാരമുള്ള ഓഡിറ്റേ ആവശ്യമുള്ളൂ. വകുപ്പ് 20 പ്രകാരമുള്ള ഓഡിറ്റ് ആവശ്യം ഏതോ കാലത്തുള്ള സാങ്കൽപിക സാധ്യതയാണ് എന്നു പറയുമ്പോൾ അതിനർഥം കിഫ്ബിയുടെ പ്രവർത്തന മൂലധനം സർക്കാർ തിരിച്ചടവിന് എന്ന പേരിൽ നൽകുന്ന തുക ആയിരിക്കും എന്നാണ്.
ജനാധിപത്യ വിരുദ്ധ പ്രമേയം
സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച് സി.പി.എം എക്കാലത്തും വ്യക്തമായ നിലപാടുള്ള പാർട്ടി ആയിരുന്നു. ഇടതു മുന്നണിയുടെ പ്രകടനപത്രികയിലും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു കഴിഞ്ഞാൽ രണ്ട് മാസത്തിനകം പരിഹാര നടപടിയെടുക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി തീരുമാനം എടുത്തു കഴിഞ്ഞാൽ രണ്ടു മാസത്തിനകം തുടർനടപടി (ആക്ഷൻ ടേക്കൺ റിപ്പോർട്ട്) നൽകണം. അങ്ങനെ നൽകുന്ന റിപ്പോർട്ടുകൾ നിയമസഭ ചർച്ച ചെയ്യും. ഈ നടപടിക്രമത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പ്രകടനപത്രിക പറയുന്നത്. സി.എ.ജി റിപ്പോർട്ടിന്മേലുള്ള നടപടി വർഷങ്ങൾ നീട്ടിക്കൊണ്ടുപോയി തുടർനടപടി അപ്രസക്തമാക്കുന്ന സ്ഥിരം ശൈലിയാണ് മരാമത്ത്, ജലസേചന വകുപ്പുകൾക്കുള്ളത്. ഇത് പരിഹരിക്കും തുടങ്ങിയ ഇടതുമുന്നണിയുടെ കാഴ്ചപ്പാടാണ് പ്രകടനപത്രിക മുന്നോട്ട് വെക്കുന്നത്. ആ സർക്കാറാണ് ഇപ്പോൾ സി.എ.ജിക്കെതിരെ പ്രമേയം കൊണ്ടുവന്നത്. സി.എ.ജി റിപ്പോർട്ട് അന്തിമമാണ്. ഇത് പരിശോധിച്ച് അതിൻമേൽ നടപടി സ്വീകരിക്കണോ അവഗണിക്കണോ എന്നൊക്കെയുള്ളതു സർക്കാറിന് ചെയ്യാവുന്നതാണ്. സി.എ.ജി റിപ്പോർട്ട് സഭയിൽ വെക്കുകപോലും ചെയ്യാത്ത സംസ്ഥാനങ്ങളുണ്ട്.
നമ്മുടെ സംസ്ഥാനത്തിൻെറ പാരമ്പര്യവും അതായിരുന്നില്ല. എന്നാൽ, ഇവിടെ ചെയ്തത് ഇതിനെല്ലാം അപ്പുറമാണ്. സി.എ.ജി എന്തോ കണക്കു നോക്കാൻ വന്നവരാണ് എന്ന രീതിയിൽ ചർച്ച ചെയ്ത് കടലാസിൻെറ വിലപോലുമില്ലാത്ത ഒരു പ്രമേയം പാസാക്കി. നിയമസഭ പാസാക്കിയ വിലയില്ലാത്ത പൂർണറിപ്പോർട്ട് പൊതുജനത്തിൻെറ കൈയിൽ ഇരിക്കുന്നു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽനിന്നും പരിഗണനയിൽനിന്നും ഈ ഭാഗം മാറ്റിനിർത്തി എന്നതുമാത്രമാണ് ഈ പ്രമേയംകൊണ്ടുള്ള നേട്ടം. അല്ലെങ്കിൽ കുറെ കളവുകൾ അവിടെ മറനീക്കി പുറത്തുവരുമായിരുന്നു. ഗവർണർ ഒപ്പിട്ട റിപ്പോർട്ടാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കേണ്ടത്. അല്ലാതെ അതിൽനിന്നും മൂന്ന് പേജ് കീറിക്കളഞ്ഞ റിപ്പോർട്ടല്ല. സർക്കാറിനോ നിയമസഭക്കോ അതിലുള്ള അധികാരം ഉണ്ടായിരുന്നുവെങ്കിൽ ഗവർണർക്ക് സമർപ്പിക്കുന്നതിന് മുമ്പ് അവരുടെ പരിഗണനക്ക് അത് വിടുമായിരുന്നു. പി.എ.സി റിപ്പോർട്ട് സമർപ്പിച്ചാലും സർക്കാറിന് അത് അവഗണിക്കാം എന്നുള്ളതുകൊണ്ട് തന്നെ വിഷയം സാങ്കേതികമാണ്. എന്നാൽ, രാജ്യം ഇന്നു ഭരിക്കുന്ന ബി.ജെ.പി സർക്കാറിെൻറ ഭരണഘടനാവിരുദ്ധമായ ചെയ്തികളെ ചോദ്യം ചെയ്യാൻ സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്കാവുന്നത് ഭരണഘടന ഉയർത്തിപ്പിടിച്ചാണ്. സി.എ.ജി കേരള സർക്കാറിനെ വരിഞ്ഞുമുറുക്കാൻ കേന്ദ്ര സർക്കാറിനു വേണ്ടി പ്രവർത്തിക്കുന്നു എന്ന വാദം ഉന്നയിക്കുന്നവർ 'ഓഫ് ബജറ്റ് ബോറോവിങ്' സംബന്ധിച്ച് കേന്ദ്രസർക്കാറിനെതിരെ സി.എ.ജി റിപ്പോർട്ട് നടത്തിയിരിക്കുന്നു എന്ന നിശിതവിമർശനംകൂടി പരിശോധിക്കണം. നിഷ്പക്ഷമായി പ്രവർത്തിക്കുന്ന ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക മാത്രമേ കേന്ദ്രത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇടതുപക്ഷത്തിന് മുന്നോട്ടു പോകാനാവൂ.
സി.എ.ജി സ്വാഭാവിക നീതി നിഷേധിച്ചു എന്നാണ് പ്രമേയം പറയുന്നത്. കഴിഞ്ഞ വർഷത്തെ കരടു റിപ്പോർട്ടിലും അന്തിമ റിപ്പോർട്ടിലും കിഫ്ബി 'ഓഫ് ബജറ്റ് ബോറോവിങ്' ആണെന്നും അത്തരം വായ്പകൾ ഭരണഘടനയുടെ 293 (ഒന്ന്) ഒന്ന് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്നും സി.എ.ജി ചൂണ്ടിക്കാട്ടിയതാണ് എന്നിടത്താണ് 293 (ഒന്ന്) സംബന്ധിച്ച പരാമർശം ഈ വർഷത്തെ അന്തിമ റിപ്പോർട്ടിൽ കുത്തിക്കയറ്റിയെന്നും തങ്ങളുടെ ഭാഗം കേട്ടില്ല എന്നും വാദിക്കുന്നത്. കിഫ്ബിയെ വിമർശനാത്മകമായി ആര് സമീപിച്ചാലും അവരെ പുലഭ്യം പറയുക എന്നതാണ് രീതി. ചുരുക്കത്തിൽ വായ്പയെടുത്തു മാത്രമേ വികസനം സാധ്യമാകൂ എന്ന പേരിൽ വികസനത്തിന് വായ്പയെടുക്കാൻ രൂപവത്കരിച്ച കിഫ്ബിക്ക് ലഭിച്ച ആകെ വായ്പ 3102.5 കോടി. ശമ്പളവും പെൻഷനും കഴിച്ച് വികസന പദ്ധതികൾക്ക് പണം നൽകാനാവില്ലെന്ന് പറഞ്ഞ സർക്കാർ കിഫ്ബിക്ക് നൽകിയത് 15,000 കോടി. സർക്കാർ സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ കാര്യക്ഷമത വർധിപ്പിക്കാൻ രൂപവത്കരിച്ച കിഫ്ബി നാളിതുവരെ നടപ്പാക്കിയ പദ്ധതികളുടെ തുക 7300 കോടി.
ഈ തോതിൽ 60,000 കോടിയുടെ പദ്ധതി നടപ്പാക്കാൻ വേണ്ടത് 40 വർഷം. കിഫ്ബി നയപരമായി ഒരു വലതുപക്ഷ പദ്ധതിയാണ്. അതുകൊണ്ടുതന്നെ ഇനി വരുന്നത് യു.ഡി.എഫ് സർക്കാർ ആയാലും ഇത് തുടരും. എന്നാൽ, ഇതാണോ നമ്മൾ തുടരേണ്ട പാത? കിഫ്ബി നികുതിപ്പണത്തിൽനിന്നും നടത്തിയ പദ്ധതികൾക്ക് മുകളിൽ പിണറായി സർക്കാർ വക എന്നല്ലേ കുറിക്കേണ്ടത്? കിഫ്ബി എന്ന മേലെഴുത്ത് ഇവിടെ എന്തു പദ്ധതിയും കടമെടുത്ത് മാത്രമേ സാധ്യമാകൂ എന്ന തെറ്റായ സന്ദേശവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.