ഓർക്കാതിരുന്നിട്ടില്ല,ഒരുനാൾ പോലും
text_fieldsമുതിർന്ന കോൺഗ്രസ് നേതാവും, പാർലമെന്റംഗവുമായിരുന്ന എം.ഐ ഷാനവാസിന്റെ അഞ്ചാം ചരമ വാർഷികം.
ജീവിതത്തിലെ മറക്കാനാകാത്ത ദിനമാണ് 2018 നവംബർ 21. അന്നാണ്, പ്രിയപ്പെട്ട എം.ഐ. ഷാനവാസ് നമ്മെ വിട്ടുപിരിയുന്നത്. അഞ്ചുവർഷം കഴിഞ്ഞു. ഇന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിയോഗം. ഈ രാഷ്ട്രീയ ജീവിതത്തിനിടയിൽ എന്നെ പൂർണമായി അറിഞ്ഞ ഞാനറിഞ്ഞ ഒരാൾ...രണ്ടു മൂന്നു തവണ മാത്രമേ ഞങ്ങൾ തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുള്ളൂ. അപ്പോഴും കെ.എസ്.യു പ്രവർത്തനകാലത്ത് ഞങ്ങൾ തമ്മിൽ പിണങ്ങിയപ്പോൾ, ചോമ്പാലയിലെ വീട്ടിലെത്തി എെൻറ അമ്മയോട് പരാതി പറഞ്ഞ സഹോദരന്റെ മനസ്സ് എനിക്കറിയാമായിരുന്നു.
കൂടെ ഉണ്ടായിരുന്നെങ്കിൽ കെ.പി.സി.സി പ്രസിഡൻറ് പദവിയിലിരുന്നുകൊണ്ട് എനിക്ക് ഏറെ ചെയ്യാൻ കഴിയുമായിരുന്നു. കാരണം, എല്ലാവിധ ഗ്രൂപ്പുകളെയും അതിജീവിക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. 32 വർഷക്കാലം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായിരുന്ന അപൂർവ വ്യക്തിത്വം. ദൗർഭാഗ്യവശാൽ പാർലമെൻററി രംഗത്ത് സ്വാധീനമുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തികഞ്ഞ മതവിശ്വാസിയായിരിക്കുേമ്പാൾ തന്നെ, രാജ്യത്തിെ ൻറ മതേതരമൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിച്ചു. കോൺഗ്രസ് മൂല്യങ്ങളിൽനിന്ന് മാറിനടക്കാൻ ഒരിക്കലും തയാറായിരുന്നുമില്ല.
കോൺഗ്രസിന്റെ മുഖം
ചാനൽ ചർച്ചകളിൽ കോൺഗ്രസിെൻറ മുഖമായി ഷാനവാസ് തിളങ്ങി. പലപ്പോഴും ചർച്ചകളിൽ പോകുന്നതിനു മുമ്പ് എന്നെ വിളിച്ചറിയിക്കുകയും വിശദാംശങ്ങൾ തേടുകയും ചെയ്യുമായിരുന്നു. എല്ലാ വിഷയത്തിലും ഷാനവാസിന് നല്ല അവഗാഹമുണ്ടായിരുന്നു. എതിരാളികളോട് ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ തന്റെ എതിരഭിപ്രായങ്ങൾ അതിശക്തമായ രീതിയിൽ പറഞ്ഞുവെക്കുന്ന അവതരണശൈലി ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആണവകരാർ, മണ്ഡൽ കമീഷൻ, സച്ചാർ കമ്മിറ്റി തുടങ്ങിയ വിഷയത്തിൽ പാർട്ടി നിലപാട് കൃത്യമായി പറയാൻ അദ്ദേഹത്തിന് സാധിച്ചു.
പരസ്യമായി ഞാനും ഷാനവാസുമൊന്നും പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്താറില്ല. എന്നാൽ, പാർട്ടിക്കുള്ളിൽ കൃത്യമായി പറയേണ്ടത് പറയും. ഒരു കാര്യത്തിൽ മാത്രമേ ഷാനവാസിനോട് എനിക്ക് വിയോജിക്കേണ്ടിവന്നിട്ടുള്ളൂ. അത്, തിരുത്തൽവാദത്തിന്റെ കാര്യത്തിലാണ്. അതിന് നേതൃത്വം കൊടുത്തത് ഷാനവാസും കാർത്തികേയനും രമേശ് ചെന്നിത്തലയും കൂടിയാണ്. പലപ്പോഴും മൂന്നാമനായാണ് പേര് പറയാറെങ്കിലും അതിന്റെ ബുദ്ധികേന്ദ്രം ഷാനവാസായിരുന്നുവെന്ന് എനിക്കറിയാം. കരുണാകരനോട് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അത്, വ്യക്തിപരമായിരുന്നില്ല, ശൈലിയോടുള്ള വിയോജിപ്പായിരുന്നു. സമാന്തര
സംഘടനയായി നീങ്ങുന്ന തിരുത്തൽവാദ നിലപാട് തെറ്റാണെന്ന് ഞാനന്ന് ഷാനവാസിനോട് പറഞ്ഞിരുന്നു. പിന്നീട് അത് തെറ്റാണെന്ന് എല്ലാവർക്കും ബോധ്യമായി.
ഞങ്ങൾ കെ.എസ്.യുക്കാർ
ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് ഒന്നാംവർഷ ബി.എ പൂർത്തിയാക്കി 1970ൽ എം.ഐ. ഷാനവാസ് ഫാറൂഖ് കോളജിൽ വന്നതോടെയാണ് ഞങ്ങൾ തമ്മിലെ ബന്ധം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് അറിയപ്പെടുന്ന അഭിഭാഷകൻ ഇബ്രാഹീം കുട്ടിയാണ്. തൊട്ടടുത്ത വർഷം ഷാനവാസ് ഫാറൂഖ് കോളജ് യൂനിയൻ ചെയർമാനായി. ഞാൻ കോഴിക്കോട് ലോ കോളജിൽ വന്നതോടെ തമ്മിൽ കൂടുതൽ അടുത്തു.
അന്ന്, ഷാനവാസിനെ കെ.എസ്.യുവിന്റെ വിവിധ ചുമതലകളിൽ നിയോഗിച്ചു. കോഴിക്കോട് ഇംപീരിയൽ ഹോട്ടലിലെ കെ.എസ്.യുവിന്റെ മുറിയിൽ എല്ലാ ദിവസവും ഞങ്ങൾ ഒത്തുകൂടി. 1978ൽ യൂത്ത് കോൺഗ്രസിന്റെ പ്രഥമ സംസ്ഥാന പ്രസിഡൻറ് എന്ന നിലയിൽ ഞാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ഷാനവാസ് എല്ലാനിലക്കും ഒപ്പമുണ്ടായിരുന്നു. ശൂന്യതയിൽനിന്നാണ് പാർട്ടിയുണ്ടാക്കിയത്. അന്ന് നടത്തിയ 58 ദിവസം നീണ്ടുനിന്ന പദയാത്ര പാർട്ടിക്ക് പുതുജീവൻ നൽകുന്നതായിരുന്നു. അന്നത്തെ പദയാത്രയിൽ പങ്കെടുത്ത രാജ്മോഹൻ ഉണ്ണിത്താൻ, കാസർകോടുള്ള കെ.പി. കുഞ്ഞിക്കണ്ണൻ, ട്രഷററായിരുന്ന തൃശൂർ സ്വദേശി കൊച്ചുമുഹമ്മദ് തുടങ്ങിയവർ ഇപ്പോഴുമുണ്ട്. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ആ യാത്ര. കാരണം, കോൺഗ്രസിെൻറ വലിയ വിഭാഗം എ.കെ. ആൻറണി വിഭാഗത്തോടൊപ്പമായിരുന്നു. ഒരിടത്തും സ്വീകരിക്കാനാളില്ലാത്ത അവസ്ഥ. വണ്ടിക്ക് എണ്ണയടിക്കാൻ കാശില്ല. എന്നാൽ, പദയാത്ര കഴിയുന്നതോടെ യൂത്ത് കോൺഗ്രസും കോൺഗ്രസും തിരിച്ചുവരുകയായിരുന്നു.
എന്നെ കെ.പി.സി.സി പ്രസിഡന്റാക്കി
ഞാൻ കെ.പി.സി.സി അധ്യക്ഷനാകുന്നതിന് കാരണക്കാരൻതന്നെ ഷാനവാസാണ്. ഇത്തരമൊരാശയം എെന്റ മുന്നിൽവെച്ചത് ഷാനവാസാണ്. അതൊരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. ഒരുദിവസം ഡൽഹിയിലെ വീട്ടിൽ ഷാനവാസ് വന്നു പറഞ്ഞു. നിങ്ങൾ പതിറ്റാണ്ടുകളായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നനിലയിൽ രാജ്യം മുഴുവൻ പ്രവർത്തിച്ചു. എല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനത്തിൽ ദേശീയ നേതൃത്വം സംതൃപ്തരാണ്, ഇന്ദിര ഗാന്ധിയുടെ കാലം മുതൽ നേതൃത്വത്തിെൻറ സ്വന്തം ആളുമാണ്. നിങ്ങളുടെ പിന്നാലെ വന്നവരുൾപ്പെടെ കെ.പി.സി.സി പ്രസിഡൻറ് പദവിയിലെത്തി. ഇനി നിങ്ങൾ കെ.പി.സി.സി അധ്യക്ഷ പദവിയിലിരിക്കണം.
കെ.പി.സി.സി പ്രസിഡൻറാകണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു, പക്ഷേ, കേരളത്തിലെ നേതാക്കൾക്കിടയിലെ ഗ്രൂപ്പിസത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നതു കൊണ്ട് ഷാനവാസിനോട് ഞാൻ മറുത്ത് പറഞ്ഞു. പിന്നീട് ഞാൻ മനസ്സിലാക്കി എെ ൻറ മുന്നിൽ ഇത്തരമൊരാശയവുമായി വരുന്നതിനു മുമ്പുതന്നെ നേതൃത്വത്തിലെ പലരുമായും അദ്ദേഹം ചർച്ച നടത്തിക്കഴിഞ്ഞിരുന്നു. അങ്ങനെയാണ് 2018 ഒക്ടോബർ 19ന് ഞാൻ പ്രസിഡൻറായി വരുന്നത്. വർക്കിങ് പ്രസിഡൻറുമാരായി ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവരെ നിയോഗിച്ചു. അതിൽ, ഷാനവാസിനെ പൂർണമായും എനിക്ക് ലഭിച്ചു. കൊടിക്കുന്നിൽ സുരേഷ് പാർലമെൻറ് തിരക്കുകൾക്കിടയിലും സഹകരിച്ചു. സുധാകരന്റെ സേവനം വളരെ പരിമിതമായിരുന്നു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടിയപ്പോൾ, ഷാനവാസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചു.
ആ യാത്രാമൊഴി...
കാൻസറിനെ അതിജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ഷാനവാസിന്. ഏതൊരു പ്രതികൂല സാഹചര്യത്തിലും പതറാതെ പൊരുതിനിന്ന അദ്ദേഹം ഈ രോഗത്തോടും തോൽക്കാൻ തയാറായിരുന്നില്ല. സംസാരിക്കാൻ വയ്യാത്ത സാഹചര്യത്തിലും പൊതുകാര്യങ്ങൾ ഏറെ ശ്രദ്ധിച്ചിരുന്നു. രോഗം മൂർഛിച്ച് മദ്രാസിലേക്ക് പോകാൻ തീരുമാനിച്ച സമയം. ഞാനും ഭാര്യയും മകളും തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരുദിവസം രാവിലെ ഷാനവാസ് വാതിലിൽ മുട്ടുന്നത് കേട്ടാണ് ഉണർന്നത്. മകളോടും ഉഷയോടും എല്ലാം സംസാരിച്ചു. പിന്നെ, എന്നെ കെട്ടിപ്പിടിച്ച് ഞാനൊരു യാത്ര ചോദിക്കാൻ വന്നതാണെന്നു പറഞ്ഞ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് കണ്ണ് നിറയുന്നു. പറഞ്ഞാൽ തീരാത്ത ഓർമകൾ ഒരു പാടുണ്ട്. അതങ്ങനെ കിടക്കട്ടെ...
കേട്ടെഴുത്ത്: അനൂപ് അനന്തൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.